കിയ മോട്ടോഴ്സ് പരീക്ഷണാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങി
Wednesday, January 30, 2019 2:44 PM IST
അനന്തപുർ(ആന്ധ്രാപ്രദേശ്): ദക്ഷിണകൊറിയൻ വാഹനനിർമാതാക്കളായ കിയ മോട്ടോഴ്സിന്റെ ഇന്ത്യയിലെ ആദ്യ പ്ലാന്റിന്റെ നിർമാണപ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായി. ഈ പ്ലാന്റിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്പോർട്സ് യൂട്ടിലിറ്റി വാഹനമായ (എസ്യുവി) എസ്പി2ഐ നിർമിക്കുമെന്ന് കന്പനി അറിയിച്ചു.
ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ലയിലുള്ള പ്ലാന്റിലെ പരീക്ഷണ വാഹനനിർമാണം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ദക്ഷിണകൊറിയൻ അംബാസഡർ ഷിൻ ബോൻകിൽ, കിയ മോട്ടോഴ്സ് കോർപറേഷൻ പ്രസിഡന്റും സിഇഒയുമായ ഹാൻ വൂ പാർക്ക്, കിയ മോട്ടോഴ്സ് ഇന്ത്യ എംഡിയും സിഇഒയുമായ കൂഖിയുൻ ഷിം എന്നിവരും സന്നിഹിതരായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ വാഹനനിർമാതാക്കളായ കിയ മോട്ടോഴ്സിന്റെ അനന്തപുർ നിർമാണശാലയിൽനിന്ന് ഈ വർഷം പകുതിയോടെ വാഹനങ്ങൾ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ കിയ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമായ സോൾ മുഖ്യമന്ത്രിക്ക് സമ്മാനിക്കുകയും ചെയ്തു.
536 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന അനന്തപുർ പ്ലാന്റിന്റെ ഉത്പാദനശേഷി മൂന്നു ലക്ഷം വാഹനങ്ങളാണ്.