കാൽപന്തിന്റെ ‘പ്രിയ’ങ്കരി
Friday, May 31, 2019 2:45 PM IST
കണ്ണൂരിൽ സമ്മർ കോച്ചിംഗ് ഫുട്ബോൾ പരിശീലനത്തിന് കായികതാരങ്ങളെ തേടുന്നു അതായിരുന്നു ആ വാർത്ത. അന്ന് കണ്ണൂരിലെ മാടായി കോളജിൽ പഠിക്കുകയാണ് പി.വി. പ്രിയ. കോളജിലെ ഹാൻഡ്ബോൾ ടീമിലെ അംഗം. ഫുട്ബോൾ കോച്ചിംഗ് ക്യാന്പിന്റെ വാർത്ത കണ്ടപ്പോൾ അച്ഛനാണ് പ്രിയയേയും കൂട്ടി ക്യാന്പിലെത്തുന്നത്. അന്നുവരെ ഫുട്ബോൾ എന്നാൽ ടെലിവിഷനിലെ കാഴ്ച മാത്രമായിരുന്നു പ്രിയയ്ക്ക്. വീട്ടിൽ അച്ഛനും അമ്മാവൻമാരും ഫുട്ബോൾ പ്രേമികളാണ്. ആ കാൽപന്തുകളിക്കന്പം അൽപം പ്രിയയ്ക്കും ലഭിച്ചു എന്നുമാത്രം. എന്തായാലും കോച്ചിംഗ് ക്യാന്പിലേക്ക് സെലക്ഷൻ കിട്ടി. രണ്ടുമാസം തുടർച്ചയായിട്ടായിരുന്നു ആദ്യം കോച്ചിംഗ്. പിന്നീട് എല്ലാ ഞായറാഴ്ചകളിലും കോച്ചിംഗ് തുടർന്നു. പഠനം മാടായി കോളജിൽ നിന്നും കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളജിലെത്തിയതിനാൽ ഞായറാഴ്ചകളിലെ കോച്ചിംഗിലും പങ്കെടുത്തു. കളിപഠിച്ച പ്രിയ കണ്ണൂർ ജില്ലാ വനിതാ ഫുട്ബോൾ ടീമിനെ പ്രതിനിധീകരിച്ച് നിരവധി സ്ഥലങ്ങളിൽ കളിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു. ആ പ്രയാണം ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം കോച്ച് എന്ന പദവിയിൽ വരെ പ്രിയയെ എത്തിച്ചു. ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷന്റെ ലൈസൻസ് അംഗീകാരമുള്ള കോച്ചാണ് ഇന്ന് പ്രിയ.
ബിഹാറിൽ 1996ൽ നടന്ന ദേശീയ ജൂണിയർ വനിതാ ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിനായി ബൂട്ടണിഞ്ഞുകൊണ്ടാണ് പ്രിയ ആദ്യമായി ഒരു വലിയ ടൂർണമെന്റിനിറങ്ങുന്നത്. തുടർന്ന് കേരള സീനിയർ വനിതാ ഫു്ടബോൾ ടീം അംഗമായി. 1997 മുതൽ 2009വരെ ഇന്ത്യയിൽ പലയിടങ്ങളിലായി നടന്ന സീനിയർ നാഷണൽ ടൂർണമെന്റുകളിൽ കേരളത്തിനായി കളത്തിലിറങ്ങി. 2001ൽ പഞ്ചാബിലും 2007ൽ ഗുഹാവത്തിയിലും നടന്ന നാഷണൽ ഗെയിംസിൽ കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞു. 1999മുതൽ 2001വരെ കണ്ണൂർ സർവകലാശാല ഫുട്ബോൾ ടീം അംഗമായിരുന്നു. 1998ൽ കട്ടക്കിലും 2002ൽ ജാർഖണ്ഡിലും 2004ൽ ബിഹാറിലും നടന്ന ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിനായി കളിച്ചു. 2009ൽ കേരള വനിതാ ഫുട്ബോൾ ടീം ക്യാപ്റ്റനുമായിരുന്നു പ്രിയ.
ഫുട്ബോൾ പരിശീലക
കളിച്ച്പഠിച്ച ഫുട്ബോൾ തന്ത്രങ്ങൾ വരും തലമുറയ്ക്ക് പകർന്ന് നൽകണം എന്നതായി പിന്നീട് പ്രിയയുടെ തീരുമാനം. അങ്ങനെയാണ് ഫുട്ബോൾ പരിശീലക എന്ന മേഖലയിലേക്ക് പ്രിയ ചുവടുമാറുന്നത്. 20022004 കാലഘട്ടത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നും മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ പൂർത്തിയാക്കി. തുടർന്ന് പഞ്ചാബ് പട്യാലയിലെ നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നിന്നും ഡിപ്ലോമ ഇൻ സ്പോർട്സ് കോച്ചിംഗ് പാസായി.
പിന്നീട് ശ്രീലങ്കയിലും മലേഷ്യയിലുമായി ഫിഫയും ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷനും സംഘടിപ്പിച്ച റീജണൽ വനിതാ പരിശീലക കോഴ്സടക്കം നിരവധി ക്ളാസുകളിൽ പ്രിയ പങ്കെടുത്തു.
വിജയങ്ങൾ
2010ലും 2011ലും ശ്രീലങ്കയിൽ നടന്ന പെണ്‍കുട്ടികളുടെ അണ്ടർ 13, അണ്ടർ 14 ഫുട്ബോൾ ടൂർണമെന്റുകളിൽ പങ്കെടുത്ത ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്നു പ്രിയ.
പിന്നീട് 2012, 2013 വർഷങ്ങളിൽ ശ്രീലങ്കയിൽ നടന്ന പെണ്‍കുട്ടികളുടെ അണ്ടർ 13, അണ്ടർ 14 ഫുട്ബോൾ ടൂർണമെന്റുകളിൽ വിജയിച്ച ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകയായി. 2014ൽ ശ്രീലങ്കയിലും 2016ൽ തജിക്കിസ്ഥാനിലും നടന്ന പെണ്‍കുട്ടികളുടെ അണ്ടർ 14 ഫുട്ബോൾ ടൂർണമെന്റുകളിൽ രണ്ടാം സ്ഥാനം നേടിയ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകയും പ്രിയയായിരുന്നു. 2015ൽ ജോർദാനിൽ നടന്ന വനിതകളുടെ അണ്ടർ 19 ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ ടീം കളിച്ചതും പ്രിയയുടെ ശിക്ഷണത്തിലായിരുന്നു.
2012,13 വർഷങ്ങളിൽ അണ്ടർ 19 വിഭാഗത്തിൽ മലേഷ്യയിലും വിയറ്റ്നാമിലും നടന്ന ടൂർണമെന്റുകളിൽ കളിച്ച ഇന്ത്യൻ വനിതാ ഫു്ടബോൾ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും പ്രിയ സേവനമനുഷ്ഠിച്ചിരുന്നു.
കൂടാതെ വിവിധ വർഷങ്ങളിൽ കേരള ടീമിനെയും പ്രിയ പരിശീലിപ്പിച്ചിരുന്നു. 2007-2010 കാലയളവിൽ കാലിക്കറ്റ് സർവകലാശാലയുടേയും 2016ൽ കണ്ണൂർ സർവകലാശാലയുടേയും വനിതാ ഫുട്ബോൾ ടീം പരിശീലക സ്ഥാനവും പ്രിയയ്ക്കായിരുന്നു. ഇപ്പോൾ കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ വനിതാ ഫുട്ബോൾ കോച്ചാണ് പ്രിയ.
കണ്ണൂർ ജില്ലയിലെ വെങ്ങര പരത്തിവളപ്പിൽ പ്രഭാകരന്റേയും കരപ്പാത്ത് സുനീതിയുടേയും മകളായ പ്രിയ ഇന്നത്തെ ഫുട്ബോൾ പരിശീലകയായ പ്രിയയായതിനു പിന്നിൽ കഠിനാധ്വാനവും അർപ്പണബോധവും തന്നെയാണ് കാരണം. ഏറ്റെടുത്ത ഉദ്യമത്തോട് കാണിക്കുന്ന അങ്ങേയറ്റത്തെ ആത്മാർഥതയാണ് പ്രിയയെ ഓരോ ചുവടിലും വീഴാതെ മുന്നോട്ട് നടത്തിക്കുന്നത്.
കേരളത്തിൽ നല്ല വനിതാഫുട്ബോൾ താരങ്ങളെ വാർത്തെടുക്കാൻ അധികാരികളുടെ ഭാഗത്തുനിന്നും ആത്മാർഥമായ ശ്രമം ഉണ്ടാകേണ്ടതുണ്ടെന്ന അഭിപ്രായക്കാരിയാണ് പ്രിയ. അതിനായി വളരെ കുട്ടിക്കാലത്തുതന്നെ പെണ്‍കുട്ടികളുടെ കഴിവ് തിരിച്ചറിയുകയും അവർക്ക് കൃത്യമായ പരിശീലനവും കൊടുക്കേണ്ടതുണ്ട്. ആത്മാർഥമായ ഇടപെടലുകൾക്ക് മാത്രമേ അന്തിമവിജയം ഉണ്ടാകൂവെന്ന് പ്രിയ പറയുന്പോൾ അത് വെറുംവാക്കല്ലെന്ന് ആ ജീവിതം നമ്മെ പഠിപ്പിക്കും.