അഭിരുചികൾക്കനുസരിച്ച് പഠനമേഖലകൾ കണ്ടെത്താം
“പരീക്ഷക്കാലം അടുക്കുന്പോൾ കൂട്ടമായിരുന്നു പഠിച്ചിരുന്ന കാലമൊക്കെ പോയി. ഇപ്പോൾ ഒറ്റയ്ക്കിരുന്നാണ് പഠിത്തം. സ്കൂളിലെ പരീക്ഷകൾക്കപ്പുറം വിവധ എൻട്രൻസ് പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്നവരും നിരവധിയാണ്. ഉറക്കമിളച്ചിരുന്നുള്ള പഠനങ്ങൾക്ക് ഫലമുണ്ടാകണമെങ്കിൽ എത്രമാത്രം പഠിച്ചു, തനിക്കുള്ള മേഖല ഏതാണ് എന്നിവയെല്ലാം മനസിലാക്കി വേണം പഠിക്കാൻ. എങ്കിൽ മാത്രമേ പഠനംകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാകുകയുള്ളു.’, ഇത് പറയുന്നത് സ്കോർഎക്സാംസ് എന്ന എജ്യുക്കേഷണൽ സ്റ്റാർട്ടപ്പ് സംരംഭത്തിന്‍റ സ്ഥാപകനും സോഫ്റ്റ്സ്കിൽ ട്രെയിനറുമായ ജയരാജ് ഋഷികേശാണ്.

സ്കോർ എക്സാംസ്

കൊല്ലം അഞ്ചൽ സ്വദേശിയായ ജയരാജ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയതിനുശേഷം എഐസിടിഇയുടെ ദക്ഷിണേന്ത്യയിലെ കോളജുകളിലെ സോഫ്റ്റ് സ്കിൽ ട്രെയിനറായി പ്രവർത്തിച്ചു വരുന്നതിനിടയിലാണ് wwww.scoreexasm.com എന്ന വെബ്സൈറ്റിന് രൂപം കൊടുക്കുന്നത്. മൊബൈൽ ആപ്ലിക്കേഷനായും ഇത് ലഭിക്കും.

പലപ്പോഴും കുട്ടികൾ അവരുടെ അഭിരുചിക്കനുസരിച്ചുള്ള മേഖലകളിലേക്കല്ല ഉപരിപഠനത്തിനായി പോകുന്നത്. ഓരോരുത്തർക്കും അവരുടേതായ മേഖലകൾ ഏതൊക്കെയാണെന്ന് കണ്ടെത്താൻ ശ്രമിക്കാറില്ല.അല്ലെങ്കിൽ അതെങ്ങനെയാണെന്ന് പലർക്കും അറിയുകയുമില്ല. ഇക്കാര്യങ്ങളെല്ലാം മനസിലായപ്പോഴാണ് ഇത്തരത്തിലൊരു സംരംഭത്തിലേക്ക് എത്തിയതെന്ന് ജയരാജ് പറയുന്നു. ജയരാജിനൊപ്പം വികാസ് വി. റാവു എന്ന സുഹൃത്തും സംരംഭത്തിൽ പങ്കാളിയാണ്.

പരീക്ഷ, പഠനം

2017ലാണ് സംരംഭത്തിന് തുടക്കം കുറിക്കുന്നത്. വെബ്സൈറ്റിലൂടെ അല്ലെങ്കിൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്ന മാതൃക പരീക്ഷകളുപയോഗിച്ച് ഓരോരുത്തർക്കും തങ്ങളുടെ നിലവാരം എന്താണെന്ന് മനസിലാക്കാൻ സാധിക്കും. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുന്നു എന്നതാണ് ഏറ്റവും വലിയ സൗകര്യം. അതുവഴി എവിടെയിരുന്നും എപ്പോൾ വേണമെങ്കിലും ഒരു ഗെയിം പോലെ ഇത് ചെയ്തു നോക്കാവുന്നതാണ്. വിവിധ വിഷയങ്ങളിലായി രണ്ടുലക്ഷത്തോളം ചോദ്യങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്.


മാതൃക പരീക്ഷയോടൊപ്പം തന്നെ പഠനത്തിനുള്ള അവസരവും ലഭ്യമാക്കിയിട്ടുണ്ട്. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എൻസിഇആർടി സിലബസ്, യുപിഎസ് സി, റെയിൽവേ, കേരള പിഎസ് സി, ഐഐടി-ജെഇഇ, നീറ്റ് എന്നീ പരീക്ഷകൾക്കൊരുങ്ങാനുള്ള വിഷയങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യയൊട്ടാകെ പതിനായിരത്തോളം വരിക്കാരുണ്ട്. വൈകാതെ തന്നെ സോഫ്റ്റ് സ്കിൽ പരിശീലനവും ഓണ്‍ലൈൻ വഴി ലഭ്യമാക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ജയരാജിന്.

ഇൻഫിനിറ്റിബോക്സ്

തിരുവനന്തപുരത്താണ് ഓഫീസ് പ്രവർത്തിക്കുന്നത്. പതിന്നാലു പേരാണ് സ്കോർഎക്സാംസിന്‍റെ ടീമിലുള്ളത്. വിഷയങ്ങൾ കണ്ടെത്താനും സിലബസ് തയ്യാറാക്കാനുമായി ഒരു അക്കാദമിക് ടീമുമുണ്ട്. ഇൻഫിനിറ്റി ബോക്സ് എന്നൊരാശയം കൂടി സ്കോർഎക്സാംസ് നടപ്പിലാക്കുന്നുണ്ട്. സ്കോർഎക്സാംസ് ആപ്ലിക്കേഷൻ ടാബ് ലെറ്റിലാക്കി നൽകുന്നതാണിത്. ഇപ്രകാരം ടാബ് ലെറ്റ്നോടൊപ്പം ലഭ്യമാക്കുന്നതിന് 10000 രൂപമുതൽ 15000 രൂപവരെയാണ് ചെലവ്.

അതേസമയം വരിക്കാരാകുന്നതിന് 6000 രൂപമുതൽ 10000 രൂപവരെയാണ് ചെലവ്. ആലപ്പുഴ, ബംഗളുരു എന്നിവിടങ്ങളിലെ നവോദയവിദ്യലയങ്ങളെ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലുംകൂടിയാണ് സ്കോർഎക്സാംസ് ടീം. ആപ്ലിക്കേഷൻ കസ്റ്റമൈസ് ചെയ്ത് അവർക്കു നൽകാനാണുദ്ദേശിക്കുന്നതെന്ന് ജയരാജ് അറിയിച്ചു. ജമൈക്ക, ബംഗളുരു എന്നിവിടങ്ങിളിലും അവിടുത്തെ സിലബസ് അനുസരിച്ച് ആപ്ലിക്കേഷൻ തയ്യാറാക്കി ലോഞ്ച് ചെയ്യാനും ഇവർ ഉദ്ദേശിക്കുന്നുണ്ട്.