ട്രെന്‍ഡി ബാഗ് പാക്ക്‌സ്
Saturday, July 6, 2019 3:29 PM IST
മനോഹരമായി പുഞ്ചിരിക്കുന്ന നീല കണ്ണുള്ള സുന്ദരിയുടെ ചിത്രം, ലവ് മൈ സ്‌റ്റൈല്‍ എന്ന് വിവിധ വര്‍ണങ്ങളാല്‍ മുദ്രണം ചെയ്തിട്ടുള്ളവ... കോളജു ബാഗുകളിലെ പുത്തന്‍ ട്രെന്‍ഡുകള്‍ കുമാരിമാരെ മോഹിപ്പിക്കുന്നതാണ്. പഴയകാലത്തെപോലെ പുസ്തകങ്ങള്‍ കൈയിലടുക്കിയോ തോള്‍സഞ്ചിയും ഹാന്‍ഡ്ബാഗും തൂക്കിയോ കോളജുകളില്‍ പോകുന്ന പെണ്‍കുട്ടികള്‍ ഇന്ന് അപൂര്‍വമാണ്. മുതുകില്‍ ചേര്‍ന്നുകിടക്കുന്ന ബാക്ക്പാക്കുകള്‍ കോളജ്കുമാരിമാരുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു . ബാക്ക്പാക്കുകള്‍ രംഗത്തിറങ്ങിയ ആദ്യനാളുകളില്‍ കോളജ് കുമാരന്മാര്‍ മാത്രമായിരുന്നു ആരാധകര്‍. ഏറെ വൈകുംമുമ്പേ പെണ്‍കുട്ടികളും ഇരുകൈകളിലൂടെയും കയറ്റിയിട്ട് സുഗമമായി നടക്കാന്‍ സഹായിക്കുന്ന ബാക്ക്പാക്കുകളുടെ ആരാധകരായി മാറി. പുസ്തകങ്ങളും നീളമുള്ള റെക്കോഡുകളും ബോക്‌സും ചോറ്റുപാത്രവും വെള്ളക്കുപ്പിയും ഉള്‍പ്പെടെ എത്ര സാധനങ്ങളും ഉള്ളില്‍ വയ്ക്കാം എന്നത് ഇത്തരം ബാഗുകളുടെ സവിശേഷതയാണ്. പുസ്തകഭാരംകൊണ്ട് തോള്‍ വലയാതെ വിദേശ ടൂറിസ്റ്റുകളെപ്പോലെ കൈയും വീശിയങ്ങ് നടക്കാം എന്നതും ബാക്ക്പാക്കുകളെ പ്രിയതരമാക്കുന്നു.
ആണ്‍കുട്ടികള്‍ക്കൊപ്പം കോളജ്കുമാരിമാരും ടൂവീലറുകളില്‍ സഞ്ചരിക്കാനും ഒറ്റയ്ക്ക് ദൂരയാത്രകള്‍ നടത്താനും ഷോപ്പിംഗിനു പോകാനും തുടങ്ങിയതോടെ ബാഗ്പാക്കുകള്‍ക്കു വര്‍ധിച്ച ഡിമാന്‍ഡാണ്.
ബാഗുകടകളില്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രത്യേക ബാക്ക്പാക്ക് വിഭാഗം പൊതുവേ ഇല്ല. എന്നാല്‍, റോസ് നിറത്തിലെ ബാഗുകളാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. പൊതുവേ റോസ്, ഇളം പച്ച എന്നീ നിറങ്ങളിലേ ബാഗുകളാണ് കുമാരിമാര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. പാവകള്‍, റിബണുകള്‍, പ്രണയമുദ്രകള്‍, സുന്ദരിമാര്‍ എന്നീ ചിത്രങ്ങള്‍ അടങ്ങിയ ബാഗുകള്‍ പെണ്‍കുട്ടികള്‍ മാത്രമേ തെരഞ്ഞെടുക്കാറുള്ളൂ എന്നു കടയുടമകള്‍ പറയുന്നു. എന്നാല്‍, ഓണ്‍ലൈന്‍ വില്പനയില്‍ പെണ്‍കുട്ടികള്‍ക്കു പ്രത്യേകം ബാഗുകള്‍ ലഭിക്കുന്നുണ്ട്. ഓറഞ്ച്, കറുപ്പ്, ചുവപ്പ്, നേവിബ്ലൂ എന്നിങ്ങനെ പല നിറങ്ങളില്‍ സാധാരണ ബാക്ക്പാക്കുകളും ലെതറിലും മറ്റും ഉള്ള വിലയേറിയ സ്റ്റൈലന്‍ ബാക്ക്പാക്കുകളും യഥേഷ്ടം ലഭിക്കും. മുത്തുകളും ലേസുകളും തുന്നിപ്പിടിപ്പിച്ചവയും മള്‍ട്ടികളറിലേതും പലതരത്തിലെ അറകള്‍ ഉള്ളതും തെരഞ്ഞെടുക്കാം.
ഇന്ത്യന്‍ കമ്പനികളുടെ ബാഗുകള്‍ ഇഷ്ടപ്പെടുന്നവരും അന്താരാഷ്ട്ര കമ്പനിയായ അമേരിക്കന്‍ ടൂറിസ്റ്ററിന്റെ ഫാനുകളായവരും കാമ്പസുകളിലുണ്ട്. നൈലോണ്‍ മെറ്റീരിയല്‍കൊണ്ട് തീര്‍ത്ത ഫോറിന്‍ ബാഗുകള്‍ക്കു മൂവായിരം വരെ വില വരും. ഓഫറുകള്‍ ഉണ്ടെങ്കില്‍ ഏതാണ്ട് ഇന്ത്യന്‍ കമ്പനിയുടെ വിലയില്‍ത്തന്നെ (വളരെ ചെറിയ വ്യത്യാസമേ വിലയില്‍ വരൂ) ഇന്റര്‍നാഷണല്‍ ലഭിക്കുന്നു.
ഓഫറുകള്‍വഴി ഓണ്‍ലൈന്‍ പര്‍ച്ചേസില്‍നിന്ന് 250 രൂപ മുതല്‍ ബാഗ്പാക്ക് ലഭിക്കുന്നുണ്ട്. നല്ല കമ്പനികളുടെ ബാക്ക്പാക്കുകള്‍ക്കു കടകളില്‍ ആയിരത്തിനു മുകളില്‍ വിലവരും. ഓഫറുകള്‍ ഉള്ളപ്പോള്‍ വിലയില്‍ മാറ്റം വരും. ഓഫറുകള്‍ നോക്കി ഇപ്പോള്‍ കോളജ് വിദ്യാര്‍ഥിനികള്‍ പലരും മനോഹരങ്ങളായ ബാക്ക്പാക്കുകള്‍ സ്വന്തമാക്കുകയാണ്.
എസ്. മഞ്ജുളാദേവി