പുതിയ മിത്രങ്ങള്‍ തന്ന വിജയ നൈമിത്ര
ഒരു കാര്യം ചെയ്യണമെന്ന് ഒരാള്‍ തീവ്രമായി ആഗ്രഹിച്ചാല്‍ ഈ പ്രപഞ്ചം മുഴുവന്‍ അയാള്‍ക്കൊപ്പം നില്‍ക്കുമെന്ന പൗലോ കൊയ്‌ലോയുടെ വാക്കുകള്‍ സ്വന്തം ജീവിതംകൊണ്ട് ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിനി ദീജ സതീശന്‍. ശാരീരിക ന്യൂനതകളും സാമ്പത്തിക പ്രതിസന്ധികളും ഒരുപോലെ ജീവിതത്തെ പിന്നോട്ടുവലിക്കുമ്പോഴും അവയെയെല്ലാം ചെറുപുഞ്ചിരിയോടെ നേരിടുകയാണ് ദീജ. തന്റെ പരിമിതമായ ജീവിത സാഹചര്യങ്ങളെപ്പോലും പ്രയോജനപ്പെടുത്തി കേരളത്തിലെ അറിയപ്പെടുന്ന ഒരു വനിതാ സംരംഭകയായി മാറിക്കൊണ്ടിരിക്കുകയാണ് ഇവര്‍. അനേകം വനിതകള്‍ക്ക് പ്രചോദനമായി മാറുന്ന ദീജയുടെ വിശേഷങ്ങള്‍ വായിക്കാം...

വീല്‍ച്ചെയറുകള്‍ക്കപ്പുറത്തെ ആകാശം തേടി

തിരുവനന്തപുരം വര്‍ക്കലയ്ക്കടുത്ത് മുത്താന എന്ന സ്ഥലത്തായിരുന്നു ദീജയുടെ ജനനം. അച്ഛനും അയും ചേച്ചിയും അടങ്ങുന്ന ഒരു സാധാരണ കുടുംബം. പാചകത്തൊഴിലാളിയായ അച്ഛന്റെ വരുമാനത്തിലായിരുന്നു കുടുംബം പുലര്‍ന്നിരുന്നത്. ദീജയ്ക്ക് ജീവിതം അത്ര സുന്ദരമായ സ്വപ്‌നമൊന്നുമായിരുന്നില്ല. മൂന്നാമത്തെ വയസില്‍ പോളിയോ കുഞ്ഞുദീജയുടെ കാലുകളെ തളര്‍ത്തി. അതോടെ ഒരു വീല്‍ച്ചെയര്‍ ദീജയ്‌ക്കൊപ്പം കൂട്ടായി കൂടി. എന്നാല്‍ തന്റെ ജീവിതം ആ വീല്‍ച്ചെയറിലേക്ക് തളച്ചിടാന്‍ ദീജ തയാറായിരുന്നില്ല. വീല്‍ച്ചെയര്‍ കാട്ടിത്തരുന്ന ആകാശത്തിനപ്പുറത്തെ കാഴ്ചകള്‍ കാണണമെന്ന വാശിയാണ് ദീജയെ ഒരു സംരംഭകയാക്കി മാറ്റിയത്.

തുടക്കം ആഭരണ നിര്‍മാണത്തിലൂടെ

വീടിനകത്തുതന്നെ ഒതുങ്ങിയിരിക്കുന്ന ഒരാളായിരുന്നു ദീജ. പുറത്തേക്ക് പോകണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ശാരീരിക അവസ്ഥ അതിന് അനുവദിച്ചില്ല എന്നതായിരുന്നു സത്യം. അങ്ങനെയിരിക്കുമ്പോഴാണ് വീടിനടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ദീജയ്ക്ക് ആഭരണ നിര്‍മാണ സാധ്യതകളെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ സഹായത്തോടെ ഒരാള്‍ രണ്ടു ദിവസം വീട്ടിലെത്തി ദീജയെ ആഭരണ നിര്‍മാണം പഠിപ്പിച്ചു. കാര്യങ്ങള്‍ വേഗം ഹൃദിസ്ഥമാക്കിയ ദീജ മനോഹരമായ ആഭരണങ്ങള്‍ നിര്‍മിച്ചു തുടങ്ങി.

ആയിടയ്ക്കാണ് ഒട്ടും സൗകര്യങ്ങളില്ലാത്ത തങ്ങളുടെ പഴയ വീട്ടില്‍നിന്ന് ദീജയും കുടുംബവും വഴി സൗകര്യമുള്ള പുതിയ വീട്ടിലേക്ക് മാറുന്നത്. ഭിന്നശേഷിക്കാരിക്ക് സൗഹാര്‍ദമായ ഒരു വീടൊരുക്കിയപ്പോഴേക്കും ആ കുടുംബത്തെ കാത്തിരുന്നത് വന്‍ കടബാധ്യതയായിരുന്നു. ഈ കടങ്ങളൊക്കെ വീട്ടാന്‍ താനും എന്തെങ്കിലും ചെയ്യണമെന്ന് ദീജ തീരുമാനിച്ചു. അങ്ങനെ ആഭരണ നിര്‍മാണം കൂടുതല്‍ വ്യാപകമാക്കാന്‍ തീരുമാനിച്ചു

ഫേസ്ബുക്ക് തുറന്ന വഴി

ചേച്ചിയുടെ ആഭരണനിര്‍മാണ പാടവം കണ്ടറിഞ്ഞ ദീജയുടെ അമ്മാവന്റെ മകന്‍ ദീജയ്ക്കായി ഒരു ഫേസ്ബുക്ക് അക്കൗണ്ട് തുറന്നുകൊടുത്തു. നിര്‍മിക്കുന്ന ആഭരണങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ വിഷമിച്ചിരുന്ന ദീജയ്ക്ക് അത് ശരിക്കുമൊരു കച്ചിത്തുരുമ്പായിരുന്നു. ഫേസ്ബുക്കിലൂടെ നിരവധി സുഹൃത്തുക്കളെ പരിചയപ്പെട്ടു. ജീവിതത്തില്‍ ആദ്യമായി തന്നെപ്പോലെതന്നെ ഭിന്നശേഷിക്കാരായ നിരവധിപ്പേരെ ഫേസ്ബുക്കിലൂടെ കണ്ടുമുട്ടി. ഭിന്നശേഷിക്കാര്‍ക്കായുള്ള ഫേസ്ബുക്ക് കൂട്ടായ്മകളില്‍ അംഗമായി. അവരുടെ പ്രോത്സഹനം ദീജയ്ക്കുള്ളില്‍ ഉറങ്ങിക്കിടന്ന സംരംഭകയെ പുറത്തുകൊണ്ടുവരാന്‍ സഹായിച്ചു.


നൈമിത്രയുടെ തുടക്കം

ഫേസ്ബുക്ക് കൂട്ടായ്മകളിലൂടെ നൗഷാദ് ഖാന്‍ എന്ന പ്രവാസിയെ പരിചയപ്പെടാന്‍ കഴിഞ്ഞത് ദീജയുടെ ജീവിതത്തില്‍ വഴിത്തിരിവായി. അദ്ദേഹമാണ് ആഭരണ നിര്‍മാണത്തില്‍നിന്ന് പാചക മേഖലയിലേക്ക് ദീജയെ കൈപിടിച്ച് നടത്തിയത്. നല്ല ഭക്ഷണമുണ്ടാക്കി അത് മറ്റുള്ളവര്‍ക്ക് നല്‍കി അവര്‍ അത് ആസ്വദിച്ചു കഴിക്കുന്നത് കാണാന്‍ ദീജയ്ക്ക് വലിയ ഇഷ്ടമാണ്. ഈ ഇഷ്ടം തന്നെയാണ് നൈമിത്രയുടെ വിജയത്തിന് പിന്നില്‍.

അച്ചാര്‍ നിര്‍മാണത്തിലായിരുന്നു തുടക്കം. എല്ലാത്തിനും സഹായമായി നൗഷാദ് ഇക്കയും ദീജയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു.

നൈമിത്ര എന്നാല്‍ പുതിയ മിത്രം എന്നാണ് അര്‍ഥം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളായിരുന്നു നൈമിത്രയുടെ ആദ്യകാല ഉപയോക്താക്കള്‍. 2018 ജനുവരി മാസത്തിലാണ് ആദ്യമായി നൈമിത്ര അച്ചാറുകള്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. വെറും അഞ്ച് കുപ്പി നാരാങ്ങാ അച്ചാറിലായിരുന്നു തുടക്കം. മണിക്കൂറുകള്‍ക്കുള്ളില്‍ അവ വിറ്റുപോയത് ദീജയുടെ ആവേശം ഇരട്ടിയാക്കി. പൂര്‍ണമായും രാസവസ്തുക്കള്‍ ഒഴിവാക്കി നിര്‍മിച്ച അച്ചാറുകള്‍ ഫേസ്ബുക്കില്‍ ചൂടപ്പം പോലെയാണ് വിറ്റുപോയത്. ഫേസ്ബുക്ക് വഴി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് കൊറിയറിലാണ് അച്ചാറുകള്‍ എത്തിച്ചു നല്‍കുന്നത്.

തിരുവനന്തപുരം ചടയമംഗലത്തുള്ള വാടകവീട്ടിലാണ് ദീജയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. നാരങ്ങ, മാങ്ങ, വെളുത്തുള്ളി, മിക്‌സഡ് വെജിറ്റബിള്‍, പാവയ്ക്ക, മീന്‍ തുടങ്ങി പലതരം അച്ചാറുകളുടെ ഒരു നിരതന്നെ ഇവിടത്തെ അടുക്കളയില്‍ ഒരുങ്ങുന്നു. നൈമിത്ര അവലോസുപൊടിക്കും പലഹാരങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. തനി നാടന്‍ രുചിയില്‍ ഒരുക്കുന്ന നൈമിത്ര പൊതിച്ചോറും വമ്പന്‍ ഹിറ്റാണ്. പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ നൈമിത്ര ഉത്പന്നങ്ങള്‍ തേടി ഇവിടെ എത്താറുണ്ട്.

ഇനിയും പറക്കണം; പറക്കാന്‍ പ്രാപ്തരാക്കണം

ഓണ്‍ലൈന്‍ മാത്രമായല്ല നൈമിത്ര ബ്രാന്‍ഡില്‍ അച്ചാറുകള്‍ പൊതുവിപണിയില്‍ എത്തിക്കണമെന്ന് ദീജ ആഗ്രഹിക്കുന്നു. എല്ലാ മലയാളികളുടെയും വീട്ടില്‍ ഒരു നൈമിത്ര ബ്രാന്‍ഡ് ഉത്പന്നം എന്നതാണ് ദീജയുടെ ഇപ്പോഴത്തെ സ്വപ്‌നം. ഇങ്ങനെ കിട്ടുന്ന വരുമാനംകൊണ്ട് തന്നെപ്പോലെതന്നെ ഭിന്നശേഷിക്കാരായ ആളുകളെ സഹായിക്കണമെന്നും ദീജ ആഗ്രഹിക്കുന്നു. വിഷമമുള്ളവര്‍ക്കെ വിഷമമുള്ളവരുടെ വിഷമം മനസിലാകു എന്ന ദീജയുടെ വാക്കുകളില്‍ മറ്റുള്ളവരെ സഹായിക്കാനുള്ള മനസാണ് നിഴലിക്കുന്നത്.

റോസ് മേരി ജ്യോതിസ്