പ്രളയത്തിൽ നിന്നും ഉയർന്ന് പറന്ന് സിയാൽ
രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട്. വരുമാനത്തിന്‍റെ കാര്യത്തിലും പ്രവർത്തന മികവിന്‍റെ കാര്യങ്ങളിലും മുൻപന്തിയിൽ തന്നെയാണ് സിയാൽ എന്നും. പച്ചക്കറി കൃഷി, സോളാർ പാനലുകളിൽ നിന്നും സൗരോർജം എന്നിങ്ങനെ വിപ്ലവകരമായ പലതും ഒരു വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾക്കപ്പുറത്തേക്കായി കന്പനി നടപ്പിലാക്കിയിരുന്നു.

പക്ഷേ, രണ്ടു വർഷമായി എത്തുന്ന പ്രകൃതി ക്ഷേഭങ്ങൾ സിയാലിനെയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. വർഷാവർഷം വരുന്ന ഈ പ്രശ്നങ്ങൾ സാന്പത്തിക നഷ്ടവും അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകളും വരുത്തുന്നുണ്ട്. എങ്കിലും അതിനെയെല്ലാം തരണം ചെയ്യാനും ഉയർന്നു പറക്കാനുമുള്ള ഇച്ഛാശക്തി കന്പനിയുടെ നേതൃത്വത്തിനും ജീവനക്കാർക്കുമുണ്ട് എന്നുള്ളതുതന്നെ സിയാലിന്‍റെ കരുത്താണ് കാണിക്കുന്നത്.

പ്രളയക്കെടുതിയിൽ നിന്നുമുള്ള പുനരുജ്ജീവനം

2018 ലെ പ്രളയത്തിന് ഒരു വർഷം തികയുന്പോഴേക്കും അത് ഏൽപ്പിച്ച ആഘാതത്തിൽനിന്നും ഉയർത്തെഴുന്നേൽക്കാൻ കന്പനിക്കു സാധിച്ചു.

ഈ കാലഘട്ടത്തിലെ മഹാപ്രളയത്തിന്‍റെ കെടുതിയിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാന താവളത്തിന്‍റെ ഉയർത്തെഴുന്നേൽപ്പ് അത്ഭുതകരമായിരുന്നു എന്നു തന്നെ പറയാം. സിയാൽ കുടുബത്തിന്‍റെ ഒറ്റക്കെട്ടായ യജ്ഞത്തിലുടെയാണ് ഈ നേട്ടം കൈവരിച്ചതെന്നാണ് മാനേജിംഗ് ഡയറക്ടർ വി ജെ കുര്യൻ അഭിപ്രായപ്പെടുന്നത്.

നഷ്ടങ്ങൾ ഏറെ

2018 ഓഗസ്റ്റ് മാസത്തിലെ പ്രളയ കാലത്ത് സിയാലിന് ഉണ്ടായ നഷ്ടം 336 കോടി രൂപയുടേതാണ്.
"റണ്‍വേ, ഏപ്രണ്‍, സബ് സ്റ്റേഷൻ, ടെർമിനിലുകൾ, ഗോൾഫ് കോഴ്സ്, സോളാർ പാനലുകൾ, എക്സറേ യുണിറ്റുകൾ, കണ്‍വെയർ സംവിധാനം, ചെക്കിംഗ് ഏരിയ, വിമാനത്താവളത്തിലേയ്ക്കുള്ള റോഡുകൾ എന്നിവയല്ലാം വെള്ളത്തിൽ മുങ്ങിയിരുന്നു. റണ്‍വേ പതിമൂന്ന് സ്ഥലങ്ങളിൽ തകർന്നിരുന്നു. എയർപോർട്ടിലെ 800 സിഗ്നൽ ലൈറ്റുകൾ പ്രവർത്തനരഹിതമായി. റണ്‍വേയുടെ 3.75 കിലോമീറ്റർ നീളത്തിൽ ഏറേ ഘനത്തിൽ ചെളി നിറഞ്ഞു. ചുറ്റുമതിൽ 2.5 കിലോമീറ്റർ നീളത്തിൽ തകർന്ന് വീണു.

ഇതിനോടൊപ്പം വൻതോതിൽ അടച്ചു കയറിയ ചെളിയും മറ്റു മാലിന്യങ്ങളും തുടർ പ്രവർത്തനങ്ങൾക്കും ഏറേ തടസമായിരുന്നു.പതിനഞ്ച് സ്ഥലത്താണ് മതിൽ ഇടിഞ്ഞു വീണത്.
സമുദ്രനിരപ്പിൽ നിന്ന് എട്ടു മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിൽ ജലനിരപ്പ് ഉയർന്നത് സമുദ്രനിരപ്പിൽ നിന്നും 8.8 മീറ്ററായിട്ടായിരുന്നു.

പതിമൂന്ന് ദിവസത്തേയ്ക്കാണ് വിമാനത്താവളം സർവീസുകൾ നിർത്തിവെച്ചത്. 2019 ഓഗസ്റ്റ് 16 ാം തീയ്യതി അടച്ചതിനുശേഷം 29ാം തീയ്യതിയാണ് ഭാഗീകമായി പ്രവർത്തനം പുനരാരംഭിച്ചത്. ഈ കാലയളവിൽ കൊച്ചിയിൽ നിന്നുമുള്ള വിമാനങ്ങൾ കൊച്ചി നാവിക വിമാനത്താവളം, തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ നിന്നുമാണ് സർവീസ് നടത്തിയത്.


ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും വിമാനത്താവളത്തിന്‍റെ പ്രവർത്തിനം ചുരിങ്ങിയ ദിവസങ്ങൾ കൊണ്ട് പഴയ നിലയിലേക്കെത്തിയ സമയത്താണ് പുതിയ പ്രളയമെത്തിയത്. ഏപ്രണ്‍ ഏരിയയിൽ വെള്ളം കയറിയതിനാൽ മൂന്നു ദിവസത്തേക്ക് എയർപോർട്ട് അടയ്ക്കേണ്ടി വന്നു. ഈ സമയത്തും നാവിക സേനയുടെ വിമാനത്താവളം, കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളം എന്നിവ വഴിയായിരുന്നു സർവീസ് നടത്തിയിരുന്നത്.
ലാഭത്തിന്‍റെ കണക്കുകൾ

നാശനഷ്ടങ്ങൾ ,സാന്പത്തിക നഷ്ടം എന്നിവയൊക്കെ ഉണ്ടായെങ്കിലും 2018-2019 വർഷത്തിൽ 807.36 കോടി രൂപ വരുമാനവും 166 .92 കോടി രൂപ അറ്റാദായവും ഉണ്ടാക്കുവാൻ സിയാലിനു കഴിഞ്ഞു എന്നുള്ളത് ശ്രദ്ധേയമാണ്. 2017-2018 വർഷത്തിൽ വരുമാനം 701.13 കോടി രൂപയും അറ്റാദായം 155.99 കോടി രൂപയും ആയിരുന്നു. 2018-19-ലെ വാർഷിക കണക്കുകൾ എത്താനിരിക്കുന്നതേയുള്ളു.

പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ ഉടനെ നടപ്പിലാക്കും

സിയാൽ മുങ്ങിയതോടൊപ്പം വിമാനത്താവളത്തിന്‍റെ സമീപത്തുകൂടി ഒഴുകുന്ന ചെങ്ങൽ തോട് കര കവിഞ്ഞതുമൂലം ശ്രീമൂലനഗരം ,കാഞ്ഞൂർ പഞ്ചായത്തുകളിലെ മൂന്നൂറോളം കുടുംബങ്ങളും വെള്ളകെട്ടിന്‍റെ കെടുതിയിലായിരുന്നു.

പെരിയാറിന്‍റെ കൈവഴിയായ ചെങ്ങൽതോടിന്‍റെ ഏതാനും ഭാഗം റണ്‍വേയുടെ നിർമ്മാണത്തിനായി നികത്തി. പകരം സമാന്തര കനാൽ നിർമ്മിച്ച് വെള്ളം ഒഴുക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ പ്രളയം വന്നപ്പോൾ പെരിയാറിലേയ്ക്ക് ഒഴുകിയിരുന്ന ചെങ്ങൽ തോട്ടിലെ വെള്ളം പെരിയാറിൽ നിന്നും തിരിച്ച് തോട്ടിലേയ്ക്ക് ഒഴുകാൻ തുടങ്ങിയതാണ് ഇതിനു കാരണമായത്.

ഇത് നാട്ടുകാരുടെ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. തുടർന്ന് വാട്ടർ അതോറിറ്റി, കിഡ്കോ, ഡച്ച് സങ്കേതിക വിദ്ധഗ്ദർ എന്നിവരുടെ സഹായത്തോടെ പുതിയ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. കനാലിന്‍റെ ആഴവും വീതിയും കൂട്ടുവാനും ചെങ്ങൽ തോടിന്‍റെ ഉത്ഭവസ്ഥാനത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുവാനും ചെത്തിക്കോട്, എ.പി വർക്കി റോഡുകളിൽ പുതിയ പാലം പണിയുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇതോടെ ഭാവിയിൽ റണ്‍വേ മുങ്ങുന്നത് ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സി.വൈ വർഗീസ്