സ്വർണം തിളക്കം വീണ്ടെടുക്കുന്നു
സ്വർണം തിളക്കം  വീണ്ടെടുക്കുന്നു
Tuesday, October 8, 2019 3:49 PM IST
യുഎസ്- ചൈന വ്യാപാര യുദ്ധം ആഗോള സന്പദ്ഘടന യിലുണർത്തിയിട്ടുള്ള അനിശ്ചിതത്വം സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുകയാണ്. നിക്ഷേപശേഖരത്തിൽ 10 ശതമാനം വരെ ( കൂടുതൽ വേണ്ട) ഇപ്പോൾ സ്വർണത്തിൽ വേണമെന്നാണ് നിക്ഷേപ വിദഗ്ധരുടെ ഉപദേശം. ഭൗതികസ്വർണത്തേക്കാൾ ഗോൾഡ് ഇടിഎഫ്, ഗോൾഡ് ബോണ്ട് ഫണ്ട് തുടങ്ങി ഇലക്ട്രോണിക് രീതിയിൽ നിക്ഷേപിക്കാനാണ് അവർ ഉപദേശിക്കുന്നത്.

"ഏതു വിലയിലും സ്വർണം വാങ്ങാം,’’ആഗോള നിക്ഷേപ വിദഗ്ധനായ മാർക്ക് മൊബിയൂസ് അടുത്തയിടെ നിക്ഷേപകർക്കു നൽകിയ ഉപദേശമാണ്. ഇപ്പോൾ സ്വർണം വാങ്ങുവാൻ രണ്ടാമതൊന്ന് ആലോചിക്കുകപോലും വേണ്ട. ദീർഘകാലത്തിൽ മികച്ച പ്രതിഫലം ഈ സ്വർണനിക്ഷേപത്തിൽനിന്നു പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കാരണമിതാണ്. കേന്ദ്ര ബാങ്കുകൾ അയഞ്ഞ പണനയം സ്വീകരിക്കുകയാണ്. ഇത് പണലഭ്യത ഗണ്യമായി ഉയർത്തും ഇതു സ്വർണത്തിനു മാത്രമല്ല, റിയൽ എസ്റ്റേറ്റിനും ഡിമാൻഡ് ഉയർത്തും: അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

2019 പിറന്നു വിണതു മുതൽ സ്വർണം ദീർഘനാളത്തെ നിദ്രവിട്ട് ഉണരുകയായിരുന്നു. സ്വർണത്തിന്‍റെ ആഗോള വിലയിൽ ജനുവരിയിലെ വിലയിൽനിന്ന് 17.50 ശതമാനം ഉയർച്ചയാണുണ്ടായിട്ടുള്ളത്. അതായത് 2018 ഡിസംബർ 31-ന് ഒൗണ്‍സിന് 1282.1 ഡോളറായിരുന്നത് സെപ്റ്റംബർ ആറിന് 1506.5 ഡോളറായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 13-ന് ഒൗണ്‍സിന് 1535 ഡോളർവരെ വില ഉയർന്നിരുന്നു.

2011-ൽ റിക്കാർഡ് ഉയരത്തിൽ സ്വർണം എത്തിയിരുന്നു. ഒൗണ്‍സിന് 1900 ഡോളർ. ആ നിലയിൽനിന്ന് 1050 വരെയെത്തിയ സ്വർണം റേഞ്ച്ബൗണ്ടിൽ നീങ്ങുകയായിരുന്നു. 2019-ലാണ് ചവിട്ടി നിന്നു കുതിക്കുവാൻ ഒരു ഇടം ലഭിച്ചത്. സ്വർണം ഇപ്പോൾ ആറു വർഷത്തെ ഉയരത്തിൽ എത്തിയിരിക്കുകയാണ്.

യുഎസ്- ചൈന വ്യാപാരയുദ്ധത്തിനു നന്ദി! ഒപ്പം യുഎസ്- ഇറാൻ സംഘർഷത്തിനും.
ആഗോള സാന്പത്തിക വളർച്ചാത്തോത് കുറയുന്നതും പല രാജ്യങ്ങളും മാന്ദ്യംപോലുള്ള അവസ്ഥയിലേക്കു നീങ്ങുന്നതുമാണ് സ്വർണത്തിന്‍റെ തിളക്കം വർധിപ്പിക്കുന്നത്. ആഗോള വളർച്ച 2019-ൽ 2.6 ശതമാനമായിരിക്കുമെന്നാണ് ലോകബാങ്ക് റിപ്പോർട്ട് പറയുന്നത്. സാന്പത്തിക വളർച്ച മന്ദീഭവിച്ചു തുടങ്ങിയതോടെ, സന്പദ്ഘടനയ്ക്ക് ഉൗർജം നൽകുവാൻ ഫെഡറൽ റിസർവ് ഉൾപ്പെടെ പല രാജ്യങ്ങളുടേയും കേന്ദ്രബാങ്കുകൾ പണനയത്തിൽ അയവു വരുത്തിത്തുടങ്ങിയിട്ടുണ്ട്. ഇത് ആഗോള പണലഭ്യത വർധിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇതു ഭുമിയും സ്വർണവും പോലുള്ള യഥാർത്ഥ ഭൗതികാസ്തികൾക്കു ഡിമാൻഡ് വർധിപ്പിക്കുകയാണ്.

മാത്രവുമല്ല, കേന്ദ്ര ബാങ്കുകൾ അവരുടെ കരുതൽധനം വൈവിധ്യവത്കരിക്കാനും ധൃതി കൂട്ടുകയാണ്. സുരക്ഷിതത്വവും പെട്ടെന്നു പണമാക്കി മാറ്റുന്ന ആസ്തിയിലും നിക്ഷേപിക്കാൻ കേന്ദ്രബാങ്കുകൾ ആഗ്രഹിക്കുന്നു. 2019-ന്‍റെ ആദ്യ രണ്ടുമാസങ്ങളിൽ കേന്ദ്രബാങ്കുകൾ വാങ്ങിയ സ്വർണത്തിന്‍റെ അളവ് 90 ടണ്ണാണ്. 2018-ൽ ആദ്യരണ്ടുമാസം വാങ്ങിയ സ്വർണം 56 ടണ്ണായിരുന്നു. ഇതിൽ നല്ലൊരു പങ്കു സ്വർണവും വാങ്ങിയത് നവോദയരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളാണ്.

മുന്നേറ്റം തുടരുമോ

ഇപ്പോഴത്തെ സാന്പത്തികാന്തരീക്ഷത്തിൽ മഞ്ഞലോഹത്തിന്‍റെ മുന്നേറ്റം രണ്ടാം പകുതിയിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽതന്നെ ബോണ്ട് യീൽഡ് കുറയുന്നതും മിക്ക ഓഹരി വിപണികളിലും വന്യമായ വ്യതിയാനത്തിലൂടെ കടന്നുപോകുന്നതും താരതമ്യേന റിസ്ക് കുറഞ്ഞ സ്വർണത്തിലേക്കു നിക്ഷേപകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം സ്വർണത്തിന്‍റെ വടക്കൻയാത്രയ്ക്ക് ഇനിയും ശക്തികൂടും.

കഴിഞ്ഞ ഏതാനും വർഷമായി 1350 ഡോളറിനു താഴെ സ്വർണവില കരുത്തുനേടുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് അതു ഭേദിച്ചു മുന്നേറ്റം തുടങ്ങിയത്. സ്വർണത്തിന് 1550-1600 വില നിലവാരത്തിൽ ശക്തമായ പ്രതിരോധം നിലനിൽക്കുകയാണ്. പ്രതീക്ഷിച്ചതിനും വളരെ നേരത്തെയാണ് ഈ നിലയിലേക്ക് സ്വർണം ഉയർന്നിട്ടുള്ളത്.


കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കുവാനുള്ള ശ്രമത്തിന്‍റെ ഭാഗമായി, ഭ്രാന്തു പിടിച്ചതുപോലെ നോട്ട് അടിച്ചു തള്ളുവാൻ പോവുകയാണെന്നാണ് മാർക്ക് മൊബിയൂസ് വിലയിരുത്തുന്നത്. നിക്ഷേപാ സ്തിയുടെ 10 ശതമാനത്തോളം സ്വർണത്തിലായിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

യുഎസ് പലിശ നിരക്ക്

2019-ന്‍റെ ആദ്യ പകുതിയിലെ സ്വർണത്തിന്‍റെ മുന്നേറ്റം രണ്ടാം പകുതിയിലും തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. യുഎസ്- ചൈന വ്യാപാരയുദ്ധം ഡോളറിൽ ശക്തമായ സമ്മർദ്ദമാണ് ചെലുത്തുന്നത്. യുഎസ് മൃദുല പണനയം സ്വീകരിക്കുമെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോ പവൽ സൂചന നൽകിയതും സ്വർണത്തിലേക്ക,് പ്രത്യേകിച്ച് സ്വർണ ഇടിഎഫിലേക്ക് നിക്ഷേപമൊഴുകുകയാണ്. യുഎസ് വളർച്ച കുറയുന്നതിനു കാരണം ഫെഡറൽ റിസർവ് ആണെന്നുവരെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കുറ്റപ്പെടുത്തുകയാണ്. യുഎസ് വളർച്ച 2019-ൽ രണ്ടു ശതമാനത്തിലേക്കു താഴുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്ഥാപനങ്ങളും വ്യക്തികളും

ലോകത്താകമാനം നിലനിൽക്കുന്ന സാന്പത്തികാനിശ്ചിതത്വം (പശ്ചാത്തലംയുഎസ് -ചൈന വ്യാപാരയുദ്ധം) വ്യക്തികളേയും നിക്ഷേപകസ്ഥാപനങ്ങളേയും സ്വർണത്തിലേക്കു തിരിയുവാൻ പ്രേരിപ്പിക്കുകയാണ്. കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കുന്നത് അവരുടെ കൈവശം കൂടുതൽ പണംകൊണ്ടുവരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ റിസ്ക് എടുത്ത് ഓഹരിയിലൊന്നും നിക്ഷേപിക്കുവാൻ അവർ തയാറാവുകയുമില്ല.

പകരം സ്വർണത്തിന്‍റെ പിൻബലമുള്ള ഇടിഎഫുകൾ, സമാനരീതിയിലുള്ള നിക്ഷേപ ഉപകരണങ്ങൾ തുടങ്ങിയവയിലേക്കു നീങ്ങുകയാണ്. വ്യക്തികൾ ഗോൾഡ് ഇടിഎഫിനൊപ്പം സ്വർണബോണ്ടുകളും നിക്ഷേപത്തിനു തെരഞ്ഞെടുക്കുന്നു.

വേൾഡ് ഗോൾഡ് കൗണ്‍സിലിന്‍റെ കണക്കുകളനുസരിച്ച് 2019-ന്‍റെ ആദ്യക്വാർട്ടറിൽ സ്വർണത്തിന്‍റെ ഡിമാൻഡ് ഏഴു ശതമാനം വളർച്ചയോടെ 1053.3 ടണ്ണായിട്ടുണ്ട്. ഗോൾഡ് ഇടിഎഫിലേക്കുള്ള പണമൊഴുക്ക് 49 ശതമാനം വളർച്ച കാണിക്കുകയും ചെയ്തിട്ടുണ്ട്.
ചുരുക്കത്തിൽ ലോകമാകെ സ്വർണത്തിനു ഡിമാൻഡ് വർധിക്കുകയാണ്. ഇപ്പോഴത്തെ വിലക്കയറ്റത്തിനു പിന്നിലുള്ള ശക്തി ഈ ഡിമാൻഡാണ്. ലോക സന്പദ്ഘടനയിൽ നിലനിൽക്കുന്ന അനിശ്ചിതത്വം ഉയർത്തുന്ന ഡിമാൻഡ്.

ഈ അനിശ്ചിതത്വം മാറുവാൻ സമയമെടുക്കുമന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ സ്വർണവിലയിലെ ഓരോ ഇടിവിലും നിക്ഷേപം നടത്താനാണ് ആഗോള വിദഗ്ധർ നൽകുന്ന ഉപദേശം.

സ്വർണവില ഇന്ത്യയിൽ

കഴിഞ്ഞ 50 വർഷത്തിനിടയിൽ ഇന്ത്യയിലെ സ്വർണവില (24 കാരറ്റ്) 10 ഗ്രാമിന് 176 രൂപയിൽനിന്ന് 39600 രൂപയിൽ എത്തി നിൽക്കുകയാണ്. വാർഷിക റിട്ടേണ്‍ 11.44 ശതമാനം.

1991 ഉദാരവത്കരണത്തെത്തുടർന്ന് ദീർഘകാലം സ്വർണവില ഇന്ത്യയിൽ റേഞ്ച് ബൗണ്ടായി നീങ്ങുകയായിരുന്നു. ഉദാരവത്കരണം തുടങ്ങിയ 1990-ൽ സ്വർണവില 3200 രൂപയായിരുന്നു. ആഗോള സാന്പത്തികക്കുഴപ്പം പൊട്ടിപ്പുറപ്പെട്ട 2008 വരെ സ്വർണം നൽകിയ റിട്ടേണ്‍ 7.87 ശതമാനമാണ്. 2008 മുതൽ ഈ 11 വർഷത്തെ റിട്ടേണ്‍ 11.05 ശതമാനമാണ്.

സ്വർണത്തിലെ മൂലധന വളർച്ചയ്ക്ക് നികുതി നൽകണം. നികുതിയും പണപ്പെരുപ്പവും കണക്കിലെടുക്കാതെ ദീർഘകാലത്തിൽ സ്വർണത്തിൽനിന്നു 10 ശതമാനം വാർഷിക റിട്ടേണ്‍ പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ പണപ്പെരുപ്പത്തിനെതിരേയുള്ള സംരക്ഷണ കവചത്തിൽ സ്വർണവുമുണ്ടായിരിക്കണം. നിക്ഷേപാസ്തിയുടെ 5-10 ശതമാനം സ്വർണത്തിലായിരിക്കണമെന്നാണ് ധനകാര്യ ആസൂത്രണ വിദഗ്ധർ നിർദ്ദേശിക്കുന്നത്.
പ്രത്യേകിച്ചും ആഗോള സന്പദ്ഘടനയിലെ കുഴപ്പങ്ങളുടെ കാലത്ത് ഏറ്റവും മികച്ച നിക്ഷേപമാണ് സ്വർണമെന്നതിൽ സംശയമില്ല.