എന്തുകൊണ്ട് ഇന്ത്യയിൽ സ്വർണവില ഉയരുന്നു?
ഓഗസ്റ്റിൽ ഇന്ത്യയിലെ സ്വർണവില ( 24 കാരറ്റ്) ചരിത്രത്തിലാദ്യമായി 10 ഗ്രാമിന് 40000 രൂപയ്ക്കു മുകളിലെത്തി. ഇതിനു മുന്പ് 2011-12 ഓഗസ്റ്റിൽ സ്വർണവില 10 ഗ്രാമിന് 31,000 രൂപയിൽ എത്തിയിരുന്നു.2007-ൽ 10500 രൂപയായിരുന്നു വില. 2012-18 കാലയളവിൽ 25,000- 32,000 രൂപയിൽ റേഞ്ച്ബൗണ്ടായി സ്വർണവില നീങ്ങുകയായിരുന്നു.

ഇന്ത്യയിൽ ഉത്സവസീസണു തുടക്കമായതിനെത്തുടർന്ന്, അതു മുന്നിൽക്കണ്ട് വ്യാപാരികൾ കൂടുതൽ സ്വർണം സ്റ്റോക്ക് ചെയ്യുന്നതു സ്വർണവില ഉയരാനുള്ള കാരണങ്ങളിലൊന്നാണ്. ഒക്ടോബറിൽ സ്വർണം വാങ്ങുന്നതിന് അവസരങ്ങൾ നൽകുന്ന ദസ്ര, ദന്തേരാസ്, ദീപാവലി, ഗോവർധൻ പൂജ തുടങ്ങി നിരവധി ഉത്സവങ്ങളാണ് എത്തുന്നത്

എങ്കിലും ആഗോള വിപണിയിലെ വില നീക്കങ്ങളാണ് ഇന്ത്യൻ വിലയ്ക്കു ദിശ നിൽകുന്നത്. ആഗോള സ്വർണവിലയെ ഇന്ത്യയും പിന്തുടരുകയാണ്.

ഇതോടൊപ്പം രൂപയുടെ മൂല്യം ഡോളറിനെതിരേ ഇടിഞ്ഞതും സ്വർണവിലയ്ക്ക് കരുത്തു പകർന്നു. രൂപ ഓഗസ്റ്റിൽ അഞ്ചു ശതമാനത്തോളം ഇടിവാണ് കാണിച്ചത്. ഡോളറിന് 72 രൂപയാണിപ്പോൾ. ജൂലൈ അവസാനമിത് 68.5 രൂപയായിരുന്നു.

ഓഹരി വിപണിയിലെ വന്യമായ വ്യതിയാനവും സ്വർണത്തിനു തുണയായി. നിക്ഷേപത്തിനുള്ള തുകയുടെ ഒരു ഭാഗം സ്വർണത്തിലേക്കു തിരിച്ചുവിടുവാൻ നിക്ഷേപകർ തയാറായിരിക്കുകയാണ്.

സ്വർണ നിക്ഷേപം ഇങ്ങനെ

സ്വർണത്തോടുള്ള ഇന്ത്യക്കാരുടെ സ്നേഹം പരസ്യമാണ്. ഏത് ആസ്തിയേക്കാളും നിക്ഷേപത്തേക്കാളും മുന്തിയ പരിഗണന സ്വർണത്തിനാണ് ഇന്ത്യക്കാർ നൽകുന്നത്. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശം വയ്ക്കുന്നത് ഇന്ത്യയാണ്. പ്രതിവർഷം 1000 ടണ്ണോളം സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.

പാരന്പര്യ നിക്ഷേപ രീതി

ആഭരണങ്ങൾ: സ്വർണാഭരണങ്ങളായി വാങ്ങുകയും അതു അടുത്ത തലമുറയ്ക്കു കൈമാറുകയും ചെയ്യുന്ന രീതിയ്ക്കാണ് ഇപ്പോഴും പ്രിയം. ഇതു ധരിക്കുന്നതിനൊപ്പം അത്യാവശ്യ സമയങ്ങളിൽ പണമാക്കി മാറ്റാമെന്നുള്ളതും സ്വർണാഭരണത്തോടു കൂടുതൽ ആഭിമുഖ്യം പുലർത്താൻ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നു.

കൂടുതൽ നിക്ഷേപം നടത്തുന്നവർ ആഭരണങ്ങൾക്കു പുറമേ സ്വർണബാർ, നാണയം തുടങ്ങിയവ വാങ്ങി സൂക്ഷിക്കുന്നു.

സാന്പത്തിക പിന്തുണ നൽകുന്നുണ്ടെങ്കിലും അതു സൂക്ഷിക്കേണ്ട റിസ്ക് ഏറെയാണ്. അളവു കൂടുതലാണെങ്കിൽ ലോക്കറും മറ്റും എടുക്കണം. ആഭരണം വിൽക്കുന്പോഴും വാങ്ങുന്പോഴും പണിക്കുറവ്, നികുതി തുടങ്ങിയവ നൽകണം. ഇതിനായി 6-14 ശതമാനം നൽകേണ്ടതായി വരും. ചില കേസുകളിൽ 25 ശതമാനം വരെ പണക്കൂലി, പണിക്കുറവ് ഈടാക്കാറുണ്ട്.

സ്വർണനാണയം / ബാർ: അഞ്ചു ഗ്രാം, പത്തു ഗ്രാം, 20 ഗ്രാം തുടങ്ങിയ തൂക്കങ്ങളിലുള്ള നാണയങ്ങളും ബാറുകളുമാണ് ലഭിക്കുക. ഇത് 24 കാരറ്റുള്ള ശുദ്ധമായ സ്വർണമാണ്. ബാങ്കുകളിൽനിന്നും വാങ്ങാം. ബൈബാക്ക് ഇല്ലെങ്കിൽ വിറ്റഴിക്കാൻ പ്രയാസമാണ്. ആഭരണ നിർമാതാക്കൾക്കു നൽകാൻ സാധിക്കും.

പേപ്പർ ഗോൾഡ് ഇൻവെസ്റ്റ്മെന്‍റ്

ഗവണ്‍മെന്‍റിന്‍റെ സോവറിൻ ഗോൾഡ് ബോണ്ട്, മ്യൂച്വൽ ഫണ്ടുകളുടെ ഗോൾഡ് ഇടിഎഫ് തുടങ്ങിയവയാണ് ഈ ഗണത്തിൽ വരുന്നത്.

ഗോൾഡ് ഇടിഎഫ്: ഏറ്റവും കുറഞ്ഞ ചെലവിൽ സ്വർണത്തിനുടമയാകുവാൻ സഹായിക്കുന്ന നിക്ഷേപമാണ് ഗോൾഡ് ഇടിഎഫ്. ആഭ്യന്തര വിപണിയിലെ സ്വർണത്തിന്‍റെ വിലയെ അടിസ്ഥാനമാക്കി തയാറാക്കിയിട്ടുള്ള എക്സ്ചേഞ്ച് ട്രേഡ് ഫണ്ടാണിത്.

ചുരുക്കിപ്പറഞ്ഞാൽ ഭൗതികരൂപത്തിലുള്ള സ്വർണത്തെ പേപ്പറിൽ അല്ലെങ്കിൽ ഡീമാറ്റ് രൂപത്തിൽ അവതരിപ്പിക്കുന്നതാണ് ഗോൾഡ് ഇടിഎഫ്. ഗോൾഡ് ഇടിഎഫിന്‍റെ യൂണിറ്റ് ഒരു ഗ്രാം സ്വർണമാണ്. ഒരു ഗ്രാം ശുദ്ധ സ്വർണത്തെ അടിസ്ഥാനമാക്കിയാണ് ഈ യൂണിറ്റിന്‍റെ മൂല്യം.
ഗോൾഡ് ഇടിഎഫുകൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുള്ളവയാണ്. അതുകൊണ്ടുതന്നെ ഓഹരി പോലെ എപ്പോൾ വേണമെങ്കിലും വാങ്ങുകയും വിൽക്കുകയും ചെയ്യാം. അതുകൊണ്ടുതന്നെ ഏറ്റവും ലളിതമായ രൂപത്തിലുള്ള സ്വർണനിക്ഷേപമാണിത്. ഗോൾഡ് ഇടിഎഫ് വാങ്ങി എന്നു പറഞ്ഞാൽ ഇലക്ട്രോണിക് രൂപത്തിൽ സ്വർണം വാങ്ങി എന്നാണർത്ഥം.


ഭൗതിക സ്വർണമാക്കി അതു മാറ്റണമെങ്കിൽ യൂണിറ്റുകൾ വിൽക്കുകയും ആ പണം ഉപയോഗിച്ച് ആഭരണമോ സ്വർണ നാണയമോ ഒക്കെ വാങ്ങാം.

ഗോൾഡ് ബോണ്ട് : പേപ്പർ രൂപത്തിൽ സ്വർണം സൂക്ഷിക്കുന്നതിനുള്ള നിക്ഷേപ രീതിയാണ് സോവറിൻ ഗോൾഡ് ഫണ്ട്. ഗവണ്‍മെന്‍റാണ് ഇതു പുറപ്പെടുവിക്കുന്നത്. തുടർച്ചയായി ഇതു വാങ്ങുവാൻ ലഭിക്കുകയില്ലെങ്കിലും രണ്ടോ മൂന്നോ മാസം കൂടുന്പോൾ ഗവണ്‍മെന്‍റ് സ്വർണ ബോണ്ടുകൾ ഇഷ്യു ചെയ്യുന്നു. ഒരാഴ്ചയൊക്കെയാണ് ഈ കൗണ്ടർ തുറന്നുവയ്ക്കുക.
സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇതു ലിസ്റ്റു ചെയ്യുന്നതിനാൽ നിക്ഷേപകന് ആവശ്യമെങ്കിൽ ഇടയ്ക്ക് വിൽക്കാം. അല്ലെങ്കിൽ കാലയളവു മുഴുവൻ ( എട്ടുവർഷം) സൂക്ഷിച്ചു വയ്ക്കാം. ബോണ്ട് അഞ്ചുവർഷം പൂർത്തിയായാൽ നിക്ഷേപകനു പണമാക്കി മാറ്റാം. നിക്ഷേപത്തിനു 2.5 ശതമാനം പലിശയും കിട്ടും. പലിശ അർധവാർഷികമായി ലഭിക്കും. കൂട്ടുപലിശയില്ല.

സ്വർണത്തിലെ മൂലധന വളർച്ചയ്ക്ക് ഇങ്ങനെ നികുതി നൽകണം

ആസ്തിയിൽ മൂലധന വളർച്ചയുണ്ടായാൽ അതിനു നികുതി നൽകണം. സ്വർണമായാലും ഭൂമിയായാലും ഓഹരിയായാലും കലാ വസ്തുക്കളായാലും ബാങ്ക് നിക്ഷേപമായാലും നികുതി നൽകണം. എന്നാൽ വിവിധ ആസ്തികളിലെ മൂലധന വളർച്ചയ്ക്കുള്ള പരിഗണനകൾ വ്യത്യസ്തമാണ്. റിയൽ ആസ്തികളുടെ മൂലധന വളർച്ചയ്ക്ക് 3 വർഷം വരെ ഹ്രസ്വകാല മൂലധന വളർച്ചയാണെങ്കിൽ പൂർണ ഇക്വിറ്റി നിക്ഷേപത്തിൽ ഇത് ഒരു വർഷമാണ്. നികുതി നിരക്കിനും വ്യത്യാസമുണ്ട്.

സ്വർണത്തിലുണ്ടാകുന്ന മൂലധന വളർച്ചയുടെ നികുതി നിരക്കുകൾ ഇവയാണ്. സ്വർണത്തിന് രണ്ടുതരം മൂലധന വളർച്ചാ നികുതിയാണുള്ളത്. ഹ്രസ്വകാല മൂലധന വളർച്ചയ്ക്കും ദീർഘകാല മൂലധന വളർച്ചയ്ക്കും നികുതി നൽകണം.

ആഭരണം, ഇടിഎഫ്, പേപ്പർ ഗോൾഡ്, ബാർ, നാണയം ഏതു രൂപത്തിലായാലും മൂലധന വളർച്ചയ്ക്ക് ഹ്രസ്വ, ദീർഘകാല മൂലധന വളർച്ചാനികുതി നൽകണം.

1. ഹ്രസ്വകാല മൂലധന വളർച്ച
മൂന്നു വർഷത്തിനു താഴെയുള്ള നിക്ഷേപത്തനു ലഭിക്കുന്ന മൂലധന വളർച്ചയാണ്. ഇത്തരത്തിൽ ലഭിക്കുന്ന മൂലധന വളർച്ചയ്ക്ക് നിക്ഷേപകൻ അവൻ ഏതു നികുതി സ്ലാബിൽ വരുന്നുവോ ആ നിരക്കിൽ നികുതി നൽകണം. അതായത് 20 ശതമാനം നികുതി സ്ലാബിലാണെങ്കിൽ മൂലധന വളർച്ചയ്ക്ക് 20 ശതമാനം നികുതി നൽകണം. മുപ്പതു ശതമാനം സ്ലാബിലാണെങ്കിൽ 30 ശതമാനം നികുതി നൽകണം.

ഉദാഹരണം
2017 ഏപ്രിൽ ഒന്നിന് എ രണ്ടു ലക്ഷം രൂപയ്ക്ക് സ്വർണനാണയം വാങ്ങുന്നു. അത് 2019 മാർച്ച് 31-ന് മൂന്നു ലക്ഷം രൂപയ്ക്കു വിൽക്കുന്നു. എയ്ക്ക് രണ്ടു വർഷംകൊണ്ട് ഒരു ലക്ഷം രൂപ മൂലധന വളർച്ച ലഭിക്കുന്നു. എ നേടിയ മൂലധന വളർച്ച ഹ്രസ്വകാല സ്വഭാവത്തിലുളളതായതിനാൽ എ വരുന്ന സ്ലാബ് നിരക്കിൽ നികുതി നൽകണം.

2. ദീർഘകാല മൂലധന വളർച്ച
മൂന്നു വർഷത്തിനു മുകളിൽ കൈവശം വച്ചശേഷം സ്വർണം വിൽക്കുന്പോൾ ലഭിക്കുന്ന മൂലധന വളർച്ചയെ ദീർഘകാല മൂലധന വളർച്ചയായി കണക്കാക്കുന്നു.
ഈ മൂലധന വളർച്ചയ്ക്ക് ഇൻഡെക്സേഷനോടു കൂടി 20 ശതമാനമാണ് നികുതി നിരക്ക്.

ഉദാഹരണം

2012 ഏപ്രിൽ ഒന്നിന് എ 5 ലക്ഷം രൂപയ്ക്ക് സ്വർണനാണയം വാങ്ങിക്കുന്നു. അത് 2019 മാർച്ച് 31-ന് 9 ലക്ഷം രൂപയ്ക്കു വിൽക്കുന്നു. അതായത് നാലു ലക്ഷം രൂപ മൂലധന വളർച്ചയായി ലഭിക്കുന്നു. ഇതിന് ഇൻഡെക്സേഷനോടുകൂടി 20 ശതമാനം നികുതി നൽകണം. ഇൻഡെക്സ്ഡ് ചെലവ് സ്വർണം വാങ്ങിയ സമയത്തേക്കാൾ കൂടുതലാണെങ്കിൽ മൂലധന വളർച്ച 4 ലക്ഷത്തേക്കാൾ കുറവായിരിക്കും. ആ കുറഞ്ഞ തുകയ്ക്ക് 20 ശതമാനം നികുതി നൽകിയാൽ മതിയാകും.