സ്മാർട് ബിസിനസിനൊരു മലയാളി മാതൃക
സ്മാർട്  ബിസിനസിനൊരു  മലയാളി മാതൃക
Tuesday, November 19, 2019 3:56 PM IST
ബംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടെക്നോളജി എനേബൾഡ് ബിസിനസ് സൊലൂഷൻസ് (ടെബ്സ്) എന്ന സംരംഭം സ്മാർട് ബിസിനസിനൊരു മികച്ച ഉദാഹരണമാണ്. കന്പനിയുടെ എല്ലാമായ നജീബ് നാരായണൻ തെക്കേപ്പുരക്കൽ ഇടുക്കി ജില്ലയിലെ അറക്കുളം സ്വദേശിയാണ്. കണ്ണൂർ ജില്ലയിലെ മാങ്ങാട്ടുപറന്പിൽ പ്രവർത്തിക്കുന്ന മലബാർ ഇന്നോവേഷൻ സോണിന്‍റെ തണലിൽ വളരുന്ന ഒരു സ്റ്റാർട്ടപ്പു കൂടിയാണിത്.

സാങ്കേതിക വിദ്യ സഹായത്തോടെ

ടെക്നോളജി എനേബിൾഡ് ബിസിനസ് സൊലൂഷൻ (TEBS) എന്നതാണ് നജീബിന്‍റെ സംരംഭം. ഓരോ ബിസിനസിലും ആവശ്യമായ സാങ്കേതിക വിദ്യ ഉൾപ്പെടുത്തി ബിസിനസ് ഒപ്റ്റിമൈസേഷൻ സാധ്യമാക്കുകയാണ് ഇവർ ചെയ്യുന്നത്.

""ഇന്ത്യയിലും വിദേശത്തുള്ളതുമായ ബിസിനസുകളിൽ ടെക്നോളജി ഉൾപ്പെടുത്തുകയാണെങ്കിൽ ബിസിനസിന്‍റെ ശേഷി ഒരു നിശ്ചിത ശതമാനം ഉയർത്താൻ സാധിക്കും. ഓരോ ബിസിനസിനും ആവശ്യമായ സാങ്കേതിക വിദ്യകൾ അവയിൽ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. ഓട്ടോണമസ് ക്ലൗഡ് റോബോട്ടിക്സ് സംവിധാനമാണ് പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ചെലവു കുറയ്ക്കാനും വേണ്ടി ഉപയോഗിക്കുന്നത്.’’, നജീബ് നരായണൻ പറയുന്നു.

പൾസ് ട്രാൻസ് എന്നാണ് ഉത്പന്നത്തിന്‍റെ പേര്. ആർട്ടിഫിഷൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള ബിസിനസ് ട്രാക്കിംഗാണ് ഇത് ചെയ്യുന്നത്. വാഹനം, ലോഡിംഗ്, ഉപകരണങ്ങൾ, തൊഴിലാളികൾ എന്നിവയെയെല്ലാം ഇത് ട്രാക്ക് ചെയ്യുന്നുണ്ട്. അതോടൊപ്പം ഉപഭോക്താക്കളുടെ ഡിമാൻഡ് മനസിലാക്കുന്നു. അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. ഇന്ത്യയും ഫ്രാൻസുമാണ് നിലവിലെ ടെബ്സിന്‍റെ പ്രവർത്തന മേഖല.
ലോകത്തെ ടോപ് 10 ഓയിൽ ആൻഡ് ഗ്യാസ് കന്പനികളുും അതോടൊപ്പം ഇന്ത്യൻ കന്പനികളുമായും ചേർന്നാണ് പ്രവർത്തിക്കുന്നത്.

വിവിധ മേഖലകൾക്കായുള്ള സേവനങ്ങൾ

ടെബ്സ് വിവിധ വ്യവസായ മേഖലകളിലായാണ് പ്രവർത്തിക്കുന്നത്. ഒന്നാമത്തേത് ഓയിൽ ആൻഡ് ഗ്യാസ് മേഖലയാണ്.

""ഓയിൽ ആൻഡ് ഗ്യാസ് വ്യവസായ മേഖലയിലെ അവസാനത്തെ പ്രക്രിയ എന്നു പറയുന്നത് റീട്ടെയിൽ വിതരണമാണ്. പെട്രോൾ ബങ്കുകളോ അല്ലെങ്കിൽ വ്യവസായശാലകളോ ആകാം ഉപഭോക്താക്കളായി വരുന്നത്. അതായത് ഉപഭോക്താക്കളായ പെട്രോൾ ബങ്കുകൾക്ക് ഓയിൽ ആൻഡ് ഗ്യാസ് എത്തിച്ചു കെടുക്കുന്നതാണ് പെട്രോളിയം കന്പനികളുടെ റീട്ടെയിൽ ഡിസ്ട്രിബ്യൂഷൻ. ഉദാഹരണത്തിന് സ്റ്റീൽ വ്യവസായ ശാലകളിലെ ബർണറുകൾ പ്രവർത്തിക്കുന്നത് ചിലപ്പോൾ എൽപിജി കൊണ്ടായിരിക്കാം. ചിലപ്പോൾ അപ്രതീക്ഷിതമായി എൽപിജി തീർന്നു പോകാം. അങ്ങനെ സംഭവിച്ചാൽ അത് ആ വ്യവസായ ശാലയുടെ പ്രവർത്തനത്തെ കാര്യമായി തന്നെ ബാധിക്കും. ഇത്തരമൊരു സാഹചര്യമുണ്ടാകാതെ ഇവിടങ്ങളിൽ കൃത്യ സമയങ്ങളിൽ എൽപിജിയും ഓയിലുമെത്തിക്കുന്നതിനു വേണ്ടി ഓട്ടോമേറ്റഡ് ക്ലൗഡ് റോബോട്ടിക്സ് അടിസ്ഥാനമാക്കിയാണ് ടെബ്സിന്‍റെ പ്രവർത്തനം.’’ നജീബ് വിശദീകരിക്കുന്നു.

""ആറോളം ഡിപ്പാർട്ട്മെന്‍റുകൾ ഒരുമിച്ച് ജോലി ചെയ്തെങ്കിൽ മാത്രമേ കൃത്യമായ വിതരണം സാധ്യമാകു. വിപണിയൽ പ്രധാനമായും രണ്ടു തരത്തിലുള്ള വിതരണമാണുള്ളത് ഒന്ന് പുൾ ബോസ്ഡ് ഡിസ്ട്രിബ്യൂഷൻ.

രണ്ടാമത്തേത് പുഷ ്ബേസ്ഡ് ഡിസ്ട്രിബ്യൂഷൻ. ഉദാഹരണത്തിന് ഫ്ളിപ്കാർട്ട് അല്ലെങ്കിൽ ആമസോണിൽ എന്തെങ്കിലും ഓർഡർ ചെയ്താൽ അത് വീട്ടിലെത്തിച്ചു തരും. ഇവിടെ പുതിയ പുതിയ ഉപഭോക്താക്കൾ പുതിയ പുതിയ ലൊക്കേഷൻ ഇങ്ങനെയാണ് വിതരണം നടക്കുന്നത.് ഇതാണ് പുൾ ബേസ്ഡ് വിതരണം.

എന്നാൽ ഓയിൽ ആൻഡ് ഗ്യാസ് മേഖലയുടേത് ഇത്തരത്തിലൊരു പ്രവർത്തനമല്ല. കാരണം ഇവിടെ ഉപഭോക്താവ് മാറുന്നില്ല. ലൊക്കേഷൻ മാറുന്നില്ല. എല്ലാ ദിവസവും അല്ലെങ്കിൽ എല്ലാ ആഴ്ച്ചയും എന്ന നിലയ്ക്ക് ഇവർക്ക് ഉത്പന്നങ്ങൾ എത്തിച്ചു നൽകണം. ഇവിടുത്തെ രീതി പുഷ് ബേസ്ഡാണ്.’’, നജീബ് വിശദീകരിക്കുന്നു.

ആവശ്യങ്ങളെ നേരത്തെ അറിയാം

""ഓരോ ഉപഭോക്താവിന്‍റേയും ഡിമാൻഡ് പ്രവചിക്കുക എന്നതാണ് വിതരണക്കാരെ ബുദ്ധിമുട്ടിക്കുന്നത്. ചിലപ്പോഴൊക്കെ പെട്രോൾ ബങ്കുകളിൽ ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാതെ വരാം. ഇങ്ങനെ വരുന്നത് ബിസിനസ് പരാജയമാണ്. അതുകൊണ്ട് ഉപഭോക്താക്കളുടെ ആവശ്യം അറിഞ്ഞ് ഉത്പന്നം എത്തിച്ചു കൊടുക്കുകയാണ് വേണ്ടത്.

അതിനുവേണ്ടിയുള്ള ഡിമാൻഡ് പ്രവചനം. ഒരു പെട്രോൾ ബങ്കിലെ ഉത്പന്നം തീരുകയോ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുകയോ ചെയ്താൽ തൊട്ടടുത്തുള്ള പെട്രോൾ ബങ്കിൽ തിരക്ക് കൂടും. ഇതുവഴി അവിടെ ഉത്പന്നം പെട്ടന്ന് തീർന്നു പോകാം. അതുകൊണ്ട് അണ്ടർഗ്രൗണ്ട് ലെവൽ മനസിലാക്കണം. ഉത്സവ സീസണുകളിൽ പലപ്പോഴും ഉപഭോഗം കൂടും. ഇത്തരം കാര്യങ്ങളെയൊക്കെ പരിഗണിച്ചു വേണം ഡിമാൻഡ് പ്രവചനം നടത്താൻ.
അടുത്തത് എവിടെ നിന്നും ഉത്പന്നം എത്തിച്ചു കൊടുക്കണമെന്നുള്ളതാണ് പൊതുവായി ഓരോ പ്രദേശത്തിനും ഓരോ പ്ലാന്‍റുകൾ കാണും. അവിടെ നിന്നുമാണ് വിതരണം ചെയ്യുന്നത്. വിതരണം നടക്കണമെങ്കിൽ അതിനാവശ്യമായ ലോറികൾ വേണം. ഓരോ അളവിനും ആവശ്യമായ ട്രക്കുകളുണ്ട.് അവ ലഭ്യമാണോ എന്ന് അറിയണം. ലോഡ് ചെയ്യാവുന്ന സാഹചര്യമാണോ എന്നു നോക്കണം. കാരണം ചില പ്രദേശങ്ങളിൽ ലോഡിംഗിന് കൃത്യമായൊരു സമയം നിശ്ചയിച്ചിട്ടുണ്ടാകും. ആവശ്യമായ തൊഴിലാളികൾ ഉണ്ടോ എന്നു ഉറപ്പു വരുത്തണം. ആദ്യത്തെ ബങ്കിൽ എത്ര സമയത്തിനുള്ളിൽ എത്തണം. പിന്നീടുള്ള ഓരോ സ്ഥലങ്ങളിലും എപ്പോൾ എത്തണം ഇത്തരം കാര്യങ്ങളൊക്കെ കൃത്യമായി പ്ലാൻ ചെയ്യുകയും ട്രാക്ക് ചെയ്യുകയും വേണം. അതിനായി ട്രക്കുകളിലെല്ലാം ജിപിഎസുണ്ട്. സാധാരണ ഈ ജിപിഎസ് ട്രാക്കിംഗ് സംവിധാനം ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇതുവഴി അത്ര കൃത്യമായി വിവരങ്ങൾ ലഭിക്കില്ല. എന്നാൽ ആർട്ടിഫിഷൽ ഇന്‍റലിജൻസ് ഉപയോഗിച്ചുള്ള ക്ലൗഡ് ബേസ്ഡ് സംവിധാനമായതിനാൽ ട്രക്ക് എന്തെങ്കിലും കാരണവശാൽ താമസിച്ചാൽ പ്ലാന്‍റ് മാനേജ്മെന്‍റ്, ബങ്ക ് മാനേജ്മെന്‍റ് എന്നിവർക്ക് അലേർട്ട് നൽകും. ഇതുവഴി ആവശ്യമായ നടപടികൾ പെട്ടന്നു സ്വീകരിക്കാനും സാധിക്കും.’’, നജീബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.


എൽപിജിയ്ക്കായി കാത്തിരിക്കേണ്ട

എൽപിജി സിലിണ്ടറുകൾ ലഭിക്കണമെങ്കിൽ മൂന്നു ദിവസം മുന്നെ ഓർഡർ ചെയ്യണം. പലപ്പോഴും അതിൽ കൂടുതൽ ദിവസം എടുക്കുകയും ചെയ്യും ലഭിക്കാൻ.

""ഇതിനൊരു പരിഹാരമായി ഉൗബർ അല്ലെങ്കിൽ ഓല മോഡലിൽ ഗ്യാസ് സിലിണ്ടറുകൾ എത്തിച്ചു നൽകാനുള്ള സംവിധാനവും ഞങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതുവഴി അധികം കാത്തിരിക്കാതെ പെട്ടന്നു തന്നെ എൽപിജി സിലിണ്ടറുകൾ ലഭ്യമാകുന്നുണ്ട്. അതും ഓയിൽ ആൻഡ് ഗ്യാസ് ഇൻഡസ്ട്രിക്കു വേണ്ടിയാണ് ചെയ്യുന്നത്. നിലവിൽ ബംഗളുരുവിലാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. മറ്റു സ്ഥലങ്ങളിലേക്കും ഉടനെ എത്തിക്കും.’’, നജീബ് പറഞ്ഞു.
ഫീൽഡ് ഫോഴ്സ് മാനേജ്മെന്‍റ് രീതിയാണിത്. എൽപിജി സിലിണ്ടർ ആവശ്യമുള്ളവർ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യണം. അതിൽ എപ്പോഴാണ് വേണ്ടത് എന്നുള്ള വിവരവും നൽകണം. ഇതുവഴി എൽപിജിയുമായി പോകുന്ന വാഹനങ്ങളിലേക്ക് ബുക്കിംഗ് എത്തുകയും ബുക്ക് ചെയ്തിരിക്കുന്ന പ്രദേശത്തൂടെ പോകുന്ന വാഹനം ഉപഭോക്താവുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഇതുവഴി ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്ത് അധികം വൈകാതെ എൽപിജി ലഭ്യമാകും.

ബാങ്കുകളുമായി ചേർന്നും ഇതേ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഉദാഹരണത്തിന് , ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ ബിസിനസ് ഡെവലപ്മെന്‍റ് എക്സിക്യുട്ടീവുകളെ ബാങ്കുകൾ നിയോഗിക്കും. ഓരോ ദിവസവും എക്സിക്യുട്ടീവ്മാർ ഓരോ പ്രദേശത്തേക്കായിരിക്കും പോകുന്നത്.

ബാങ്കുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന ആപ്ലിക്കേഷനിൽ ഓരോ എക്സിക്യുട്ടീവും തങ്ങൾ പോകാനാഗ്രഹിക്കുന്ന പ്രദേശം നൽകിയാൽ ആ പ്രദേശത്ത് എത്ര ഉപഭോക്താക്കളുണ്ട്, അവർ പോകേണ്ട വഴി എന്നിവയെല്ലാം കൃത്യമായി മനസിലാക്കാൻ ഇതുവഴി സാധിക്കും. കൂടാതെ എന്തൊക്കെ കാര്യങ്ങളാണ് ചോദിക്കേണ്ടത് എന്നീ വിവരങ്ങളും നൽകും. എക്സിക്്യുട്ടീവിന്‍റെ ജോലി എളുപ്പമാക്കുകയും ചെയ്യും.

ബംഗളുരുവാണ് ഇവരുടെ കേന്ദ്രം. മറ്റു സ്ഥലങ്ങളിലേക്കും വ്യാപ്പിച്ചുകൊണ്ടിരിക്കുകയാണ് ഗൾഫ് രാജ്യങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് നജീബ്. 2014-15 ലാണ് ഇത് തുടങ്ങിയത്. ട്രാഫിക് ജാം വലിയ പ്രശ്നമാണ്. പുതിയ ബംഗളുരു യാത്രക്കാർക്ക് ടൂറിസ്റ്റ് സ്ഥലങ്ങളും നിലവിലുള്ളവരാണെങ്കിൽ അവിടുത്തെ കടകളും ഓഫറുകളും കാണാം.

പരാജയത്തിൽ നിന്നുമുള്ള ഉയർത്തെഴുന്നേൽപ്പ്

2007 ലാണ് സംരംഭ രംഗത്തേക്ക് നജീബ് എത്തുന്നത്. സ്മാർട് പണ്ഡിറ്റ് എന്ന പേരിലായിരുന്നു ആദ്യത്തെ കന്പനി. ഇലക്ട്രിക് വാഹനങ്ങളൊക്കെ പ്രചാരത്തിലായി വരുന്ന സമയത്താണ് കന്പനിയുടെ തുടക്കം. ഇലക്ട്രിക് കാറുകൾക്കാവശ്യമായ സപ്പോർട്ടിംഗ് പ്രോജക്ടായിരുന്നു കന്പനി വികസിപ്പിച്ചത്. എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്‍റെ പ്രകാശത്തിന്‍റെ തീവ്രത കാമറ ഉപയോഗിച്ച് മനസിലാക്കി വാഹനത്തിന്‍റെ അകലം അറിയാനുള്ള സംവിധാനമായിരുന്നു.

""നാസ്കോം തെരഞ്ഞെടുത്ത് 100 ഇന്നോവേറ്റീവ് കന്പനികളിൽ സ്മാർട് പണ്ഡിറ്റും ഉൾപ്പെട്ടിരുന്നു. ബിഎംഡബ്ല്യുമായി ചേർന്ന് പ്രവർത്തിക്കാനവസരമൊക്കെ ലഭിച്ചിരുന്നു. പക്ഷേ, ആ പദ്ധതിയും കന്പനിയും അത്ര വിജയം കണ്ടില്ല. അതോടെ അത് അവസാനിച്ചു. പിന്നീടാണ് 2014 ൽ ടെബ്സിനു രൂപം കൊടുക്കുന്നത്.’’ നജീബ് പറഞ്ഞു.

സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കുന്പോൾ വെറുതെ ഒരു ആശയം കിട്ടയതുകൊണ്ടായില്ല. ഒരു ആശയം കിട്ടി. ഉടനെ അതിലേക്ക് ചാടുകയല്ല ചെയ്യേണ്ടത്. ശരിയായ സമയത്താണോ ഈ തുടക്കം എന്നത് ഉറപ്പാക്കേണ്ടതുണ്ട്. അതിനാവശ്യമായ ഇക്കോസിസ്റ്റവും സപ്പോർട്ട് സിസ്റ്റവും നിലവിലുണ്ടോ എന്ന് അറിയണം.

ആദ്യത്തെ സംരംഭം പരാജയപ്പെടാനുള്ള കാരണം ശരിയായ സമയത്തായിരുന്നില്ല തുടക്കം എന്നതാണ് കാരണം. അതിനാവശ്യമായ ഇക്കോ സിസ്റ്റമോ സപ്പോർട്ടിംഗ് സിസ്റ്റമോ നിലവിലുണ്ടായിരുന്നില്ല. എന്തെങ്കിലും തുടങ്ങിയതുകൊണ്ട് വിജയിക്കണമെന്നില്ല. സംരംഭത്തെ എല്ലാവരും അറിഞ്ഞതുകൊണ്ടും വിജയിക്കണമെന്നില്ല. ശരിയായ സമയത്ത് ശരിയായ വിപണിയിൽ ആരംഭിക്കുക എന്നതാണ് പ്രധാനം.

പരാജയപ്പെട്ടെങ്കിലും തളർന്നു പോകാതെ അടുത്തത് തുടങ്ങാനുള്ള ശ്രമത്തിൽ കുടുംബം പൂർണമായും പിന്തുണച്ച് നജീബിനൊപ്പമുണ്ടായിരുന്നു. നജീബിന്‍റെ ഭാര്യ അപർണ ടെബ്സിന്‍റെ ഒരു കോ ഫൗണ്ടറാണ്. ഏഴു പേരാണ് ടീമിലുള്ളത്. കണ്ണൂർ ജില്ലയിലെ മങ്ങാട്ടുപറന്പിലുള്ള മൈസോണിലാണ് ഇൻകുബേറ്റ് ചെയ്യുന്നത്.

ഒരു ബൂട്സ്ട്രാപ്ഡ് കന്പനിയാണ് ടെബ്സ് മൈക്രോസോഫ്റ്റിന്‍റെ പാൻ ഇന്ത്യ അവാർഡ് ഉൾപ്പെടെ ധാരാളം അവാർഡുകളും കന്പനിയെ തേടിയെത്തിയിട്ടുണ്ട്.