സ്പെക്ട്രം ലേലം:ലക്ഷ്യം 5.23 ലക്ഷം കോടി രൂപ
Monday, December 23, 2019 3:16 PM IST
ന്യൂഡൽഹി: വീണ്ടും മെഗാ മൊബൈൽ സ്പെക്ട്രം ലേലം വരുന്നു. മാർച്ച് - ഏപ്രിലിൽ നടത്താൻ പോകുന്ന ലേലത്തിൽ 8300 മെഗാ ഹെർട്സ് സ്പെക്ട്രം വില്ക്കും. 22 സർക്കിളുകളിലും കൂടി 5,22,850 കോടി രൂപയാണ് ഇത്രയും സ്പെക്ട്രത്തിനു തറവില നിശ്ചയിച്ചിരിക്കുന്നത്.
ട്രായി (ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ)യുടെ ശിപാർശ പ്രകാരമുള്ള തറവിലയാണിത്. ഇന്നലെ ചേർന്ന ഡിജിറ്റൽ കമ്യൂണിക്കേഷൻസ് കമ്മീഷൻ (ഡിസിസി) ഈ വില അംഗീകരിച്ചു. സ്പെക്ട്രം വില കുറയ്ക്കുന്നത് ആലോചിക്കാമെന്ന് ഒക്ടോബറിൽ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞെങ്കിലും അതുണ്ടായില്ല.
ലേലം ചെയ്യുന്ന 8300 മെഗാ ഹെർട്സിൽ 6050 ഉം 5ജി സേവനങ്ങൾക്കായാണ്. 5ജിക്കു ഇത് 3300-3600 മെഗാ ഹെർട്സ് മേഖലയിലുള്ള സ്പെക്ട്രമാണ്. ഇത് 20 മെഗാഹെർട്സിന്റെ ബ്ലോക്കുകളായിട്ടാണു ലേലം ചെയ്യുക. ഒരു മെഗാഹെർട്സിന് 492 കോടി രൂപയാണു തറവില. ഇത് മറ്റു രാജ്യങ്ങളിലേതിലും വളരെ കൂടിയ നിരക്കാണ്. ദക്ഷിണകൊറിയയിൽ ഈ സ്പെക്ട്രത്തിനു 131 കോടിയേ വില ഉള്ളൂ.
എയർടെലിനും വോഡഫോൺ ഐഡിയയ്ക്കും ക്ഷീണമുണ്ടാക്കുന്നതാണു പുതിയ തീരുമാനം. മറ്റു കാരണങ്ങളാൽ വലഞ്ഞുനിൽക്കുന്ന അവർക്കു സ്പെക്ട്രം വാങ്ങാൻ പണം കണ്ടെത്തുക എളുപ്പമല്ല. റിലയൻസ് ജയോയ്ക്ക് ലേലം ഇപ്പോൾ നടക്കണമെന്നാണ് അഭിപ്രായം.
ഒരു ജിഗാ ഹെർട്സിൽ താഴെയാണു വാങ്ങുന്നതെങ്കിൽ ലേലത്തുകയുടെ നാലിലൊന്ന് ഉടനേ അടയ്ക്കണം.
അതിൽ കൂടുതലായാൽ 50 ശതമാനം അടയ്ക്കണം. ബാക്കി മൂന്നാം വർഷം മുതൽ 16 വാർഷിക തവണകളായി നൽകിയാൽ മതി.
2016ൽ 11485 കോടി രൂപ നിശ്ചയിച്ച 700 മെഗാ ഹെർട്സ് ബാൻഡിലുള്ള സ്പെക്ട്രത്തിന് ഇപ്പോൾ 6568 കോടി രൂപയേ വില നിശ്ചയിച്ചിട്ടുള്ളൂ.
4ജി എൽടിഇ നെറ്റ്വർക്കുകൾക്ക് അനുയോജ്യമാണ് അവ. 800 മെഗാഹെർട്സ്, 900 മെഗാഹെർട്സ് ബാൻഡുകളിലെ സ്പെക്ട്രത്തിനു വില 2016ലേതിൽനിന്നു ഗണ്യമായി കുറച്ചു.
2016 ൽ ലക്ഷ്യമിട്ട തുക ലേലത്തിൽ ലഭിച്ചിരുന്നില്ല.
കൊച്ചിയിൽനിന്നു ലക്ഷദ്വീപിലേക്കും ലക്ഷദ്വീപിൽ വിവിധ ദ്വീപുകളെ ബന്ധിപ്പിച്ചും സമുദ്രാന്തര കേബിൾ വലിക്കാൻ 1072 കോടി രൂപയുടെ പദ്ധതിക്കും ഡിസിസി അംഗീകാരം നല്കി.