ഒരു കോടിയിൽ കൂടുതൽ കാഷ് പിൻവലിക്കുന്പോൾ എന്തു സംഭവിക്കും?
ഒരു കോടിയിൽ കൂടുതൽ  കാഷ് പിൻവലിക്കുന്പോൾ  എന്തു സംഭവിക്കും?
Thursday, January 23, 2020 4:52 PM IST
2019-ലെ യൂണിയൻ ബജറ്റിൽ കാഷ് പണമിടപാടുകൾക്കു നിയന്ത്രണം വരുത്തുന്നതിനു നിയമം കൊണ്ടുവന്നിട്ടുണ്ട്. അതനുസരിച്ച് ഒരു വർഷം ഒരു കോടി രൂപയിൽ കൂടുതൽ ഒരു ബാങ്കിലെ ഒരു അക്കൗണ്ടിൽനിന്നുപിൻവലിച്ചാൽ രണ്ടു ശതമാനം തുക സ്രോതസിൽതന്നെ നികുതിയായി പിടിക്കും. ഈ നിയമം 2019 സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിൽ വന്നു.

ഈ നിയമമനുസരിച്ച് 2019 ഏപ്രിൽ ഒന്നിനുശേഷം ഒരു ബാങ്കിൽനിന്നും ഒരു കോടി രൂപയിൽ കൂടുതൽ പല തവണയായി പിൻവലിച്ചാലും സെപ്റ്റംബർ ഒന്നിനുശേഷം പിൻവലിക്കുന്ന തുകയിൽനിന്നും രണ്ടു ശതമാനം തുക സ്രോതസിൽ പിടിക്കുന്നതാണ്.

ഈ നിയമത്തിനു മുൻകാലപ്രാബല്യം ഇല്ലാത്തതിനാൽ സെപ്റ്റംബർ ഒന്നിനു മുന്പു പിൻവലിച്ച തുകയ്ക്ക് നികുതി ഈടാക്കുന്നതല്ല. പക്ഷേ, ആകെത്തുക കണക്കാക്കുന്നതിനു സെപ്റ്റംബർ ഒന്നിനുമുന്പ പിൻവലിച്ച തുകയും കണക്കിലെടുക്കും.

ഇതു ഉദാഹരണസഹിതം വ്യക്തമാക്കാം. ഒരു വ്യക്തി 2019 ഏപ്രിൽ ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ തന്‍റെ ഇന്ത്യൻ ബാങ്കിലെ കറന്‍റ് അക്കൗണ്ടിൽനിന്നും 95 ലക്ഷം രൂപ ആകെ പിൻവലിച്ചിട്ടുണ്ട് എന്ന് കരുതുക. സെപ്റ്റംബർ രണ്ടാം തീയതി അദ്ദേഹത്തിന് ആറു ലക്ഷം രൂപ കറന്‍റ് അക്കൗണ്ടിൽനിന്നു പിൻവലിക്കേണ്ടിവന്നു എന്നും കരുതുക. അങ്ങനെ വന്നാൽ അദ്ദേഹം ഇന്ത്യൻ ബാങ്കിൽനിന്നുതന്നെ ആകെ പിൻവലിച്ച തുക ഒരു കോടി ഒരു ലക്ഷം രൂപയാണെന്നു കാണാം. അതിൽനിന്നു ഒരു കോടി രൂപ കുറച്ച് ബാക്കി തുകയായ ഒരു ലക്ഷം രൂപയുടെ രണ്ടുശതമാനം വരുന്ന തുക ബാങ്കുകൾ സ്രോതസിലുള്ള നികുതിയായി പിടിച്ചിട്ട് ബാക്കി 5,98,000 രൂപ മാത്രമേ തരികയുളളൂ.

ആർക്ക് ബാധകം

എല്ലാ വ്യക്തികൾക്കും ഹിന്ദു അവിഭക്തകുടുംബങ്ങൾക്കും കന്പനികൾക്കും എൽഎൽപി ഉൾപ്പെടെയുള്ള പാർട്ണർഷിപ്പ് സ്ഥാപനങ്ങൾക്കും ലോക്കൽ അഥോറിറ്റികൾക്കും എഒപികൾക്കും എല്ലാം ബാധകമാണ്. ബാങ്കുകളിൽനിന്നും കോഓപ്പറേറ്റീവ് ബാങ്കുകളിൽനിന്നും പോസ്റ്റ് ഓഫീസുകളിൽനിന്നും പിൻവലിക്കുന്ന തുകകൾക്കും ഈ നിയമം ബാധകമാണ്.

വിവിധ ബാങ്കുകളിൽ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ

നികുതിദായകനു വിവിധ ബാങ്കുകളിൽ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ ഓരോ ബാങ്കിൽനിന്നും നികുതിയില്ലാതെ ഓരോ കോടി രൂപ വരെ പിൻവലിക്കുന്നതിനു സാധിക്കും. ഉദാഹരണത്തിന് ഒരു കന്പനിക്ക് നാലു ബാങ്കുകളിൽ കറന്‍റ് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ ആകെ നാലു കോടി രൂപ ഒരു വർഷത്തിൽ നികുതിയില്ലാതെ പിൻവലിക്കാം.

ബെയറർ ചെക്കുകൾ നൽകിയാൽ

നികുതിദായകനല്ലാത്ത മൂന്നാമതൊരാൾക്കു ബെയറർ ചെക്ക് നൽകിയാൽ അതിൽനിന്നും സ്രോതസിൽ നികുതി പിടിക്കുമോ? ഇവിടെ പണം ലഭിക്കുന്നതു നികുതിദായകനല്ല. മറിച്ച് മൂന്നാമതൊരാൾക്കാണ്. അങ്ങനെ വരുന്ന സാഹചര്യത്തിൽ ഒരു കോടി രൂപയുടെ പരിധി കഴിഞ്ഞിരിക്കുകയാണെങ്കിലും സ്രോതസിൽനിന്നും നികുതി പിടിക്കില്ല.


പരിധിയിൽ വരില്ലാത്തവർ
1. ഗവണ്‍മെന്‍റ് ഇടപാടുകൾ
2. കോഓപ്പറേറ്റീവ് ബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കുകൾ
3. ബാങ്കിന്‍റെ ബിസിനസ് കറസ്പോണ്ടന്‍റുമാർ
4. ബാങ്കുകളുടെ എടിഎം ഓപ്പറേറ്റർമാർ
5. ഗവണ്‍മെന്‍റ് വിജ്ഞാപനം ചെയ്യുന്ന മറ്റിടപാടുകാർ

സ്രോതസിൽനിന്നും നികുതി പിടിക്കുന്നത് വരുമാനത്തിൽനിന്നല്ലേ!

സാധാരണഗതിയിൽ സ്രോതസിൽ നികുതി പിടിക്കുന്നത് ലഭിക്കുന്ന തുകയുടെ ഒരു ഭാഗം അദ്ദേഹത്തിന്‍റെ വരുമാനം ആയതിനാലാണ്. ടിഡിഎസിൻറെ ഉത്ഭവം തന്നെ പേ ആസ് യു ഏണ്‍’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ്. നികുതി നഷ്ടപ്പെട്ടു പോകാതെ സ്രോതസിൽനിന്നുതന്നെ പിടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. എന്നാൽ, പണം പിൻവലിക്കുന്ന സാഹചര്യങ്ങളിൽ അതിൽ വരുമാനത്തിന്‍റെ ഒരംശം പോലും ഉണ്ടാവുന്നില്ല. വാഹനം വാങ്ങുന്പോൾ ഒരുശതമാനം തുക വാഹനവില 10 ലക്ഷത്തിൽ കൂടുതൽ ആണെങ്കിൽ ടിസിഎസ് ആയി പിടിക്കുന്നതുപോലെതന്നെ ഇവിടെയും കരുതിയാൽ മതി. പിൻവലിക്കുന്ന തുകകൾക്ക് ഈ നിയമം ബാധകമാണ്.

ഒരു ബാങ്കിൽതന്നെ വിവിധ അക്കൗണ്ടുകൾ

ഈ നിയമം അനുസരിച്ചാണെങ്കിൽ ഒരു അക്കൗണ്ടിൽനിന്നും ഒരു കോടി രൂപയിൽ കൂടുതൽ പിൻവലിച്ചാലാണ് അധികം വരുന്ന തുകയ്ക്ക് സ്രോതസിൽ നികുതി പിടിക്കേണ്ടത്. പക്ഷേ നിയമത്തിന്‍റെ ഉദ്ദേശ്യം അതല്ലായിരുന്നു. അതുപോലെതന്നെ ഒരു സ്ഥാപനത്തിന് വിവിധ ബ്രാഞ്ചുകൾ ഉണ്ടെങ്കിലും എല്ലാ ബ്രാഞ്ചുകൾക്കും സ്വന്തമായി അക്കൗണ്ടുകൾ ഉണ്ടായിരിക്കുകയും ചെയ്യുന്ന അവസരത്തിൽ എല്ലാ ബ്രാഞ്ചുകളിലെ പിൻവലിക്കലുകൾ പ്രത്യേകം പ്രത്യേകമായി മാത്രമേ കരുതുകയുള്ളൂ.

ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കുമോ

ഓരോ ഇടപാടുകാരന്‍റെയും അക്കൗണ്ട് എടുത്ത് അതിൽനിന്നും ഒരു കോടി രൂപയിൽ കൂടുതലായുള്ള പിൻവലിക്കൽ വരുന്പോൾ സ്രോതസിൽ നികുതി പിടിക്കുകയും പിടിച്ച നികുതി ഗവണ്‍മെന്‍റിൽ അടയ്ക്കുകയും അതിനു യഥാക്രമം റിട്ടേണുകൾ ഫയൽ ചെയ്യുകയും നികുതി പിടിച്ച സർട്ടിഫിക്കറ്റ് നികുതിദായകനു ബാങ്കുകൾ നൽകുകയും ചെയ്യണം.
ഇതു ബാങ്കുകളുടെ ജോലിഭാരം വർധിപ്പിക്കും. സേവനത്തിനുള്ള പ്രതിഫലം ചാർജ് ചെയ്യുകയാണെങ്കിൽ നികുതിദായകന്‍റെ ചെലവ് അത്രയും കൂടി വർധിക്കും.