കഥ പറഞ്ഞ് വളർത്താം പേഴ്സണൽ ബ്രാൻഡിംഗ്
കഥ പറഞ്ഞ് വളർത്താം പേഴ്സണൽ ബ്രാൻഡിംഗ്
സംരംഭത്തെ മാത്രം ബ്രാൻഡ് ചെയ്യുന്ന കാലമൊക്കെ കഴിഞ്ഞു. സംരംഭകനെ ബ്രാൻഡ് ചെയ്യുന്നതിലാണ് ഇന്ന് വിജയം. പേഴ്സണൽ ബ്രാൻഡിംഗ് എന്നൊരു ആശയം ഇതിനോടകം തന്നെ സംരംഭ ലോകത്ത് ചലനങ്ങൾ സൃഷ്ടിച്ചു തുടങ്ങിക്കഴിഞ്ഞു.
കേവലമൊരു ബിസിനസുകാരൻ എന്ന ചിന്തയ്ക്കപ്പുറം സംരംഭകനെക്കുറിച്ചും സംരംഭത്തെക്കുറിച്ചും കാണുകയും കേൾക്കുകയും ചെയ്യുന്പോൾ ആളുകളുടെ മനസ് എത്തിച്ചേരേണ്ടത് സാധാരണക്കാരനായ ഒരു മനുഷ്യന്‍റെ വിജയ കഥകളിലേക്കാണ്. ഇത് സംരംഭകന് തന്‍റെ ഉപഭോക്താക്കളെ സമീപിക്കാൻ കൂടുതൽ ആത്മ വിശ്വാസം നൽകും ഇത് കൂടുതൽ ബിസിനസും നിക്ഷേപ അവസരങ്ങളും നേടാൻ കന്പനികളെ സഹായിക്കും. മാത്രമല്ല, ഇത് നിലവിലുള്ള ടീമിന്‍റെയും ആത്മവിശ്വാസം വർധിപ്പിക്കുകയും കഴിവുള്ള ആളുകളെ ടീമിലേക്ക് ആകർഷിക്കുകയും ചെയ്യും. വളർച്ചയുടെ പുതിയ സാധ്യതകളാണ് ഇതുവഴി തുറന്നുകിട്ടുക. നിക്ഷേപങ്ങൾ തേടുന്ന പുതു തലമുറ സംരംഭങ്ങളാണെങ്കിൽ പ്രത്യേകിച്ച്.

നിങ്ങളുടെ കഥ

സംരംഭകന് ഒരു നല്ല കഥയുണ്ടാകുകയെന്നതാണ് പേഴ്സണൽ ബ്രാൻഡിംഗിലുള്ള ആദ്യ കാര്യം. ഇതിനുശേഷം നിങ്ങൾ കഥപറച്ചിലിൽ വൈദഗ്ധ്യം നേടണം. നിങ്ങളെ വിജയത്തിലേക്ക് നയിക്കുകയോ വിജയത്തിന് അടുത്തെത്തിക്കുകയോ ചെയ്ത സംഭവങ്ങളാകണം കഥ പറയുന്നതിനായി സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. തുടർന്ന് ഈ സംഭവങ്ങൾ ഉൾപ്പെടുത്തി കഥ വിപുലീകരിക്കണം. പിന്നീട്, ആളുകൾക്കു രസകരമാകുന്ന രീതിയിൽ ഇതിനെ പുനരവലോകനം ചെയ്യുകയും കഥയുടെ സവിശേഷതകൾ തിരിച്ചറിഞ്ഞ് നിങ്ങൾക്കു മാത്രമുള്ള പ്രത്യേകതകളെ അപഗ്രഥിക്കുകയും വേണം. കേൾവിക്കാർക്കായി കഥയുടെ ഹ്രസ്വമായ ഒരു പതിപ്പും നിങ്ങളുടെ ആശയത്തെക്കുറിച്ചുള്ള ഒരു ലഘു ആമുഖവും സൃഷ്ടിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കുകയും വേണം. ഇതിനായി നിങ്ങൾക്കൊരു ബ്രാൻഡിംഗ് അല്ലെങ്കിൽ മീഡിയ കണ്‍സൾട്ടന്‍റിന്‍റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

പ്രധാന ഓണ്‍ലൈൻ ട്രെൻഡുകൾ

നിങ്ങളുടെ വെബ്സൈറ്റിൽ കന്പനിയെകുറിച്ചുള്ള ഭാഗം രേഖപ്പെടുത്തുകയും മീഡിയ കവറേജ് പേജ് രൂപകൽപ്പന ചെയ്യുകയും ചെയ്യുന്നിടത്ത് നിങ്ങളുടെ ബ്രാൻഡിന്‍റെ നിർമാണം ആരംഭിക്കുന്നു.

നിങ്ങളുടെ ’എബൗട്ട് അസ്’ നിങ്ങളുടെ കാഴ്ചപ്പാടുകളെ വ്യക്തമാക്കുന്നതിനു പുറമേ, നിങ്ങൾ സമൂഹത്തിൽ പരിഹാരം കണ്ടെത്താൻ ഉദ്ദേശിക്കുന്ന പ്രശ്നങ്ങളും വ്യക്തമായി എടുത്തുകാണിക്കണം.

നിങ്ങളുടെ പ്രധാന ടീമിനെക്കുറിച്ചും വിവിധ വിഭാഗങ്ങളുടെ മേധാവികളെകുറിച്ചുമുള്ള കൃത്യവും ആഴത്തിലുള്ളതുമായ വിവരങ്ങൾ വെബ്സൈറ്റിലെ ഈ ഭാഗത്തു നൽകേണ്ടതുണ്ട്. സ്ഥാപനത്തിന്‍റെ ഇതുവരെയുള്ള വളർച്ച, പ്രവർത്തനങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരണങ്ങൾ ഇവിടെ ചേർക്കാം. ഇത് നിങ്ങളുടെ മൂല്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള വ്യക്തതയും അവബോധവും സൃഷ്ടിക്കും.

ജനപ്രിയ പ്രസിദ്ധീകരണങ്ങളിൽ (ഓണ്‍ലൈൻ/ഓഫ് ലൈൻ) നിങ്ങളെ സംബന്ധിച്ചു വന്നിട്ടുള്ള റിപ്പോർട്ടുകൾ നിങ്ങളുടെ മീഡിയ കവറേജ് പേജിൽ എടുത്തുകാണിക്കണം. നിങ്ങൾ പങ്കെടുത്ത പരിപാടികൾ, കമ്മ്യൂണിറ്റിയെ സഹായിക്കാൻ നിങ്ങൾ നടത്തിയ പരിശ്രമങ്ങൾ, വീഡിയോ ലിങ്കുകൾ, ബ്ലോഗ് ലിങ്കുകൾ, ചിത്രങ്ങൾ എന്നിവ ഇവിടെ ഉൾപ്പെടുത്തണം. വെബ്സൈറ്റും നിങ്ങളുടെ സ്ഥാപനത്തിന്‍റെ സോഷ്യൽ മീഡിയ പേജുകളും തമ്മിൽ ബന്ധിപ്പിക്കേണ്ടതുണ്ട്.
സോഷ്യൽ മീഡിയയെ രണ്ടു വിധത്തിൽ ഉപയോഗപ്പെടുത്താം. ഒന്ന് നിങ്ങളെയും നിങ്ങളുടെ സംരംഭത്തെയും കുറിച്ച് സംസാരിക്കുന്ന നിങ്ങളുടെ ഒൗദ്യോഗിക ബിസിനസ് പേജ്, രണ്ട്, നിങ്ങളുടെ വ്യക്തിഗത സോഷ്യൽ മീഡിയ സാന്നിധ്യം. രണ്ടും പ്രത്യേകം വേറിട്ടുനിൽക്കുമെങ്കിലും ബ്രാൻഡിന്‍റെ കാര്യത്തിൽ സമാനതകൾ ഏറെയുണ്ടാകും.

പബ്ലിക് റിലേഷൻസ് (പിആർ)

സംരംഭം നല്ല രീതിയിൽ പ്രവർത്തിച്ചു തുടങ്ങിയെന്നു തോന്നുന്പോഴാണ്, നിങ്ങളുടെ പിആർ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കേണ്ടത്.

സ്റ്റാർട്ടപ്പ് സ്റ്റോറികൾ, പുതിയ ആശയങ്ങൾ, നേതൃത്വ സിദ്ധാന്തങ്ങൾ എന്നിവ സംബന്ധിച്ച് എഴുതുന്ന ജനപ്രിയ ബ്ലോഗുകളുമായും വെബ്സൈറ്റുകളുമായും ബന്ധപ്പെടുക. ഇതിന് നിങ്ങൾക്ക് മീഡിയ കണ്‍സൾട്ടന്‍റിന്‍റെ സേവനം പ്രയോജനപ്പെടുത്താം. നിങ്ങളുടെ പിആർ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ സ്വാഭാവികമായിരിക്കണം. ആളുകൾ താൽപ്പര്യപ്പെടുന്ന അല്ലെങ്കിൽ അവരുമായി ബന്ധപ്പെടുത്തുന്ന ഒരു ഘടകം നിങ്ങളുടെ കഥയിൽ ഉണ്ടായിരിക്കണം. പ്രചോദനം, പ്രേരണ, പുതുമ, ഓഫ്ബീറ്റ് എന്നിവ ഉൾപ്പെടുത്തുന്നത് വായനക്കാരെ ആകർഷിക്കും. ഇത് നിങ്ങളുടെ പ്രശസ്തി വർധിപ്പിക്കുമെന്നു മാത്രമല്ല, നിങ്ങൾക്ക് അറിവുള്ള പുതിയ കാര്യങ്ങൾ മറ്റുള്ളവർക്കു പകർന്നു നൽകുകയും ചെയ്യും. സമൂഹത്തിനു നിങ്ങൾ നൽകുന്ന സംഭാവനകൾ എല്ലായ്പ്പോഴും വിലമതിക്കപ്പെടുന്നവയാണ്.

നിർണായക ലിങ്ക്

എല്ലാ സോഷ്യൽ മീഡിയയികളിലും ബ്രാൻഡിംഗ് തന്ത്രം നടപ്പാക്കുന്നത് മികച്ച ഫലമുളവാക്കുന്ന കാര്യമാണ്. എന്നാൽ, ഇതിന് ധാരാളം സമയമെടുക്കും. നിങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാകുക മാത്രമല്ല, നിങ്ങളുടെ ഫോളോവേഴ്സിന് മൂല്യം നൽകുകയും വേണം.


മറ്റുള്ളവർക്ക് അറിവ് നൽകുക മാത്രമല്ല, നിങ്ങളുടെ നിലപാടുകൾ മറ്റുള്ളവരെ അറിയിക്കേണ്ടതുമുണ്ട്. നിങ്ങളെകുറിച്ചുള്ള എല്ലാ വിവരങ്ങളും പങ്കുവയ്ക്കരുത്. വായനക്കാരിൽ നിങ്ങളെകുറിച്ച് അറിയാൻ ജിജ്ഞാസ നിലനിർത്തണം. ആശയവിനിമയം നടത്താനും ഇടപഴകാനും നിങ്ങളുടേതായ സംഭാവനകൾ നൽകാനുമുള്ള പ്ലാറ്റ്ഫോമാണു സോഷ്യൽ മീഡിയ. ഇവിടെ നിങ്ങൾ നിങ്ങളുടെ പ്രേക്ഷകരുമായി വളരെ ശക്തവും വൈകാരികവുമായ ബന്ധം സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതുണ്ട്. ഇത് വ്യക്തിഗത ബ്രാൻഡിംഗിന്‍റെ വിജയത്തെ സ്വാധീനിക്കുന്ന ഘടകമാണ്.

ട്വിറ്റർ, ലിങ്ക്ഡ്ഇൻ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിങ്ങനെയുള്ള പൊതു ഇടങ്ങൾക്കു പുറമേ പ്രൊഫഷണൽ കമ്മ്യൂണിറ്റികളും നിങ്ങൾക്ക് വ്യക്തിഗത ബ്രാൻഡിംഗ് സൃഷ്ടിക്കുന്നതിനായി ഉപയോഗപ്പെടുത്താം. ഇവിടെ നിങ്ങൾക്കു നേരിട്ട് നിങ്ങളുടെ ടാർഗെറ്റ് ഗ്രൂപ്പുകളെ കണ്ടെത്താനാകും. നിങ്ങൾക്കും നിങ്ങളുടെ ബിസിനസിനുമായി ഏറ്റവും പ്രസക്തമായ ഒന്നോ രണ്ടോ പ്ലാറ്റ്ഫോമുകളിൽ (പൊതുവായ മികച്ച അഞ്ച് ചാനലുകൾക്ക് പുറമെ) ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റുള്ളവയെ ഇവയോടു ബന്ധിപ്പിച്ച് പരമാവധി പ്രയോജനപ്പെടുത്തണം.

നിങ്ങളുടെ ആശയങ്ങൾ,പിന്തുണയ്ക്കുന്ന കാര്യങ്ങൾ, പ്രചോദിപ്പിക്കുന്ന ചിന്തകൾ, വായനക്കാരുമായി ബന്ധിപ്പിക്കുന്ന ചെറുനർമങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പോസ്റ്റ് ചെയ്യുന്നത് ഓണ്‍ലൈൻ ബന്ധങ്ങൾ നിലനിർത്താനും കൂടുതൽ പ്രയോജനകരമാക്കാനും സഹായിക്കും.

പ്രസംഗിക്കാൻ മടിവേണ്ട

മികച്ച നേതാക്കൾ എപ്പോഴും നന്നായി പ്രസംഗിക്കുന്നവരുമായിരിക്കും. വാക്കുകൾക്ക് ആളുകളെ പ്രചോദിപ്പിക്കാനും പ്രേരിപ്പിക്കാനും സ്വാധീനിക്കാനും ശക്തിയുണ്ട്. പരസ്യമായി സംസാരിക്കാനുള്ള കഴിവ് മറ്റുള്ളവരിൽനിന്ന് നിങ്ങളെ വേറിട്ടുനിർത്തും. ഇത് ബ്രാൻഡിനെ വളരെയേറെ സ്വാധീനിക്കുന്നു. നിങ്ങൾ ഒരു മികച്ച പ്രഭാഷകനല്ലെന്ന തോന്നലുണ്ടെങ്കിൽ, മികച്ച പ്രഭാഷകനാകാൻ ശ്രമിക്കണം. അതിന് നിങ്ങളുടെ വിജയകഥയെക്കുറിച്ചും പറയുന്ന ആശയത്തെക്കുറിച്ചും വ്യക്തതയുണ്ടായിരിക്കണം. പിന്നെ, ദൃഢനിശ്ചയത്തോടെയും ആത്മവിശ്വാസത്തോടെയും പറയുക മാത്രമാണു വേണ്ടത്. ചാനലുകൾ, കോർപറേറ്റ് ഇവന്‍റുകൾ, കോളജുകൾ തുടങ്ങി വിവിധ പബ്ലിക്ക് പ്ലാറ്റ്ഫോമുകൾ എന്നിവ പ്രസംഗത്തിനായി തെരഞ്ഞെടുക്കണം. ഇത് നിങ്ങളുടെ ജീവിതം, ബിസിനസ്, കമ്മ്യൂണിറ്റി, കരിയർ എന്നിവയിൽ മാറ്റം വരുത്തും.

സാമൂഹിക പ്രവർത്തനങ്ങളിലെ പങ്കാളിത്തം

മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുകയെന്നതു വ്യക്തിഗത ബ്രാൻഡിംഗിൻറെ പ്രധാന ഘടകമാണ്. വലുതായി ഒന്നും ചെയ്യേണ്ടതില്ല, മനുഷ്യത്വപരമായ സമീപനത്തോടുകൂടിയ ഒരു ചെറിയ ചുവടുപോലും വലിയ സ്വാധീനശേഷിയുള്ളവയാണ്.

സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുക, സാമൂഹ്യ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുക, സാമൂഹികമായി പ്രാധാന്യമുള്ള വിഷയങ്ങളിൽ നിലപാട് സ്വീകരിക്കുക എന്നിവ സമൂഹവുമായി ഉയർന്ന വൈകാരികബന്ധം സൃഷ്ടിക്കാൻ നിങ്ങളെ സഹായിക്കും. ഏതെങ്കിലും പ്രത്യേക വിഷയങ്ങളെ പിന്തുണയ്ക്കുന്ന പരിപാടികൾ സംഘടിപ്പിക്കുകയും പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യണം. ഇതു സംബന്ധിച്ച പോസ്റ്റുകൾ സോഷ്യൽ മീഡിയയിലും ബ്ലോഗുകളിലും പങ്കുവയ്ക്കുകയും ചെയ്യുന്നത് നിങ്ങളുടെ ബ്രാൻഡിന് പോസിറ്റീവ് ഇമേജ് സൃഷ്ടിക്കും.

പുരസ്ക്കാരങ്ങൾ

വിവിധ പുരസ്കാരങ്ങൾക്കു നിങ്ങളുടെ പേര് നിർദേശിക്കപ്പെടുന്നതും സ്ഥാപനങ്ങൾ, മാഗസിനുകൾ, മീഡിയ ചാനലുകൾ എന്നിവയിൽനിന്ന് അഭിനന്ദനങ്ങൾ നേടുന്നതും നിങ്ങളുടെ ബ്രാൻഡ് മൂല്യം വർധിപ്പിക്കുന്നതിനും മികച്ച വ്യവസായ ബന്ധം സൃഷ്ടിക്കുന്നതിനും സഹായിക്കും.

പുസ്തകം/വീഡിയോ പ്രസിദ്ധീകരിക്കൽ

നിങ്ങളുടെ അനുഭവം, അറിവ്, നിരീക്ഷണങ്ങൾ എന്നിവ ഒരു പുസ്തകത്തിലോ വീഡിയോകളുടെ പരന്പരയിലോ സമാഹരിക്കുന്നത്, പുതുതായി വ്യവസായ രംഗത്ത് പ്രവേശിക്കുന്നവർക്ക് ദിശാബോധവും പ്രചോദനവും നൽകും. ഇത് ഒരു ദീർഘമായ പ്രക്രിയയും ഏറ്റവും ഫലപ്രദമായ ഓഫ് ലൈൻ ബ്രാൻഡിംഗുമാണ്.

ചിന്തകൾ മാത്രം പോര, കഠിനപ്രയത്നവുമുണ്ടെങ്കിൽ മാത്രമേ ഒരു ബ്രാൻഡ് സൃഷ്ടിക്കപ്പെടുകയുള്ളൂ. നിങ്ങളുടെ ബ്രാൻഡ് സ്ഥിരത കൈവരിക്കാൻ ചിലപ്പോൾ വർഷങ്ങളെടുക്കും. ഞാൻ, ’എന്നെ’ എന്നു മാത്രം പറഞ്ഞുകൊണ്ടിരുന്നാൽ ബ്രാൻഡ് നിർമിക്കപ്പെടുകയില്ല. നിങ്ങൾ സമൂഹത്തിന് എത്രമാത്രം, ഏതു വിധത്തിൽ സംഭാവന നൽകുന്നു എന്നതിന് അനുസരിച്ചാണ് നിങ്ങളുടെ ബ്രാൻഡ് മെച്ചപ്പെടുക. നിങ്ങളുടെ ബ്രാൻഡിനെ വൈറലാക്കുന്ന ആ ടിപ്പിംഗ് പോയിന്‍റ് സൃഷ്ടിക്കാൻ നിരന്തരം ക്ഷമയോടെ പ്രവർത്തിക്കുക അതുമാത്രമാണു നിങ്ങൾ ചെയ്യേണ്ടത്.

സുജിത്ത് എസ്. കൊന്നയ്ക്കൽ