ഇഎൽഎസ്എസ്: നികുതി ലാഭിക്കാനും ധനകാര്യ ലക്ഷ്യങ്ങൾ നേടാനും
ഇഎൽഎസ്എസ്: നികുതി ലാഭിക്കാനും ധനകാര്യ ലക്ഷ്യങ്ങൾ  നേടാനും
Tuesday, September 15, 2020 4:07 PM IST
ഇഎൽഎസ്എസ് എന്നു പരക്കേ അറിയപ്പെടുന്ന ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം വെറും നികുതി ലാഭ ഉപകരണമെന്നതിനപ്പുറത്ത് ഉയർന്ന റിട്ടേണും ദീർഘകാലത്തിൽ മികച്ച മൂലധന വളർച്ചയും പ്രദാനം ചെയ്യുന്നവയാണ്. എന്നാൽ മിക്കവരും ഇഎൽഎസ്എസിനെ നികുതിലാഭ ഉപകരണമെന്ന നിലയിൽ മാത്രമേ കാണുന്നുള്ളു. ലോക്ക് ഇൻ പീരിയഡ് കഴിയുന്പോൾ വിറ്റൊഴിയുകയും ചെയ്യുന്നു.

ദീർഘകാലത്തിൽ മെച്ചപ്പെട്ട റിട്ടേണ്‍ നൽകാൻ സാധ്യതയുള്ളവയാണ് ഇഎൽഎസ്എസുകൾ. പക്ഷേ അവയ്ക്ക് പ്രകടനം കാഴ്ച വയ്ക്കാനുള്ള സമയം നൽകാനുള്ള ക്ഷമ നിക്ഷേപകൻ കാണിക്കണം. മൂന്നുവർഷമെന്നത് ഓഹരി മ്യൂച്വൽ ഫണ്ടുകളെ സംബന്ധിച്ചിടത്തോളം ചെറിയ കാലമാണ്. എട്ട്, പത്തു വർഷത്തിനു മുകളിലാണ് ഓഹരി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്.
അതിനാൽ ധനകാര്യ ലക്ഷ്യങ്ങൾ നിശ്ചയിച്ച് ഇഎൽഎസ്എസിൽ നിക്ഷേപം നടത്തേണ്ടിയിരിക്കുന്നു. നല്ല മൾട്ടികാപ് ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതിനു തുല്യമാണിവയിലെ നിക്ഷേപവും. ഓഹരിയധിഷ്ഠിത നിക്ഷേപങ്ങൾ ദീർഘകാലത്തിൽ മറ്റെല്ലാ ആസ്തികളേയുംകാൾ മെച്ചപ്പെട്ട റിട്ടേണ്‍ നൽകുന്നവയാണ്.

പൂർണമായും ഓഹരിയിൽ നിക്ഷേപം നടത്തി നികുതി ലാഭിക്കുവാൻ സാധിക്കുന്ന ഏക ഉപകരണവും കൂടിയാണ് ഇഎൽഎസ്എസ്. ഏറ്റവും കുറഞ്ഞ ലോക്ക് ഇൻ പീരിയഡ് ( മൂന്നു വർഷം)ഉള്ള ഉപകരണവുമാണ് . ഈ പദ്ധതി വിപണിയുമായി ബന്ധപ്പിച്ചുകൊണ്ടുള്ള റിട്ടേണ്‍ നൽകുന്നു. 2018-19 കേന്ദ്ര ബജറ്റുവരെ ഇഎൽഎസ്എസിന്‍റെ റിട്ടേണിനു നികുതിയുണ്ടായിരുന്നില്ല. 2018 ഏപ്രിൽ ഒന്നു മുതൽ ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ദീർഘകാലമൂലധന വളർച്ചയ്ക്ക് 10 ശതമാനം നികുതി നൽകണം.

ലക്ഷ്യം നിശ്ചയിക്കുക

മിക്കവരും നികുതി ലാഭിക്കുകയെന്നതിനപ്പുറത്ത് ഇഎൽഎസ്എസിന്‍റെ സന്പത്തു സൃഷ്ടി ശക്തി കണക്കിലെടുക്കുന്നില്ല. ധനകാര്യ വർഷത്തിന്‍റെ നാലാം ക്വാർട്ടർ എത്തുന്പോൾ നികുതി ലാഭിക്കുകയെന്ന ലക്ഷ്യത്തോടെ ഏതെങ്കിലും 80സി ആസ്തികളിൽ നിക്ഷേപിക്കുന്നു.
നികുതിയാസൂത്രണത്തോടൊപ്പം ദീർഘകാലത്തിൽ സന്പത്തുകൂടി സൃഷ്ടിക്കുവാൻ കെൽപ്പുള്ളവയാണ് ഇഎൽഎസ്എസുകൾ എന്ന് ഓർമിക്കുക. ഇഎൽഎസ്എസുകൾ ഇക്വിറ്റി ഫണ്ടുകളാണ്. ഇക്വിറ്റി ഫണ്ടുകളിൽ മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കണമെങ്കിൽ 7-10 വർഷക്കാലത്തേക്കെങ്കിലും നിക്ഷേപം നടത്തണം.

ഏറ്റവും ദീർഘകാലത്തിലാണ് ഓഹരി മികച്ച പ്രകടനം പുറത്തെടുക്കുക. ഇക്വിറ്റി ഫണ്ടെന്ന നിലയിൽ അതുകൊണ്ടുതന്നെ മെച്ചപ്പെട്ട റിട്ടേണ്‍ കിട്ടണമെങ്കിൽ ഇഎൽഎസ്എസിന്‍റെ ലോക്ക് ഇൻ പീരിയഡിന്‍റെ അപ്പുറത്തേക്കും ചിന്തിക്കണം.


റിട്ടയർമെന്‍റ്, കുട്ടികളുടെ വിദ്യാഭ്യാസം, കുട്ടികളുടെ വിവാഹം തുടങ്ങി പല മധ്യ, ദീർഘകാല ലക്ഷ്യങ്ങൾ ഇഎൽഎസ് എസ് ഉപയോഗിച്ച് നേടുവാൻ സാധിക്കും.

അതുകൊണ്ടുതന്നെ മൂന്നു വർഷത്തെ ലോക്ക് ഇൻ പീരിയഡേ ഉള്ളുവെങ്കിലും, ഓഹരി നിക്ഷേപമെന്ന നിലയിൽ ഇഎൽഎസ്എസിന് ദീർഘകാല ടാഗ് ചാർത്തിക്കൊടുക്കുകയും അതനുസരിച്ച് നിക്ഷേപം നടത്തുകയും ചെയ്യുക. വിപണിയിലെ വന്യമായ ഹ്രസ്വകാല വ്യതിയാനങ്ങൾ ഉണ്ടാവും. ദീർഘകാല സമീപനം സ്വീകരിച്ചാൽ അതിനെ നേരിടാൻ നിക്ഷേപകന് നിഷ്പ്രയാസം സാധിക്കും.

ക്രമമായി സന്പാദിക്കാം നിക്ഷേപിക്കാം: ആദായ സാധ്യതയും ഉയർന്നത്

സാധാരണക്കാരായ ആളുകൾക്ക് ചെറിയ തുക നിക്ഷേപം നടത്തി നികുതി ലാഭിക്കാനുള്ള അവസരമാണ് ഇഎൽഎസ്എസ് ഒരുക്കുന്നത്. അതേസമയം ദീർഘകാലത്തിൽ മികച്ച റിട്ടേണ്‍ നേടുന്നതിന് അവസരവുമുണ്ട് . ( 2018 ബജറ്റ് വരെ ഇഎൽഎസ്എസിലെ റിട്ടേണ്‍ പൂർണമായും നികുതി മുക്തമായിരുന്നു. ഇപ്പോൾ ദീർഘകാല മൂലധനവളർച്ചയ്ക്ക് 10 ശതമാനം നികുതി നൽകണം.)

കുറഞ്ഞ ലോക്ക് ഇൻ പീരിയഡിൽ, ദീർഘകാലത്തിൽ മികച്ച റിട്ടേണ്‍ നൽകാനുള്ള സാധ്യത ഇഎൽഎസ്എസിൽ നിലനിൽക്കുന്നുവെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ ആകർഷണീയത. യുലിപ്, പിപിഎഫ്, ഇൻഷുറൻസ് തുടങ്ങി മറ്റേതൊരു നികുതി ലാഭ ഉപകരണങ്ങളേക്കാൾ വരുമാന സാധ്യതയുണ്ട് ഇഎൽഎസ്എസിന്. മാത്രവുമല്ല, നികുതിക്കുശേഷമുള്ള ഇതിന്‍റെ ആദായം മറ്റുള്ളവയേക്കാൾ വളരെ ആകർഷകവുമാണ് .

വളരെ അയവുള്ള നിക്ഷേപ ഉപകരണമാണ് ഇഎൽഎസ്എസ്. ഒരു ഫണ്ടു നിർത്തി മറ്റൊരു ഫണ്ടിൽ നിക്ഷേപം നടത്താൻ സാധിക്കും. യുലിപ്പിലും മറ്റും ഇതു സാധിക്കില്ല. അവർ തന്നിരിക്കുന്ന വ്യത്യസ്ത ഫണ്ടുകളിൽ നക്ഷേപം മാറ്റാമെന്നേയുള്ളു.

ഇഎൽഎസ്എസിലെ നികുതി

2018-ലെ ബജറ്റിലാണ് ഓഹരി നിക്ഷേപത്തിൽ നിന്നുള്ള ദീർഘകാല മൂലധന വളർച്ചയ്ക്കും 10 ശതമാനം നികുതി ഏർപ്പെടുത്തിയത്. അതനുസരിച്ച് ഒരു വർഷം ഒരു ലക്ഷം രൂപയിൽ കൂടുതൽ മൂലധന വളർച്ച ഉണ്ടായാൽ അതിന് 10 ശതമാനം നികുതി നൽകണം. ഈ നികുതി നൽകിയാൽ പോലും ഇഎൽഎസ്എസിന്‍റെ റിട്ടേണ്‍ സാധ്യത വളരെ വലുതാണെന്ന കാര്യം മറക്കാതിരിക്കുക.