ഗൂഗിൾ പണിമുടക്കി: വലഞ്ഞ് ഉപയോക്താക്കൾ
Tuesday, December 15, 2020 3:08 PM IST
മുംബൈ: ടെക് വന്പൻ ഗൂഗിളിന്റെ സേവനങ്ങളിൽ തടസം നേരിട്ടത് നിരവധി ഉപയോക്താക്കളെ വലച്ചു. യൂട്യൂബ്, ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ കലണ്ടർ, ഗൂഗിൾ ഹാങ്കൗട്ട്സ്, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾമീറ്റ്, ഗൂഗിൾ ഡോക്സ് തുടങ്ങിയ സേവനങ്ങളിലാണ് ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്നലെ തകരാർ നേരിട്ടത്.
കോവിഡ് വ്യാപനം പരിഗണിച്ച് വർക്ക് ഫ്രം ഹോം ഉൾപ്പെടെയുള്ളവയ്ക്ക് ഗൂഗിൾ സേവനങ്ങളെ ആശ്രയിച്ചവർ ഇതോടെ ബുദ്ധിമുട്ടിലായി. പലർക്കും തങ്ങളുടെ ജിമെയിൽ അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യാൻപോലുമായില്ല. ഇന്ത്യയിൽ ഇന്നലെ വൈകുന്നേരമാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്.
ഏകദേശം ഒരു മണിക്കൂറിനു ശേഷം ജിമെയിൽ ഉൾപ്പെടെയുള്ള ഏതാനും സേവനങ്ങളുടെ പ്രശ്നം പരിഹരിച്ചു.