ഫെഡറൽ ബാങ്ക് വഴി ഓണ്‍ലൈനായി ടാക്സ് അടക്കാനുള്ള സംവിധാനം നിലവിൽ
ഫെഡറൽ ബാങ്ക് വഴി ഓണ്‍ലൈനായി ടാക്സ് അടക്കാനുള്ള സംവിധാനം നിലവിൽ
Tuesday, July 19, 2022 10:33 PM IST
കൊച്ചി: സാന്പത്തികവർഷം 2022-23 ലെ ശക്തമായ ഒന്നാംപാദ ഫലങ്ങളുടെ പിൻബലത്തിൽ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സുമായി സഹകരിച്ച്, നികുതിദായകരെ സഹായിക്കുന്നതിനായി ആദായനികുതിയുടെ ഇ-ഫയലിംഗ് പോർട്ടലിലെ ഇ-പേ ടാക്സ് സൗകര്യം വഴി പണമടയ്ക്കുന്നതിനുള്ള സംവിധാനം ഫെഡറൽ ബാങ്ക് സജ്ജമാക്കി.

ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, യുപിഐ, നെറ്റ് ബാങ്കിംഗ്, നെഫ്റ്റ് / ആർടിജിഎസ് എന്നിവ കൂടാതെ കൗണ്ടർ വഴി പണമായും ആർക്കും ഇപ്പോൾ തൽക്ഷണം നികുതി അടയ്ക്കാം.

പ്രവാസികൾക്കും ബാങ്കിന്‍റെ ആഭ്യന്തര ഉപഭോക്താക്കൾക്കും നികുതി അടക്കുന്ന ഇന്ത്യയിലെ ഏതൊരു പൗരനും ഒരു നികുതി ചലാൻ സൃഷ്ടിക്കാനും ബാങ്കിന്‍റെ ശാഖകൾ വഴി പണമടയ്ക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.

നേരിട്ട് നികുതി പിരിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്‍റിൽ നിന്ന് കഴിഞ്ഞ സാന്പത്തിക വർഷം ബാങ്ക് അംഗീകാരം നേടിയിരുന്നു. 2022 ജൂലൈ 1 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. നികുതിദായകർക്ക് പാൻ/ടാൻ രജിസ്ട്രേഷൻ/വെരിഫിക്കേഷൻ ആവശ്യമില്ല. ഇത് നികുതി അടയ്ക്കുന്നതിൽ ഉണ്ടായേക്കാവുന്ന ഏതുവിധത്തിലുള്ള കാലതാമസവും ഒഴിവാക്കും.


ഈ പങ്കാളിത്തത്തോടെ, ആദായനികുതി വകുപ്പിന്‍റെ ടിൻ 2.0 പ്ലാറ്റ്ഫോമിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന മുൻനിര ബാങ്കുകളിൽ ഒന്നായി ഫെഡറൽ ബാങ്ക് മാറിക്കഴിഞ്ഞു.

പുതിയ ആദായനികുതി പോർട്ടലുമായി ബാങ്കുണ്ടാക്കിയ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ബാങ്കിന്‍റെ ഓണ്‍ലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചു കൊണ്ട് ഞങ്ങളുടെ ഇടപാടുകാർക്കും, ശാഖകൾ സന്ദർശിച്ച് കൗണ്ടറിൽ പണമടച്ചു കൊണ്ട് ഇടപാടുകാരല്ലാത്തവർക്കും ഇനി വളരെ എളുപ്പത്തിൽ നികുതി അടയ്ക്കാൻ സാധിക്കുന്നതാണ്. ഇടപാടുകൾ എളുപ്പമാക്കി ഞങ്ങളുടെ ഇടപാടുകാരെ സന്തോഷിപ്പിക്കുന്നതിനും ഞങ്ങളുടെ ബിസിനസിന് ചടുലത കൊണ്ടുവരുന്നതിനുമായി ബാങ്ക് തുടക്കം കുറിച്ചിട്ടുള്ള ഡിജിറ്റൽ സംരംഭങ്ങളുടെ കൂട്ടത്തിൽ പുതിയ സംവിധാനത്തെ തീർച്ചയായും പരിഗണിക്കാവുന്നതാണ്-ഫെഡറൽ ബാങ്കിന്‍റെ ഗ്രൂപ്പ് പ്രസിഡന്‍റും ഹോൾസെയിൽ ബാങ്കിംഗ് കണ്‍ട്രി ഹെഡുമായ ഹർഷ് ദുഗർ പറഞ്ഞു.