സംഘർഷങ്ങളുടെ ചിറ്റോളങ്ങളിൽ ഒരു പെൺകുട്ടി..!
Saturday, February 9, 2019 2:44 PM IST
അക്കാഡമിക് സ്ട്രെസിന്റെ നീരാളിപ്പിടിത്തത്തിൽ നിസഹായാവസ്ഥയുടെ പാരമ്യതയിൽ ഒരു ഫാനിൽ തൂങ്ങി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ബുദ്ധിമതിയായ ഒരു പ്രഫഷണൽ കോളജ് വിദ്യാർഥിനിയെ മനഃശാസ്ത്ര ചികിത്സയിലെ ബിഹേവിയറൽ ടെക്നോളജി ഉപയോഗിച്ച് രക്ഷിച്ചെടുക്കാൻ കഴിഞ്ഞതിന്റെ മധുരമായ ഓർമ ഞാൻ ഇവിടെ പങ്കുവയ്ക്കുകയാണ്. ചെറുപ്രായം മുതലേ അതിചിട്ടയോടെ പഠിച്ച് മെരിറ്റിൽ ബിഡിഎസ് കോഴ്സിന് അഡ്മിഷൻ ലഭിച്ച് സുഗമമായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ഈ പെണ്‍കുട്ടിക്ക് കോളജിൽവച്ച് ഒരു തരത്തിലും പ്രതീക്ഷിക്കാതിരുന്ന ഒരു പൊള്ളുന്ന അനുഭവമുണ്ടായി.
പൊതുവേ പ്രണയബന്ധങ്ങളെല്ലാം വെറും പ്രായത്തിന്റെ ചാപല്യം മാത്രമാണ് എന്നു വിശ്വസിച്ച് ഇത്തരം കാര്യങ്ങളിൽ ഒന്നും ഇടപെടാതെ ഹോസ്റ്റലിൽ ഇരുന്ന് പഠിച്ച് മുന്നേറിയിരുന്ന ഈ പെണ്‍കുട്ടിയോട് ക്ലാസ്മേറ്റായ ഒരു കുട്ടി അമിതമായ താത്പര്യം കാണിക്കുകയും ശ്രദ്ധ പിടിച്ചുപറ്റാൻ നോക്കുകയും ഒടുവിൽ പ്രേമാഭ്യർഥന നടത്തുകയും ചെയ്തു. എന്നാൽ, അവൾക്ക് ഇത് വെറും ഒരു തമാശയായി മാത്രമേ കരുതാൻ കഴിഞ്ഞുള്ളൂ. തനിക്ക് ഇത്തരം വ്യാജമായ പ്രണയങ്ങളിലൊന്നും ഒരു വിശ്വാസവുമില്ലെന്നും അതിനാൽ ഇക്കാര്യം പറഞ്ഞ് തന്നെ തുടരെത്തുടരെ ശല്യംചെയ്ത് പഠിത്തത്തിൽനിന്നു പിന്തിരിപ്പിക്കരുതെന്നും അവൾ സുഹൃത്തിനോട് ഗുണദോഷം നൽകി.
ക്രമേണ അയാൾ വരുന്ന വഴികളിൽനിന്നുമൊക്കെ മാറിനടന്ന് അവന്റെ താത്പര്യത്തെ നിരുത്സാഹപ്പെടുത്തി. സുഹൃത്താകട്ടെ അവളുടെ ഈ ഗുണദോഷത്തെ ബുദ്ധിപരമായി ഉൾക്കൊണ്ടു പ്രവർത്തിച്ചെങ്കിലും വൈകാരികമായി ഈ അപ്രിയസത്യത്തോടു സമരസപ്പെടാൻ സാധിക്കാത്തതിനാൽ ദുഃഖിതനായി അതിനോടു പ്രതികരിച്ചു. ചിരിച്ച് എല്ലാവരോടും അല്ലലില്ലാതെ സംസാരിച്ചു നടന്നിരുന്ന ആ ചെറുപ്പക്കാരൻ മിതഭാഷിയും മൗനിയുമായി മാറുന്നത് അവളിൽ ഒരു ഉൾക്കിടിലത്തിനിടയാക്കി. എന്നാൽ, പിന്നീട് ഈ സുഹൃത്തിന്റെ ഭാഗത്തുനിന്നു യാതൊരു ശല്യവുമുണ്ടായില്ലെങ്കിലും അവന്റെ ഈ ഉൾവലിയൽ താൻ കാരണമാണല്ലോ എന്നോർത്ത് അവൾ ചിന്താകുലയായി. ചിട്ടയോടെ പഠിച്ചുകൊണ്ടിരുന്ന അവളുടെ ശ്രദ്ധയും ഏകാഗ്രതയും ഈ സംഭവം അപഹരിച്ചെടുത്തു. ഓളങ്ങളില്ലാത്ത ശാന്തമായ ജലാശയംപോലെ വിശ്രാന്തിയിൽ വിഹരിച്ചിരുന്ന അവൾ സംഘർഷത്തിന്റെ ചിറ്റോളങ്ങളിൽ ചകിതയായിക്കൊണ്ടിരുന്നു. സുഹൃത്തിന്റെ പ്രേമാഭ്യർഥനയ്ക്ക് ആത്മവിശ്വാസത്തോടെ നോ പറയാൻ ആദ്യം അനായാസം കഴിഞ്ഞെങ്കിലും എന്നും അതേ സുഹൃത്തിനെ ക്ലാസിൽവച്ച് അഭിമുഖീകരിക്കേണ്ടിവരുന്നതിന്റെ ജാള്യത തന്റെ ചിന്താലോകത്ത് അനാവശ്യ ചിന്തകളുടെ ആവർത്തനങ്ങളും ടെൻഷനും ഉണ്ടാക്കിക്കൊണ്ടിരുന്നു. പ്രേമാഭ്യർഥന അല്ല അവൾക്ക് പ്രശ്നമുണ്ടാക്കിയത്. ഈ സംഭവം തന്റെ പഠിത്തത്തെ ആകമാനം താറുമാറാക്കിയതിന്റെ ആകുലചിന്ത അവളെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. അര മണിക്കൂർ പോലും എവിടെയെങ്കിലും ഒന്ന് അടങ്ങിയിരുന്ന് മുന്‍പ് പഠിച്ചിരുന്നതുപോലെ പഠിക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയാത്ത അവസ്ഥ അവളിൽ ക്രമാതീതമായ ടെൻഷനും അതിലുപരി ദുഃഖവും ഉളവാക്കി. നെഗറ്റീവ് ചിന്തകൾ നിത്യേന നൃത്തമാടിയിരുന്ന അവളുടെ മനസ് ചിന്തകളുടെ ഒരു സമരാങ്കണഭൂമിയായി മാറി.
ചിന്തകൾ കൂടുന്നതനുസരിച്ച് രാത്രിയിൽ ഉറങ്ങാൻ കഴിയാത്ത അവസ്ഥ.. ഭയം, നെഞ്ചിടിപ്പ്, മനസിന്റെ കണ്ട്രോൾ നഷ്ടപ്പെട്ടുപോകുമോ എന്ന ഭയം. തന്നെ അഗാധമായി സ്നേഹിക്കുന്ന മാതാപിതാക്കളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിയാതെ വന്നാൽപ്പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്ന ചിന്ത, പഠിക്കുന്നതെല്ലാം മറന്നുപോകുന്ന ഭയാനകമായ അനുഭവം, കുറ്റബോധം, പെട്ടെന്നുള്ള ദേഷ്യം എന്നീ ബുദ്ധിമുട്ടുകളെല്ലാം അവളുടെ ജീവിതം അതിദുഃസഹമാക്കി. ചിന്തകളെ കടിഞ്ഞാണിട്ട് എങ്ങനെയെങ്കിലും പഠിക്കാൻ ശ്രമിക്കുന്പോൾ കൂടുതൽ അത് ശക്തമാകാൻ തുടങ്ങി.
രാത്രി മുഴുവൻ ഉറങ്ങാതെ കിടന്ന് ചിന്തിക്കൽ ഒരു ശീലമായി. ഒടുവിൽ വീട്ടിൽച്ചെന്ന് മാതാപിതാക്കളോട് എല്ലാം തുറന്നു പറഞ്ഞു. അവരുടെ നിർദേശപ്രകാരം മനഃശാസ്ത്ര ചികിത്സയിൽ വേണ്ടത്ര പരിശീലനം ലഭിക്കാത്ത ചില കൗണ്‍സലർമാരെ കാണിച്ച് കൗണ്‍സലിംഗും ചെയ്തുനോക്കി. പക്ഷേ, ചിന്തകൾ അവളുടെ നിയന്ത്രണത്തിന് അതീതമായി വളർന്നുകൊണ്ടിരുന്നു.
എല്ലാ പ്രത്യാശയും അസ്തമിച്ചപ്പോൾ ഒരു ദിവസം വീട്ടിൽവന്ന് മുറിയിൽ കയറി ഷാൾ എടുത്ത് ഫാനിൽ കെട്ടി മരിക്കാൻ പരിശ്രമിച്ചുകൊണ്ടിരുന്നു. പെട്ടെന്നുതന്നെ പിതാവ് മുറിയിൽ വന്നതുകൊണ്ട് ഒന്നും സംഭവിക്കാതെ ഈ കുട്ടിയെ രക്ഷപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ഒടുവിൽ ഭയങ്കരമായ ഷോക്കിന് വിധേയമായ ആ കുടുംബം ഒത്തിരി അന്വേഷണങ്ങൾ നടത്തിയാണ് അവളെ എന്റെ അടുക്കൽ കൊണ്ടുവന്നത്.ടെൻഷൻ കുറയ്ക്കാൻ ബിഹേവിയർ തെറാപ്പിയിലെ ഡീപ് മസിൽ റിലാക്സേഷൻ തെറാപ്പി നിരന്തരം നൽകി ഓട്ടോമാറ്റിക് നർവസ് സിസ്റ്റം പ്രകടിപ്പിക്കുന്ന സിംപതറ്റിക് എറോസൽ സിംപ്റ്റംസ് എല്ലാം റിലാക്സേഷനിലൂടെ ഗണ്യമായി കുറച്ചു.
ഉറങ്ങാൻ കഴിയുന്ന രീതിയിൽ സെൽഫ് ഹിപ്നോസിസ് ട്രെയിനിംഗ്, അനാവശ്യ ചിന്തകളെ സഡൻ ബ്രേക്ക് ചെയ്യാൻ സഹായിക്കുന്ന തോട്ട് സ്റ്റോപ്പ് ടെക്നോളജീസ് എന്നിവയെല്ലാം പരിശീലിപ്പിച്ച് ചിന്തയുടെ ഫ്രീക്വൻസിയും ഇന്റൻസിറ്റിയും നിരന്തരം കുറച്ചു. ടെൻഷനും ചിന്തകളും കുറയുന്നതിനനുസരിച്ച് ബ്രെയിനിന്റെ ടെൻഷൻ ഉണ്ടാക്കുന്ന ഇലക്ട്രിക്കൽ ആക്ടിവിറ്റി മാറി ആൽഫ റിലാക്സേഷൻ സ്റ്റേജിലേക്ക് ട്രെയിൻ ചെയ്തപ്പോൾ കോണ്‍സൻട്രേഷനും ശ്രദ്ധയും തിരിച്ചുപിടിക്കാൻകഴിഞ്ഞു. ഇന്ന് അവൾ നിരന്തരം റിലാക്സേഷൻ എക്സർസൈസ് ചെയ്ത് അവളുടെ ചിന്തകളെ നിയന്ത്രിക്കാൻ പഠിച്ചുകഴിഞ്ഞു.
മേൽപറഞ്ഞ കേസ് ഞാൻ ഇവിടെ ഉദാഹരിച്ചതിനു കാരണം പഠനത്തിൽ വൈകാരിക പ്രശ്നങ്ങളാൽ പിന്നോക്കംപോകുന്ന കുട്ടികൾക്ക് ക്ലിനിക്കൽ സൈക്കോളജിയിൽ ബിഹേവിയറൽ ടെക്നോളജി ഉണ്ടെന്ന് പ്രത്യാശ നൽകുന്നതിനാണ്. നിഷേധ ചിന്തകൾ നമ്മുടെ ബയോളജിയിൽ സമൂല മാറ്റം വരുത്തുകയും മനുഷ്യശരീരത്തിന്റെ ഇമ്യൂണ്‍ റെസ്പോണ്സ്ിനെ വരെ മാറ്റിമറിക്കുകയും ചെയ്യുന്നുവെന്ന് സൈക്കോ ന്യൂറോ ഇമ്യൂണോളജിയിൽ നടന്ന നിരവധി പഠനങ്ങൾ തെളിയിക്കുന്നു. മനഃശാസ്ത്ര ചികിത്സയുമായി സഹകരിച്ചു പ്രവർത്തിച്ചാൽ അക്കാഡമിക് സ്ട്രെസ് ഉണ്ടാക്കുന്ന മാനസികപ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ സാധിക്കും. പ്രത്യാശയോടെ പ്രവർത്തിക്കുക.
ഡോ.ജോസഫ് ഐസക്,
(റി. അസിസ്റ്റൻറ് പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി,
മെഡിക്കൽ കോളജ്) കാളിമഠത്തിൽ, അടിച്ചിറ റെയിൽവേ ക്രോസിനു
സമീപം, തെളളകം പി.ഒ.കോയം 686 016
ഫോണ്‍ നന്പർ 9847054817
www.drjosephisaac.com