തലച്ചോറിലേക്കു പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറുമൂലം തലച്ചോറിന്റെ പ്രവർത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് അഥവാ
മസ്തിഷ്കാഘാതം എന്ന് പറയുന്നത്.
മസ്തിഷ്കാഘാതം പൊതുവെ രണ്ടുതരത്തില്‍ കാണുന്നു.
1. ഇസ്കീമിക് സ്ട്രോക്ക്
2. ഹെമറാജിക് സ്ട്രോക്ക്
രക്തധമനികളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് സ്ട്രോക്ക് ഇസ്കീമിക് എന്ന് പറയുന്നത്. ഇത് രക്തചംക്രമണത്തെ തടസ പ്പെടുത്തുകയും തലച്ചോറിലെ കോശങ്ങൾ
ക്ക് നാശം സംഭവിക്കുകയും ചെയ്യുന്നു.
രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയെ സ്ട്രോക്ക് ഹെമറാജിക് എന്ന് പറയുന്നു. ഹെമറാജിക് സ്ട്രോക്ക് ഇസ്കീമിക് സ്ട്രോക്കിനെക്കാള്‍ മാരകമാണ്.
ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്ന് ബലക്ഷയവും തലചുറ്റലും അനുഭവപ്പെടുകയാണെങ്കിൽ അത് സ്ട്രോക്കിന്റെ ലക്ഷണമായി കാണാം.
മുഖത്ത് കോട്ടം ഉണ്ടാവുക, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ച ശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ അതും സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.
സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയപ്പെടേണ്ടതാണ്. ലക്ഷണം കണ്ട് മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ രക്തം കട്ടപിടിച്ചത് മാറ്റാനുള്ള മരുന്ന് രോഗിക്ക് നല്‍കേണ്ടതാണ്. ഇതിനെ ത്രോംബോലിറ്റിക് തെറാപ്പി എന്ന് പറയുന്നു. ഈ ചികിത്സ വഴി സ്ട്രോക്ക് മൂലം ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾക്ക് ഗണ്യമായ കുറവുണ്ടാകും.
ഉയർന്ന രക്തസമ്മർദവും പ്രമേഹവും ഉള്ളവര്‍ കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി, രക്തം കട്ടപിടിക്കാതിരിക്കുവാനുള്ള മരുന്നുകള്‍ എന്നിവയിലൂടെ സ്ട്രോക്കിനെ അതിജീവിക്കാനാവും.
മഷ്തിഷ്കാഘാതം, രക്തം കട്ടപിടിക്കുന്നതിൽ നിന്നാണ് സംഭവിക്കുന്നതെങ്കിൽ, രക്തക്കട്ട അഥവാ ക്ലോട്ട് അലിയിക്കുന്ന മരുന്നിന്റെ ഉപയോഗത്തിലൂടെ, ക്ലോട്ടിനെ അലിയിക്കുവാൻ സാധിക്കുവാനും തലച്ചോറിലേക്ക് രക്തയോട്ടം തിരിച്ചു കൊണ്ടുവരാനും സാധിക്കും.
ആൾട്ടിപ്ലേസ് അഥവാ റെകോമ്പിനെന്റ് റ്റിഷു പ്ലാസ്മിനോജൻ ആക്ടിവേറ്റർ (rt-PA) എന്നാണ് ആ മരുന്നിന്റെ പേര്. ഇങ്ങനെ മരുന്ന് ഉപയോഗിച്ചു ക്ലോട്ട് അലിയിക്കുന്നതിനെ ത്രോമ്പോളിസിസ് തെറാപ്പി എന്ന് പറയുന്നു
സാധാരണ 4 - 4.5 മണിക്കൂറിനകത്തു ത്രോമ്പോളിസിസ് ചെയ്യുന്നതാണ് നല്ലത്. എന്നാൽ ചിലരിൽ 6 മണിക്കൂർ വരെ ഇത് ചെയ്യുവാനുള്ള സമയം ലഭിച്ചേക്കാം. പക്ഷെ സമയം അതിക്രമിക്കും തോറും ത്രോമ്പോളിസിസ് ചെയ്യുന്നതിന്റെ ഗുണം കുറയുന്നു. അതിനാൽ സംശയം തോന്നിയാൽ തന്നെ ഉടനെ നിങ്ങളുടെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുന്നതാണ് ഉചിതം.
ഹൃദ്രോഗം വരുമ്പോൾ സ്റ്റെന്റ് ഇടുന്നത് ഇപ്പോൾ എല്ലാവർക്കും സുപരിചിതമാണ്. എന്നാൽ മസ്തിഷ്കാഘാതം സംഭവിക്കുന്നവരിലും ഈ ചികിത്സാ രീതി ഉപയോഗപ്രദമാണെന്നു നമ്മുടെ നാട്ടിൽ പലർക്കും അറിയില്ല. സ്റ്റെന്റുകൾ രക്തധമനികളിൽ വെയ്ക്കുന്നതിലൂടെ, തലച്ചോറിലേക്കുള്ള രക്തയോട്ടം തിരികെ കൊണ്ടുവരാൻ സാധിക്കും. എന്നാൽ ത്രോന്പോസിസ് പോലെ തന്നെ, ഇതിനും സമയബന്ധിതമായുള്ള ഇടപെടൽ അത്യാവശ്യമാണ്.പക്ഷേ, ഏതൊരു രോഗത്തെ പോലെയും,മസ്തിഷ്കാഘാതത്തിലും, പ്രതിരോധം തന്നെയാണ് ചികിത്സയെക്കാൾ ഉചിതം.
(മസ്തിഷ്കാഘാതം എങ്ങനെ തടുക്കാം - തുടരും)
ഡോ. ജിബു കെ. ജൊ
MBBS, MD(General Medicine), DM(Neurology),
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്, എംജിഎം മുത്തൂറ്റ് മെഡിക്കൽ സെന്റർ, പത്തനംതിട്ട