കോവിഡ് പ്രതിരോധത്തിനു കൈകഴുകൽ
Friday, June 19, 2020 4:48 PM IST
പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കോവിഡ്19 ന്റെ പ്രധാന രോഗ ലക്ഷണങ്ങൾ. ചിലപ്പോൾ വയറിളക്കവും വരാം. സാധാരണഗതിയിൽ ചെറുതായി വന്ന് പോകുമെങ്കിലും തീവ്രമാകുകയാണെങ്കിൽ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് പകരുന്ന കൊറോണ വൈറസിനെതിരേ അതീവ ജാഗ്രതയാണു വേണ്ടത്.
രോഗബാധിതർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുന്പോൾ സ്രവങ്ങളോടൊപ്പം വൈറസ് പുറത്തേക്ക് തെറിച്ചുവീഴാം. ഈ സ്രവങ്ങളിൽ സ്പർശിക്കാനിടയായാൽ കൈകളിൽ നിന്ന് വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കും. കൊറോണ വൈറസിന്റെ കണ്ണി പൊട്ടിക്കാൻ വേണ്ടിയാണ് കൈകൾ കഴുകണമെന്നു പറയുന്നത്. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് ഫലപ്രദമായി കൈ കഴുകണം. അതിന് കഴിയാത്തവർ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം. യാത്രയ്ക്ക് മുന്പും ശേഷവും കൈകൾ ഫലപ്രദമായി കഴുകേണ്ടതാണ്. കൈകൾ കണ്ണിലോ മൂക്കിലോ വായിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഹാൻഡ് വാഷിംഗ് അഥവാ കൈ കഴുകൽ
കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾക്കുള്ള ഒരു മാർഗമെന്ന നിലയിൽ മാത്രമല്ല നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറ്റേണ്ട ശീലമാണ് കൈകഴുകൽ. സന്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം തടയുന്നതിന് ഇടയ്ക്കിടക്ക് സോപ്പോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറോ ഉപയോഗിച്ച് കൈകഴുകേണ്ടതാണ്. സോപ്പോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറോ ഉപയോഗിച്ച് കൈ കഴുകുന്പോൾ കൈകളുടെ ഉൾഭാഗം, പുറംഭാഗം, വിരലുകൾ, വിരലുകൾക്കിടയിലുള്ള ഭാഗം, മണിബന്ധം എന്നിവിടങ്ങൾ ശരിയായ രീതിയിൽ ശുചിയാകേണ്ടതുണ്ട്. കൈകൾ തുടയ്ക്കുന്നതിനായി ഓരോരുത്തരും വെവ്വേറെ ടവലുകൾ ഉപയോഗിക്കുക.
* ടാപ്പ് തുറന്നു (ടാപ്പ് ആവശ്യത്തിനു വെള്ളം മാത്രം വരുന്ന രീതിയിൽ ക്രമീകരിക്കുക ) കൈകൾ ആവശ്യത്തിനു നനച്ച ശേഷം സോപ്പോ ഹാൻഡ് വാഷോ കൈയിൽ എല്ലാ ഭാഗത്തും പുരട്ടുക. കൈ വെള്ളകൾ തമ്മിൽ ചേർത്ത് തിരുമ്മുക, ഉരസുന്പോൾ കൈവെള്ളയിലെ എല്ലാ ഭാഗത്തും സോപ്പ് എത്തുന്നു വെന്ന് ഉറപ്പുവരുത്തണം.
* ഒരു കയ്യുടെ വെള്ള കൊണ്ട് അടുത്ത കയ്യുടെ പുറം ഭാഗം ഉരച്ചു കഴുകുക. മറ്റേ കയ്യിലും ഇത് ആവർത്തിക്കുക.
* കൈവിരലുകൾ കോർത്തുപിടിച്ചു കൈവെള്ളകൾ ചേർത്ത് ഉരച്ചു കഴുകുക.
* കൈ വിരലുകളുടെ അഗ്രഭാഗം കോർത്തുപിടിച്ച് ഉരച്ചു കഴുകുക. ഇതിന്റെ കൂടെത്തന്നെ കൈവിരലുകളുടെ മുട്ടുകൾ കഴുകണം.
* തള്ളവിരലുകൾ മറു കൈപ്പത്തിയുടെ ഉൾഭാഗത്ത് വരുന്ന
വിധം പിടിച്ചു വൃത്താകൃതിയിൽ തിരിച്ചു കൊണ്ട് ഉരച്ചു കഴുകുക. ഇത് രണ്ടു കയ്യിലും മാറിമാറി ചെയ്യേണ്ടതാണ്.
* കൈവിരലുകൾ ചേർത്തുപിടിച്ച് വിരലുകളുടെ അഗ്രഭാഗം
നഖം ഉൾപ്പെടെ മറുകയ്യുടെ വെള്ളയിൽ ഉരച്ചു കഴുകുക. ഇത് മറു കയ്യിലും ആവർത്തിക്കുക.
* കൈകൾ ആവശ്യത്തിനു വെള്ളം ഉപയോഗിച്ച് കഴുകി സോപ്പ്, പത എന്നിവ കളയുക.
* കൈകൾ വൃത്തിയുള്ള ടവൽ ഉപയോഗിച്ച് തുടയ്ക്കുക, ഇതേ ടവൽ കയ്യിൽ പിടിച്ചുകൊണ്ടുതന്നെ ടാപ്പ് അടയ്ക്കുക. ടാപ്പിന്റെ അടപ്പിൽ ഉള്ള രോഗാണുക്കൾ കയ്യിൽ പറ്റാതെ ഇരിക്കാനാണ് ഇത്. 20 സെക്കൻഡ് എങ്കിലും നീണ്ടു നിൽക്കുന്ന കൈകഴുകൽ ആണ് ഏറ്റവും ഫലവത്തായത്.
* ടവലുകൾ ഒന്നിലധികം തവണ അല്ലെങ്കിൽ ഒന്നിലധികം
ആളുകൾ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക.
വിവരങ്ങൾക്കു കടപ്പാട്: ബ്രേക്ക് ദ ചെയിൻ & നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.