നെപ്പോളിയനെ തോൽപ്പിച്ച രോഗാണുക്കൾ..!
Monday, July 13, 2020 3:18 PM IST
രോഗാണുക്കളും രോഗങ്ങളും പനിയും കൂട്ടമരണങ്ങളും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. വീരശൂര പരാക്രമിയായിരുന്ന നെപ്പോളിയന്റെ പേരു കേൾക്കുന്പോൾ
ത്തന്നെ ശത്രുക്കൾ പേടിച്ചു വിറയ്ക്കുമായിരുന്നു എന്നാണു കേട്ടിട്ടുള്ളത്. ആ നെപ്പോളിയനെ ആക്രമിച്ചു തോൽപിച്ചത് രോഗാണുക്കൾ ആയിരുന്നു എന്നറിയുന്പോൾ രോഗാണുക്കളുടെ ശക്തി തിരിച്ചറിയാവുന്നതേയുള്ളു. 1812-ൽ മലന്പനി നെപ്പോളിയനെയും അദ്ദേഹത്തിന്റെ സൈന്യത്തെയും ബാധിക്കുകയുണ്ടായി. ആ മലന്പനി രോഗാണുക്കൾക്കു മുന്നിൽ അടിയറവു പറയുകയല്ലാതെ അദ്ദേഹത്തിനു വേറൊരു വഴി ഇല്ലായിരുന്നു.
1914 ജൂലൈ മാസത്തിൽ നടന്ന ഒരു കഥയുണ്ട്. ആസ്ട്രിയൻ സൈന്യം സെർബിയൻ സൈന്യത്തോടു യുദ്ധം ചെയ്ത കഥയാണു ചരിത്രത്തിലുള്ളത്. വിജയം വിരൽത്തുന്പിൽ എത്തിനിന്ന സമയത്തായിരുന്നു ആസ്ട്രിയൻ സൈന്യത്തെ മലന്പനി പിടികൂടിയത്.
ഇതിന്റെ ഫലമായി സേനാംഗങ്ങൾ മാത്രമല്ല, അസുഖബാധിതരായ സേനാംഗങ്ങളെ ചികിത്സിച്ച ഡോക്ടർമാർ വരെ മലന്പനിയുടെ ഫലമായി മരിച്ചുപോയി എന്നാണു പറയുന്നത്. ആ മലന്പനിയിൽ മരിച്ചുപോയത് ഒന്നര ലക്ഷം ആളുകളായിരുന്നു എന്നും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് ലണ്ടനിൽ പ്ലേഗ് പടർന്നപ്പോൾ പേടിച്ചുപോയ രാജ്ഞി ഭരണകേന്ദ്രം ലണ്ടനിൽനിന്ന് വിൻഡ്സറിലേക്ക് മാറ്റുകയുണ്ടായി എന്നാണു ചരിത്രത്തിൽ പറയുന്നത്.
ഭരണസിരാകേന്ദ്രം വിൻഡ്സറിൽ ആയതോടെ എലിസബത്ത് രാജ്ഞിയുടെ ജീവനു സംരക്ഷണം നൽകേണ്ടത് അവിടത്തെ ഭരണാധികാരികളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും
ഉത്തരവാദിത്തമായി. ലണ്ടനിലുള്ള പ്ലേഗ് വിൻഡ്സറിൽ എത്താതിരിക്കണമെങ്കിൽ ലണ്ടനിലുള്ളവർ വിൻഡ്സറിൽ വരാതിരിക്കണം. അതിന് അവർ കണ്ടത് ഒരു എളുപ്പവഴി ആയിരുന്നു. പ്രാദേശിക ഭരണാധികാരികളും ഉദ്യോഗസ്ഥ പ്രമുഖരും കൂടിയാലോചിച്ച് എടുത്തു നടപ്പിലാക്കിയ തീരുമാനം ഇങ്ങനെ ആയിരുന്നു. വിൻഡ്സറിലേക്കുള്ള പ്രവേശന കവാടത്തിനടുത്തുള്ള മാർക്കറ്റിൽ ഒരു തൂക്കുമരം ഉണ്ടാക്കി. അതിനുമുന്പിൽ ഇങ്ങനെ എഴുതിയ ഒരു ബോർഡും സ്ഥാപിച്ചു. ’ലണ്ടനിൽനിന്ന് ആരെങ്കിലും ഇങ്ങോട്ടു പ്രവേശിച്ചാൽ ഉടനെ തൂക്കിലേറ്റുന്നതാണ്.’
അക്കാലങ്ങളിൽ അഞ്ചാംപനി, കോളറ, വസൂരി, മലന്പനി, ടൈഫോയ്ഡ്, മഞ്ഞപ്പനി എന്നിവയുടെയെല്ലാം മുന്നിൽ മനുഷ്യൻ അന്ധാളിച്ചു നിൽക്കുകയായിരുന്നു ചെയ്തിരുന്നത്.
ജനങ്ങൾ കൂട്ടത്തോടെ മരിച്ചുപോയിരുന്ന ഒരു കാലം.
1900-ാമാണ്ടിൽ ക്യൂബയിൽ യുദ്ധം നടന്നിരുന്ന കാലത്ത് സേനാംഗങ്ങളേക്കാൾ കൂടുതൽ പട്ടാളക്കാർ മരിച്ചത് മഞ്ഞപ്പനി (യെല്ലോ ഫീച്ചർ) മൂലം ആയിരുന്നു എന്നാണു പറയുന്ന ത്.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊർണൂർ, ഫോൺ - 9846073393