കുട്ടികൾ ആത്മഹത്യാപ്രവണത കാണിക്കുന്നതിനു പിന്നിൽ...
കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി മ​നു​ഷ്യ​കു​ല​ത്തെ വി​ടാ​തെ പി​ന്തു​ട​രാ​ൻ തു​ട​ങ്ങി​യി​ട്ടു മാ​സ​ങ്ങ​ളേ​റെ​യാ​യി. അ​പ്ര​തീ​ക്ഷ​മാ​യി ക​ട​ന്നുവ​ന്ന ഈ ​മ​ഹാ​മാ​രി ലോ​ക​ത്തി​ന്‍റെ മാ​ന​സി​ക സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക രാ​ഷ്്ട്രീയ തു​ല​നാ​വ​സ്ഥ​യെ കു​റ​ച്ചൊ​ന്നു​മ​ല്ല ത​കി​ടം മ​റി​ച്ച​ത്. ഈ ​കാ​ല​യ​ള​വി​ൽ കേ​ട്ടു​വ​രു​ന്ന ആ​ത്മ​ഹ​ത്യ​ക​ൾ കോ​വി​ഡ്കാ​ല​ത്തെ മാ​ന​സി​ക അ​സ​ന്തു​ലി​താ​വ​സ്ഥയി​ലേ​ക്കാ​ണു വി​ര​ൽചൂ​ണ്ടു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ ജോ​ലി​ക്കു പോ​കാ​ൻ ക​ഴി​യാ​തെ വ​രു​മാ​നം നി​ല​ച്ച അ​വ​സ്ഥ. ഇ​നി മു​ന്നോ​ട്ട് എ​ങ്ങ​നെ​യാ​വും ന​മ്മു​ടെ ജീ​വി​ത​മെ​ന്നു വ്യാ​കു​ല​പ്പെ​ടു​ന്ന​വ​രും ഭാ​വി​യി​ലെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളെ​പ്പ​റ്റി​യും ന​ഷ്ട​പ്പെ​ട്ട ജോ​ലി​യെ​ക്കു​റി​ച്ചു​മെ​ല്ലാം ആ​ശ​ങ്ക​പ്പെടു​ന്ന​വ​രും നി​ര​വ​ധി​.

കുടുംബങ്ങളും മാറുകയാണ്...

ഈ കോ​വി​ഡ് കാ​ല​ത്ത്, കുട്ടികൾക്കു കൂ​ട്ടു​കൂ​ടി ക​ളി​ക്കാ​നും കൂ​ട്ടു​കാ​രോ​ടോ അ​ധ്യാ​പ​ക​രോ​ടോ നേ​രി​ട്ടു സം​വ​ദി​ക്കാനുമൊ​ക്കെ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​മി​തം. എ​ന്നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾക്കു പ​ര​സ്പ​രം കാ​ണു​ന്ന​തി​നും ഇ​ട​പെ​ടു​ന്ന​തി​നു​മു​ള്ള സാ​ഹ​ച​ര്യം വ​ർ​ധി​ക്കു​ന്നു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യം ചി​ല കു​ടും​ബ​ങ്ങ​ളി​ൽ ന​ല്ല മാ​റ്റ​ങ്ങ​ളാ​യി വ​രു​ന്പോ​ൾ മ​റ്റു ചി​ല കു​ടും​ബ​ങ്ങ​ളി​ൽ വി​പ​രീ​ത​മാ​യാ​ണു മാ​റു​ക. പ്ര​ത്യേ​കി​ച്ച് മു​ൻ​പൊ​ക്കെ കു​ട്ടി​ക​ളു​ടെ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന മാ​താ​പി​താ​ക്ക​ൾക്കു പോ​ലും കു​ട്ടി​ക​ളു​ടെ പ്ര​വൃ​ത്തി​ക​ൾ ശ്ര​ദ്ധി​ക്കാ​ൻ സ​മ​യം ല​ഭി​ക്കു​ന്നു. മ​ധ്യ​വ​യ​സി​ലെ​ത്തി​യ മാ​താ​പി​താ​ക്ക​ളും കൗ​മാ​ര​ത്തി​ലെ​ത്തി​യ മ​ക്ക​ളും ത​മ്മി​ലാ​വും പ​ല​പ്പോ​ഴും വ്യ​ക്തി ബ​ന്ധ​ങ്ങ​ളി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ക​ണ്ടു​വ​രി​ക. ആ​ശ​യ​പ​ര​മാ​യ വൈ​രു​ധ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെടു​ന്ന​തും പ​ര​സ്പ​രം മ​ന​സി​ലാ​ക്കു​ന്നി​ല്ല എ​ന്ന തോ​ന്ന​ലു​മൊ​ക്കെ ചെ​റി​യ ക​ല​ഹ​ങ്ങ​ളി​ൽ നി​ന്നും വ​ലി​യ ക​ല​ഹ​ങ്ങ​ളി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ എ​ത്തി​ക്കാ​റു​ണ്ട്.

തനിച്ചെന്ന തോന്നൽ

വ്യ​ക്തിബ​ന്ധ​ങ്ങ​ളി​ലു​ണ്ടാ​യ അ​ക​ലം ചി​ല ആ​ളു​ക​ളി​ലെ​ങ്കി​ലും ഞാ​ൻ ത​നി​ച്ചാ​ണെ​ന്നു​ള്ള തോ​ന്ന​ലു​ണ്ടാ​ക്കാം, പ്ര​ത്യേ​കി​ച്ച് ഒ​റ്റ​യ്ക്ക് ജീ​വി​ക്കു​ന്ന​വ​ർ​ക്ക്. ത​ങ്ങ​ളോ​ടു സം​സാ​രി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്നും ജീ​വി​ത​ത്തി​ൽ പ്ര​തീ​ക്ഷ​ക​ൾ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നു​മെ​ല്ലാം ചി​ന്തി​ക്കു​ന്പോ​ൾ പ​ല​പ്പോ​ഴും അ​വ​ർ മാ​ന​സി​ക​മാ​യി ത​ള​ർ​ന്നു പോ​കാ​റു​ണ്ട്. അ​തു​പോ​ലെ ത​ന്നെ രാ​ത്രി മു​ഴു​വ​ൻ ഇ​ന്‍റ​ർ​നെ​റ്റി​ൽ സ​മ​യം ചെ​ല​വ​ഴി​ച്ചു രാ​ത്രി​യും പ​ക​ലും ഉ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലെ​ത്തി​ച്ചേ​രു​ന്ന​വ​രും വി​ര​ള​മ​ല്ല. ഇ​തു​പി​ന്നീ​ടു ഗു​രു​ത​ര ശാ​രീ​രി​ക മാ​ന​സി​ക ബു​ദ്ധി​മു​ട്ടി​ലേ​ക്ക് വ​ഴി​മാ​റാം. ഒരാൾ വ്യ​ക്തി സ​മ്മ​ർ​ദ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കുന്ന രീ​തി അ​യാ​ളു​ടെ വ്യ​ക്തി​ത്വ​വു​മാ​യി വ​ള​രെ​യ​ധി​കം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. അ​താ​യ​ത് ജീ​വി​ത പ്ര​തി​സ​ന്ധി​ക​ളെ ആ ​വ്യ​ക്തി എ​ങ്ങ​നെ സ​മീ​പി​ക്കു​ന്നു എ​ന്ന​തി​ന​നു​സ​രി​ച്ചാവും അ​യാ​ളു​ടെ മാ​ന​സി​കാരോ​ഗ്യം.


കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

മു​തി​ർ​ന്ന​വ​രു​ടെ ഇ​ട​യി​ലെ ആ​ത്മ​ഹ​ത്യ​ക​ളെപ്പ​റ്റി​യും പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ളെ​പ്പ​റ്റി​യും ധാ​രാ​ളം ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്പോ​ഴും കു​ട്ടി​ക​ളി​ലെ ആ​ത്മ​ഹ​ത്യ കാ​ര്യ​മാ​യി ശ്ര​ദ്ധ കൊ​ടു​ക്കാ​ത്ത ഒ​രു മേ​ഖ​ല​യാ​ണ്. ഈ ​അ​ടു​ത്ത കാ​ല​ത്ത് കേ​ൾ​ക്കു​ന്ന കു​ട്ടി​ക​ളി​ലെ ആ​ത്മ​ഹ​ത്യാവാ​ർ​ത്ത​ക​ൾ അ​ത്ര ശു​ഭ​ക​ര​മ​ല്ല. വ​ള​രെ ചെ​റി​യ കു​ട്ടി​ക​ളി​ൽ ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത വ​ള​രെ കു​റ​വാ​ണ്. കാ​ര​ണം, ഒ​രു പ്ര​ത്യേ​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ ആ​ത്മ​ഹ​ത്യ കൃ​ത്യ​മാ​യി പ്ലാ​ൻ ചെ​യ്യാ​ൻ ചെ​റി​യ കു​ട്ടി​ക​ൾ​ക്കു ക​ഴി​യാ​റി​ല്ല. മി​ക്ക​വാ​റും ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത ചെ​റി​യ കു​ട്ടി​ക​ൾ കാ​ണി​ക്കു​ന്ന​ത് കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​രു​ന്ന പ്ര​ശ്ന​ങ്ങ​ൾ കൊ​ണ്ടാ​യി​രി​ക്കും. എ​ന്നാ​ൽ മു​തി​ർ​ന്ന കു​ട്ടി​ക​ളി​ലെ ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത​യു​ടെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യോ സു​ഹൃ​ത്തു​ക്ക​ളു​മാ​യോ പ​ഠ​ന​വു​മാ​യോ ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​കും. പ്ര​ണ​യ ബ​ന്ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​രു​ന്ന പ്ര​ശ്ന​ങ്ങ​ൾ, വി​ഷാ​ദ​രോ​ഗം, ല​ഹ​രി ഉ​പ​യോ​ഗം തു​ട​ങ്ങി​യ​വ​യും കാ​ര​ണ​മാ​കാ​റു​ണ്ട്. (തുടരും)

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ.സു​ജി​ത് ബാ​ബു
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, മനഃ ശാസ്ത്രവി​ഭാ​ഗം, കേരള സർവകലാശാല, തിരുവനന്തപുരം.