കോവിഡ് ഭീതിയിലാണ് എല്ലാവരും. അതോടൊപ്പം മഴക്കാലം കൂടി എത്തുകയാണ്. ഇപ്പോള്‍ മഴക്കാലം എന്നത് രോഗങ്ങളുടെ കാലം കൂടിയാണ്. ഓരോ മഴക്കാലത്തും പുതിയ പുതിയ രോഗങ്ങള്‍. മഴക്കാലം എന്നു കേട്ടാല്‍ മനസില്‍ ആധിയുടെ കാര്‍മേഘം ഉരുണ്ടുകൂടുന്ന അവസ്ഥയാണ് ഇന്നുളളത്. അറിയാം മഴക്കാല രോഗങ്ങളെക്കുറിച്ച്...
പലതരം പനികള്‍
ഒരു പനിയെങ്കിലും വരാതെ ഒരു മഴക്കാലവും കടന്നു പോകുന്നില്ല. വൈറല്‍ ഫീവര്‍ മുതല്‍ കോളറ വരെയുള്ള രോഗങ്ങളാണു മഴക്കാലത്തു നമ്മെ കാത്തിരിക്കുന്നത്. അല്പം ശ്രദ്ധയും പരിസരശുചീകരണവുമൊക്കെ ഉണ്ടെങ്കില്‍ ഇത്തരം രോഗങ്ങളെ ഒരുപരിധിവരെ പടിക്കു പുറത്തു നിര്‍ത്താം.
പകര്‍ച്ചവ്യാധികള്‍
ഡെങ്കിപ്പനി, ഛര്‍ദി, അതിസാരം, കോളറ, ടൈഫോയ്ഡ്,മഞ്ഞപ്പിത്തം(ഹെപ്പറ്റൈറ്റിസ് എ), എലിപ്പനി, വൈറല്‍ പനി.
ഡെങ്കിപ്പനി
ഈഡിസ് കൊതുകുകളാണു ഡെങ്കിപ്പനിക്ക് കാരണം. കയര്‍, ചിരട്ട, പ്ലാസ്റ്റിക് കപ്പുകള്‍ തുടങ്ങിയവയില്‍ മഴവെള്ളം കെട്ടി നിന്നാണ് കൊതുകിന്റെ കൂത്താടികള്‍ പെരുകുന്നത്. ഡെങ്കിപ്പനി ഒരു തവണ വന്നവരില്‍ വീണ്ടും രോഗബാധ ഉണ്ടയാല്‍ അതു ഗുരുതരമായേക്കാം.
ലക്ഷണങ്ങള്‍
പെട്ടെന്നുണ്ടാകുന്ന കഠിനമായ പനി, ശക്തമായ നാഡി-സന്ധി വേദന, കണ്ണിനു പിന്നില്‍ വേദന, നടുവേദന, ശരീരവേദന, വിശപ്പില്ലായ്മ, ഛര്‍ദി, കണ്ണുകള്‍ക്കു താഴെ വേദന, സന്ധികളിലും മാംസപേശിയിലും വേദന എന്നിവയാണു ലക്ഷണങ്ങള്‍.
പരിഹാരമാര്‍ഗങ്ങള്‍
രോഗംബാധിച്ചവര്‍ വെള്ളം ധാരാളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളവും ഒആര്‍എസ് ലായനിയും കുടിക്കാം.
കൊതുകു നശീകരണമാണ് ഏറ്റവും മികച്ച രോഗപ്രതിരോധമാര്‍ഗം. പ്രതിരോധമരുന്ന് ഇല്ലാത്തതിനാല്‍ രോഗം വരാതെ സൂക്ഷിക്കണം.
ഡെങ്കിയുടെ വകഭേദങ്ങളായ ഹെമറേജിക് പനി, ഷോക്ക് സിന്‍ഡ്രോം എന്നിവ വന്നാല്‍ വിദഗ്ധ ചികിത്സ ആവശ്യമാണ്. കൊതുകിനെ നശിപ്പിക്കുകയും കൊതുകു കടി ഏല്‍ക്കാതെയും ശ്രദ്ധിക്കണം.
കോളറ
വിബ്രിയോ കോളറയാണ് രോഗം പരത്തുന്നത്. മലിനമാക്കപ്പെട്ട ഭക്ഷണ പദാര്‍ഥങ്ങളിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗം പകരുന്നത്. കുട്ടികള്‍ക്കാണു രോഗം പിടിപിടാനുള്ള സാധ്യത കൂടുതല്‍. പെട്ടെന്നു പടര്‍ന്നു പിടിക്കും.
ലക്ഷണങ്ങള്‍
കഠിനമായ വയറിളക്കമാണ് കോളറയുടെ പ്രധാന ലക്ഷണം. ശക്തമായ വയറിളക്കവും ഛര്‍ദിയും ഉണ്ടാക്കുന്ന നിര്‍ജലീകരണം മൂലം രോഗി പെട്ടെന്ന് ക്ഷീണിതനാകുന്നു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നതു മരണത്തിനിടയാക്കാം.
പ്രതിരോധ മാര്‍ഗങ്ങള്‍
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. കൃത്യസമയത്തു ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവഹാനി നേരിടാം. കോളറ ബാക്ടീരിയ ദീര്‍ഘനാള്‍ മനുഷ്യശരീരത്തില്‍ നിലനില്ക്കും. രോഗം ഭേദമായതിനു ശേഷം രണ്ടു മുതല്‍ മൂന്ന് ആഴ്ചകള്‍ വരെ രോഗാണുക്കള്‍ രോഗിയുടെ മലത്തില്‍ ഉണ്ടാകും. അതുകൊണ്ടു അക്കാലവും സൂക്ഷിക്കണം. ശുചിത്വത്തില്‍ ശ്രദ്ധിക്കുകയും വേണം. (തുടരും)
തയാറാക്കിയത്: സീമ മോഹന്‍ലാല്‍
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.കെ.എസ് അജയകുമാര്‍
മെഡിക്കല്‍ സൂപ്രണ്ട്, ഫാത്തിമ ഹോസ്പിറ്റല്‍, പെരുമ്പടപ്പ്, കൊച്ചി