മലർ വീണ്ടും വിരിയുന്നു
ഷിജീഷ് യു.കെ.

അടുത്ത കാലത്തൊന്നും മലയാളി ഇത്രമേൽ ഒരു ചലച്ചിത്ര നായികയിൽ ആകൃഷ്ടനായിട്ടില്ല. ശരിക്കു പറഞ്ഞാൽ പേരുപോലും അറിയില്ല. എങ്കിലും പ്രേമത്തിലെ നായികയുടെ മലർ എന്ന പേരും അഴകും ചുറുചുറുക്കും ഒത്തിണങ്ങിയ ആ തമിഴ് പെൺകൊടിയുടെ മുഖവും അവനെ അത്രമേൽ അനുരാഗ വിവശനാക്കുകയായിരുന്നു. ജോർജിയയിൽ എം.ബി.ബി.എസ് ചെയ്യുന്ന സായ്പല്ലവി എന്ന തമിഴ് പൊണ്ണാണ് പ്രേമത്തിലെ മലർ എന്നറിഞ്ഞത് സിനിമ പുറത്തിറങ്ങി നാളുകൾ പിന്നിട്ടതിനുശേഷം. ഇന്ന് മലർ എന്ന പെൺപദം പ്രേമത്തിന്റെ സർവനാമമാണ്. നാലുകോടി മുടക്കി പുറത്തിങ്ങിയ ഈ പ്രണയചിത്രം തൊണ്ണൂറ്റഞ്ചു കോടി കളക്ഷൻ നേടി മെഗാഹിറ്റായത് അഴകോലുന്ന മലരിന്റെ നായികാ സാന്നിധ്യത്തിന്റെ പിൻബലത്തിൽകൂടിയാണ്. രാഷ്ട്രദീപികയുടെ താളുകളിൽ ഒരിക്കൽക്കൂടി മലർ വിരിയുകയാണ്.

? പ്രേമം ഇത്ര വലിയ ഹിറ്റാകും എന്നു പ്രതീക്ഷിച്ചിരുന്നോ

ഒരിക്കലുമില്ല. ജോർജിയയിൽനിന്ന് രണ്ടുമാസത്തെ അവധിക്ക് ഇന്ത്യയിലെത്തിയപ്പോഴാണ് പ്രേമത്തിൽ അഭിനയിച്ചത്. ഒരു സാധാരണ സിനിമ. അഭിനയിക്കുമ്പോൾ അങ്ങനെയേ കരുതിയിരുന്നുള്ളു. സോഷ്യൽ മീഡിയയിലൂടെയാണ് പ്രേമം കേരളത്തിൽ തരംഗമായെന്നും മലർ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമാണെന്നും അറിഞ്ഞത്. നടിയാകും എന്നുപോലും വിചാരിച്ചിരുന്നില്ല. ഒരു സ്വപ്നംപോലെ തോന്നുന്നു പ്രേമം സിനിമയും അതിലെ മലരുമെല്ലാം.

? ഒരു തമിഴ് നടി കേരളത്തിൽ ഇത്രയും അംഗീകാരം നേടുന്നത് ആദ്യമായിട്ടാണ്.

ഫേസ്ബുക്കും വാട്ട്സാപ്പുമെല്ലാം മലരിനെ ആഘോഷിക്കുകയാണ്. ശരിക്കും അദ്ഭുതം തോന്നുന്നു. ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് ഞാൻ. ആയിരക്കണക്കിനു മെസേജുകൾ. എല്ലാറ്റിലും മലർ ഐ ലവ് യു എന്ന വാചകം. പ്രായമായവർ പോലും കുട്ടീ നീ പ്രണയനായികയായി ഗംഭീരമായി അഭിനയിച്ചിരിക്കുന്നു എന്നു പറഞ്ഞുകേൾക്കുമ്പോൾ ശരിക്കും വിസ്മയഭരിതയാകുന്നു. ഇനിയും അഭിനയിക്കണമെന്ന് മലയാളി പ്രേക്ഷകർ നിരന്തരം ആവശ്യപ്പെടുന്നു. അവരോടു പറയാനുള്ളത് നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ ഇനിയും അഭിനയിക്കുമെന്നാണ്.

? എന്തുകൊണ്ട് മെഡിസിൻ പഠനവിഷയമായി തെരഞ്ഞെടുത്തു

സിനിമ എല്ലാ കാലത്തും ഒപ്പമുണ്ടാവില്ല. അപ്പോൾ ജീവിക്കാൻ ഒരു പ്രൊഫഷൻ കൂടെയുണ്ടാവണം. ദിനംപ്രതി നൂറുകണക്കിന് നായികമാരാണ് സിനിമയിലെത്തുന്നത്. അവരോടെല്ലാം മത്സരിച്ച് ഈ മേഖലയിൽ പിടിച്ചുനിൽക്കുക എന്നതു ദുഷ്കരമാണ്. ഇന്നു കാണുന്നവനെ നാളെ കാണാത്ത സിനിമയെ കണ്ണടച്ചു വിശ്വസിക്കാൻ ഞാൻ തയാറല്ല. അതുകൊണ്ടുതന്നെ വൈദ്യശാസ്ത്ര പഠനം വിജയകരമായി പൂർത്തീകരിക്കുകയാണ് ആദ്യത്തെ ലക്ഷ്യം.

? പ്രേമത്തിൽ നായികയായത് എങ്ങനെയാണ്

അൽഫോൻസ് പുത്രന്റെ മനസിൽ അഞ്ചുവർഷം മുമ്പുതന്നെ പ്രേമത്തിന്റെ ഫുൾ സ്ക്രിപ്റ്റ് പൂർത്തിയായിരുന്നു. ഫേസ്ബുക്കിൽ എന്റെ പ്രേമത്തിലെ മലർ നീയാണെന്നും പറഞ്ഞ് അദ്ദേഹം മെസേജ് ചെയ്തിരുന്നു. ആരോ കളിയാക്കുകയാണെന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നെ എന്വേഷിച്ച് വീട്ടിലേക്ക് അൽഫോൻസ് പുത്രൻ വിളിച്ചിരുന്നു. ആളറിയാതെ അമ്മയും അദ്ദേഹത്തെ വഴക്കുപറഞ്ഞു. പിന്നീടാണ് യാഥാർഥ്യം മനസിലാക്കിയത്. നേരം എന്റെ പ്രിയ സിനിമയാണ്. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ വല്ലാത്തൊരു ഫ്രീഡമുണ്ട്. പ്രേമത്തിലുടനീളം ജസ്റ്റ് ബിഹേവ് ചെയ്യുക മാത്രമായിരുന്നു ഞാൻ. പ്രേമംകണ്ട് മലരിനെ ഏവരും ഇത്രമാത്രം പുകഴ്ത്ുമ്പോൾ അമ്മ അതിശയം കൊള്ളാറുണ്ട്. ഇത്രമാത്രം പ്രശംസിക്കാൻ നീ പ്രേമത്തിൽ അഭിനയിച്ചിട്ടേയില്ലല്ലോ എന്നാണ് അമ്മയുടെ ചോദ്യം.


? പഠിക്കാൻ മിടുക്കിയാണെന്നു കേട്ടു

നോട്ട് ബാഡ്. അച്ഛനും അമ്മയ്ക്കും മകളെ ഡോക്ടറായി കാണാൻ അതിയായ ആഗ്രഹം. പത്തുവയസിലാണ് ഡോക്ടർ പ്രൊഫഷന്റെ മഹത്വം പറഞ്ഞ് എന്നിലും അവരുടെ ആഗ്രഹം കുത്തിവയ്ക്കുന്നത്. അതിൽപിന്നെ ഓരോ ക്ലാസിലും നന്നായി പഠിച്ചു. പത്താംതരത്തിന്റെ തുടക്കത്തിൽ ലേശം ഒന്ന് ഉഴപ്പിയെങ്കിലും അതിവേഗം തിരുത്തി നല്ല മാർക്കോടെ പാസായി. ജോർജിയയിൽ പോയതും മാതാപിതാക്കളുടെ ഇഷ്ടപ്രകാരംതന്നെയാണ്.

? മലരിനെ തേടി അവസരങ്ങളുടെ പെരുമഴയാണല്ലോ

അവസരങ്ങൾ ഒട്ടേറെ വരുന്നുണ്ട്. പക്ഷേ, പഠനത്തിനാണ് ഇപ്പോൾ പ്രാധാന്യം. അതുകഴിഞ്ഞിട്ടേ അഭിനയമുള്ളു. അതേസമയം അത്രമേൽ മോഹിപ്പിക്കുന്ന വേഷമാണെങ്കിൽ നോ പറയുകയുമില്ല.

? മലർ എന്ന കഥാപാത്രം സായ്പല്ലവിക്കുവേണ്ടി മാത്രം സൃഷ്ടിച്ചതാണെന്നു കേൾക്കുന്നു

ആറുവർഷം മുമ്പാണ് അൽഫോൻസുമായി പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ സിനിമയിൽ ഞാനുണ്ടാവണമെന്ന് അൽഫോൻസ് ആഗ്രഹിച്ചിരുന്നു. മലർ എന്ന കഥാപാത്രത്തെ എനിക്കു നൽകാമെന്ന് അദ്ദേഹം ചിന്തിച്ചത് സിനിമയുടെ ഡിസ്കഷൻ വേളയിലാണ്. പ്രേമത്തിലെ ഏതു കഥാപാത്രത്തെയും ഞാൻ സ്വീകരിക്കുമായിരുന്നു. കാരണം എല്ലാവർക്കും വ്യക്‌തിത്വമുണ്ടെന്നതുതന്നെ.

? നിവിൻ പോളിയോടൊപ്പമുള്ള അഭിനയം

വണ്ടർഫുൾ ആക്ടറാണ് നിവിൻ. അടുത്ത സൂപ്പർ സ്റ്റാറായി മലയാള സിനിമ അദ്ദേഹത്തെ കൊണ്ടാടുകയാണ്. മറ്റു നടന്മാരിൽനിന്ന് വ്യത്യസ്തമായി ലാളിത്യമുള്ള അഭിനയത്തിലൂടെ ഹൃദയത്തിൽ പെട്ടെന്നു ചേക്കേറാൻ നിവിൻ പോളിക്ക് കഴിയുന്നു. പ്രേമത്തിന്റെ ഷൂട്ടിംഗ് തീരുന്നതുവരെ എന്നെ മലർ എന്ന കഥാപാത്രമായി മാത്രമാണ് നിവിൻ കണ്ടത്. വിളിപോലും മലരേ എന്നായിരുന്നു. നായകന്റെ ജാഡ തൊട്ടുതീണ്ടാത്ത അദ്ദേഹത്തിന്റെ ഇടപഴകലാണ് മലർ എന്ന കഥാപാത്രം നന്നാവാനുള്ള ഒരു കാരണം.

? പ്രേമത്തിലെ മറ്റു നായികമാരെക്കുറിച്ച്

അനുപമ പരമേശ്വരനുമായി എനിക്കു കോമ്പിനേഷൻ ഇല്ല. സിനിമയുടെ പ്രമോ വർക്കിനിടയിലാണ് തമ്മിൽ കാണുന്നത്. മികച്ച അഭിനേത്രിയാണ് അനുപമ. ഞങ്ങളിപ്പോൾ ചേച്ചി– അനിയത്തിമാരെപ്പോലെയാണ്. പ്രേമത്തിലെ മറ്റൊരു നായിക മഡോണയാണ്. അവളുമായി ഇപ്പോഴും ഫോണിൽ ബന്ധപ്പെടാരുണ്ട്.

? ധനുഷ് നായകനാകുന്ന തമിഴ് പ്രേമത്തിൽ സായ്പല്ലവിയുമുണ്ടോ

പ്രേമം തമിഴിൽ എടുക്കുന്നുവെന്നും ധനുഷാണ് നായകനെന്നും ഞാനും കേട്ടിട്ടുണ്ട്. പക്ഷേ, മലർ ടീച്ചറെ അവതരിപ്പിക്കാൻ ഇതുവരെ എന്നെ വിളിച്ചിട്ടില്ല. ഓഫർ വന്നാൽ അഭിനയിക്കുമോ എന്ന കാര്യത്തിലും തീരുമാനമെടുത്തിട്ടില്ല.

? സായ്പല്ലവിയെ ബന്ധപ്പെടാൻ വലിയ പാടാണ്

ജോർജിയയിൽ ആയതാണ് കമ്യൂണിക്കേഷൻ പ്രോബ്ലങ്ങളുണ്ടാക്കുന്നത്. അല്ലാതെ ഒറ്റ സിനിമകൊണ്ട് സായ്പല്ലവി അഹങ്കാരിയായി എന്നൊന്നും കരുതരുതേ. പിന്നെ പഠനത്തിന്റേതായ തിരക്കുകൾ വേറേ.