ഇന്ദിരയെയും ബിജെപി നോട്ടമിടുന്നോ?
Sunday, November 3, 2019 12:01 AM IST
ഒക്ടോബർ 31 ഭാരതചരിത്രത്തിലെ രണ്ടു പ്രമുഖ നേതാക്കളുടെ ഓർമദിനമാണ്. ഭാരത്തിലെ ഉരുക്കു മനുഷ്യൻ എന്ന് അറിയപ്പെടുന്ന സർദാർ വല്ലഭ്ഭായി പട്ടേലിന്റെയും ഉരുക്കു വനിത എന്ന് അറിയപ്പെടുന്ന ഇന്ദിരാഗാന്ധിയുടെയും. 1875 ഒക്ടോബർ 31 ന് പട്ടേൽ ജനിച്ചു.1984 ഒക്ടോബർ 31ന് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു.
സർദാർ പട്ടേലും കോണ്ഗ്രസും
നവഭാരത ശില്പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ സ്ഥാനത്തും അസ്ഥാനത്തുമെല്ലാം കുറ്റം പറയുന്ന ഭാരതീയ ജനതാ പാർട്ടി സർദാർ വല്ലഭ്ഭായി പട്ടേലിനെ ബിജെപി സ്വന്തമാക്കിയ മട്ടാണ്. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിലും മറ്റും അദ്ദേഹം കാണിച്ച കർക്കശ നിലപാടുകളാണ് ഭാരതീയ ജനതാ പാർട്ടിക്കാർ അദ്ദേഹത്തെ ഏറെ ഉയർത്തിക്കാട്ടുന്നതിനുള്ള താത്വിക കാരണമായി ചിത്രീകരിക്കുന്നത്.
പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ദേശീയ ഐക്യദാർഢ്യ ദിനമായി പ്രഖ്യാപിച്ച സർക്കാർ 2018 ഒക്ടോബർ 31 ന് ഗുജറാത്തിൽ നർമദാ തീരത്ത് 2063 കോടിരൂപ മുടക്കി 597 അടി ഉയരമുള്ള പട്ടേൽ പ്രതിമ സ്ഥാപിക്കുകയും ചെയ്തു.
ബിജെപിയുടെ ഈ ആദരവിനെ പരിഹസിക്കാൻ പ്രിയങ്ക ഗാന്ധി മറന്നില്ല. വിശ്വസ്ഥനായ കോണ്ഗ്രസുകാരനായിരുന്ന പട്ടേലിനു ബിജെപി കൊടുക്കുന്ന ആദരത്തിൽ തനിക്കു സന്തോഷമുണ്ടെന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം. നെഹ്റുവിന്റെ കൂടെ ഉപപ്രധാനമന്ത്രിയായിരുന്ന പട്ടേൽ ബിജെപിക്കാരുടെ ആദർശബാങ്കായ ആർഎസ്എസിന്റെ ബദ്ധശത്രുവായിരുന്നു എന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ഉരുക്കുവനിത
പട്ടേൽദിനം മറന്ന് കോണ്ഗ്രസുകാർ കൂടുതൽ ആവേശത്തോടെ ഇന്ദിരയുടെ ചരമദിനം ആചരിച്ചു. പട്ടേലിന്റെ സമീപനങ്ങളാണ് ബിജെപിക്ക് അദ്ദേഹത്തെ സ്വീകര്യനാക്കിയത് എന്ന പ്രചാരണം ശരിയാണെങ്കിൽ അധികം വൈകാതെ ഇന്ദിരാഗന്ധിയും അവരുടെ പോസ്റ്ററുകളിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്.
ഇന്ത്യയിലെ ഉരുക്കുവനിത എന്നോ അവരുടെ കാബിനറ്റിലെ ഏക പുരുഷൻ എന്നോ ഒക്കെ വരെ അനുയായികളും വിമർശകരും ചിത്രീകരിച്ചിട്ടുള്ള ഇന്ദിരയുടെ സമീപനങ്ങളാണല്ലോ അവരെ എതിർക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ബിജെപി പിന്തുടരുന്നത്. ഭരണവും ഭരണഘടനയും ഭരണസംവിധാനങ്ങളും ഭരണത്തുടർച്ചയ്ക്കായി ഫലപ്രദമായി ദുരുപയോഗിച്ച നേതാവായിരുന്നു ഇന്ദിര എന്നു ചരിത്രം. അതിന്റെ ഉദാഹരണമാണല്ലോ ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കിയ 1975 ലെ അടിയന്തരാവസ്ഥ. ഇന്ദിര ഗാന്ധി ഭരണഘടന ഉപയോഗിച്ച് നടത്തിയ കടന്നുകയറ്റങ്ങൾ ഇന്നു ഭരണഘടനയെ മാപ്പുസാക്ഷിയാക്കി ബിജെപി ചെയ്യുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ വരെ വരുതിക്കുനിർത്താൻ അവർ ശ്രമിച്ചതിന്റെ കഥകൾ നിരവധിയുണ്ട്. ഇന്നു ബിജെപി കൂടുതലായി അനുകരിക്കാൻ ശ്രമിക്കുന്നത് ഇന്ദിരയുടെ ഈ രീതികളാണ്.
ഏകാധിപത്യ ശൈലി
കോണ്ഗ്രസ് പാർട്ടിയെ ഏകാധിപത്യ പരമായ ശൈലിയിൽ എത്തിച്ചതും അവരാണ്. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിനിർണയം അടക്കം എല്ലാക്കാര്യത്തിലും അവർക്കായി അവസാനവാക്ക്. തെരഞ്ഞെടുക്കപ്പെട്ട പദവികളും സമിതികളും ഇല്ലാതായി. എല്ലാം അവരുടെ തീരുമാനങ്ങളായി. പാർട്ടി പ്രവർത്തകർക്ക് അനുസരിക്കുക എന്ന കടമ മാത്രം. അതു കൊണ്ടു മുഖസ്തുതിക്കാർ കാര്യക്കാരായി. ഇന്ദിരയാണ് ഇന്ത്യ എന്നു പറഞ്ഞത് ഡി.കെ. ബറുവ എന്ന കോണ്ഗ്രസ് അധ്യക്ഷനായിരുന്നു.
രാഷ്ട്രപതി സ്ഥാനത്തേക്കു നിയോഗിക്കപ്പെട്ട ഒരാൾ പറഞ്ഞത് അവർ ചൂലെടുത്തു തന്നോടു തൂത്തുവാരാൻ പറഞ്ഞാൽ താൻ അതും ചെയ്യും എന്നാണ്. സാധാരണ പ്രവർത്തകർക്ക് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട കാര്യം ഇല്ലാതായി.
ജനക്ഷേമകരമായ പ്രവൃത്തികൾ കൊണ്ടും സൗന്ദര്യം കൊണ്ടുപോലും ഇന്ദിര ഇന്ത്യക്കാരുടെ മനം കവർന്നിട്ടുണ്ട് എന്നതു സത്യം. ഇന്നും മുതിർന്ന തലമുറക്കാർ പലരും അവരെ തേജോ വിഗ്രഹം പോലെ മനസിൽ കൊണ്ടുനടക്കുന്നു.
ഇന്ദിര കാണിച്ച സ്വോച്ഛാധിപത്യ വഴികളാണു പിന്നീടു സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളിൽ കണ്ടത്. തമിഴ്നാട്ടിലെ ജയലളിതയും കരുണാനിധിയും സ്റ്റാലിനും ബംഗാളിലെ മമതയും ഉത്തർപ്രദേശിലെ മായാവതിയും ആന്ധ്രായിലെ എൻടിആറും ചന്ദ്രബാബു നായിഡുവും ഇപ്പോൾ ജഗനും തെലുങ്കാനയിലെ ചന്ദ്രശേഖര റാവുവും കാഷ്മീരിലെ ഫറൂക്കുമെല്ലാം ആ ശൈലി തന്നെ തുടരുന്നു. ദേശീയ പാർട്ടികളിൽ പോലും പ്രദേശിക നേതാക്കൾ ശക്തരാകുന്നു.
പ്രാദേശിക നേതാക്കൾ
പ്രാദേശിക നേതാക്കൾ ഇല്ലാത്തിടത്തു പാർട്ടി ഇല്ലാതാകുന്നു. മധ്യപ്രദേശും രാജസ്ഥാനും കർണാടകയും ഇപ്പോൾ ഹരിയാനയും മഹാരാഷ്ട്രയും എല്ലാം പഠിപ്പിച്ചത് പ്രാദേശിക നേതൃത്വം ശക്തമായാലേ കോണ്ഗ്രസ് ബലപ്പെടൂ എന്നാണ്. അതായത് ഇന്ദിര തുടങ്ങിവച്ച ശൈലി മാറ്റണമെന്ന്. മുത്തശിയെപ്പോലെ ആകാൻ തനിക്കാവില്ലെന്ന പ്രിയങ്കയുടെ വാക്കുകൾ നല്ല സൂചനയാണ്. ഇക്കുറി നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ദേശീയ നേതാക്കൾ ഒന്നും ചെയ്തതേ ഇല്ല. പ്രാദേശിക നേതാക്കൾ തന്നെ പട നയിച്ചു. സ്ഥിതി മെച്ചപ്പെട്ടു. പ്രാദേശിക നേതാക്കൾ പക്ഷേ പാർട്ടിക്കു വിധേയരാകണം.
എത്ര സമർഥനായ നേതാവും തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിടത്തുനിന്നു മത്സരിക്കുന്നതു പോലുള്ള സംഭവങ്ങൾ ഒഴിവാക്കണം. രണ്ടു തെരഞ്ഞെടുപ്പു കഴിഞ്ഞ് പാർട്ടിയുടെതന്നെ വേറൊരു സ്ഥാനാർഥിയെ വിജയിപ്പിക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനംകൂടി ഉപയോഗപ്പെടുത്തണം. അല്ലെങ്കിൽ ജയിച്ച നേതാക്കന്മാർ പറയുന്നത് പാർട്ടി അനുസരിക്കേണ്ടി വരും.
വർഷങ്ങളായി ഓരോ നേതാക്കൾ വച്ച് അനുഭവിച്ചു പോന്ന മണ്ഡലങ്ങൾ കൈവിട്ടത് അതുകൊണ്ടു കൂടിയാണ്. പ്രാദേശിക തലത്തിൽ പാർട്ടി സജീവമാകണം. ഇക്കുറി വട്ടിയൂർക്കാവിൽ 25 വോട്ടിന് ഒരാൾ വച്ച് സിപിഎം പ്രവർത്തകർ രംഗത്തുണ്ടായിരുന്നു. അതാണ് പാർട്ടി പ്രവർത്തനത്തിന്റെ ശൈലി.
ഇന്ദിരയുടെ രീതികൾ സ്വന്തമാക്കുന്ന ബിജെപി കണ്ടുപഠിച്ചാൽ നല്ലത്. കൂടെ ഉണ്ടെന്നു കരുതുന്ന ജനം ഒഴുകിപ്പോകാൻ ഏറെക്കാലം വേണ്ട. മൂന്നിൽരണ്ടു ഭൂരിപക്ഷവുമായി ലോക്സഭയിൽ എത്തിയ നേതാവായിരുന്നു രാജീവ് ഗാന്ധി.
പോലീസ് അപമാനങ്ങൾ
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പോലീസുകാർ ജീവൻ എടുക്കുന്നവരാകുന്നതിന്റെ കഥകൾ കൂടുതലാവുകയാണ്. അടുത്തകാലത്ത് അട്ടപ്പാടിയിൽ നാലു മാവോയിസ്റ്റുകൾ മരിക്കാൻ ഇടയായത് ഏറ്റുമുട്ടലിലല്ല മനഃപൂർവമായ കൊലയായിരുന്നു എന്ന നിലപാട് ശക്തമാവുകയാണ്. ഭരണകക്ഷിയിലെ സിപിഐതന്നെ പോലീസിനെതിരേ രംഗത്തുണ്ട്. പ്രതിപക്ഷവും ഇതേ നിലപാടിലാണ്.
എന്നാൽ, ബിജെപി സർക്കാരിനു ശക്തമായി പിന്തുണ കൊടുക്കുകയാണ്. പണ്ട് ഇഎംഎസ് പറഞ്ഞു, കേരളത്തിലെ ഒരു പ്രത്യേക പത്രം എന്നെ പിന്താങ്ങിയാൽ എനിക്ക് എന്താണ് പിശകു സംഭവിച്ചത് എന്ന് ഞാൻ ആലോചിക്കുമെന്ന്. ബിജെപി പിന്താങ്ങുമ്പോൾ പിണറായിയും അങ്ങനെ ചിന്തിക്കുന്നതു നല്ലതാവും.
മാവോയിസ്റ്റുകളാണ് ഭാരതത്തിലെ ഏറ്റവും വലിയ ആഭ്യന്തര ഭീഷണി എന്ന് 2006 ൽ പറഞ്ഞത് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗാണ്. 2004 ൽ മവോയിസ്റ്റ് പാർട്ടി ഉണ്ടായ കാലം മുതൽ ഇന്നു വരെ അവർ 16,000 പേരെ വധിച്ചിട്ടുണ്ട് എന്നാണ് കണക്ക്. അതിനു മറുപടി പോലീസ് കൊലപാതകങ്ങൾ അല്ല.
നിയമം നിശ്ചയിച്ചിട്ടുള്ള നടപടിക്രമത്തിലൂടെ അല്ലാതെ ആരുടെയും ജീവൻ എടുക്കാൻ ഇന്നും അവകാശമുള്ള നാടല്ല ഇന്ത്യ. നീതി പാവങ്ങൾക്കു നിഷേധിക്കപ്പെടുന്നു എന്ന വികാരം ശക്തമാവുന്ന ഒരു സമൂഹത്തിൽ ഒന്നോ രണ്ടോ നേതാക്കളെ വധിച്ചതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പടില്ലല്ലോ.
വയനാട്ടിൽ വച്ച് വ്യാജ ഏറ്റുമുട്ടലിൽ വർഗീസ് വധിക്കപ്പെട്ട സംഭവം പിൽക്കാലത്തു കൈവരിച്ച പരിണാമം പാഠമാകണം. അന്നു നക്സൽ വർഗീസിനെ വെടിവച്ചു കൊല്ലാൻ നിയുക്തനായ രാമചന്ദ്രൻ നായർ എന്ന പോലിസുകാരൻ മനഃസാക്ഷിക്കടി മൂലം വെളിപ്പെടുത്തുകയും 1998 ൽ കേരള ഹൈക്കോടതി സിബിഐയോട് ഈ കേസ് അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 1970 ൽ സംഭവത്തിന് നേതൃത്വം കോടുത്ത പോലീസ് ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ലക്ഷ്മണ പടിപടിയായി ഉയർന്ന് ഐജി പദവിയിലെത്തി വിരമിച്ചെങ്കിലും കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായി. അദ്ദേഹത്തിനു പരമാവധി ശിക്ഷ, അതായതു വധശിക്ഷ, കൊടുക്കണം എന്നായിരുന്നു സർക്കാരിന്റെ അഭിഭാഷകൻ വാദിച്ചത്.
കോടതി ജീവപര്യന്തം തടവിന് വിധിച്ചപ്പോൾ ലക്ഷമണയ്ക്ക് 75 വയസുണ്ടായിരുന്നു. നക്സലുകളെ അടിച്ചമർത്തുക എന്നതല്ലാതെ ലക്ഷ്മണയ്ക്കു വ്യക്തിപരമായ ഒരു വിരോധവും അന്നു വർഗീസിനോട് ഉണ്ടായിരുന്നില്ല. അത്തരത്തിലുള്ള പരിണാമം നിരപരാധികളുടെ കൊലയ്ക്ക് ഉണ്ടാകണം.
വാളയാറിലെ പീഡനക്കേസിലെ പ്രതികളെ വിടുവിച്ച പോലീസ് അന്വേഷണവും അപമാനകരമായി.
വിദ്യാർഥി രാഷ്ട്രീയം
എല്ലാ കാമ്പസുകളെയും കലാപഭൂമിയാക്കാൻ സർക്കാർ മുന്നോട്ടുവരുന്നത് അപകടകരമാണ്. യൂണിവേഴ്സിറ്റി കോളജ് പോലെ കേരളത്തിലെ എല്ലാ കാന്പസും എത്തിക്കാനുള്ള ശ്രമം നാളെയോട് ചെയ്യുന്ന വലിയ പാതകമാണ്. അവിടത്തെ കൊലക്കേസ് പ്രതികളും പോലീസ് അനാസ്ഥകൊണ്ട് ജയിൽ വിമുക്തരായി. എന്നിട്ടും പറയുന്നു നല്ല പോലീസ് ഭരണമാണെന്ന്.
ഓരോ നിയമനിർമാണത്തിനു മുന്നിലും എന്തെങ്കിലും സാമൂഹിക ആവശ്യം ഉണ്ടാവാറുണ്ട്. കാന്പസുകളെ കലാപഭൂമിയാക്കുന്നതിനു പിന്നിൽ എന്താവുമോ സർക്കാർ ലക്ഷ്യം?
ഇനി ഒരു നിയമംകൂടി വേണം. പരീക്ഷ ഒന്നും വേണ്ട. മന്ത്രിമാരുടെ ഓഫീസിൽ നിന്നു മാർക്കിടും. ജലീലിന്റെ മാതൃക നിയമപരമാക്കണം. അല്ലെങ്കിലും അദ്ദേഹം ചെയ്യും. വരാനിരിക്കുന്നവർക്ക് അത്രയും വിവരം ഉണ്ടായില്ലെങ്കിലോ?
അനന്തപുരി/ദ്വിജൻ