മാറ്റുവിൻ ചട്ടങ്ങൾ (കാരൂർ സോമൻ)
മാറ്റുവിൻ ചട്ടങ്ങൾ (കാരൂർ സോമൻ)
രാത്രിയുടെ നിശ്ശബ്‌ദതയിൽ അനാഥാലയത്തിൽ കഴിയുന്ന പന്ത്രണ്ടു വയസ്സുള്ള ആനന്ദൻ വിറങ്ങലിച്ച മിഴികളോടെ ഞെട്ടിയുണർന്നു. കൺനിറയെ ജ്വലിക്കുന്ന കണ്ണുകളുള്ള കാട്ടുനായ്ക്കൾ. അതിന്റ വായിൽനിന്ന് രക്തം പ്രവഹിക്കുന്നു. അടുത്തുകൂടി കഴുകൻ ചിറടിച്ചു പറക്കുന്നു. വിയർപ്പുകണങ്ങൾ പൊടിഞ്ഞു നിന്നു. നാവ് വറ്റിവരണ്ടു. ചുണ്ടുകൾ വരണ്ടുണങ്ങി. വീർപ്പുമുട്ടൽ അനഭവപ്പെട്ടു. അടുത്തുള്ള കട്ടിലിൽ അനാഥകുട്ടികളുറങ്ങുന്നു.

നിറകണ്ണുകളോടെ അച്ഛൻ അച്യുതനും അമ്മ കമലവും തീയിൽ പിടഞ്ഞു വെന്തെരിഞ ഭീകര ദ്ര്യശ്യം മനസ്സിൽ നിന്ന് മായുന്നില്ല. ഉറങ്ങാൻ കഴിയാതെ ആ ദ്ര്യശ്യം തന്നെ തുറിച്ചുനോക്കുന്നു. ഈ കാട്ടുനായ്ക്കളെപോലെയാണ് കോപാകുലരായ കാക്കിപ്പട മാതാപിതാക്കളെ വേട്ടയാടിയത്.

മൂന്ന് സെന്‍റ് പുറമ്പോക്കിൽ ഒരു കുടിലുകെട്ടി പത്തുവർഷങ്ങൾ താമസിച്ചു. ഹ്രദയാഭിലാഷം പൂർത്തീകരിച്ച നാളുകൾ. കൂലിവേലക്കാരായ മാതാപിതാക്കൾ പരമാവധി കഠിനാധ്വാനം ചെയ്താണ് തനിക്കൊപ്പം ഇളയ സഹോദരിയെ വളർത്തിയത്. അടുത്തൊരു വൻകിട മുതലാളി കുന്നുകൾ വെട്ടി നിരത്തി കാടിനോട് ചേർന്ന് വലിയൊരു റിസോർട് ആരംഭിച്ചു.

അത് അധികാരികൾക്ക് പണം കൊടുത്തുണ്ടാക്കിയതെന്ന് പലരും പറഞ്ഞു. കാട്ടിലെ കടുവക്കും നാട്ടിലെ കടുവക്കും ഈ കുടിൽ ഒരധികപ്പറ്റായി. മുതലാളി നിയമനടപടികൾ തുടങ്ങി. കുടിലൊഴിപ്പിക്കാൻ കോടതി വിധി സമ്പാദിച്ചു. പോലീസ് വന്നത് മാറ്റിപാർപ്പിക്കാനല്ല കുടിലിൽ നിന്ന് ഇറക്കിവിടാനാണ്. ആട്ടിയിറക്കാൻ വന്ന പൊലീസിന് മുന്നിൽ അച്യുതനും ഭാര്യയും പെട്രോൾ ഒഴിച്ച് തീപ്പെട്ടിയുരച്ചു നിന്നു. കുട്ടികൾക്ക് ആ കാഴ്ച്ച നിസ്സഹായം കണ്ടുനില്ക്കാനേ സാധിച്ചുള്ളൂ. പോലീസ് ശകാരം തുടർന്നു.


സമചിത്തതയില്ലാത്ത പോലീസ് ഉറഞ്ഞുതുള്ളികൊണ്ട് അടുത്തേക്ക് വന്ന നിമിഷങ്ങളിൽ തീ ആളിക്കത്തി. അവർക്ക് ഒന്നുമാത്രമേ പറയാനുണ്ടായിരിന്നുള്ളൂ.
"കോടതി വിധി നടപ്പാക്കണം". ശരീരം വിറച്ചും തൊണ്ട ഇടറിയും കിതച്ചും അച്ചന്റെ അവസാന വാക്കുകൾ ഓർത്തു.

"ഞങ്ങളും ഈ മണ്ണിന്‍റെ അവകാശികളാണ്. പാർപ്പിടം മൗലിക അവകാശമാണ്".

ആ വാർത്ത നാട്ടുകാരെ ഭ്രാന്തുപിടിപ്പിച്ചു. ഭരണാധിപന്മാരെ കുറ്റപ്പെടുത്തി. സമചിത്തത, കരുണ, അനുകമ്പയില്ലാത്ത പോലീസ് പരാക്രമങ്ങളെ ബുദ്ധിജീവികൾ വിമര്ശിച്ചു. മനുഷ്യർക്ക് രക്ഷയും തണലും നൽകുന്ന, ഭുമിയില്ലാത്തവന് ഭൂമിയും വീടില്ലാത്തവന് വീടും നൽകുന്ന നിയമങ്ങളാണ് വേണ്ടത്. കുടിയൊഴിപ്പിക്കലല്ല പരിഹാരം മാറ്റിപാർപ്പിക്കലാണ് വേണ്ടത്. രണ്ട് കുട്ടികളെ അനാഥരാക്കിയവർ ആരാണ്?

ആനന്ദൻ കട്ടിലിലേക്ക് തളർന്നു കിടന്നു. അനുജത്തി രശ്മി അവൾ ഉറങ്ങുന്നുണ്ടോ? മുന്നിൽ ശൂന്യത മാത്രം. മനസ്സിൽ വേദനകൾ ഉരുണ്ടുകൂടി. പുറത്തെ കൂരിരുട്ടിൽ മഞ്ഞുതുള്ളികൾ പെറ്റുപെരുകി. ആനന്ദിന്‍റെ മിഴികൾ നിറഞ്ഞൊഴുകി. കണ്മുന്നിൽ മാതാപിതാക്കളുടെ മാംസം വറ്റിക്കരിഞ്ഞപ്പോൾ ശ്വാസം നിന്നതുപോലെയായിരിന്നു. ഭൂമിക നഷ്ടപ്പെട്ട ആനന്ദിന്‍റെ സിരകൾ ത്രസിച്ചു. പോലീസിന് നേരെ അവനുയർത്തിയ ചുണ്ടുവിരലുകൾ കാലത്തിന്റ അടയാളമായി മാറുകയായിരിന്നു

useful_links
story
article
poem
Book