പത്രോസിന്‍റെ അമ്മയും മലയാളിയും
പത്രോസിന്‍റെ അമ്മയും മലയാളിയും
ജോസഫ് ജോൺ കാൽഗറി

പത്രോസ് , യേശുവിന്‍റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഏറ്റവും പ്രിയപ്പെട്ടവൻ. (എന്നിട്ടുകൂടി പത്രോസ് ഒരവസരത്തിൽ കർത്താവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞിരുന്നു. പത്രോസിനു ഏതെങ്കിലും മലയാളി കൂട്ടുകാരൻ ഉണ്ടായിരുന്നിരിക്കാം, അല്ലേലും ഈ സ്വന്തം കാര്യം കഴിഞ്ഞാൽ തള്ളിപ്പറയാത്ത , മറ്റുള്ളവനെക്കുറിച്ചു ഭോഷ്ക് പറയാത്ത ഏതു മലയാളിയെ കാണാൻ കിട്ടും)

അങ്ങനെ യേശു തന്‍റെ പരസ്യ ജീവിതവും കഴിഞ്ഞ് അന്നത്തെ മഹാ പുരോഹിതന്മാരുടെ കള്ളപ്രചാരണം മൂലം അന്നത്തെ ഭരണാധികാരികളെക്കൊണ്ട് ക്രൂശിൽ തറച്ച് മരിച്ച് മൂന്നാം നാൾ ഉയർത്തെഴുന്നേറ്റിട്ട് വീണ്ടും കുറെ നാൾ ഈ ഭൂമിയിൽ വസിക്കുകയും ഇടയ്ക്കിടെ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുകയും ചെയ്ത്, നാൽപ്പത്തൊന്നാം ദിവസം ഉടലോടെ സ്വർഗത്തിലേക്ക് കരേറി എന്നാണ് ലോകത്തിലെ എല്ലാ ക്രൈസ്തവരും വിശ്വസിക്കുന്നത്..

കാലം കുറെ കടന്നു പോയപ്പോൾ കർത്താവിനു ഒരാഗ്രഹം തന്‍റെ ശിഷ്യനായ പത്രോസിനെ ഉടലോടെ സ്വർഗത്തിലേക്ക് കൊണ്ട് പോരണം എന്ന്. ഈ കാര്യം കർത്താവ് പത്രോസിന്റെ അടുത്ത് പറയുമ്പോൾ സന്തോഷം കൊണ്ട് പത്രോസ് തുള്ളിചാടുമെന്നാണ് കർത്താവ് ചിന്തിച്ചിരുന്നത്. എന്നാൽ ഫലം മറിച്ചായിരുന്നു.

''കർത്താവേ.., ഞാൻ ഒറ്റയ്ക്കായിട്ട് ഉടലോടെ സ്വർഗത്തിലേക്ക് വരുന്നില്ല, എന്‍റെ കുടുംബത്തിലെ എല്ലാവരെയും കൊണ്ട് വരുകയാണെങ്കിൽ ഞാനും വരാം.''

ഇത് കേട്ടപ്പോൾ കർത്താവ് അത് അംഗീകരിച്ചു. ഒരു ഉപാധിയോടെ !

'' അടുത്ത ഞായറാഴ്ച നിങ്ങൾ കുടുംബമായി ഗലീലിയോ കടപ്പുറത്തു വന്നു നിൽക്കണം. ഞാൻ ഒരു കയറിന്റെ ഏണി സ്വർഗത്തിൽ നിന്നും ഇറക്കി തരും. അതിൽ ആദ്യം പത്രോസ് പിടിക്കണം. കയർ ഏണി കയറിപ്പോരുമ്പോൾ പത്രോസിന്‍റെ കാലിൽ പത്രോസിന്‍റെ അമ്മ പിടിക്കണം. അമ്മയുടെ കാലിൽ അപ്പൻ. പിന്നെ സഹോദരങ്ങൾ. അങ്ങനെ ഒടുവിലായി പത്രോസിന്റെ ഭാര്യ, അങ്ങനെയാണയാണ് ക്രമം".

കർത്താവു പറഞ്ഞത് അനുസരിച്ചു ആ ക്രമത്തിൽ ഓരോരുത്തരായി പൊങ്ങി പൊയ്ക്കൊണ്ടിരുന്നു അവസാനം തന്‍റെ മുന്നിലുള്ള ആളുടെ കാലിൽ പിടിച്ചു പത്രോസിന്‍റെ ഭാര്യയും നേരെ ഉടലോടെ സ്വർഗ്ഗത്തിൽ പോകാൻ പൊങ്ങി തുടങ്ങി.

കർത്താവ് പറഞ്ഞ പ്രകാരം പത്രോസും കുടുംബവും ചെയ്തു. കയർ കുറെ പൊങ്ങി ചെന്നപ്പോൾ പത്രോസിന്‍റെ 'അമ്മ താഴോട്ട് ഒന്ന് നോക്കി. അപ്പോഴാണ് 'അമ്മ കാണുന്നത് ദേ പത്രോസിന്‍റെ ഭാര്യയും ഉടലോടെ സ്വർഗത്തിലേക്ക് കയറുന്നു. അപ്പോൾ ആ അമ്മ വിചാരിച്ചു. "എന്‍റെ മരുമോൾ അങ്ങനെ ഇപ്പം സ്വർഗത്തിലേക്ക് പോകേണ്ട" എന്ന് പറഞ്ഞ് പത്രോസിന്‍റെ കാലിൽ നിന്നും പിടി വിട്ടു. അങ്ങനെ പത്രോസ് മാത്രം സ്വർഗത്തിലേക്ക് ഉടലോടെ പോയി. ബാക്കിയെല്ലാവരും ഭൂമിയിലേക്കും.

ഞാൻ സ്വർഗത്തിൽ പോയില്ലെങ്കിലും വേണ്ടില്ല, മരുമോളെ സ്വർഗത്തിലേക്ക് വിടത്തില്ല എന്ന് തീരുമാനിച്ച പത്രോസിന്‍റെ അമ്മയുടെ സ്വഭാവം ആണ് പൊതുവേ മലയാളികളിൽ കാണുന്നത്.


2018 ൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം വന്നു നാട് മുഴുവൻ നശിച്ചിരുന്നപ്പോൾ, ഒരു രാജ്യം തരാമെന്ന് പറഞ്ഞ ധനസഹായം വാങ്ങാതിരിപ്പിക്കാൻ എന്തൊരു പുകിലായിരുന്നു നമ്മുടെ മലയാളികൾ കാട്ടിക്കൂട്ടിയത് .

നമ്മുടെ രാജ്യത്തെ മറ്റൊരു സംസ്ഥാനത്ത് ഭൂകമ്പം ഉണ്ടായപ്പോൾ ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നും കിട്ടിയ സഹായങ്ങൾ സ്വീകരിച്ച് ആ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വർധിപ്പിച്ചു (ഇന്ത്യയുടെ അയൽരാജ്യം ആയ പാക്കിസ്ഥാൻ ആണ് ആദ്യം സഹായവുമായി എത്തിയത് ശത്രു രാജ്യം എന്ന് പറയുമെങ്കിലും ആ സഹായവും രണ്ടു
കൈയ്യും നീട്ടി സ്വീകരിച്ചു). നാടുവിട്ടു മറുനാട്ടിൽ വന്നാലും മലയാളിയുടെ ഈ സ്വഭാവം മാറുന്നില്ല.

മറുനാട്ടിൽ വന്ന് കുറെ ആൾക്കാർ ആകുമ്പോൾ ഒരു പ്രാർത്ഥനാലയം എല്ലാവര്ക്കും വേണ്ടി വാങ്ങാൻ തീരുമാനിച്ച് വല്ല വില കുറഞ്ഞ സ്ഥലവും കണ്ടു പിടിച്ച് എല്ലാം ശരിയാകുമ്പോഴേക്കും കൂട്ടത്തിൽ ഒരുത്തൻ പറയുന്നത് അതിന്റെ മോന്തായം വളഞ്ഞിരിക്കുന്നു അതുകൊണ്ട് വേണ്ട എന്ന്.

ചുറ്റുമുള്ള മലയാളി സംഘടനകളിൽ ഒന്ന് കണ്ണോടിച്ചാൽ മനസിലാകും ആരെങ്കിലും ഒരാൾ മുൻകയ്യെടുത്ത് അടുത്ത തലമുറയ്‌ക്കുകൂടി ഉപകാരപ്രദമാകുന്നതെന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ ഉടനേ എതിർപ്പുമായി ഒരു കൂട്ടർ കാണും.

ഏതെങ്കിലും ഒരുപ്രസ്ഥാനത്തിൽ ഒരുകൂട്ടം ആൾക്കാർ നിസ്വാർത്ഥമായി പ്രവർത്തിച്ചു നല്ല പ്രവർത്തനം നടത്തിയാൽ അതിൽ കയറിക്കൂടി അതിൽ പ്രവർത്തിക്കുന്നവരെ തമ്മിലടുപ്പിച്ചു ഇല്ലാതാക്കാൻ ശ്രമിക്കുന്ന ചില അവതാരങ്ങൾ.

സന്നദ്ധ സേവകനായി പ്രവർത്തിക്കാം എന്നുപറഞ്ഞു ,കയറിക്കൂടുകയും, പിന്നീട് സേവനത്തിന് വേതനം വേണമെന്ന ആഗ്രഹം ഉന്നയിക്കുകയും, അത് കിട്ടാതെ വരുമ്പോൾ വളരെ തിരക്കുകളാണ് ഒട്ടും സമയം ഇല്ല എന്നുപറഞ്ഞു പിൻവാങ്ങുകയും, കൂട്ടത്തിൽ ആത്മാർത്ഥമായി സന്നദ്ധ സേവനം ചെയ്യുന്ന സന്നദ്ധപ്രവർത്തകരെ പിന്തിരിപ്പിച്ചു സന്തോഷം കണ്ടെത്തുന്ന മറ്റൊരു കൂട്ടരെയും ഈ ഗണങ്ങളിൽ ഉൾപ്പെടുത്താം.

നാട്ടിൽനിന്നു നോർത്ത് അമേരിക്കയിൽ എത്തിച്ചേർന്നാൽ. ആദ്യദിവസങ്ങളിൽ മഞ്ഞിൽ/ ഐസിൽ തെന്നി വീഴാതെ കൈ കൊടുത്തു താങ്ങി നിർത്താൻ സഹായിച്ചിരുന്ന മുൻഗാമികളെ മറിച്ചിടാനാണ് , ഒന്ന് നേരെ നിന്നാൽ ആദ്യം മലയാളി ശ്രമിക്കുന്നത് .

ഈ മലയാളികൾ എന്താ ഇങ്ങനെ...?

N.B മാതാപിതാക്കൾ ചൊല്ലും ചോറും കൊടുത്ത് വളർത്തിയെടുത്ത മലയാളികളിൽ ഇങ്ങനെ പ്രവർത്തിക്കുന്നവരിൽ ആരെയും കാണാൻ സാധിക്കില്ല .


ജോസഫ് ജോൺ കാൽഗറി

useful_links
story
article
poem
Book