ഉൾക്കാഴ്ചയിൽ ജീവിതം മെനയുന്ന സഹോദരിമാര്‍
എന്നെങ്കിലും കാഴ്ചശക്തി വീണ്ടു കിട്ടുമെന്നും അന്ന് അച്ഛനമ്മമാരെയും കൂട്ടുകാരെയും കാണാമെന്ന പ്രതീക്ഷയിലാണ് ഇരിയണ്ണി തായത്തുവളപ്പിലെ സഹോദരിമാരായ രസ്നയും രഹ്നയും. ഓട്ടോഡ്രൈവര്‍ ടി.രാജന്റെയും രോഹിണിയുടെയും ഈ മക്കള്‍ ജന്മനാ അന്ധതയുടെ ലോകത്താണ് പിച്ചവച്ചത്.
ഇതേ ഗ്രാമത്തിലെ ഒട്ടനവധിയായ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കൊപ്പം വിവിധ ആശുപത്രികളില്‍ ചികിത്സകള്‍ തേടിയിട്ടും ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും കാഴ്ച വീണ്ടുകിട്ടിയില്ല. കടം വാങ്ങി ഇരുവരെയും കോയമ്പത്തൂര്‍ അരവിന്ദ, പാലക്കാട്, മധുര ആശുപത്രികളില്‍ ഉള്‍പ്പെടെയുള്ള സാധ്യമായ എല്ലാ ചികിത്സകളും നടത്തിനോക്കി.
ഒരു നിഴല്വെട്ടമെങ്കിലും മക്കള്‍ക്ക് വീണ്ടുകിട്ടുമോ എന്നതാണ് മാതാപിതാക്കളുടെ ഓരോ ദിവസത്തെയും പ്രതീക്ഷ. ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന ചെറിയ വരുമാനമാണ് രാജനുള്ളത്. നിര്‍ധന കുടുംബം അഞ്ചുലക്ഷത്തിലേറെ രൂപ രസ്നയ്ക്കും രഹ്നയ്ക്കുമായി ചെലവഴിച്ചെങ്കിലും കാഴ്ചയില്‍ ആശാവഹമായ ഒരു പുരോഗതിയുണ്ടായില്ല. കടംവാങ്ങിയും പണയം വച്ചുമാണ് നിര്‍ധനകുടുംബം ചികിത്സയ്ക്കു പണം കണ്ടെത്തിയത്. കണ്ണിലേക്കുള്ള ഞരമ്പുകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ ഇനി കാഴ്ചയുടെ വിദൂര സാധ്യതപോലുമില്ലെന്നതാണ് ഇവര്‍ക്ക് വൈദ്യശാസ്ത്രം വിധിച്ചതെങ്കിലും ഇവര്‍ പ്രതീക്ഷ കൈവിടുന്നില്ല.
എന്‍ഡോസള്‍ഫാന്റെ വിഷലിപ്തമായ ഭൂമികയില്‍ ഇരുവരും ജനിച്ചതും മാതാപിതാക്കളുടെ കൈക്കരുതലില് വളര്‍ന്നതും തെല്ലും കാഴ്ചയില്ലാത്തവരായാണ്. രണ്ടു മക്കളും അന്ധരായതോടെ കുടുംബത്തിന്റെ ആശയും പ്രതീക്ഷയും ചിറകറ്റു.
രാജന് ഇപ്പോഴും ഏറെ ക്ലേശകരമായി രണ്ടു പെണ്മക്കള്ക്കും വിദ്യാഭ്യാസം നല്‍കുന്നത് ഒരു ജോലി പ്രതീക്ഷിച്ചാണ്. ഏഴാം ക്ലാസ് വരെ വിദ്യാനഗര്‍ സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലും തുടര്‍ന്ന് പ്ലസ്ടു വരെ കാസര്‍ഗോഡ് ഗവ. എച്ച്എസ്എസിലുമാണ് ഇരുവരും പഠിച്ചത്. ഓട്ടോറിക്ഷയല്ലാതെ വരുമാനങ്ങളൊന്നും രാജനില്ല. രസ്ന വിദ്യാനഗര്‍ ഗവ. കോളജില്‍ ബിഎ മലയാളം രണ്ടാം വര്‍ഷം വിദ്യാര്‍ഥിനിയാണ്. രഹ്ന പ്ലസ്ടുവിനു പഠിക്കുന്നു.
പഠനത്തില്‍ മികവു പുലര്‍ത്തുന്ന പെണ്‍കുട്ടികള്‍ക്കുള്ള ഏക സാമ്പത്തിക ആശ്വാസം എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുള്ള 1,100 രൂപ പ്രതിമാസ സര്‍ക്കാര്‍ പെന്‍ഷനായിരുന്നു. കോവിഡിനു പിന്നാലെ ഈ സമാശ്വാസം മുടങ്ങിയതോടെ പഠനം വഴിമുട്ടുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. മുളിയാര്‍ പഞ്ചായത്ത് സഹായത്തോടെ പണിത ചെറിയ വീട്ടില്‍ രാജനും രോഹിണിയും ആശങ്കപ്പെടുന്നത് മക്കളുടെ ഭാവിയാണ്. എങ്ങനെയും മക്കള്‍ക്ക് ജോലി ലഭിച്ചാല്‍ ആശ്വാസമാകുമെന്ന പ്രതീക്ഷയാണ് ബാക്കിയുള്ളത്. മെച്ചപ്പെട്ട ചികിത്സ ലഭിച്ചാല്‍ എന്നെങ്കിലും അല്പം വെളിച്ചം കണ്ണില്‍ വീഴുമെന്ന പ്രതീക്ഷ ഇപ്പോഴും ബാക്കിനില്ക്കുന്നു.
വലിയ തലയും ചെറിയ ഉടലും
1960കളുടെ അവാസാനം ഹാന്‍ഡ് പമ്പുകളില്‍ തുടങ്ങിയ എന്‍ഡോസള്‍ഫാന്‍ പ്രയോഗം 70കളുടെ ഒടുക്കത്തിലാണ് ഹെലികോപ്ടറുകളിലേക്ക് മാറ്റിയത്. കശുമാവിന് പൂക്കളെ ആക്രമിക്കുന്ന തേയിലക്കൊതുകിനെ തുരത്താന്‍ എന്ന പേരില്‍ മാനദണ്ഡങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ വര്‍ഷം മൂന്നു തവണ വീതം ഉദ്യോഗസ്ഥരുടെ താല്പര്യത്തില് കരാറുകാര്‍ എന്‍ഡോസള്‍ഫാന്‍ ഹെലികോപ്ടറില്‍ വിഷമഴ പെയ്യിച്ചുകൊണ്ടിരുന്നു. കാല്‍നൂറ്റാണ്ടു നീണ്ട വിഷദ്രാവക പ്രയോഗത്തില്‍ ആയിരക്കണക്കിനു മനുഷ്യരാണ് മാനസികവും ശാരീരികവുമായ വൈകല്യം ബാധിച്ച് എന്‍ഡോസള്‍ഫാന്റെ ഇരകളാക്കപ്പെട്ടത്. അതിനൊപ്പം നിരവധി ജീവജാലങ്ങളും ചത്തൊടുങ്ങി.
പിന്നോക്ക ജില്ലയായ കാസര്‍ഗോട്ടെ ഈ ക്രൂരത പുറംലോകം അറിയുന്നതു വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. പിന്നീടു നടത്തിയ സമര പരന്പരകൾ ക്കൊടുവിലാണ് കേരള പ്ലാന്റേഷന് കോര്പ്പറേഷന് 20 വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ കശുമാവിന് തോപ്പുകളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതു നിര്‍ത്തിയത്.
ഇവിടെ ഇപ്പോഴും ജനിക്കുന്നു തല വലുതായതും കാലുകള്‍ പിണഞ്ഞുപോയതുമായ കുട്ടികള്‍. ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് വൈകല്യമുള്ളവരും രോഗികളുമായ നരകിക്കുന്ന ഒരു സമൂഹത്തെയാണ് ഓരോ വീട്ടിലും കാണാനാവുക. എന്‍ഡോസള്‍ഫാന്‍ വിഷലിപ്തമായ ലോകത്ത് ജനിച്ചവരുടെയും ജീവിച്ചവരുടെയും കാഴ്ച ഇപ്പോഴും മങ്ങിക്കൊണ്ടിരിക്കുന്നു.നാനൂറു പേര്‍ക്ക് മരണവും തലമുറകള്‍ക്ക് മാരക രോഗങ്ങളും വിധിച്ച ദുരന്തം. വലിയ തലയും ഒരിക്കലും വളരാത്ത ചെറിയ ഉടലുമുള്ള ഒട്ടേറെ കുട്ടികള്‍ ഇവിടെ ജനിച്ചു മരിച്ചു.
കശുമാവുകള്‍ക്കു മുകളില്‍ പറന്ന ഹെലികോപ്റ്ററില്‍ നിന്നും നീലമേഘങ്ങള്പ്പോലെ പെയ്ത എന്‍ഡോസള്‍ഫാന്‍ മാരക വിഷമാണെന്ന് ഗ്രാമീണര്‍ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. ആകാശത്ത് ശബ്ദമിട്ടു പറക്കുന്ന പൊണ്ണന്തുമ്പിയെ കാണാന്‍ രസ്നയെയും രഹനയെയും പോലെ ഒട്ടേറെ കുട്ടികള്‍ കുന്നിന് ചെരിവുകളില്‍ ഓടിക്കൂടി. തുമ്പി തുപ്പുന്ന പെയ്ത്തിലെ നീലനിറം തലയിലും ദേഹത്തും വീഴിച്ച് രസിച്ച കുഞ്ഞുങ്ങളുടെ കണ്ണും കാതും മാത്രല്ല ആന്തരാവയവങ്ങള്‍ വരെ രോഗാതുരമായി.
അജയകുമാര്‍ ദുരന്തങ്ങളുടെ ഇര
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനും അന്ധനുമായ അജയകുമാറിന്റെ ജീവിതത്തിലും ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കയ്യൂര്‍ പൊതാവൂരിലെ മലയന്‍വീട്ടില്‍ പരേതനായ കുഞ്ഞിരാമന്റെ മകന് അജയകുമാറാണ് ഭാര്യയുടെ മരണത്തിനുത്തരവാദികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
2016 ഫെബ്രുവരി അഞ്ചിനാണ് അജയകുമാറിന്റെ ഭാര്യ ഗീത മരിച്ചത്. പ്രസവശേഷമുണ്ടായ കടുത്ത അസ്വസ്ഥതകളും വേദനയും മൂന്ന് മാസത്തോളം സഹിച്ച ശേഷമാണ് പിഞ്ചുകുഞ്ഞിനെ കണ്ണില്‍ വെളിച്ചമില്ലാത്ത അജയകുമാറിനെ ഏല്പിച്ച് ഗീത മരണത്തിനു കീഴടങ്ങിയത്.
ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്ത് രണ്ടുദിവസത്തിനുശേഷം ഗീതയുടെ ശരീരത്തില്‍ നീര് വന്നതിനെ തുടര്‍ന്ന് വീണ്ടുമൊരു ശസ്ത്രക്രിയ നടത്തി. കടുത്ത വയറുവേദനയെത്തുടര്‍ന്ന് ഒരു മാസത്തെ കഠിന വേദനകള്ക്കുശേഷമായിരുന്നു ഗീതയുടെ മരണം. ആശുപത്രി അധികൃതരുടെ അനാസ്ഥതയില്‍ അണുബാധയുണ്ടായതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് അജയകുമാര്‍ മനുഷ്യാവകാശ കമീഷനും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയെങ്കിലും നടപടികളുണ്ടായില്ല.
ഒന്നര വയസായപ്പോള്‍ മകന് അര്‍പ്പിതിന് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു. ഏറെപ്പേരുടെ സഹായത്തില്‍ ചികിത്സ നടത്തിയാണ് ഒരു വിധം സുഖംപ്രാപിച്ചത്.
ഭാര്യയുടെ അകാലമരണവും കുഞ്ഞിന്റെ ദയനീയാവസ്ഥയും പരിഗണിച്ച് സംസ്ഥാന പട്ടികജാതി ഡയറക്ടറേറ്റില്‍ നിന്നും അജയകുമാറിനു ജോലി നല്കാന് ഉത്തരവായിരുന്നു.
കഠിനാധ്വാനത്തിലൂടെ ബിരുദവും ബിഎഡും നേടിയ അജയകുമാറിന് ഇത്തരത്തില്‍ ജോലി ശരിയായി വന്നപ്പോഴാണ് കോവിഡ് വ്യാപനം.ഇതോടെ ജോലി സാധ്യതയും ഇരുളടഞ്ഞു. ഇപ്പോള്‍ അമ്മ ശാന്തയുടെ സംരക്ഷണത്തിലാണ് മകന് അര്‍പ്പിത്.
അജയകുമാര്‍ ഇപ്പോഴും ഒരു ജോലിക്കായി കാത്തിരിക്കുന്നു. 17 സെന്റ് ഭൂമിയും ചെറിയൊരു വീടും മാത്രം സ്വന്തമായുള്ള ഇദ്ദേഹത്തിന് ആകെയുള്ള വരുമാനം 1600 രൂപ ദുരിതാശ്വാസ പെന്ഷന് മാത്രം.
(തുടരും )