ഈ തടസം പരിഹരിക്കാനാണ് ബ്രിട്ടീഷുകാര് പാലം നിര്മിച്ചത്. 1911ല് ആരംഭിച്ച നിര്മാണം മൂന്ന് വര്ഷത്തിനകം പൂര്ത്തിയായി. പാമ്പന് പാലം യാഥര്ഥ്യമായതോടെ അക്കാലത്ത് ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്നിന്ന് ശ്രീലങ്കയിലേക്കുള്ള യാത്രയും എളുപ്പമായി.
പാലം പണിയും മുമ്പ് മണ്ഡപം വരെ സര്വീസ് നടത്തിയിരുന്ന ട്രെയിന് പിന്നീട് ധനുഷ്ക്കോടി വരെയാക്കി. ധനുഷ്ക്കോടിയില് നിന്ന് ശ്രീലങ്കയിലെ തലൈ മാന്നാറിലേക്ക് നിരവധി ചെറുകപ്പലുകള് സര്വീസ് നടത്തി.
അവിടെനിന്ന് ട്രെയിന് മാര്ഗം ആളുകള് കൊളംബോയിലേക്കും എത്തി. ഇതോടെ ശ്രീലങ്കയിലേക്കുള്ള യാത്രയുടെ പ്രധാന മാര്ഗമായി മാറി. അന്നത്തെ സാങ്കേതിക വിദ്യകള്വച്ചു നോക്കുമ്പോള് അത്യാധുനികമായിരുന്നു ഈ പാലം.
ഉയര്ന്നുപൊങ്ങുന്ന പാലത്തിന്റെ മധ്യഭാഗം ലണ്ടനില് നിര്മിച്ച് ഇവിടെ കൊണ്ട് വന്ന് കൂട്ടിച്ചേര്ക്കുകയായിരുന്നു. ബ്രിട്ടീഷ്കാലത്തെ നിര്മിതിയായതിനാലും പിന്നീട് പുതുക്കിപ്പണിത കരുത്തിലും പാലം ഒരു നൂറ്റാണ്ടിലേറെ ദൃഢതയോടെ നിലകൊണ്ടു.
പുതിയ പാലം വന്ന വഴിരണ്ട് കിലോമീറ്ററിലേറെ നീളമുള്ള പഴയ പാലത്തില് കാലപ്പഴക്കംകാരണം അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിലാണ് ഈ പാലത്തിന് സമാന്തരമായി തന്നെ പുതിയ പാലം നിര്മിക്കാന് റെയില്വേ തീരുമാനിച്ചത്. റെയില്വേ വികാസ് നിഗം ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നിര്മാണം.
പുതിയ പാലത്തിന് 2019 നവംബറില് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തറക്കല്ലിട്ടത്. 540 കോടി രൂപയാണ് നിര്മാണച്ചെലവ്. ഇതിനോടകം പാലത്തിന്റെ 95 ശതമാനം പണിയും പൂര്ത്തിയായതായി ദക്ഷിണ റെയില്വേ പറയുന്നു.
പുതിയ പാലത്തിനായി കടലിടുക്കില് ഇതിനോടകം 333 തൂണുകള് സ്ഥാപിച്ചുകഴിഞ്ഞു. ഇവയ്ക്കു മുകളില് 100 സ്പാനുകള് സ്ഥാപിച്ചാണ് പാളം ഘടിപ്പിക്കുക. പഴയ പാലത്തെക്കാള് മൂന്നുമീറ്റര് ഉയരവും കൂടുതലുണ്ട്.
പുതിയ പാലം തുറന്നാലും പഴയ പാമ്പന് പാലം പൂര്ണമായി പൊളിച്ച് മാറ്റില്ല. ഇതിന്റെ ഒരുഭാഗം പാമ്പന് റെയില്വേ സ്റ്റേഷനില് ചരിത്ര സ്മാരകമായി പ്രദര്ശിപ്പിനാണ് പദ്ധതി.
1964-ലെ കൊടുങ്കാറ്റില് പാമ്പന് പാലത്തിനു മുകളിലൂടെയാണ് തിരമാലകള് ആഞ്ഞടിച്ചത്. തിരയില്പ്പെട്ട പാസഞ്ചര്വണ്ടി കടലിലേക്കു മറിഞ്ഞ് അന്ന് 115 യാത്രക്കാര് മരിച്ചു. അന്നു തകര്ന്ന റെയില്വേസ്റ്റേഷന്റെ യും പാളത്തിന്റെയും അവശിഷ്ടം ധനുഷ്ക്കോടിയിൽ ഇപ്പോഴുമുണ്ട്.
കൊടുങ്കാറ്റില് പാലത്തിന്റെ പല ഭാഗങ്ങളും തകര്ന്നെങ്കിലും മധ്യഭാഗത്തിന് കേടുപാടുകളൊന്നും സംഭവിച്ചില്ല. അത് നിലനിര്ത്തിക്കൊണ്ടു തന്നെ പാലം പണിതു. കൊങ്കണ്പാതയും ഡല്ഹി മെട്രോയും പണിയാന് നേതൃത്വം വഹിച്ച ഇ. ശ്രീധരനാണ് പാമ്പന് പാലവും പുതുക്കിപ്പണിയാന് നേതൃത്വം നല്കിയത്.
മീറ്റര്ഗേജായിരുന്ന പാലത്തെ ബ്രോഡ്ഗേജാക്കി മാറ്റിയത് 2007ലായിരുന്നു. 2009-ല് പാലം ബലപ്പെടുത്തുകയും ചെയ്തു. രാമേശ്വരത്തേക്കുള്ള തീര്ഥാടകര്ക്ക് പുതിയ അനുഭവം പകരുന്നതായിരിക്കും പുതിയ പാലം.
പുത്തന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പണി പൂര്ത്തിയാകുന്നതോടെ ഇവിടേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണം വര്ധിച്ചേക്കും. ചരക്ക് ഗതാഗതം കൂടുതല് സുഖമായി നടക്കുകയും ചെയ്യും.