തൊമ്മൻകുത്ത് നൽകുന്ന പാഠം
Wednesday, May 14, 2025 11:55 PM IST
ഇടുക്കി തൊമ്മൻകുത്തിൽ വനംവകുപ്പ് അതിക്രമങ്ങൾ തുടരുന്നതും അതു കണ്ടില്ലെന്നു നടിച്ച് സർക്കാർ ഒത്താശ ചെയ്യുന്നതും കേരളസമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. നാരങ്ങാനത്തെ കൈവശഭൂമിയിൽ തൊമ്മൻകുത്ത് സെന്റ് തോമസ് ഇടവക സ്ഥാപിച്ച കുരിശ് തകർത്തതിനു പിന്നാലെ ഇവിടെ സ്ഥാപിച്ചിരുന്ന പ്രാർഥനാപീഠവും വനംവകുപ്പ് ഉദ്യോഗസ്ഥർ എറിഞ്ഞുടച്ചിരിക്കുകയാണ്.
കുരിശ് പിഴുതെറിഞ്ഞ വനംവകുപ്പിനെതിരേ വലിയ ജനരോഷമുയർന്നിട്ടും സർക്കാർ അനങ്ങിയില്ല. അതായിരിക്കും ഇപ്പോഴത്തെ അതിക്രമത്തിന് ഊർജമായത്. ഈ ഭൂമിക്ക് പട്ടയമില്ല എന്നതാണ് വനംവകുപ്പിന്റെ ന്യായം. എന്നാൽ സംസ്ഥാനത്തെ പട്ടയമില്ലാത്ത ഭൂമിയിലൊക്കെ വനംവകുപ്പിനാണോ അധികാരം? ജണ്ടയിട്ടു വേർതിരിച്ചിരിക്കുന്ന വനഭൂമിക്കു പുറത്ത് വനംവകുപ്പ് അധികാരം സ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങളെ നിസാരമായി കാണാനാവില്ല.
തൊമ്മൻകുത്തിനടുത്തുള്ള വെണ്മണിയിൽ പട്ടയഭൂമിയിലാണ് വനംവകുപ്പിന്റെ അതിക്രമമുണ്ടായത്. 2024 ജനുവരിയിൽ വെണ്മണിയിൽ സ്ഥിരതാമസക്കാരനായ ബേബി ദേവസ്യ വീട് പണിയാൻ തറ നിർമിച്ചപ്പോൾ വനം വകുപ്പിൽനിന്ന് എൻഒസി വാങ്ങിയില്ല എന്ന കാരണത്താൽ അദ്ദേഹത്തിനെതിരേ കേസ് രജിസ്റ്റർ ചെയ്തു. 1993ലെ പ്രത്യേക ഭൂമിപതിവ് ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പട്ടയം കിട്ടിയ ഭൂമിയാണിത്. 1993ലെ പ്രത്യേക ഭൂമിപതിവ് ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പട്ടയം കൊടുത്തിരിക്കുന്ന ഭൂമിയിൽ ഒരു നിർമാണപ്രവർത്തനത്തിനും വനംവകുപ്പിന്റെ എൻഒസി വേണ്ടെന്ന് കേരള ഹൈക്കോടതിയുടെ വിധിയുള്ളതാണ്. മണ്ണ് നീക്കം ചെയ്യുന്നതിനോ വീടു വയ്ക്കുന്നതിനോ വനംവകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നായിരുന്നു ജസ്റ്റീസ് എൻ. നഗരേഷിന്റെ 2023 മേയ് രണ്ടിന്റെ വിധി.
1993ലെ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പട്ടയം കൊടുത്തിട്ടുള്ള ഭൂമിയിലെ വനംവകുപ്പിന്റെ അവകാശങ്ങൾ സംബന്ധിച്ചും ഹൈക്കോടതി വിധിയുണ്ടായിട്ടുണ്ട്. അസൈൻ ചെയ്തുകൊടുത്ത ഭൂമിയിൽ ഷെഡ്യൂൾ ചെയ്ത് നിറുത്തിയിരിക്കുന്ന റിസർവ് മരങ്ങളുടെ പരിശോധനയ്ക്കായി മാത്രമേ വനംവകുപ്പിന് ഭൂമിയിൽ പ്രവേശിക്കുന്നതിനുള്ള അധികാരമുള്ളൂവെന്ന് വിധിയിൽ പറയുന്നു. ചട്ടത്തിലെ ഏഴാം വകുപ്പ് പ്രകാരം പതിച്ചുനൽകുന്ന ഭൂമിയിൽക്കൂടി റോഡ്, പുഴ, അരുവി, വെള്ളച്ചാലുകൾ എന്നിവ കടന്നുപോവുകയാണെങ്കിൽ, അവ ഉപയോഗിക്കുന്നതിന് സർക്കാരിനും പൊതുജനങ്ങൾക്കും അധികാരമുണ്ടാകും. കൂടാതെ, സമീപ ഖനികളിലേക്കോ ക്വാറികളിലേക്കോ ഉള്ള സർക്കാരിന്റെ പ്രവേശനാധികാരവും നിലനിർത്തിയിട്ടുണ്ട്. ഇതനുസരിച്ചുള്ള നടപടികൾ മാത്രം വനംവകുപ്പ് സ്വീകരിച്ചാൽ മതി എന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. എങ്കിലും സകല നിയമങ്ങളും കാറ്റിൽ പറത്തി മലയോര കർഷകരെ ദ്രോഹിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് വനംവകുപ്പ്. അതിനു കുടപിടിക്കാൻ മറ്റ് സർക്കാർ സംവിധാനങ്ങളും.
പട്ടയം നൽകാത്തതെന്തുകൊണ്ട്?
1997 ജനുവരി ഒന്നിനു മുമ്പുള്ള കുടിയേറ്റങ്ങൾ ക്രമവത്കരിച്ച് പട്ടയം കൊടുത്തുകൊള്ളാമെന്ന് സുപ്രീംകോടതിയിലടക്കം സർക്കാർ ഒരുപാട് സത്യവാങ്മൂലങ്ങൾ കൊടുത്തിട്ടുണ്ട്. ഇതനുസരിച്ച് തൊമ്മൻകുത്തിലെ കൈവശഭൂമിക്ക് എന്തുകൊണ്ട് പട്ടയം കൊടുത്തില്ല എന്നുള്ളതിനും അധികാരികൾ മറുപടി പറയണം.
2019 ഫെബ്രുവരി എട്ടിലെ റവന്യു വകുപ്പിന്റെ ഉത്തരവ് പറയുന്നത് ഇങ്ങനെയാണ്: “സംസ്ഥാനത്ത് ഇനിയും സംയുക്ത പരിശോധന കഴിയാത്ത ജില്ലകൾ ഉണ്ടങ്കിൽ, അവിടെ സംയുക്തപരിശോധന, 31-03-2019നു മുമ്പ് പൂർത്തിയാക്കി, കേന്ദ്രസർക്കാരിന്റെ അനുമതിക്കായി അയയ്ക്കുന്നതിനും സംയുക്ത പരിശോധന പൂർണമായി കഴിയാത്ത ജില്ലകളിൽ, അതിന്റെ വിശദാംശങ്ങൾ 28-02-2019നു മുമ്പ് കേന്ദ്രാനുമതിക്കായി അപ്ലോഡ് ചെയ്ത്, ആയത് സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിനും, സംയുക്ത പരിശോധന കഴിഞ്ഞതും, കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതുമായ 28,000ത്തിൽ പരം ഹെക്ടർ ഭൂമിയിൽ, ഇനി വിതരണം ചെയ്യാനുള്ള ഭൂമി, അടുത്ത ആറു മാസത്തിനുള്ളിൽ വിതരണം ചെയ്യുന്നതിനും നിർദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
മേൽ നിർദേശപ്രകാരം നടപടി സ്വീകരിക്കാൻ കഴിയാത്ത ഏതെങ്കിലും കാരണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ, ആയത് ഉടനടി സർക്കാരിൽ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടി, അതാത് ജില്ലാ കളക്ടർമാർ സ്വീകരിക്കേണ്ടതും നടപടികൾ സ്വീകരിക്കാതിരിക്കുന്നത് ഗുരുതരമായ വീഴ്ചയായി കണക്കാക്കി, തുടർനടപടികൾ സ്വീകരിക്കുന്നതുമാണ്.” ഈ ഉത്തരവിന്മേൽ റവന്യു, വനം വകുപ്പുകൾ എന്തു നടപടികളാണ് സ്വീകരിച്ചതെന്നറിയാൻ ഇവിടത്തെ കർഷകസമൂഹത്തിന് അവകാശമുണ്ട്.
വനംവകുപ്പിന്റെ എൻഒസി
പരിപൂർണ ഉടമസ്ഥതയിലും അനുഭവത്തിലും കൈവശംവച്ചു പോരുന്ന പട്ടയഭൂമി വനാതിർത്തിയിലാണങ്കിൽ അത് മക്കൾക്കുപോലും കൈമാറണമെങ്കിൽ വനം വകുപ്പിന്റെ എൻഒസി വേണം. എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും ഇത് ഇന്ന് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, എന്താണ് ഇതിന്റെ മാനദണ്ഡങ്ങൾ എന്ന് ബന്ധപ്പെട്ട ഓഫീസുകളിൽ ചോദിച്ചാൽ അവർക്കും നിശ്ചയമില്ല. വനംവകുപ്പ് അങ്ങനെ പറയുയുന്നു എന്നുമാത്രമാണ് അവരും പറയുന്നത്.
പാലക്കാട് ജില്ലയിൽ പൊതോപാടം മലവാരം, വെസ്റ്റഡ് ഫോറസ്റ്റ് നോട്ടിഫിക്കേഷൻ പരിധിയിലാണെന്നു പറഞ്ഞ് 48 വയസുള്ള ഖദീജ എന്ന വിധവയായ സ്ത്രീയുടെ പറമ്പിൽ വനംവകുപ്പ് ജണ്ട ഇടുകയും ഖദീജക്ക് എൻഒസി നൽകാതിരിക്കുകയും ചെയ്ത സംഭവമുണ്ടായി. 2018ൽ ഖദീജ ഫോറസ്റ്റ് ട്രിബ്യൂണലിൽനിന്ന് തന്റെ പട്ടയഭൂമിയിൽ വനംവകുപ്പ് സ്ഥാപിച്ച ജണ്ട പൊളിച്ചുമാറ്റണമെന്നും എൻഒസി കൊടുക്കണമെന്നുമുള്ള വിധി സമ്പാദിച്ചിരുന്നു. എന്നാൽ, ഇതു നടപ്പാക്കാതെവന്നതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയും 2021 ഡിസംബർ 17ന് ജസ്റ്റീസ് പി.വി. ഉണ്ണികൃഷ്ണൻ അഞ്ച് മാസങ്ങൾക്കകം ട്രിബ്യൂണൽ വിധി നടപ്പാക്കാൻ ഉത്തരവ് കൊടുക്കുകയും ചെയ്തെങ്കിലും ഇതുവരെ വനംവകുപ്പ് അനങ്ങിയിട്ടില്ല.
അവിടെ ജണ്ട വനത്തിന്റെ അതിർത്തിക്കല്ലാണന്ന് കോടതിയിൽ പറയുന്ന വനംവകുപ്പ് തൊമ്മൻകുത്തിൽ കടകവിരുദ്ധമായ നിലപാടെടുത്തു. കേസെഴുതിയ കാളിയാർ റെയ്ഞ്ചറെ പ്രദേശവാസി ഫോണിൽ വിളിച്ചപ്പോൾ പൊളിച്ചുകളഞ്ഞ കുരിശിന്റെ അടുത്തുനിന്ന് 700 മീറ്റർ മാറിയാണ് ജണ്ട ഇട്ടിരിക്കുന്നതെന്നും, ജണ്ട എന്നത് വനഭൂമിയും ജനവാസമേഖലയും തമ്മിൽ വേർതിരിക്കുന്ന അതിർത്തിക്കല്ലാണന്നും സമ്മതിക്കുന്നുമുണ്ട്. പിന്നെ എന്തിനാണ് കുരിശു തകർത്തത് എന്നതിനു മാത്രം ഉത്തരമില്ല.
ജണ്ട വെറും കല്ലുകെട്ടല്ല
വനസംരക്ഷണം ഉറപ്പുവരുത്താൻ 1951ൽ സർക്കാർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ടി.വി. വെങ്കിടേശ്വര അയ്യരുടെ മേൽനോട്ടത്തിൽ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. അതിൻപ്രകാരം ഓരോ മേഖലയിലും വനഭൂമിയുടെ അതിർത്തി മാറ്റപ്പെടാതിരിക്കാൻ, അതത് റെയ്ഞ്ച് ഓഫീസർമാർ കൺവീനർമാരായും തഹസിൽദാർ ചെയർമാനായും പോപ്പുലർ കമ്മിറ്റിയെയും ചുമതലപ്പെടുത്തി. ഇവർ 1977 ആയപ്പോഴേക്കും വനഭൂമി ജണ്ടകെട്ടി അതിർത്തി തിരിച്ച് ഭാവിയിലെ കൈയേറ്റങ്ങൾക്ക് ഒരു പരിധിവരെ അറുതിവരുത്തി എന്നാണ് അനുമാനം. ഇതാണ് 1977 ജനുവരി ഒന്നുവരെയുള്ള കുടിയേറ്റങ്ങൾ ക്രമവത്കരിച്ച് നിലവിലെ കൈവശക്കാരന് പതിച്ചുകൊടുക്കാൻ സർക്കാർ തീരുമാനമെടുത്തതിന്റെ പ്രധാന കാരണം.
ജോയിന്റ് വേരിഫിക്കേഷൻ ആവശ്യമില്ല
വനസ്വഭാവമുള്ള ഭൂമിക്ക് പട്ടയം ലഭിക്കണമെങ്കിൽ റവന്യു, വനം സംയുക്ത പരിശോധന നടത്തി വനവത്കരണത്തിന് പകരം ഭൂമി അനുവദിച്ച്, പട്ടയം കൊടുക്കേണ്ട ഭൂമി റവന്യു വകുപ്പിന് കൈമാറിയ ശേഷം 1993ലെ സ്പെഷൽ റൂളിന്റെ അടിസ്ഥാനത്തിൽ മാത്രമേ പട്ടയം കൊടുക്കുന്നതിന് സാധിക്കുമായിരുന്നുള്ളൂ. എന്നാൽ, ഇത്തരം നൂലാമാലകളിൽ കുടുങ്ങി നൂറ്റാണ്ടുകൾ പഴക്കമുള്ള കൈവശഭൂമിക്കുപോലും പട്ടയം കൊടുക്കാൻ സാധിക്കാതെ വന്നതിനാൽ 2024ൽ സർക്കാർ പുതിയ ഉത്തരവിറക്കി. അതുപ്രകാരം റവന്യു രേഖകളുടെ റിമാർക്ക് കോളത്തിൽ ഭൂമിയുടെ സ്വഭാവം വനമെന്നോ റിസർവ് വനമെന്നോ രേഖപ്പെടുത്തിയിരുന്നാൽ പോലും നിലവിലെ കൈവശക്കാരന് 1964ലെ ഭൂമിപതിവ് ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പട്ടയം കൊടുക്കാം. 1964ലെ ചട്ടപ്രകാരമുള്ള ജോയിന്റ് വേരിഫിക്കേഷൻ ആവശ്യമില്ല. തൊമ്മൻകുത്തിൽ കുരിശ് പൊളിച്ചതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസർ വനംവകുപ്പിന് കൊടുത്തിരിക്കുന്ന സ്റ്റാറ്റസ് റിപ്പോർട്ടും മറ്റൊരു ഗൂഢാലോചനയുടെ ഭാഗമായി കാണേണ്ടിവരും.