വന്യമൃഗങ്ങളും വനപാലകരും ഒരുപോലെ കർഷകരെ വേട്ടയാടുന്നു
Friday, May 16, 2025 12:06 AM IST
കേരളത്തിലെ കാടുകളിൽ മൃഗസാന്ദ്രതയിലുണ്ടായ അതിഭീകരമായ വർധനയെത്തുടർന്ന് അതിരൂക്ഷമായ വന്യമൃഗ ആക്രമണമാണ് വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ നടക്കുന്നത്.
എപ്പോൾ വേണമെങ്കിലും തീവ്രവാദി ആക്രമണത്തിന് വിധേയരാകാം എന്ന സാഹചര്യത്തിൽ ജീവിക്കുന്ന മനുഷ്യരുടെ അതേ അവസ്ഥയിലാണ് ഏതു നിമിഷവും വന്യമൃഗം ആക്രമിച്ചു കൊല്ലും എന്ന ഭീതിയിൽ മലയോരങ്ങളിലെ മനുഷ്യരും ജീവിക്കുന്നത്. ഇതിനൊപ്പം മൃഗഭക്തിയാൽ മനുഷ്യത്വം നഷ്ടപ്പെട്ട ചില വനംവകുപ്പ് ഉദ്യോഗസ്ഥർ വനാതിർത്തി പ്രദേശങ്ങളിൽ നടത്തുന്ന തേർവാഴ്ചയും അവർ മനുഷ്യർക്കിടയിൽ നടപ്പാക്കുന്ന കാട്ടുനീതിയും കൂടിച്ചേരുമ്പോൾ മനുഷ്യന് ജീവിക്കാൻ കഴിയാത്ത പ്രദേശങ്ങളായി കേരളത്തിലെ മലയോരങ്ങളും മാറിയിരിക്കുകയാണ്.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ പറഞ്ഞിരിക്കുന്ന വകുപ്പുകൾ മനുഷ്യപീഡനത്തിനുള്ള എളുപ്പവഴിയായി ചില വനംവകുപ്പ് ഉദ്യോഗസ്ഥന്മാർ പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവർ വനാതിർത്തി പ്രദേശത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. കാടുവിട്ടിറങ്ങുന്ന വന്യമൃഗം ജനവാസ മേഖലകളിൽ മനുഷ്യരെ ആക്രമിച്ചാൽ മനുഷ്യർക്ക് സംരക്ഷണം നൽകില്ല, പകരം മൃഗങ്ങൾക്ക് മാത്രം വനംവകുപ്പ് സംരക്ഷണം നൽകും.
ഏതെങ്കിലും കാരണവശാൽ ഒരു വന്യമൃഗത്തിന് കാടിനു പുറത്തുവച്ച് പരിക്കേൽക്കുകയോ ചത്തുപോകുകയോ ചെയ്താൽ നരഭോജികളെ വെല്ലുന്ന മനസോടെ കർഷകരുടെ ജീവിതം കുട്ടിച്ചോറാക്കാനുള്ള ഭഗീരഥ പ്രയത്നത്തിനാണ് ചില വനപാലകർ തുടക്കമിടുന്നത്. എതിർപ്പിന്റെ ശബ്ദം ഉയർത്തിയാൽ വന്യമൃഗത്തെ കളിയാക്കി എന്ന വകുപ്പുപോലും ചേർത്ത് മനുഷ്യപീഡനത്തിനുള്ള പഴുതുകൾ ഇവർ ആരായും.
കഴിഞ്ഞ ദിവസം കോന്നി കുളത്തുമണ്ണിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവത്തിൽ വനപാലകർ കസ്റ്റഡിയിലെടുത്തത്, ഭൂമി പാട്ടത്തിനെടുത്ത വ്യക്തി അവിടെ കൃഷിപ്പണിക്കായി കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന പ്രാകൃത നടപടിയാണ് കോന്നിയിലെ ചില വനപാലകർ സ്വീകരിച്ചത്.
കാളികാവിൽ കണ്ടത് വനംവകുപ്പിന്റെ ഉത്തരവാദിത്വമില്ലായ്മ
ഉത്തരവാദിത്വങ്ങളും ചുമതലകളും വനംവകുപ്പ് ഉദ്യോഗസ്ഥർ വേണ്ടവണ്ണം നിർവഹിക്കുന്നില്ല എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മലപ്പുറത്തെ കാളികാവിൽ ഗഫൂർ എന്ന ടാപ്പിംഗ് തൊഴിലാളിയെ കടുവ കടിച്ചുകീറിക്കൊന്നത്. പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് ദിവസങ്ങളായി വനപാലകരെ അറിയിക്കുന്ന നാട്ടുകാരോട് തട്ടിക്കയറുകയായിരുന്നു ചില വനം വകുപ്പ് ഉദ്യോഗസ്ഥരെന്നാണ് പ്രദേശവാസികൾ പരാതി പറയുന്നത്. സ്ഥല പരിശോധന നടത്താനോ കടുവയുടെ സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്താനോ വനപാലകർ ശ്രമിച്ചില്ല.
തൊമ്മൻകുത്തിൽ കുരിശു തകർത്തത് ഇല്ലാത്ത അധികാരമുപയോഗിച്ച്
ഇടുക്കി തൊടുപുഴ വെള്ളിയാമറ്റത്തിനു സമീപം നാരങ്ങാനത്ത് തൊമ്മൻകുത്തിൽ കൈവശഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശ് ചില വനപാലകരെത്തി തകർത്തത് നിയമം ദുർവ്യാഖ്യാനം ചെയ്യുന്നതിനും നിയമം വളച്ചൊടിക്കുന്നതിനുമുള്ള ബോധപൂർവമായ ശ്രമത്തിന്റെ സമകാലീന ഉദാഹരണമാണ്. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക്. വണ്ണപ്പുറം വില്ലേജിലെ 4005 ഏക്കർ റിസർവ് വനമാണെന്നാണ് ഒരു വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയത്. ഇതിന്റെ തുടർനടപടികൾ യാതൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ല. ഈ പ്രദേശം വനഭൂമിയാണെന്ന് നോട്ടിഫിക്കേഷനും ഉണ്ടായിട്ടില്ല. ഈ സ്ഥലത്തെ കുരിശാണ് വലിയ പബ്ലിസിറ്റി നൽകി വനപാലകർ തകർത്തത്.
മൂന്നു പേരിൽനിന്നു കൈമാറി വന്ന സ്ഥലത്താണ് തൊമ്മൻകുത്ത് സെന്റ് തോമസ് ഇടവക കുരിശു സ്ഥാപിച്ചത്. ഇതിന്റെ സമീപത്തെ പലർക്കും പട്ടയഭൂമിയുണ്ട്. പതിറ്റാണ്ടുകളായി കൃഷിയിടങ്ങളാണ് ഈ പ്രദേശം. നിരവധി കർഷകരുടെ പട്ടയത്തിനായുള്ള അപേക്ഷകൾ അധികൃതരുടെ പരിഗണനയിലുമാണ്. കുരിശു സ്ഥാപിച്ച സ്ഥലവും വനഭൂമിയും തമ്മിൽ വേർതിരിക്കുന്ന ജണ്ട 750 മീറ്റർ അകലെയാണ്. വിശുദ്ധ വാരാചരണ സമയത്ത് ഒരു മതചിഹ്നത്തെ അവഹേളിച്ച നടപടി അത്യന്തം ഗൗരവതരമാണ്.
വനമോ വനമേഖലയായി നോട്ടിഫിക്കേഷൻ നൽകിയിരിക്കുന്നതോ ആയ പ്രദേശങ്ങളിൽ ഒഴികെ ഒരു നടപടിയും സ്വീകരിക്കാൻ വനപാലകർക്ക് അധികാരമില്ല. പോലീസും മറ്റ് സർക്കാർ വകുപ്പുകളും പരാതികൾ ഉണ്ടെങ്കിൽ അന്വേഷിച്ച് വനം വകുപ്പിന് കൈമാറിയാൽ മാത്രമാണ് വനപാലകർക്ക് കേസെടുക്കാനും നിയമനടപടികളുമായി മുന്നോട്ടു പോകുവാനും അധികാരമുള്ളത്. ഇത് വിസ്മരിച്ചുകൊണ്ടാണ് തൊമ്മൻകുത്തിലെ കുരിശുതകർക്കൽ അരങ്ങേറിയത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനോ അനുവദിച്ചു കൊടുക്കാനോ കഴിയില്ല.
സ്വയരക്ഷ വനപാലകർക്കു മാത്രമോ?
ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഭീതി പരത്തിയ കടുവയെ മയക്കുവെടി വച്ച് പിടികൂടാനുള്ള വനപാലകരുടെ ശ്രമത്തിനിടയിൽ അത് ചത്തു. ഉദ്യോഗസ്ഥർക്കു നേരേ പാഞ്ഞടുത്ത കടുവയെ സ്വയരക്ഷ കണക്കിലെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവയ്ക്കുകയായിരുന്നു. ഈ വെടിവയ്പിലാണ് കടുവ ചത്തത്. ഇതല്ലാതെ വേറെ മാർഗം ഒന്നുമില്ല ഉദ്യോഗസ്ഥരുടെ ജീവൻ രക്ഷിക്കാൻ. ആ ഘട്ടത്തിൽ അത് ചെയ്തേ മതിയാകൂ.
എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അല്ലാത്ത മനുഷ്യർ ആയിരുന്നു കടുവയെ വെടിവച്ചു കൊന്നതെങ്കിൽ ഇപ്പോൾ എന്താകുമായിരുന്നു അവസ്ഥ? അവർ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തപ്പെട്ട് ഇപ്പോഴും ജയിലിൽ കഴിയുമായിരുന്നു. സ്വയരക്ഷ വനപാലകർക്കും വേണം കർഷകർക്കും വേണം, മനുഷ്യർക്ക് എല്ലാവർക്കും വേണം. കർഷകർക്കെതിരേ കേസെടുക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന വനപാലകർ ഗ്രാമ്പിയിലെ നിങ്ങളുടെ സഹപ്രവർത്തകർക്കെതിരേ കേസെടുക്കാതിരുന്നത് എന്തുകൊണ്ട് എന്ന കാര്യം ചിന്തിക്കണം.
വന്യമൃഗങ്ങളും വനപാലകരും ഒരേപോലെ കർഷകരെ ആക്രമിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന പ്രദേശമായി വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകൾ മാറരുത്.