30 ലക്ഷം ജനങ്ങൾക്ക് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നു
വി.ഡി. സതീശന് (പ്രതിപക്ഷ നേതാവ്)
Friday, May 16, 2025 12:08 AM IST
മലപ്പുറം കാളികാവില്‍ റബര്‍ ടാപ്പിംഗിനു പോയ ഗഫൂര്‍ എന്ന ചെറുപ്പക്കാരനെയാണ് കടുവ കടിച്ചുകൊന്നത്. പ്രദേശത്ത് ഇതിന് മുമ്പും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും ഗൗരവതരമായ ഇടപെടല്‍ സര്‍ക്കാരിന്റെയോ വനംവകുപ്പിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകാത്തതാണ് ഒരു കുടുംബത്തിന്റെ അത്താണിയായ ചെറുപ്പക്കാരന്റെ ജീവിതം ഇല്ലാതാക്കിയത്.
2025 ഫെബ്രുവരി 11ന് നിയമസഭയില്‍ വനം മന്ത്രി നല്കിയ മറുപടി അനുസരിച്ച് കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് 192 ജീവനുകളാണ്. കടുവയുടെ ആക്രമണത്തില്‍ മരിച്ചത് ആറു പേരും.
യുഡിഎഫ് നടത്തിയ മലയോര സമരയാത്രയിലൂടെ മലയോര മേഖലയിലെ 35 ലക്ഷത്തോളം ജനങ്ങളുടെ സങ്കടങ്ങളും ദുരിതങ്ങളും എത്രത്തോളമുണ്ടെന്നത് ബോധ്യമായതാണ്. നാലു വര്‍ഷത്തിനിടെ പ്രതിപക്ഷം നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കൊണ്ടുവന്നത് മലയോര ജനതയുടെയും തീരപ്രദേശത്തുള്ളവരുടെയും പ്രശ്നങ്ങളാണ്.
പ്രശ്നപരിഹാരത്തിനു താത്പര്യമില്ലാത്ത സർക്കാർ
മലയോര വിഷയത്തില്‍ ആറ് അടിയന്തര പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. ഇതു കൂടാതെ നിരവധി ശ്രദ്ധക്ഷണിക്കലുകളും സബ്മിഷനുകളും ചോദ്യങ്ങളും. എന്നിട്ടും ഒരു തീരുമാനവും ഉണ്ടായില്ല. വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടും വന്യജീവി ആക്രമണം കുറഞ്ഞെന്ന് ഗവര്‍ണറെക്കൊണ്ട് നിയമസഭയില്‍ പറയിച്ചു. ആയിരത്തിലധികം പേരാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. എണ്ണായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതു കൂടാതെയാണ് ഭൂപ്രശ്നം. കൃഷിയിടങ്ങള്‍ വീണ്ടും വനങ്ങളാക്കുന്നു.
ജനങ്ങളോടുള്ള വെല്ലുവിളി
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വയനാട് ചാലിഗദ്ദ പനച്ചിയില്‍ അജീഷിനെ ആന ചവിട്ടിക്കൊലപ്പെടുത്തിയത്. ഇനി ഒരു കുട്ടിക്കും ഈ ഗതി വരരുതെന്നാണ് ആ വീട്ടില്‍ പോയപ്പോള്‍ അജീഷിന്റെ മോള് എന്നോട് പറഞ്ഞത്. എന്നാല്‍ അജീഷുമാര് കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. വനാതിര്‍ത്തികളില്‍ മാത്രമല്ല, നാട്ടിന്പുറത്തേക്കു കൂടി വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകുകയാണ്. എന്നിട്ടും സര്‍ക്കാര്‍ നിസംഗരായി നില്‍ക്കുകയാണ്.
സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 2016 മുതല്‍ 2023 അവസാനം വരെ 69 കോടി രൂപയുടെ കൃഷിനാശമാണ് ഈ മേഖലയിലുണ്ടായത്. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29.1 ശതമാനവും വനമാണ്. ഇതാകട്ടെ ദേശീയ ശരാശരിയേക്കാള്‍ കൂടുതലും. ഈ സാഹചര്യത്തിലും കൃഷിയിടങ്ങള്‍ ബലമായി പിടിച്ചെടുത്ത് വനമാക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. മുപ്പത് ലക്ഷത്തോളം ജനങ്ങളാണ് വനാതിര്‍ത്തി ഗ്രാമങ്ങളിൽ വന്യജീവി ആക്രമണഭീഷണിയിൽ ജീവിക്കുന്നത്. അവരുടെ ജീവിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുകയാണ്. വന്യജീവികളെ സംരക്ഷിക്കുക മാത്രമാണ് വനംവകുപ്പിന്റെ കടമയെന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക പരിശോധിച്ചാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ അലംഭാവം എത്രത്തോളമാണെന്നു വ്യക്തമാകും. 2018-19ല്‍ 6.28 കോടി രൂപ ചെലവിട്ടപ്പോള്‍ 2023-24ല്‍ 3.1 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ 48.85 കോടിയില്‍ 48 ശതമാനം പോലും ചെലവഴിച്ചില്ല. എന്ത് ചോദിച്ചാലും സോളാര്‍ വേലി, ആന പ്രതിരോധ കിടങ്ങുകള്‍, ആന പ്രതിരോധ മതിലുകള്‍, ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് എന്നിവ നിര്‍മിച്ചെന്നാണ് വനം മന്ത്രി പറയുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി ക്രാഷ് ഗാര്‍ഡ് വേലിക്കും കല് മതിലിനും റെയില്‍ വേലിക്കും ചുറ്റുമതിലിനും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല.
നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണം
വന്യജീവി ആക്രമണങ്ങളില്‍ മരണമടയുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും കുടുംബങ്ങള്‍ക്ക് നല്കുന്ന നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതുണ്ട്. ജീവന് നഷ്ടമാകുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനും കുട്ടികളുടെ വിദ്യാഭാസം പൂര്‍ണമായും ഏറ്റെടുക്കാനും സര്‍ക്കാര്‍ തയാറാകണം. പരിക്കേറ്റവരുടെ ചികിത്സാ ചിലവുകളും, സ്വകാര്യ ആശുപത്രിയിലേതടക്കമുള്ളവ ഏറ്റെടുക്കണം. 2016 മുതല്‍ വിവിധ വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവനും കൃഷിയും വളര്‍ത്തു മൃഗങ്ങളും നഷ്ടപ്പെട്ട 3,611 പേരുടെ നഷ്ടപരിഹാരം സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.
ആധുനിക മാര്‍ഗങ്ങള്‍ നടപ്പാക്കണം
ആനയും പുലിയും കടുവയും ഇറങ്ങിയാല്‍ ഞങ്ങള്‍ എന്തുചെയ്യാനാണെന്ന സര്‍ക്കാരിന്റെ നിസംഗത അംഗീകരിക്കാനാകില്ല. വന്യമൃഗങ്ങള്‍ ജനവാസമേഖലകളിലേക്ക് കടക്കാതിരിക്കാന്‍ തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആധുനിക മാര്‍ഗങ്ങള്‍ നടപ്പാക്കുന്നുണ്ട്. കേരളത്തോട് ചേര്‍ന്നു കിടക്കുന്ന വാല്‍പ്പാറയില്‍ ഇത്തരത്തില്‍ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.
വനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും യൂക്കാലിപ്റ്റസ് ഉള്‍പ്പെടെയുള്ളവയുടെ പ്ലാന്റേഷനുകള്‍ ഉണ്ടാക്കിയതോടെ വന്യജീവികള്‍ക്ക് ആഹാരവും ജലവും കിട്ടാത്ത അവസ്ഥയുണ്ടായി. ഇത് ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിന് കാരണമായിട്ടുണ്ട്. വെള്ളം കൂടുതലായി ഉപയോഗിക്കുന്ന ഇത്തരം സസ്യങ്ങള്‍ ആനകള്‍ക്ക് ജലദൗര്‍ലഭ്യം അടക്കം ഉണ്ടാക്കുന്നു. ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. കാടിനുള്ളില്‍ വെള്ളമില്ലാത്തതുകൊണ്ടാണ് ആന ഇറങ്ങുന്നതെന്നാണ് മന്ത്രിയും പറയുന്നത്. അങ്ങനെയെങ്കില്‍ വെള്ളവും ഭക്ഷണവും കാട്ടിനുള്ളില്‍ നല്കാന് സംവിധാനം ഒരുക്കണം. ആന കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളിലെ കാടുകളില്‍ വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള സംവിധാനം മറ്റു സംസ്ഥാനങ്ങളിലുണ്ട്. നേരത്തെ കേരളവും അങ്ങനെ ചെയ്തിട്ടുണ്ട്.
എന്തുകൊണ്ട് കടുവ ഇറങ്ങുന്നു?
നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റിയുടെ മാനദണ്ഡമനുസരിച്ച് ഒരു കടുവയ്ക്ക് 20 സ്ക്വയര്‍ കിലോമീറ്റര്‍ സ്ഥലം വേണം. എന്നാല്‍, വയനാട് വന്യജീവി സങ്കേതത്തിന്റെ വിസ്തീര്‍ണം 344 സ്ക്വയര്‍ കിലോമീറ്ററാണ്. ഇത്രയും വിസ്തീര്‍ണമുള്ള വന്യജീവി സങ്കേതത്തിന് 20 കടുവകളെ മാത്രമേ ഉള്‍ക്കൊള്ളാന്‍ സാധിക്കൂ. എന്നാല്‍, 154 കടുവകളാണ് വയനാട്ടിലുള്ളത്. ഒരു കടുവയുടെ ആധിപത്യപ്രദേശത്തേക്ക് പുതിയ കടുവ എത്തിയാല്‍ പരസ്പരം ആക്രമിക്കുകയും കരുത്തന് അതിജീവിക്കുകയും ദുര്ബലന് നാട്ടിലേക്ക് ഇറങ്ങുകയും ചെയ്യും. ഇതൊക്കെ മനസിലാക്കി ശാസ്ത്രീയമായ പരിഹാരങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടത്.