വെള്ളരിപ്രാവുകളെ കൊല്ലരുത്!
ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
Saturday, July 5, 2025 12:18 AM IST
“ക്ഷമയും സമയവും ആണ് ഏറ്റവും ശക്തരായ യോദ്ധാക്കള്‍’’ എന്നു പറയാറുണ്ട്. “കഷ്ടപ്പാടുകള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യനു സ്വയം അറിയാനോ, തന്റെ പരിധികള്‍ അറിയാനോ കഴിയില്ലായിരുന്നു” എന്നും കേട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒട്ടേറെ ദുരന്ത, യുദ്ധ വാര്‍ത്തകള്‍ അനേകരെ ആശങ്കയിലാക്കിയിരുന്നു.
പഹല്‍ഗാം ഭീകരാക്രമണവും പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിലും സൈനികതാവളങ്ങളിലും ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറും ശശി തരൂരിനെ അടക്കം വിദേശങ്ങളിലേക്കയച്ചുള്ള നയതന്ത്ര നീക്കവുമെല്ലാം പലതരത്തില്‍ വാര്‍ത്തയും വിവാദവും ആശങ്കകളും സൃഷ്ടിച്ചു.
ലണ്ടന്‍ ഗാറ്റ്വിക്കിലേക്കുള്ള എയര്‍ ഇന്ത്യയുടെ ബോയിംഗ് 171 വിമാനം അഹമ്മദാബാദില്‍നിന്നു പറന്നുയര്‍ന്നു മിനിറ്റിനുള്ളില്‍ തകര്‍ന്നുവീണ സംഭവത്തിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. ഡ്രീംലൈനര്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും ഒരേസമയം നിലച്ചതാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. എന്നെങ്കിലും സത്യം പുറത്തുവരുമെന്ന് ആശിക്കാം. മരിച്ചവരുടെ ജീവിതസ്വപ്നങ്ങള്‍ മാത്രമല്ല, കോടിക്കണക്കിനു വിമാനയാത്രികരുടെ സുരക്ഷാബോധംകൂടിയാണു കത്തിയമര്‍ന്നത്.
അരുത്, മൂന്നാം ലോകയുദ്ധം
അഹമ്മദാബാദിലെ വിമാനദുരന്തമുണ്ടായതിന്റെ പിറ്റേന്ന് ജൂണ്‍ 13നാണ് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്കു നേരേ ഇസ്രയേലിന്റെ ആക്രമണം. ഇറാന്റെ അണ്വായുധകേന്ദ്രങ്ങളില് അമേരിക്കകൂടി വന്‍ ബോംബാക്രമണം നടത്തുകയും ഇസ്രയേലിനെതിരേ ഇറാന് തിരിച്ചടിക്കുകയും ചെയ്തപ്പോള്‍ ലോകം ആശങ്കയിലായി. കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ സാധ്യതകളേറെയായിരുന്നു. അവകാശപ്പെട്ടതു പൂര്‍ണമായി ശരിയല്ലെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലുകള്‍ ഇസ്രയേല്‍ - ഇറാന് യുദ്ധത്തിനു താത്കാലിക വിരാമം കാണാനെങ്കിലും സാധിച്ചു. ഇറാനില്‍ പോയി ബോംബിട്ട ശേഷമാണു സമാധാനത്തിന്റെ ദൂതനായി ട്രംപ് സ്വയം അവരോധിച്ചത്!
മനുഷ്യജീവനുകള്‍ക്കു വിലയില്ലാതാകുന്ന ഭീകരാക്രമണങ്ങളും സൈനികനടപടികളും മനുഷ്യകുലത്തിനാകെ ഭീഷണിയാണ്. സര്‍വനാശത്തിലേക്കു വഴിതെളിക്കാവുന്ന മൂന്നാം ലോകയുദ്ധമോ, ആണവാക്രമണമോ ഉണ്ടാകാതിരിക്കട്ടെയെന്ന് ആഗ്രഹിക്കാം.
ഇറാന്റെ ആണവഭീഷണി
വിനാശകരമായ ആണവായുധങ്ങള്‍ സ്വന്തമാക്കാനുള്ള ഇറാന്റെ അഭിലാഷങ്ങള്‍ക്ക് എത്രത്തോളം തിരിച്ചടിയുണ്ടായെന്ന് അവിടുത്തെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചു മൂന്നാഴ്ച ആയിട്ടും വ്യക്തമല്ല. ഐക്യരാഷ്ട്രസഭയുടെ ആണവനിരീക്ഷണ സംഘടനയായ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ) യുമായുള്ള സഹകരണം നിര്‍ത്തലാക്കാന്‍ ഇറാന് പാര്‍ലമെന്റ് അംഗീകരിച്ച ബില്ലില്‍ ഇറാന് പ്രസിഡന്റ് മസൂദ് പെഷേഷ്കിയാന്‍ ഒപ്പുവച്ചു. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനയ് നിയമിച്ച ശക്തമായ 12 അംഗ ഗാര്ഡിയന് കൗണ്‍സിലും ബില്ലില്‍ ഒപ്പുവച്ചിട്ടുണ്ട്.
ആണവായുധ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) നിന്ന് ഇറാന് പിന്മാറുന്നത് ആശങ്കയാണ്. വടക്കന്‍ കൊറിയ ആണ് 57 വര്‍ഷം പഴക്കമുള്ള കരാറില്‍നിന്ന് അവസാനമായി പിന്മാറിയത്. എന്‍പിടിയില്‍ തുടരുമോയെന്ന് ഇറാന് വിലയിരുത്തിവരികയാണെന്ന് ഇറാന് സ്റ്റേറ്റ് ടിവിയില്‍ അവരുടെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഉടമ്പടി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഐഎഇഎ പരിശോധനകള്‍ നടത്തണമെന്ന വ്യവസ്ഥ ഇറാന് പാലിക്കുമെന്ന് ആര്‍ക്കും ഉറപ്പിക്കാനാകില്ല.
തക്കംപാർത്ത് ചൈന, റഷ്യ
1968ല്‍ 191 രാജ്യങ്ങള്‍ ഒപ്പിട്ട ആണവനിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പിട്ടിട്ടില്ല. എന്‍പിടിയില്‍ ഒപ്പുവയ്ക്കാതെ അമേരിക്കയുമായി ആണവോര്‍ജ കരാര്‍ ഉണ്ടാക്കാനായെന്നതാണു മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവപദ്ധതികള്‍ തുടരാനാകും. എന്നാല്‍, ഇതിന്റെ മറവില്‍ അണ്വായുധങ്ങള്‍ സ്വന്തമാക്കാന്‍ ഇറാനും വടക്കന്‍ കൊറിയയും അടക്കം ശ്രമിക്കുന്നുവെന്നതു രഹസ്യമല്ല.
ഇറാന്റെ സിവിലിയന്‍ ആണവപദ്ധതിയെ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി പരിമിതപ്പെടുത്തുന്ന സംയുക്ത സമഗ്ര പ്രവര്‍ത്തന പദ്ധതിയില്‍ (ജെസിപിഒഎ) അമേരിക്ക ഉള്‍പ്പെടെയുള്ള ലോകശക്തികള്‍ 2015ല്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍, 2018ല്‍ പ്രസിഡന്റ് ട്രംപ് ഈ കരാറില്‍നിന്നു പിന്മാറി. ഇറാനെതിരേ അമേരിക്ക വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇറാനുമായി പുതിയൊരു ആണവക്കരാര്‍ ചര്‍ച്ച ചെയ്യാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ വിജയിച്ചതുമില്ല. ട്രംപിന്റെ അതിമോഹങ്ങളും ചാഞ്ചാട്ടങ്ങളും ലോകക്രമം മാറ്റുകയാണ്.
ലക്ഷ്യം കാണാതെ 12 ദിനം
ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന് എന്നിവിടങ്ങളിലുള്ള ആണവകേന്ദ്രങ്ങളില്‍ ജൂണ്‍ 21നായിരുന്നു അമേരിക്കന്‍ വ്യോമാക്രമണം. ഇറാന്റെ ആണവപദ്ധതിയെ തകര്‍ത്തെന്നും വര്‍ഷങ്ങള്‍ പിന്നോട്ടടിച്ചെന്നുമുള്ള അവകാശവാദങ്ങള്‍ തീര്‍ത്തും തെറ്റാകില്ല. ഖത്തറിലെ അമേരിക്കയുടെ അല്‍ ഉദൈദ് വ്യോമതാവളത്തില്‍ ഇറാന് മിസൈലുകള്‍ വര്‍ഷിച്ചതോടെ സ്ഥിതി വഷളായി. വന്‍ നാശമുണ്ടായതോടെയാണു വെടിനിര്‍ത്തലിന് ഇസ്രയേലും ഇറാനും സമ്മതിച്ചത്.
ഓപ്പറേഷന് സിന്ദൂറില്‍ വന്‍നാശമുണ്ടായ പാക്കിസ്ഥാന് വെടിനിര്‍ത്തലിനു തയാറായതിനു സമാനമായിരുന്നു ഇറാന്റെ സ്ഥിതി. വെടിനിര്‍ത്തല്‍ ആശ്വാസകരമാണെങ്കിലും പരിഹാരമോ സമാധാനമോ ആകില്ല. ഇറാന്റെ എണ്ണക്കച്ചവടത്തിനെതിരേ അമേരിക്കയുടെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ആണവപദ്ധതി തടയാന്‍ മതിയാകില്ല.
സ്വയം പ്രതിരോധം കാപട്യം
സ്വയം പ്രതിരോധമെന്ന വാദം ഉയര്‍ത്തിയാണ് ഇസ്രയേലും ഇറാനും പാക്കിസ്ഥാനും യുക്രെയ്നും സിറിയയും ഹമാസും മുതല്‍ അമേരിക്കയും റഷ്യയും വരെയുള്ളവര്‍ നാശം വിതയ്ക്കുന്നത്! ഇസ്രയേലിന്റെ ആക്രമണത്തില്‍ 974 പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടത്. ഇറാന്റെ ആക്രമണത്തില്‍ 28 ഇസ്രയേലികളുടെയും ജീവന് പൊലിഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നു ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ 1,139 പേര് കൊല്ലപ്പെടുകയും ഇരുനൂറോളം നിരപരാധികളെ ബന്ദികളാക്കുകയും ചെയ്തു. ഇതിനു പ്രതികാരമായി ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 57,130 പേര് കൊല്ലപ്പെടുകയും 1.34 ലക്ഷം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, 80,000 പലസ്തീനികളെങ്കിലും കൊല്ലപ്പെട്ടുവെന്നു മറ്റുചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ 27 വര്‍ഷത്തിനിടെ മാത്രം കാഷ്മീരില്‍ ചുരുങ്ങിയത് 41,000 പേര് പാക് പിന്തുണയുള്ള ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 2003ല്‍ 795 സാധാരണക്കാരും 314 സൈനികരും 1,494 ഭീകരരും ജമ്മു കാഷ്മീരില്‍ കൊല്ലപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. 2004ല്‍ ഇത് യഥാക്രമം 707, 281, 976 എന്നിങ്ങനെയായിരുന്നു. പരസ്പരം ചോര വീഴ്ത്തിയിട്ടും ലോകമെങ്ങും യുദ്ധക്കൊതിയും ഭീകരതയും കൂടിവരുന്നത് ആപത്കരമാണ്.
ഭീകരതയെ തൂത്തെറിയാം
ഭീകരതയുടെയും തീവ്രവാദത്തിന്റെയും അടിവേരറക്കാതെ ലോകത്തു സമാധാനം കൈവരില്ല. ഐഎസ്, ഹമാസ്, ആഫ്രിക്കയിലെ ജമാഅത്ത് നുസ്റത്ത് അല്‍ ഇസ്ലാം വല്‍ മുസലിമീന്‍, അല്‍ ഷഹബാബ് എന്നീ നാലു ഭീകര സംഘടനകള്‍ മാത്രം 2024ല്‍ 4,443 പേരെ കൊന്നൊടുക്കിയെന്നാണ് ഗ്ലോബല്‍ ടെററിസം ഇന്ഡക്സിലുള്ളത്. ഹമാസ് ജൂതന്മാര്ക്കും ക്രൈസ്തവര്ക്കുമെതിരേയാണെങ്കില് മറ്റു മൂന്നു പ്രധാന ഭീകര സംഘടനകളും ബൊക്കോ ഹറാം പോലുള്ള ഇതര ഗ്രൂപ്പുകളും ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് ഉന്മൂലനം ചെയ്യുന്ന കൊടുംക്രൂരതകളാണു നടത്തിവരുന്നത്. എന്നാല്‍, ഇസ്രയേലിന്റെ ഗാസയിലെ കൂട്ടക്കൊലകളെക്കുറിച്ചു മാത്രം വേദനിക്കുന്ന വോട്ട് ബാങ്ക് രാഷ്ട്രീയക്കാരും ലോകസമാധാനത്തിനു പാര വയ്ക്കുകയാണ്.
അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാരിനെ ആദ്യമായി അംഗീകരിക്കാന്‍ റഷ്യ തയാറായി. താലിബാനുമായി സഹകരിക്കാന്‍ ഇന്ത്യയും ന്യായം കണ്ടെത്തി. പാക്കിസ്ഥാന്റെ ഭീകരതയ്ക്കും ചൈനയും തുര്‍ക്കിയും മാത്രമല്ല അമേരിക്കയും കുടപിടിക്കുന്നു. താത്കാലിക സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി ഭീകരരെ സഹായിക്കാനും ന്യായീകരിക്കാനും വന്‍രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നതു ദുരന്തമാകും.
വോട്ട് നോക്കി വേണ്ട തന്ത്രം
മതാന്ധതയിലും അധിനിവേശ മോഹത്തിലും മറ്റും ആളുകളെ ആരു കൊന്നൊടുക്കിയാലും അതിനെതിരേ ഒരേ മാനദണ്ഡത്തില്‍ പ്രതികരിക്കുകയാണു വേണ്ടത്. എല്ലാത്തരത്തിലുമുള്ള തീവ്രവാദികളെയും ഭീകരരെയും ഒറ്റപ്പെടുത്താന്‍ ലോകമനഃസാക്ഷി ഉണര്‍ത്താതെ രക്ഷയില്ല.