കേരളം * 60
(സ്വന്തം ലേഖകൻ)
തിരുവനന്തപുരം, നവം.1

കേരളത്തിലെ ഒരു കോടി 35 ലക്ഷത്തിൽപരം ജനങ്ങളെ ഭരണപരമായി ഒന്നിച്ചുചേർക്കുന്ന ആ മഹാസംഭവം വമ്പിച്ച ആഹ്ളാദാഘോഷങ്ങളോടുകൂടി ഇന്നു നടന്നിരിക്കുന്നു. തെക്ക് കളയിക്കവിള മുതൽ വടക്ക് കാസർകോട്ടു വരെയുള്ള 15,035 ചതുരശ്ര മൈലിനുള്ളിൽ അധിവസിക്കുന്ന ആബാലവൃദ്ധം ജനങ്ങൾ കേരള സംസ്‌ഥാനപ്പിറവി ഒരു മഹാമഹമായി കൊണ്ടാടിയിരിക്കുന്നു.
തലസ്‌ഥാനനഗരിയാണ് ഏറ്റവും വലിയ ഉത്സവകേന്ദ്രമായിരുന്നത്. നഗരവീഥികളിലെ പ്രധാന ഭാഗങ്ങളിലെല്ലാം മനോഹരമായ ആർച്ചുകൾ നിർമിച്ചിരുന്നു. സർക്കാർ മന്ദിരങ്ങളും ഓഫീസുകളും സ്വകാര്യസ്‌ഥാപനങ്ങളും വ്യാപാരശാലകളുമെല്ലാം മോടിപിടിപ്പിച്ചിരുന്നു. പ്രഭാതമായപ്പോഴേയ്ക്കും ദേവാലയങ്ങളിലെ മണികളുടെ സംഗീതമണിനാദം നഗരമാകെ പ്രതിധ്വനിച്ചു. ഓടുന്ന പൂങ്കാവുകളുടെ പ്രതീതി ജനിപ്പിച്ചുകൊണ്ട് എല്ലാ ഗണത്തിലുംപെട്ട പൗരമുഖ്യരെ വഹിക്കുന്ന കാറുകൾ നോക്കെത്താത്തവിധം അണിയണിയായി പ്രധാന പാതയിലൂടെ ഡർബാർ ഹാളിനെ ലക്ഷ്യമാക്കി മന്ദമായി നീങ്ങിക്കൊണ്ടിരുന്നു.

സത്യപ്രതിജ്‌ഞ

8.20 ആയപ്പോഴേയ്ക്കും ഡർബാർഹാളും അതിഥി വളപ്പും വിശിഷ്‌ടാതിഥികളെക്കൊണ്ടു നിറഞ്ഞുകഴിഞ്ഞു. സെക്രട്ടറിയേറ്റ് മൈതാനം ഒരു മനുഷ്യമഹാസമുദ്രമായി മാറി. 8.28–ന് ശ്രീ പി.എസ്. റാവുവിനെ എതിരേറ്റുകൊണ്ടുവന്ന ഘോഷയാത്ര ഡർബാർ ഹാളിന്റെ മുൻവശത്തെത്തി. ചീഫ് സെക്രട്ടറി അദ്ദേഹത്തെ സ്വീകരിച്ചു. പോലീസ് സൈന്യത്തിന്റെ സൈനികോപചാര ചടങ്ങിനു ശേഷം ഗവർണറെ ഹാളിലേക്ക് ആനയിച്ചു. ആദ്യമായി ചീഫ് സെക്രട്ടറി ശ്രീ എൻ.ഇ.എസ്. രാഘവാചാരി ഇന്ത്യൻ പ്രസിഡന്റിന്റെ ഗവർണർ നിയമന വിളംബരം വായിച്ചു. കേരളസംസ്‌ഥാനത്തിന്റെ ഗവർണറുടെ ചുമതലകൾ നിർവഹിക്കുന്നതിനു ശ്രീ പി.എസ്. റാവുവിനെ അധികാരപ്പെടുത്തിയിരിക്കുന്നു എന്നാണ് ആ പ്രഖ്യാപനത്തിൽ പ്രസ്താവിച്ചിരിക്കുന്നത്. അനന്തരം ഗവർണർ ചീഫ് ജസ്റ്റീസിന്റെ മുമ്പാകെ സത്യപ്രതിജ്‌ഞ നടത്തി സ്വസ്‌ഥാനത്ത് ഉപവിഷ്ഠനായി. ഗവർണർ ചാർജെടുത്തതിനെ വിളംബരം ചെയ്തുകൊണ്ട് 17 ആചാരവെടികൾ മുഴക്കപ്പെട്ടു.

അടുത്ത ചടങ്ങ് കേരള ചീഫ് ജസ്റ്റീസിന്റെയും സഹജഡ്ജിമാരുടെയും സത്യപ്രതിജ്‌ഞയായിരുന്നു. കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസ് ശ്രീ കെ.റ്റി. കോശിയും അദ്ദേഹത്തെത്തുടർന്ന് ജഡ്ജിമാരായ കെ.കെ. ശങ്കരൻ, ടി.കെ. ജോസഫ്, എം.എസ്. മേനോൻ, ജി. കുമാരപിള്ള, വരദരാജയ്യങ്കാർ എന്നിവരും ഗവർണറുടെ മുമ്പാകെ സത്യപ്രതിജ്‌ഞ നടത്തി. ചീഫ് ജസ്റ്റീസ് ബ. കെ.റ്റി. കോശിയും മി. ജസ്റ്റീസ് ടി.കെ. ജോസഫും ദൈവനാമത്തിൽ സത്യപ്രതിജ്‌ഞ നടത്തി. മററുള്ളവരുടേതു ദൈവനാമം വിട്ടുകൊണ്ടുള്ള ദൃഢപ്രതിജ്‌ഞയുമായിരുന്നു.

പതാകവന്ദനം

സത്യപ്രതിജ്‌ഞാകർമത്തിനു ശേഷം, ഗവർണർ ഹാളിൽനിന്നു റോസ്ത്രത്തിലേക്കു വന്നു. മദ്രാസ് മന്ത്രി ശ്രീ സുബ്രഹ്മണ്യരും ഗവർണറുടെ സമീപം ഉപവിഷ്ഠനായി, ജനങ്ങൾക്കു കൂപ്പുകൈ അർപ്പിച്ചു. ദേശീയപതാക ഉയർത്തി പതാകാവന്ദനം നടത്തിയപ്പോൾ ബാൻഡ്സംഘം ദേശീയഗാനം ആലപിച്ചു.

ദീപശിഖാവാഹകർ

8.40–നു കോഴിക്കോട്ടുനിന്നു വന്ന ദീപശിഖാവാഹകനായ കേരളീയ യുവാവിന്റെ ആഗമനസൂചന കേൾക്കുകയുണ്ടായി. ഗവർണർ ആസനസ്‌ഥനായിരുന്ന മണ്ഡപത്തിലേക്ക് ഓടിയണയുന്ന ആ യുവാവിനു ജനങ്ങൾ ആർപ്പുവിളികൾകൊണ്ടും കരഘോഷങ്ങൾകൊണ്ടും സ്വീകരണം നൽകി. ആ യുവാവ് ദീപശിഖ ഗവർണറുടെപക്കൽ സമർപ്പിച്ചു. സിറ്റി മേയർ ശ്രീ പൊന്നറ ശ്രീധർ അത് ഏറ്റുവാങ്ങി സമീപത്തു സജ്‌ജമാക്കിയിരുന്ന സ്തൂപികയിൽ സ്‌ഥാപിച്ചു.

കവിതാപാരായണം

ആസ്‌ഥാന മഹാകവി ശ്രീ വള്ളത്തോളിനെ പരിചയപ്പെടുത്തുക എന്നതായിരുന്നു അടുത്ത ചടങ്ങ്. മഹാകവി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ കവിത പാരായണം ചെയ്യുന്നതിനു യോഗ്യനായ ഒരാളെ നിയോഗിച്ചിരിക്കുന്ന വിവരം അറിയിച്ചു. ആ യുവാവ് ഗാനാത്മകമായ ആ ജയകേരള കവിത പാരായണം ചെയ്തു.

അവസാനമായി ആ ഗവർണർ ശ്രീ പി.എസ്. റാവു കേരള സംസ്‌ഥാനത്തിന്റെ സവിശേഷതകളെ പ്രകീർത്തിച്ചുകൊണ്ടും കേരളീയ ജനതയ്ക്കു വിജയാശംസ നേർന്നുകൊണ്ടും ഒരു പ്രസംഗം ചെയ്തു. പ്രസ്തുത പ്രസംഗത്തിന്റെ പരിഭാഷ മഹാകവി ജി. ശങ്കരക്കുറുപ്പ് വായിച്ചു. അനന്തരം മദ്രാസ് മന്ത്രി ശ്രീ സുബ്രഹ്മണ്യം ഒരു പ്രസംഗത്തോടുകൂടി മലബാർ ഡിസ്ട്രിക്ടിനെ പുതിയ സംസ്‌ഥാനത്തിനു വിട്ടുകൊടുത്തതായി പ്രസ്താവിച്ചു. ദേശീയഗാനം പോലീസിന്റെ സൈനികമുറയിലുള്ള ആചാരപ്രകടനം എന്നിവ കഴിഞ്ഞ് ഗവർണർ രാജഭവനിലേക്കു മടങ്ങിയതോടെ ഉദ്ഘാടനച്ചടങ്ങുകൾ പരിസമാപ്തമായി.


ക്ഷണിതാക്കൾ

ഈ മംഗളകർമത്തിൽ സംബന്ധിക്കുന്നതിനു കക്ഷിഭേദമോ മതഭേദമോ കണക്കാക്കാതെ ഗണനീയരായ എല്ലാ നേതാക്കന്മാരെയും ഗവൺമെന്റിന്റെ പ്രത്യേകാതിഥികളായി ക്ഷണിച്ചിരുന്നു എന്നാണു ഗവൺമെന്റധികാരികൾ അവകാശപ്പെടുന്നത്.

രാഷ്ട്രീയകക്ഷികളിൽ പിഎസ്പി നേതാക്കന്മാരിൽ ചിലരെയൊഴിച്ചാൽ ബാക്കി എല്ലാത്തിന്റെയും സംപൂർണ സാന്നിധ്യം ഉണ്ടായിരുന്നു. അഖണ്ഡകേരളത്തിനുവേണ്ടി നിലകൊള്ളുന്ന കെപിപി പാർട്ടിയിലെ എല്ലാ നേതാക്കന്മാരും ഹാജരായിരുന്നു. പിഎസ്പി മേയർ ശ്രീ പൊന്നറ ശ്രീധറുടെ നേതൃത്വത്തിലുള്ള തിരുവനന്തപുരം സിറ്റി കോർപറേഷൻ കൗൺസിൽ ഇന്നത്തെ എല്ലാ ആഘോഷപരിപാടികളിലും സോൽസാഹം സഹകരിച്ചു.

ഡർബാർ ഹാളിൽ

അതിഥികളുടെ സ്‌ഥാനമാനങ്ങൾക്കനുസരിച്ച ഒരു ഇരിപ്പിടക്രമീകരണം സാധിക്കുന്നതിൽ അതിനു ചുമതലപ്പെട്ട ഉദ്യോഗസ്‌ഥന്മാർ ശ്രദ്ധിക്കാതെയിരുന്നതുകൊണ്ടു ചില മെത്രാന്മാർക്കുപോലും ഡർബാർ ഹാളിൽ പ്രവേശനം ഇല്ലാതെവന്നു. ഈ രാജ്യത്തെ സ്‌ഥിതിഗതികൾ നേരിട്ടറിഞ്ഞുകൂടാത്ത ചീഫ് സെക്രട്ടറി, ഗവർണർ മുതലായവർ ഈ അവിഹിത നടപടിയിൽ പശ്ചാത്താപം രേഖപ്പെടുത്തത്തക്ക ഒരു നില വരുത്തിവച്ചത് ഏതായാലും ഖേദകരമായിപ്പോയി.

ചില സമുദായസംഘടനാ നേതാക്കന്മാരെ ക്ഷണിക്കുകയും മറ്റു ചില സമുദായ സംഘടനാ നേതാക്കന്മാരെ പാടെ അവഗണിക്കുകയും ചെയ്തതായും പരാതി കേൾക്കാനിടയായി.

ഘോഷയാത്ര

വൈകുന്നേരം നാലുമണിക്കു കിള്ളിപ്പാലത്തുനിന്ന് യൂണിവേഴ്സിറ്റി സ്റ്റേഡിയം വരെ കോർപറേഷന്റെ ആഭിമുഖ്യത്തിൽ ഒരു ഘോഷയാത്ര നടത്തി. രണ്ടു മണിക്കൂറിലധികം നേരത്തേക്കു നഗരത്തിലെ റോഡ് സഞ്ചാരം മുടങ്ങത്തക്കവണ്ണം അത്ര വമ്പിച്ച ഒരു ഘോഷയാത്രയായിരുന്നു.

അലങ്കരിച്ച മോട്ടോർ വാഹനങ്ങൾ, അമ്പാരിവച്ച ഗജവീരന്മാർ, മുത്തുക്കുടകൾ, വർണാങ്കിതമായ കൊടികൾ, ജയകേരള പ്ലാക്കാർഡുകൾ, വാദ്യമേളങ്ങൾ മുതലായവ സഹിതമുള്ള ഘോഷയാത്ര ആറരമണിയോടുകൂടിയാണ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എത്തിയത്. അവിടെവെച്ച് സിറ്റി മേയർ ശ്രീ പൊന്നറ ശ്രീധറുടെ അധ്യക്ഷതയിൽ ഒരു മഹായോഗവും നടത്തപ്പെട്ടു. യോഗത്തെത്തുടർന്ന് കനകക്കുന്ന് കൊട്ടാരവളപ്പിൽവച്ച് നടത്തിയ കരിമരുന്നു പ്രയോഗം ഒരു മണിക്കൂർ ദീർഘിച്ചു.

ഉദ്യാനവിരുന്ന്

വൈകുന്നേരം ആറുമണിക്ക് കനകക്കുന്ന് കൊട്ടാരത്തിൽവച്ച് സംസ്‌ഥാന ഉദ്യാനവിരുന്ന് നടത്തി. അഞ്ഞൂറോളം അതിഥികൾ ഇതിൽ സംബന്ധിച്ചിരുന്നു.

മറ്റ് ആഘോഷങ്ങൾ

തലസ്‌ഥാന നഗരിയിൽ, വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സാംസ്കാരിക കേന്ദ്രങ്ങളിലും ഇന്നു പകൽ പൊതുയോഗങ്ങൾ കൂടി കേരളപ്പിറവിയിൽ ആഹ്ളാദം രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്ത്യൻ ദേവാലയങ്ങളിലെല്ലാം കേരളവിജയത്തിനായി പ്രത്യേക പ്രാർഥനകളും നടത്തപ്പെട്ടു.

ഇന്നു മുതൽ കേരളത്തിൽ

=ഭക്ഷ്യസുരക്ഷാ നിയമം കേരളത്തിൽ നടപ്പാക്കുന്നു. ഒപ്പം, റേഷൻ കടകൾ അടച്ചിട്ടുള്ള സമരം തുടങ്ങുന്നു. മുൻഗണനാപട്ടികയിൽ ഇടംപിടിക്കാതെ 48 ലക്ഷം കുടുംബങ്ങൾ.
=സംസ്‌ഥാനത്തെ പതിനയ്യായിരത്തോളം സ്കൂളുകളെ ഉൾപ്പെടുത്തി ഐടി * സ്കൂൾ പ്രോജക്ടിന്റെ സ്കൂൾ വിക്കി (ംംം.രെവീീഹംശസശ.ശി) ഇന്നു പ്രവർത്തനസജ്‌ജം.
=കേരളം ഇന്നുമുതൽ വെളിയിട വിസർജന വിമുക്‌ത സംസ്‌ഥാനം
=മൺസൂൺ സമയക്രമം തീർന്നതിനാൽ കൊങ്കൺ വഴിയുള്ള ട്രെയിനുകൾക്ക് ഇന്നു മുതൽ പുതിയ സമയം. എറണാകുളം നിസാമുദീൻ 12617 എക്സ്പ്രസ്, ഉച്ചകഴിഞ്ഞ് 1.15നും എറണാകുളം–ലോകമാന്യതിലക് 12224 തുരന്തോ എക്സ്പ്രസ് രാത്രി 11.30നും പുറപ്പെടും.
=വാണിജ്യനികുതി വകുപ്പിന്റെ മിഷൻ വാളയാർ രണ്ടാം പതിപ്പിന് ഇന്നു തുടക്കം.
=കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നുമുതൽ ശീതകാല സമയക്രമം.