എല്ലാവരുടെയും സ്നേഹപിതാവ്
എല്ലാവരുടെയും സ്നേഹപിതാവ്
മാർ മാത്യു അറയ്ക്കലിന് ഇന്ന് ജനകീയ ആദരം. എരുമേലി ഇടവക അറയ്ക്കൽ പരേതരായ തൊമ്മൻ മത്തായി - ഏലിയാമ്മ ദന്പതികളുടെ പുത്രനായി 1944 ഡിസംബർ 10ന് ജനനം.
ചങ്ങനാശേരി, അന്പൂരി, പീരുമേട് മേഖലകളുടെ വികസനത്തിനും കാർഷിക ഭദ്രതയ്ക്കും ഉദാത്തമായ കർമപദ്ധതികൾ ആവിഷ്കരിച്ച ആത്മീയപിതാവ്. 19 വർഷം കാഞ്ഞിരപ്പള്ളി രൂപതയെ ആത്മീയപാതയിൽ നയിച്ചശേഷം വിരമിച്ച മാർ മാത്യു അറയ്ക്കൽ പിന്നിട്ട കർമണ്ഡലങ്ങളെ ദീപികയുമായി പങ്കുവയ്ക്കുന്നു.

ദൈവവിളിയും സെമിനാരി പഠനവും

കുടുംബത്തിലെ ആത്മീയ അന്തരീക്ഷവും പരിശുദ്ധ കന്യകാമാതാവിനോടുള്ള ഭക്തിയും ദൈവവിളിക്ക് എറെ പ്രേരകമായിട്ടുണ്ട്. ജ്യേഷ്ഠസഹോദരൻ ഫാ. എ.ടി. തോമസിന്‍റെയും സഹോദരി സിസ്റ്റർ ആൻ അറയ്ക്കലിന്‍റെയും മിഷനറി ചൈതന്യം എന്നെ ചെറുപ്പത്തിൽ ദൈവവിളിയിലേക്കു നയിച്ചു.

എരുമേലി സെന്‍റ് തോമസ് സ്കൂളിലെ പഠനത്തിനുശേഷം ചങ്ങനാശേരി പാറേൽ മൈനർ സെമിനാരിയിലെത്തുന്പോൾ അക്കൊല്ലത്തെ സെമിനാരി അഡ്മിഷൻ അവസാനിച്ചിരുന്നു. പ്രതീക്ഷ കൈവിടാതെ ചങ്ങനാശേരി അരമനയിലെത്തി മാർ മാത്യു കാവുകാട്ട് പിതാവിനെ കണ്ട് ആഗ്രഹം അറിയിച്ചു. പ്രത്യേക അനുമതിയെന്നോണം പിതാവ് സെമിനാരിയിൽ എനിക്കു പ്രവേശനം നൽകി.

വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലായിരുന്നു ഉപരിപഠനം. മുൻ പാലാ രൂപതാധ്യക്ഷൻ ജോസഫ് പള്ളിക്കാപറന്പിലും റവ.ഡോ. സെവ്യർ കൂടപ്പുഴയുമൊക്കെ അവിടെ പ്രഫസർമാരായിരുന്നു. എന്നെ തുടരെ അലട്ടിയിരുന്ന ആത്്സ്മ ഡീക്കൻപദവി കിട്ടിയ കാലത്ത് കലശലായി. സെമിനാരിയിൽ നിന്ന് മടങ്ങിപ്പോകേണ്ടവരുമോ എന്ന വേദനാകരമായ സ്ഥിതിയിലേക്ക് രോഗം മുർച്ഛിച്ചു. ഈ അവസ്ഥയിൽ എന്നെ തിരികെ അയയ്ക്കാൻ അനുവദിക്കണമെന്ന് സെമിനാരിയിൽ സ്പിരിച്വൽ ഫാദർ കൂടിയായിരുന്ന ഫാ. ജോസഫ് പള്ളിക്കാപ്പറന്പിലിനോടു പറഞ്ഞു. ആശങ്കയും ദുഖവുമായി അന്നൊരിക്കൽ ഭരണങ്ങാനത്ത് വിശുദ്ധ ആൽഫോൻസാമ്മയുടെ കബറിടത്തിലെത്തി ഞാൻ ഉള്ളുരുകി പ്രാർഥിച്ചു.

അൽഫോൻസാമ്മ സഹായിച്ചാൽ ഞാൻ വൈദികനാകും. അതല്ലെങ്കിൽ ഞാൻ മടങ്ങേണ്ടിവരും എന്നു പുണ്യവതിയോടു പ്രാർഥിച്ചു. അത്ഭുതമെന്നോണം അത്്സ്മയിൽനിന്ന് എനിക്കു മോചനം ലഭിച്ചു. സെമിനാരി പരിശീലനം പൂർത്തിയാക്കി 1971 മാർച്ച് 13ന് മാർ ആന്‍റണി പടിയറയിൽനിന്ന് ഞാൻ പൗരോഹിത്യം സ്വീകരിച്ചു. പ്രഥമ ദിവ്യബലിക്കുശേഷം അടുത്ത ബലിയർപ്പണം അൽഫോൻസാമ്മയോടുള്ള കൃതജ്ഞത അറിയിക്കാൻ ഭരണങ്ങാനത്തായിരുന്നു.

ആദ്യകാലത്തെ ശുശ്രൂഷകൾ

ആദ്യനിയമനം കപ്പാട് മാർ ശ്ലീവാ പള്ളിയിലായിരുന്നു. അന്ന് അവിടത്തെ വികാരിയച്ചൻ അവധിയിലായിരുന്നതിനാൽ ചുമതലക്കാരനായി താൽക്കാലിക നിയമനം. അതിനുശേഷമാണ് ചങ്ങനാശേരി അതിരൂപതയിലെ തെക്കൻമിഷനിൽപ്പെട്ട അന്പൂരിയിലേക്ക് എന്നെ നിയോഗിച്ചത്. അവിടെ അസിസ്റ്റന്‍റ് വികാരിയും ഗുഡ് സമരിറ്റൻ ആശുപത്രി ഡയറക്ടറും രൂപതവക എസ്റ്റേറ്റിന്‍റെ മാനേജരുമായി നിയമനം.

അന്പൂരിയിലേക്കുള്ള യാത്രതന്നെ സഹനപൂർണമായിരുന്നു. നെയ്യാറിനടുത്തുള്ള അന്പൂരിയെക്കുറിച്ച് എനിക്കന്ന് കേൾവി മാത്രമേയുള്ളു. വസ്ത്രങ്ങളും പുസ്തകങ്ങളുമൊക്കെയായി ഒരു ഇരുന്പുപെട്ടി തലയിൽ വെച്ചായിരുന്നു ബസിൽ അവിടേക്കുള്ള യാത്ര. ബസിനു മുകളിൽ പെട്ടി ചുമന്നു കയറ്റിയതും ഇറക്കിയതുമൊക്കെ ഞാൻ തന്നെ. തന്പാനൂരിൽ നിന്ന് നെയ്യാർ ബസിൽ കയറി പെട്ടി ചുമന്ന് അഞ്ചു മൈൽ നടന്നാണ് അന്പൂരിയിലെത്തിയത്.

കുടിയേറ്റക്കാരും പിന്നോക്കക്കാരും മാത്രമുണ്ടായിരുന്ന അന്നത്തെ അന്പൂരി പരിമികളുടെ ഗ്രാമമായിരുന്നു.1972ൽ പാവപ്പെട്ട തൊഴിൽ രഹിതരായ ചെറുപ്പക്കാരെ ഒരുമിച്ചുകൂട്ടിയാണ് അവിടെ സേവനങ്ങൾക്കു തുടക്കം. അവർക്ക് തൊഴിലും വരുമാനവും നൽകാൻ ഒരു തൊഴിലാളി സഹകരണ സംഘത്തിന് രൂപം നൽകി. അവരെ ശാക്തീകരിക്കാൻ തൊഴിലും പണവുമൊക്കെ വേണമെന്നിരിക്കെ അക്കാലത്ത് യാതൊരു പരിചയങ്ങളുമില്ലാതെ ഞാൻ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി സി അച്യുതമേനോനെ കണ്ട് അന്പൂരിയുടെ പരിമിതികൾ പറഞ്ഞു.

നെയ്യാറ്റിൻകരയിലേക്കുള്ള കനാലിന്‍റെ നിർമാണജോലി തദ്ദേശിയരായ ഗ്രാമീണർക്ക് വിട്ടുതന്നാൽ അവർക്ക് ജീവിതമാർഗം നൽകാനാകും എന്നറിയിച്ചപ്പോൾ അച്യുതമേനോന് സന്തോഷം. അഞ്ചു ലക്ഷം രുപ സർക്കാർ സഹായം അദ്ദേഹം അനുവദിച്ചതോടെ ആ ഫണ്ട് ഉപയോഗിച്ച് അഞ്ഞൂറു പേർക്ക് ജോലിയും വരുമാനവും നൽകാനായി. ഒപ്പം കോഴിവളർത്തലിനും കാലിവളർത്തിലിനും പദ്ധതി ആവിഷ്കരിച്ചു. തിരുവനന്തപുരം തന്പാനാനൂരിൽ അന്പൂരിയിൽ നിന്നു മുട്ട വിൽക്കാൻ വന്ന കാലമുണ്ട്.

സി അച്യുതമേനോനുമായി അന്നു തുടങ്ങിയ ആത്മബന്ധം എക്കാലവും തുടർന്നു. മുൻ പോലീസ് ഡയറക്ടർ ജനറൽ എംകെ ജോസഫും അന്പൂരിയിലെ സേവനകാലത്ത് ഏറെ സഹായങ്ങൾ എനിക്കും ചെയ്തിട്ടുണ്ട്. തെക്കൻമിഷൻ എന്നറിയപ്പെടുന്ന അന്പൂരിയുടെ ഇക്കാലത്തെ വളർച്ചക്ക് ജനകീയസഹരണത്തോടെ അടിത്തറ നൽകാൻ കഴിഞ്ഞു എന്നു പറയാം.

ചങ്ങനാശേരിയിലേക്കുള്ള മടക്കം

അന്പൂരിയിൽ നിന്നും പിന്നീട് ചങ്ങനാശേരി അതിരൂപതാകേന്ദ്രത്തിൽ അസിസ്റ്റന്‍റ് പ്രൊക്യുറേറ്ററായി നിയമനം. പാറേൽ പള്ളി, മൈനർ സെമിനാരി കെട്ടിടം തുടങ്ങിപല നിർമിതികളുടെയും ചുമതല അക്കാലത്ത് വഹിച്ചു. ചങ്ങനാശേരിയിൽ യുവജനങ്ങളെ സംഘടിപ്പിച്ച് തൊഴിൽ സംരഭങ്ങൾ തുടങ്ങാൻ ഞാൻ മുന്നോട്ടിറങ്ങി. കാലിച്ചാക്കും കാലിക്കുപ്പിയും പെറുക്കിയുള്ള ആ സംരഭത്തിൽ പങ്കാളികളായ പലരും വലിയ ബിസിനസുകാരായി വളർന്നുകാണുന്നതിൽ സന്തോഷമുണ്ട്.

ഹൈറേഞ്ച് മിഷൻ എന്ന വെല്ലുവിളി

വഴിയും വാഹനവും അടിസ്ഥാന സൗകര്യങ്ങളും പരിമിതമായ ഇടുക്കിയിലെ പീരുമേട്ടിലേക്ക് 1977ൽ ലഭിച്ച നിയമനം ഒരു പരിധിവരെ ക്ലേശങ്ങൾ നിറഞ്ഞതായിരുന്നു. പീരുമേട്ടിൽ ചെറിയൊരു പള്ളി മാത്രം. ഇടിഞ്ഞുപൊളിഞ്ഞു ചോരുന്ന മറ്റൊരു കെട്ടിടവും. വിശ്വാസികളായി അന്നവിടെ ഏതാനും കുടുംബങ്ങൾ മാത്രം. ഗിരിവർഗക്കാരും ഫോറസ്റ്റ്, എക്സൈസ് ജീവനക്കാരുമല്ലാതെ ആ കാട്ടുപ്രദേശത്ത് അധികമാരുമില്ല.

ഗിരിവർഗക്കാരുടെയും പിന്നോക്കവിഭാഗങ്ങളുടെയും ഉന്നമനം ഏൽപ്പിച്ചാണ് പീരുമേട്ടിലേക്ക് എന്നെ നിയോഗിച്ചത്. കാട്ടുമൃഗങ്ങൾ വിഹരിച്ചിരുന്ന അവിടെ എനിക്ക് എന്തു ചെയ്യാനാകും എന്നതായി ചിന്ത. കിടക്കാൻ കട്ടിലും പായുമൊന്നുമില്ല. കൊടുംതണുപ്പും. പത്രക്കടലാസ് വിരിച്ച് അതിൽ വിരിയിട്ടായിരുന്നു ചോർന്നൊലിക്കുന്ന മുറിയിൽ അക്കാലത്തെ കിടപ്പ്.

ഭക്ഷണം അടുത്തുള്ള ചായക്കടയിലും. ഈ കാട്ടിൽ എന്‍റെ നിയോഗം എന്താണെന്നു വെളിപ്പെടുത്തിത്തരുമോ എന്നു മാതാവിനോടു ഞാൻ പ്രാർഥിച്ചു. ഈ നിയോഗം ഒരു വെല്ലുവിളിയായി കാണാൻ ആ പ്രാർഥനയിൽ പരിശുദ്ധ അമ്മ മനസിൽ മന്ത്രിച്ചു എന്നാണ് വിശ്വാസം.

പീരുമേടിന്‍റെ വികസനം എങ്ങനെ

പീരുമേടിനെയും ഗിരിജനങ്ങളെയും ഉയർത്താൻ എന്തുണ്ട് മാർഗമെന്നായി രാവും പകലും ചിന്ത. ഡൽഹിയിൽ പോയി കേന്ദ്രസർക്കാരിൽനിന്ന് ഇക്കാര്യത്തിൽ ഫണ്ടു കിട്ടാൻ മാർഗമുണ്ടോ എന്നൊരു തോന്നൽ. പലരിൽനിന്നായി സംഘടിപ്പിച്ച ആയിരം രൂപയുമായി അന്ന് ഞാൻ ആദ്യമായി ഡൽഹിയിലേക്ക് ട്രെയിൻ കയറി. ധൈര്യവും ആത്മവിശ്വാസവും ബലമാക്കി ഒരു ഓട്ടോറിക്ഷയിൽ ഡൽഹിയിലെ കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിലെത്തുന്പോൾ ആ ഓഫീസിൽ ഹിന്ദി പറയുന്നവർ മാത്രം.

അപ്രതീക്ഷിതമായാണ് അണ്ടർ സെക്രട്ടറി ടി.കെ അയ്യപ്പൻനായർ എന്നൊരു ബോർഡ് ആ ഓഫീസിൽ കാണാനിടയായത്. എന്തും വരട്ടെ മലയാളി ആയിരിക്കുമെന്ന പ്രതീക്ഷയിൽ അകത്തു കയറി അയ്യപ്പൻനായരെ കണ്ട് പീരുമേട്ടിലെ സാഹചര്യങ്ങളും എന്‍റെ ആഗ്രഹങ്ങളും ഞാൻ അറിയിച്ചു. എങ്ങനെയും ഗോത്രവാസികളുടെ ഉന്നമനത്തിനായി എനിക്കു കുറച്ചു പണം കിട്ടണം എന്ന ആഗ്രഹം അദ്ദേഹത്തോടു പങ്കുവച്ചു. അദ്ദേഹം നൽകിയ നിർദേശത്തിൽ ജനപ്രതിനിധികളുടെ പിന്തുണയോടെ ഒരു പ്രോജക്ട് തയാറാക്കി സമർപ്പിച്ചു.

തിരുവനന്തപുരം സ്വദേശിയായ അയ്യപ്പൻനായരുമായി അന്നു തുടങ്ങിയ ആത്മബന്ധമാണ് ഇന്നു കാണുന്ന പോത്തുപാറ, പീരുമേട്, ഏലപ്പാറ പ്രദേശങ്ങളുടെയും പീരുമേട് ഡെവലപ്മെന്‍റ് സൊസൈറ്റിയുടെയും വികസനത്തിനു നിമിത്തമായത്. ആദ്യഘട്ടത്തിൽ 14 കോടി രൂപ. സർക്കാർ അംഗീകൃത എൻജിഒ എന്ന പരിണനയിൽ പിഡിഎസിന് പലപ്പോഴായി കേന്ദ്രസർക്കാരിന്‍റെ ഒട്ടനവധിയായ സഹായങ്ങൾ. എല്ലാം അയ്യപ്പൻനായരുടെ ആത്മാർഥതയിൽ കിട്ടിയതാണ്.

ഹൈറേഞ്ചിൽ നടപ്പിലാക്കിയ പദ്ധതികൾ

കേന്ദ്ര സംസ്ഥാന ഫണ്ടുകളിലൂടെ ഗോത്രവാസികൾക്ക് നൂറു കണക്കിന് വീടുകൾ നിർമിച്ചുനൽകി. ജൈവകൃഷി പ്രചരിപ്പിച്ചു. ഓർഗാനിക് സുഗന്ധവിളകളും ജൈവതേയിലയും കയറ്റുമതി ചെയ്യുന്ന പ്രധാന ഏജൻസിയായി പിഡിഎസ് വളർന്നു. സഹ്യാദ്രി വലിയൊരു സംരഭമായി വളർന്നു.സഹ്യാദ്രി ആയുർവേദ ഫാർമസിയിലൂടെ ആയുർവേദത്തിന് പ്രചാരം നൽകി.ആദിവാസികളുടെ ജൈവകാർഷികോത്പനങ്ങൾ യൂറോപ്പിലും അമേരിക്കയും സർട്ടിഫിക്കേഷനോടെ വിപണി കണ്ടെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ഓർഗാനിക് സ്പൈസസ് കയറ്റുമതി സ്ഥാപനമാണ് പിഡിഎസ്.

പ്രകൃതി ജീവീതശൈലി

എക്കാലവും പ്രകൃതിയോട് അടുത്ത ജീവിക്കാൻ ശ്രമിക്കുന്നു. കൃഷിയെ ഏറെ സ്നേഹിക്കുന്നു. പ്രകൃതിയിൽ നിന്ന് എക്കാലും നമ്മുക്ക് പഠിക്കാനുണ്ട്. ഭക്ഷണവും വെള്ളവുമൊക്കെ ജൈവമയമായാൽ മനസിനും ശരീരത്തിനും ഉണർവു നൽകും. ദിവസവും പുലർച്ചെ നാലിന് ഉണരും. പത്മാസനം വരെ യോഗ കൃത്യമായി ചെയ്യുന്നു. സോപ്പ് ഉപയോഗിക്കില്ല. ഷേവ് ചെയ്യാൻ വെളിച്ചെണ്ണ മുഖത്തു തേയ്ക്കും. പല്ലുതേയ്ക്കാൻ കുരുമുളക് ചേർത്ത പൽപ്പൊടി. പറ്റുന്നിടത്തോളം ജീവിതം ആയുർവേദമയം. സഹ്യാദ്രി ഫാർമസ്യൂട്ടിക്കൽസിൽ 235 ഇനം ആയുർവേദ മരുന്ന് വികസിപ്പിച്ച് പ്രകൃതി ജീവനത്തെ പോഷിപ്പിക്കുന്നു.

രാസവസ്തുക്കളും കീടനാശിനികളും മണ്ണിനെയും മനുഷ്യനും നശിപ്പിക്കും. കാട്ടാനയെ അകറ്റാൻ വനാതിർത്തിയിൽ ചൊറിചണം വളർത്തിയാൽ മതി എന്നത് പ്രായോഗികമായുണ്ടായ നിരീക്ഷണമാണ്.

പ്രഫഷണലിസം പ്രവർത്തനമേഖലയിൽ ഏറെ നേട്ടങ്ങളുണ്ടാക്കി. ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ എനിക്കു രാഷ്ട്രീയമോ മതമോ ജാതിയോ ഒന്നും ഘടകമല്ല. സങ്കുചിതമായ താൽപര്യങ്ങളും എന്‍റെ ചിന്തയിലില്ല. എല്ലാ മതസ്തർക്കും പറ്റുന്നിടത്തോളം സഹായങ്ങൾ ചെയ്യുക എന്നത് ജനിച്ചു വളർന്ന എരുമേലിയിലെ മതസൗഹാർദ സംസ്കാരം എന്നെ പഠിപ്പിച്ചതാണ്.

ന​ൻ​മ​യി​ൽ വ​ഴി ന​ട​ന്നു; സ​മൃ​ദ്ധി​യി​ലേ​ക്ക് ന​യി​ച്ചു

കാ​ൽ​വ​ച്ച​യി​ട​ങ്ങ​ളി​ൽ ക​രു​ത്തും കൈ​വ​ച്ച​യി​ട​ങ്ങ​ളി​ൽ സ​മൃ​ദ്ധി​യും സ​മ്മാ​നി​ച്ച മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ 75ാം വ​യ​സി​ൽ, സ​ഭാ കീ​ഴ്വ​ഴ​ക്ക​മ​നു​സ​രി​ച്ചാ​ണ് 19 വ​ർ​ഷ​ത്തെ രൂ​പ​താ ഭ​ര​ണ​ത്തി​ൽ​നി​ന്നു വി​ര​മി​ച്ചു. കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ൾ അ​തി​രി​ടു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യ്ത്തു കാ​നാ​ൻ​സ​മൃ​ദ്ധി​യും സ​മ്മാ​നി​ച്ചാ​ണ് മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന് ചു​മ​ത​ല കൈ​മാ​റി​യ​ത്. ഏ​വ​രു​ടെ​യും ഹൃ​ദ​യ​ങ്ങ​ളി​ൽ കാ​രു​ണ്യ​വും സ്നേ​ഹ​വും സ​ഹ​വ​ർ​ത്തി​ത്വ​വും സ​മ്മാ​നി​ച്ച അ​പാ​ര​വും അ​പൂ​ർ​വ​വു​മാ​യ വ്യ​ക്തി​ത്വ​മാ​ണ് അ​റ​യ്ക്ക​ൽ പി​താ​വി​ന്േ‍​റ​ത്.

സ​മൂ​ഹ​ശ്രേ​ണി​യി​ലെ വ​ലി​യ​വ​ർ​ക്കും ചെ​റി​യ​വ​ർ​ക്കും ആ ​സ്നേ​ഹ​സൗ​ഹൃ​ദ​വ​ല​യ​ത്തി​ൽ എ​ക്കാ​ല​വും ഇ​ട​മു​ണ്ട്. ക​രു​ത​ലി​ന്‍റെ​യും ക​രു​ണ​യു​ടെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും മ​ന​സും ഇ​വി​ടെ കാ​ണാം.

ആ​ത്മീ​യ​നേ​താ​ക്ക​ൾ, കേ​ന്ദ്ര സം​സ്ഥാ​ന നേ​താ​ക്ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മ​ല്ല സ​മൂ​ഹ​ത്തി​ന്‍റെ പി​ന്നാ​ന്പു​റ​ങ്ങ​ളി​ൽ ഏ​വ​രാ​ലും ത​മ​സ്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും പി​താ​വ് സ്വ​ന്ത​മാ​യി​രു​ന്നു. ബ​ന്ധ​ന​ങ്ങ​ളി​ല്ലാ​ത്ത ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ആ​യി​ര​ങ്ങ​ൾ മാ​ർ അ​റ​യ്ക്ക​ലി​നു മു​ന്നി​ലെ​ത്തി. വി​ശ്ര​മം അ​റി​യാ​തെ അ​നേ​കാ​യി​ര​ങ്ങ​ളു​ടെ അ​രു​കി​ലേ​ക്ക് അ​ക​ലം നോ​ക്കാ​തെ, സ​മ​യ​ബ​ന്ധി​ത​മ​ല്ലാ​തെ പി​താ​വ് ഓ​ടു​ക​യാ​യി​രു​ന്നു.

സ​മു​ദാ​യ​വും സ്വ​ത്തും സ്ഥാ​ന​വും പ​രി​ഗ​ണി​ക്കാ​തെ എ​ല്ലാ​വ​ർ​ക്കും എ​ല്ലാ​മാ​യി, എ​ല്ലാ​വ​രി​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ജ​ന​കീ​യ​ൻ. സ​മ​ർ​പ്പ​ണ​ചി​ന്ത​യി​ലെ ഓ​രോ നി​മി​ഷ​വും സ​മൂ​ഹ​ത്തി​നു ന​ൻ​മ ചെ​യ്യാ​നു​ള്ള വ്യ​ഗ്ര​ത ഈ ​മ​ന​സി​ലു​ണ്ട്. ത​ന​താ​യ വ്യ​ക്തി​ത്വ​ത്തി​ലൂ​ടെ ത​നി​ക്കു സ്വ​ന്ത​മാ​യ എ​ല്ലാ ബ​ന്ധ​ങ്ങ​ളും സ്വാ​ധീ​ന​വും രൂ​പ​ത​യു​ടെ​യും മ​റ്റു​ള്ള​വ​രു​ടെ​യും ന​ൻ​മ​യ്ക്കാ​യി സ​മ​ർ​പ്പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യ്ക്കു മാ​ത്ര​മ​ല്ല അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് പി​താ​വ് ര​ക്ഷ​ക​നും ആ​ശ്വാ​സ​ക​നും സ​ഹാ​യി​യു​മാ​യി​രു​ന്നു. ഒ​രി​ക്ക​ൽ പ​രി​ച​യ​പ്പെ​ട്ടാ​ൽ അ​വ​രു​ടെ മ​ന​സി​നെ കീ​ഴ​ട​ക്കു​ന്ന മാ​ന്ത്രി​ക​മാ​യ വ​ശ്യ​ത​യു​ള്ള അ​ജ​പാ​ല​ക​നാ​യി​രു​ന്നു അ​റ​യ്ക്ക​ൽ പി​താ​വ്.

റെജി ജോസഫ്