പാക്കിസ്ഥാന്റെ സന്പദ്വ്യവസ്ഥ ഇനി കരകയറുമോ?
ആസിം എം. ഹുസൈൻ
Wednesday, May 14, 2025 11:54 PM IST
പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ മൂലം പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ കുഴപ്പത്തിലാകും. സിന്ധുനദീജലകരാർ റദ്ദാക്കിയതും ആശങ്കകൾക്ക് ആക്കം കൂട്ടി. പാക്കിസ്ഥാന്റെ തകർച്ചയിലുള്ള സന്പദ്വ്യവസ്ഥയ്ക്ക് താങ്ങാനാവാത്ത ഭീഷണി.
അഞ്ചു ദശകം മുന്പു ദക്ഷിണേഷ്യയിലെ ശക്തമായ സന്പദ്വ്യവസ്ഥയുള്ള രാജ്യം പാക്കിസ്ഥാനായിരുന്നു. പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യക്കും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും മേലെ. നേർവിപരീതമാണ് ഇന്നത്തെ അവസ്ഥ. പാക്കിസ്ഥാന്റെ പ്രതിശീർഷ വരുമാനം അയൽക്കാരുടേതിന്റെ പകുതിയായി. വിദ്യാഭ്യാസം, ആരോഗ്യരക്ഷ തുടങ്ങി മിക്ക വികസന സൂചകങ്ങളിലും അവർ പിന്നോട്ടടിച്ചു. മാക്രോ ഇക്കണോമിക് ദുർഭരണം ഈ ഇടിവിനു കാരണമായിട്ടുണ്ട്. എങ്കിലും, പലപ്പോഴും അവഗണിക്കപ്പെടുന്നതും തുല്യപ്രാധാന്യമുള്ളതുമായ ഒരു ഘടകം ദ്രുതഗതിയിലുള്ള ജനസംഖ്യാ വർധനയാണ്.
ജനസംഖ്യാവളർച്ച വരുമാനവളർച്ചയെ മറികടക്കുമ്പോൾ, പ്രതിശീർഷ വരുമാനം കുറയുന്നു. ഇതിന്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമാണ്. വിശേഷിച്ച് ഉയർന്ന ആശ്രിതത്വ അനുപാതമുള്ള വലിയ ജനസംഖ്യ അർഥമാക്കുന്നത് കുറഞ്ഞ ഗാർഹികസമ്പാദ്യം, കുറഞ്ഞ നിക്ഷേപം, മന്ദഗതിയിലുള്ള സാമ്പത്തികവളർച്ച എന്നിവയാണ്. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ പാക്കിസ്ഥാന്റെ ജനസംഖ്യ നാലിരട്ടിയിലധികം വർധിച്ചു. ജനങ്ങളിൽ 36 ശതമാനവും 15 വയസിന് താഴെയുള്ളവരാണ്. സമീപ ദശകങ്ങളിൽ ജനസംഖ്യാവളർച്ച ഗണ്യമായി കുറഞ്ഞ ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലെ 22-25% വിഹിതത്തേക്കാൾ വളരെ കൂടുതലാണിത്. തത്ഫലമായി, ജോലി ചെയ്യുന്ന പ്രായത്തിലുള്ള പാക്കിസ്ഥാനികൾ 60 ശതമാനത്തിൽ താഴെയാണ്.
ജനസംഖ്യാപരമായ ഈ അസന്തുലിതാവസ്ഥ ഗാർഹിക സമ്പാദ്യത്തിൽ വലിയ സമ്മർദം ചെലുത്തുന്നു. വരുമാനമുള്ളവരുടെ എണ്ണത്തേക്കാൾ ആശ്രിതർ കൂടുതലാകുമ്പോൾ, ഒരു സമൂഹത്തിന്റെ സമ്പാദ്യശേഷി കുറയുന്നു. ഏഴു ശതമാനത്തിൽ താഴെയുള്ള പാക്കിസ്ഥാന്റെ ആഭ്യന്തര സമ്പാദ്യനിരക്ക് അയൽ സമ്പദ്വ്യവസ്ഥകളേക്കാൾ 20 ശതമാനം പോയിന്റ് കുറവായിരിക്കുന്നത് എന്തുകൊണ്ടെന്ന് ഇത് വിശദീകരിക്കുന്നു.
1970കളിലും 1980കളിലും തെക്കുകിഴക്കൻ ഏഷ്യയിലെ ജനസംഖ്യാപരമായ മാറ്റം സൂചിപ്പിക്കുന്നത്, മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജോലിചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ വിഹിതം കൂടിയതിനാൽ, പാക്കിസ്ഥാന്റെ സമ്പാദ്യനിരക്ക് പത്തു ശതമാനം കൂടുതലാകുമായിരുന്നു എന്നാണ്. അത് അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, വ്യാവസായിക വികസനം എന്നിവയിൽ വളരെയധികം നിക്ഷേപം സാധ്യമാക്കുകയും, ജിഡിപി വളർച്ച പ്രതിവർഷം ഒന്നു മുതൽ 1.5 ശതമാനം വരെ പോയിന്റ് വർധിപ്പിക്കുകയും ചെയ്യുമായിരുന്നു. 25 വർഷത്തിലേറെയായി നിലനിർത്തിയിരുന്ന ഈ നേട്ടങ്ങൾക്ക് വരുമാന നിലവാരം 30-45 ശതമാനം വർധിപ്പിക്കാൻ കഴിയുമായിരുന്നു. ഇന്ത്യയുമായും ബംഗ്ലാദേശുമായും ഉള്ള വിടവ് നികത്താൻ ഇതു മതിയാകുന്നതായിരുന്നു.
പാക്കിസ്ഥാന്റെ നിക്ഷേപനിരക്ക് പതിറ്റാണ്ടുകളായി 15 ശതമാനം എന്ന നിലയിലാണ്. മറ്റ് ദക്ഷിണേഷ്യൻ സമ്പദ്വ്യവസ്ഥകളേക്കാൾ വളരെ താഴെ. വിദേശ സഹായവും വിദേശ നിക്ഷേപവും ചില പിന്തുണകൾ നൽകിയിട്ടുണ്ടെങ്കിലും, ആഭ്യന്തര സമ്പാദ്യത്തിലും മൂലധന രൂപീകരണത്തിലുമുള്ള കുറവ് പരിഹരിക്കുന്നതിന് അവ കാര്യമായൊന്നും ചെയ്തിട്ടില്ല. ഫലം സ്തംഭനാവസ്ഥയിലുള്ള സമ്പദ്വ്യവസ്ഥ. ബാഹ്യ ധനസഹായം വറ്റുമ്പോഴെല്ലാം ആവർത്തിച്ചുള്ള പ്രതിസന്ധികൾ അവരെ വലയ്ക്കും.
രാജ്യത്തിന്റെ സാമ്പത്തിക അസന്തുലിതാവസ്ഥ പ്രശ്നം കൂടുതൽ സങ്കീർണമാക്കി. ഇന്ന്, സർക്കാർ വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും വായ്പാപലിശ അടയ്ക്കുന്നതിനാണ് ഉപയോഗിക്കുന്നത്. പൊതുനിക്ഷേപത്തിനോ സാമൂഹികച്ചെലവിനോ വളരെ കുറച്ച് സാധ്യത മാത്രം. ആഭ്യന്തര വായ്പയിലൂടെ കമ്മി നികത്താനുള്ള ശ്രമങ്ങൾ സ്വകാര്യ നിക്ഷേപത്തെ പുറന്തള്ളുകയും വളർച്ചയെ കൂടുതൽ ദുർബലപ്പെടുത്തുകയും ചെയ്തു.
പാക്കിസ്ഥാൻ ഇപ്പോൾ ഒരു വഴിത്തിരിവിലാണ്. 2023ൽ പണപ്പെരുപ്പം ഏകദേശം 40 ശതമാനം ആയി ഉയരുകയും വിദേശനാണ്യ കരുതൽ ശേഖരം മൂന്നാഴ്ചത്തെ ഇറക്കുമതിക്കുപോലും തികയാത്ത നിലയിലേക്ക് താഴുകയും ചെയ്തു. അന്താരാഷ്ട്ര നാണയനിധിയുടെ പിന്തുണയുള്ള നിലവിലെ സ്ഥിരതാ പരിപാടി മാക്രോ ഇക്കണോമിക് തലത്തിൽ അല്പം ആശ്വാസമായിട്ടുണ്ട്. ഔദ്യോഗിക കടക്കാരുടെ കടം തിരിച്ചടയ്ക്കലും എണ്ണവിലയിലെ ഇടിവും താത്കാലിക ആശ്വാസം നൽകി.
എന്നാൽ, ഐഎംഎഫിന്റെ നിർദേശിക്കപ്പെട്ട ചെലവുചുരുക്കൽ നടപടികളുടെ സാമൂഹികവും രാഷ്ട്രീയവുമായ സുസ്ഥിരത ഗുരുതരമായ സംശയത്തിലാണ്. നികുതിവർധന വേഗത്തിലായി. അതേസമയം, സാമൂഹികച്ചെലവുകളും നിക്ഷേപങ്ങളും കർശനമായി പരിമിതപ്പെടുത്തി. ഇളവുകളുള്ള പുതിയ ധനസഹായം കൂടാതെ, അർഥവത്തായ സാമ്പത്തിക പരിവർത്തനത്തിന് ഇടമില്ല.
മൂന്ന് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദീർഘകാല വികസനവുമായി സാമ്പത്തിക അച്ചടക്കം സന്തുലിതമാക്കുക എന്നതാണ് കൂടുതൽ ഫലപ്രദമായ ഒരു തന്ത്രം. ഒന്നാമതായി, ജനസംഖ്യാ വളർച്ച മന്ദഗതിയിലാക്കാൻ നടപടി കൈക്കൊള്ളേണ്ടിവരും. സ്ത്രീകൾക്കടക്കമുള്ള വിദ്യാഭ്യാസവളർച്ച സ്ത്രീകളെ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കാൻ പ്രാപ്തമാക്കും. അതേസമയം, മെച്ചപ്പെട്ട കുടുംബാസൂത്രണ സംവിധാനം പ്രത്യുത്പാദനനിരക്ക് കുറയ്ക്കാൻ സഹായിക്കും.
പിന്തുടരാവുന്ന ഒരു മാതൃക ബംഗ്ലാദേശ് മുന്നോട്ടു വച്ചിട്ടുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസവും തൊഴിലും വർധിച്ചതോടെ അവരുടെ ജനസംഖ്യാ വളർച്ച ഗണ്യമായി കുറഞ്ഞു. സ്ത്രീകൾക്കായി ലക്ഷ്യമിടുന്ന മൈക്രോഫിനാൻസ് വായ്പകളും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അടുത്ത ദശകത്തിൽ പാക്കിസ്ഥാന് അയൽക്കാരുടെ മാതൃക പിന്തുടരാനും ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ വിഹിതം വെറും അഞ്ച് ശതമാനം പോയിന്റ് വർധിപ്പിക്കാനും കഴിയുമെങ്കിൽ, അവരുടെ സമ്പാദ്യനിരക്ക് ഗണ്യമായി ഉയരും. ഇത് നിക്ഷേപത്തിനും ദീർഘകാല സാമ്പത്തിക സാധ്യതകൾക്കും വഴിയൊരുക്കും.
രണ്ടാമതായി, പാക്കിസ്ഥാൻ അതിന്റെ നികുതിസമ്പ്രദായം പരിഷ്കരിക്കുകയും അടക്കം പാലിക്കുകയും വേണം. നികുതി അടിത്തറ വിശാലമാക്കുകയും പ്രത്യേകിച്ച് ചില്ലറ വിൽപ്പന, കൃഷി തുടങ്ങിയ നികുതി കുറഞ്ഞ മേഖലകളിൽ നികുതിപിരിവ് ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ അടുത്ത ആറ് വർഷത്തിനുള്ളിൽ ജിഡിപിയുടെ ആറു ശതമാനം അധികമായി സൃഷ്ടിക്കാൻ കഴിയും. ആ വരുമാനത്തിന്റെ പകുതിയെങ്കിലും സാമൂഹികച്ചെലവുകൾക്കും പൊതുനിക്ഷേപത്തിനുമായി നീക്കിവയ്ക്കണം. സാമ്പത്തികവളർച്ച നിലനിർത്തുന്നതിനു മാത്രമല്ല, ഘടനാപരമായ പരിഷ്കാരങ്ങൾക്കുള്ള പൊതുജന പിന്തുണ നിലനിർത്തുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്.
ഇതിനെല്ലാം അന്താരാഷ്ട്ര സമൂഹത്തിൽനിന്നുള്ള കൂടുതൽ പിന്തുണ നിർണായകമാണ്. ബഹുമുഖ, ഉഭയകക്ഷി വായ്പാദാതാക്കളിൽനിന്നുള്ള ഏകോപിത ഇളവ് ധനസഹായം നിർണായകമായ ഫണ്ടിംഗ് വിടവ് നികത്താൻ സഹായിക്കും. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തൊഴിൽ ശക്തി വികസനം, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ ഉയർന്ന നിക്ഷേപങ്ങൾക്കായി ഈ ഫണ്ടുകൾ നീക്കിവയ്ക്കണം.
ജനസംഖ്യാപരമായ മാറ്റം ഒറ്റ രാത്രികൊണ്ട് സംഭവിക്കില്ല, പക്ഷേ ഇപ്പോൾത്തന്നെ അതിനുള്ള അടിത്തറ പാകാൻ കഴിയും. ശരിയായ നയങ്ങളുടെയും അന്താരാഷ്ട്ര പിന്തുണയുടെയും സംയോജനത്തിലൂടെ, പാക്കിസ്ഥാന് അയൽക്കാരുമായുള്ള സമ്പാദ്യവിടവ് നികത്താനും അതിന്റെ രോഗബാധിതമായ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ നിക്ഷേപങ്ങൾ സുഗമമാക്കാനും കഴിയും.
(രാജ്യാന്തര നാണയനിധിയുടെ മധ്യപൗരസ്ത്യ, മധ്യേഷ്യ വിഭാഗത്തിന്റെ മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)
copyright: Project Syndicate, 2025.