വന്യമൃഗങ്ങൾക്ക് സംരക്ഷണം വനത്തിൽ മാത്രമാകണം
Friday, May 16, 2025 12:04 AM IST
രാജു ഏബ്രഹാം (സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി)
കാടുവിട്ട് നാടിറങ്ങിയ മൃഗങ്ങൾ കാരണം ജനങ്ങൾക്കു ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രായോഗികമായും പക്വതയോടെയും കാര്യങ്ങളെ സമീപിക്കണം. മൃഗങ്ങൾ കാടുവിട്ട് പുറത്തിറങ്ങുന്നതിന്റെ ഉത്തരവാദിത്വം വനംവകുപ്പിനാണ്. ജനവാസ മേഖലയിലെത്തി ജനങ്ങളുടെ സ്വൈരജീവിതത്തിനു ഭീഷണിയായി മാറുന്ന മൃഗങ്ങൾക്ക് കാട്ടുമൃഗം എന്ന പരിരക്ഷ നൽകേണ്ടതില്ല. ഭീതിയിലായ ജനസമൂഹം പ്രതിരോധം തീർത്തെന്നു വരും. അപ്പോൾ അതിനെ പ്രായോഗികബുദ്ധിയോടെ സമീപിക്കാൻ വനംവകുപ്പിനു കഴിയണം.
ജനങ്ങളുടെ ജീവനാണ് പ്രാധാന്യം. മുന്പൊക്കെ മലയോര മേഖലയിലാണ് കാട്ടുമൃഗങ്ങൾ ഭീതി ഉയർത്തിയിരുന്നതെങ്കിൽ ഇന്നിപ്പോൾ സ്ഥിതി മാറി. വനം ഇല്ലാത്ത ആലപ്പുഴ ജില്ലയിൽ പോലും കാട്ടുമൃഗങ്ങൾ എത്തിയിരിക്കുന്നു.
ചുരുക്കം ചില ടൗൺ പ്രദേശങ്ങളിലൊഴികെ ഇവയുടെ സാന്നിധ്യമുണ്ട്. രാത്രിയിൽ ആർക്കും സ്വൈരമായി കിടന്നുറങ്ങാനാകുന്നില്ല. ആനയും പുലിയും കടുവയും കരടിയും വീട്ടുമുറ്റത്തെത്തിയിരിക്കുന്നു. സ്കൂട്ടറിൽ പോയാൽ കാട്ടുപന്നി ആക്രമിക്കും. നടന്നു പോയാൽ പേപ്പട്ടി കടിക്കും. രാത്രിയിൽ പോകുന്നവരെ ആനയും കടുവയും കൊല്ലും. ഇത്തരത്തിൽ ഭീതിജനകമായ ഒരു അന്തരീക്ഷം കേരളത്തിൽ മുന്പുണ്ടായിട്ടില്ല.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നത് കേന്ദ്ര നിയമം ആണെങ്കിൽ അതു മാറ്റണമെന്നതാണ് സിപിഎം നയം. ക്രമാതീതമായി പെറ്റുപെരുകിയ കാട്ടുപന്നിയെ കൊല്ലുന്നതിന് നിയമത്തിൽ മാറ്റം വരുത്തുന്നതിന് മൂന്നുതവണ കേരളം കേന്ദ്രത്തെ സമീപിച്ചതാണ്.
ഉപാധികളോടെ കാട്ടുപന്നികളെയും ആക്രമണകാരികളായ നായ്ക്കളെയും കൊല്ലാൻ അടിയന്തരമായി നിയമത്തിൽ മാറ്റം വേണം. 1972ലെ കേന്ദ്ര വനം നിയമത്തിൽ മാറ്റങ്ങൾ വരണം. വനത്തിനുള്ളിൽ കഴിയുന്ന മൃഗങ്ങൾക്കു മാത്രമാകണം നിയമത്തിൽ സംരക്ഷണം. കാടുവിട്ടിറങ്ങുന്നവയും ജനജീവിതം അസ്വസ്ഥപ്പെടുത്തുന്നവയെയും ഇതിന്റെ പരിധിയിൽനിന്ന് ഒഴിവാക്കണം.
ഏതു ജീവിയും ക്രമാതീതമായി പെരുകിയാൽ അവയെ നശിപ്പിക്കാൻ ലോകത്തെ മറ്റു രാജ്യങ്ങളിൽ നിയമമുണ്ട്. ഇവിടെ ഇപ്പോൾ കാടുവിട്ടിറങ്ങിയ പന്നി നാട്ടിൽ പെറ്റുപെരുകി. കാട്ടിലുള്ള ഇവയുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം നാട്ടിൽ ഉണ്ടായിക്കഴിഞ്ഞു. ഇതോടെ നാട്ടിൽ കൃഷിയൊന്നും ഇല്ലാതായി. അപകടരമായ അവസ്ഥയാണ് കേരളം നേരിടുന്നത്.
ശല്യക്കാരായ കാട്ടുപന്നികളെ വെടിവയ്ക്കാൻ നിലവിൽ നൽകിയിരിക്കുന്ന അനുമതി ഭാഗികമാണ്. ഇവയെ കൊല്ലാൻ അനുമതി വേണം. ഭക്ഷ്യയോഗ്യമായ മാംസം കത്തിച്ചു കളയുന്നതും ഇവിടെ മാത്രമാണ്. ഇത് ഉപയോഗപ്പെടുത്താനും അനുമതി നൽകണം.
എന്തുകൊണ്ട് മൃഗങ്ങൾ കാടിറങ്ങുന്നുവെന്ന് വനംവകുപ്പ് ഇപ്പോഴും പഠിച്ചിട്ടില്ല. വനത്തിലെ ആവാസ വ്യവസ്ഥയിൽ കോട്ടമുണ്ടായിട്ടുണ്ട്. വനത്തിൽ ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ടാകുന്നതാണ് ഇവ ജനവാസ മേഖലകളിലേക്ക് വരുന്നതിന്റെ അടിസ്ഥാന കാരണമായി വിലയിരുത്തപ്പെടുന്നത്.
കാട്ടിൽ ഇവയ്ക്ക് ഭക്ഷണം ഒരുക്കാൻ നടപടികളുണ്ടാകണം. ഹെലികോപ്ടർ ഉപയോഗിച്ച് വനമേഖലയിൽ ചക്കക്കുരു വിതറി പ്ലാവ് വളർത്താൻ താൻ നിയമസഭാംഗമായപ്പോൾ നിർദേശം വച്ചതാണ്.
വിദേശ ഇനം വൃക്ഷം കേരളത്തിലെ വനമേഖലയിൽ വളർത്താനാകില്ലെന്ന് അന്നത്തെ വനംമേധാവി ശഠിച്ചു. പിന്നീട് കെ. രാജു മന്ത്രിയായപ്പോൾ ഈ നിർദേശം വീണ്ടും ഉണ്ടായി. അതുപോലെ കാടിനുള്ളിൽ ചെക്ക് ഡാമുകൾ നിർമിച്ച് ജലലഭ്യത ഉറപ്പാക്കണം.
വനാതിർത്തിയിൽ സംരക്ഷണവേലികൾ തീർത്തോ റോന്ത് ചുറ്റിയോ മൃഗങ്ങളെ കാടിനുള്ളിൽ തന്നെ തളച്ചിടാൻ വനംവകുപ്പ് തയാറാകുകയാണ് വേണ്ടത്. നാട്ടിൽ ജനങ്ങളുടെ ജീവനാണ് പ്രാധാന്യമെന്ന തിരിച്ചറിവ് അവർക്കുമുണ്ടാകണം. സാധാരണ ജനജീവിതത്തെ ബാധിക്കുന്ന തരത്തിൽ പെരുകുന്ന മൃഗങ്ങളെ നശിപ്പിക്കണമെന്നു തന്നെയാണ് സിപിഎം നിലപാട്.