വനംവകുപ്പ് ഉടച്ചുവാർക്കണം
സി.കെ. കുര്യാച്ചൻ
Friday, May 16, 2025 12:11 AM IST
അഖിലേന്ത്യാ സർവീസുകാർ 63, അറ്റൻഡർമാർ 416, ക്ലർക്കുമാർ 872, ഫോറസ്റ്റർ-ഫോറസ്റ്റ് ഗാർഡുമാർ 3,631, പോലീസ് കോൺസ്റ്റബിൾമാർ 110. ആകെ ജീവനക്കാർ 7,236. ഇതിൽ സ്ഥിരം സ്റ്റാഫ് 5,838, താത്കാലികക്കാർ 1,398. 2025-26ലെ സംസ്ഥാന ബജറ്റ് രേഖയിൽനിന്നു ലഭ്യമാകുന്ന കേരള വനംവകുപ്പിലെ ജീവനക്കാരുടെ സ്ഥിതിവിവര കണക്കുകളാണിത്. ഇവരെയെല്ലാം ഭരിക്കാൻ തീർത്തും ദുർബലനായ ഒരു മന്ത്രി എന്നതാണ് കേരളം നേരിടുന്ന പരിതാപകരമായ സാഹചര്യം. ജനദ്രോഹത്തിൽ ഏറ്റവും മുന്നിലെന്ന് ഭരണകക്ഷിയിൽനിന്നടക്കം വിമർശനം നേരിടുന്ന വകുപ്പാണിത്. സംസ്ഥാനത്തെ 35 ലക്ഷത്തോളം ജനങ്ങൾക്ക് സ്വൈര്യമായി ജീവിക്കണമെങ്കിൽ വനംവകുപ്പിനെ ഉടച്ചുവാർക്കണമെന്നതാണ് യാഥാർഥ്യം.
കേരളത്തിലെ വനംവകുപ്പിന്റെ ഏകലക്ഷ്യം വനവിസ്തൃതി വർധിപ്പിക്കലാണ്. വനം-വന്യജീവി എന്നൊക്കെയാണ് വകുപ്പിന്റെ പേരെങ്കിലും വന്യജീവി സംരക്ഷണം എന്നത് വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ കടമയാണെന്നാണ് വനംവകുപ്പിന്റെ ധാരണ. ഈ തെറ്റായ ധാരണ തിരുത്താനും കേരളത്തിൽ ഇനി വനവിസ്തൃതി കൂട്ടേണ്ടതില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കാനും അതു വനംവകുപ്പിനെക്കൊണ്ട് നടപ്പിൽ വരുത്താനും കെല്പുള്ള ഭരണനേതൃത്വമാണ് ഉണ്ടാകേണ്ടത്. കുരിശു തകർക്കാനും പാവപ്പെട്ടവരെ കള്ളക്കേസിൽ കുടുക്കാനും അമിതാവേശം കാട്ടുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് വനാതിർത്തികളിൽ വിന്യസിച്ച് വന്യജീവിസംരക്ഷണ ചുമതല ഏൽപ്പിക്കുകയാണു വേണ്ടത്.
വനംവകുപ്പിലെ ജീവനക്കാരുടെ കണക്കു പരിശോധിച്ചാൽ വകുപ്പിന്റെ മുൻഗണന ഏതെന്നു വ്യക്തമാകും. വനസംരക്ഷണ വിഭാഗത്തിൽ 1,198 സ്ഥിരം ജീവനക്കാരുണ്ട്. താത്കാലികക്കാർ ആരുമില്ല. എന്നാൽ, വന്യജീവി സംരക്ഷണ വിഭാഗത്തിൽ 165 സ്ഥിരം ജീവനക്കാരും 93 താത്കാലിക ജീവനക്കാരുമാണുള്ളത്.
പെരിയാർ ടൈഗർ റിസർവ് പ്രോജക്ടിൽ സ്ഥിരം ജീവനക്കാർ ആറുപേർ മാത്രം. മൂന്ന് ഓഫീസ് അസിസ്റ്റന്റ്, ഒരു എൽഡി ടൈപ്പിസ്റ്റ്, രണ്ട് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്. താത്കാലിക ജീവനക്കാർ 65 പേരുണ്ട്. ലോകബാങ്ക് സഹായമുള്ള പ്രോജക്ടുകളിൽ മുഴുവനും സ്ഥിരം ജീവനക്കാരാണ്. ഇക്കോളജി ഡെവലപ്മെന്റ് (സോഷ്യൽ ഫോറസ്ട്രി) വിഭാഗത്തിൽ 491 പേരും സോഷ്യൽ ഫോറസ്ട്രി ഫേസ് 2ൽ 32 പേരും സ്ഥിരം ജീവനക്കാരാണ്.
38,863 ചതുരശ്ര കിലോമീറ്റർ മാത്രം ഭൂവിസ്തൃതിയുള്ള കേരളത്തിന്റെ 69.4 ശതമാനം വനഭൂമിയടക്കം നിയന്ത്രണങ്ങളുള്ള മേഖലയാണ്. 30.6 ശതമാനം ഭൂമി മാത്രമാണ് ജനങ്ങൾക്ക് താമസിക്കുന്നതിനും കൃഷിക്കും മറ്റു വികസന പ്രവർത്തനങ്ങൾക്കുമുള്ളത്. 2022-23ലെ കണക്കു പ്രകാരം കേരളത്തിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 913 എന്നതാണ്. ദേശീയ ശരാശരിയാകട്ടെ 415 മാത്രവും.
കേരള വനംവകുപ്പിന്റെ അധീനതയിലുള്ള വനഭൂമി 11,521.993 ചതുരശ്ര കിലോമീറ്ററാണെന്നാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ 2019-20ലെ ഫോറസ്റ്റ് സർവേ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംസ്ഥാന ഭൂവിസ്തൃതിയുടെ 29.65 ശതമാനം വരുമെന്നും റിപ്പോർട്ടിലുണ്ട്.
2021ലെ ഇന്ത്യൻ ഫോറസ്റ്റ് റിപ്പോർട്ട് പ്രകാരം രാജ്യത്തിന്റെ വനവിസ്തൃതി മൊത്തം ഭൂവിസ്തൃതിയുടെ 21.71 ശതമാനം മാത്രമാണ്. ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരിഞ്ചു ഭൂമിയിൽപോലും ഇനി വനവത്കരണം ആവശ്യമില്ല. ഈ സത്യം സർക്കാർ അംഗീകരിക്കുകയും വനംവകുപ്പിനെ ബോധ്യപ്പെടുത്തുകയും ചെയ്ത് വനംവകുപ്പിന്റെ ലക്ഷ്യങ്ങളിലും പ്രവർത്തനങ്ങളിലും മാറ്റം വരുത്തണം.