കേരള ഹിസ്റ്ററി കോൺഗ്രസ് സുവർണജൂബിലിനിറവിൽ
ഡോ. കുര്യാസ് കുന്പളക്കുഴി
Friday, May 16, 2025 12:28 AM IST
കേരളത്തിന്റെ വികസനചരിത്രം പറയുന്പോൾ പൊതുവേ ക്രൈസ്തവ സംഭാവനകൾ തമസ്കരിക്കുക ചരിത്രകാരന്മാരുടെ പതിവു രീതിയായിരുന്നു. നമ്മുടെ സാംസ്കാരിക, സാന്പത്തിക, സാമൂഹിക, വ്യവസായിക മേഖലകളിലെല്ലാം മറ്റേതു സമുദായത്തെക്കാളും വികസനോന്മുഖ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിട്ടുള്ളതു ക്രൈസ്തവ സമൂഹമാണ്.
പക്ഷേ, എഴുതപ്പെട്ട ചരിത്രഗ്രന്ഥങ്ങളിലൊന്നും അർഹമായ പ്രാധാന്യത്തോടെ അതു രേഖപ്പെടുത്താൻ ഗ്രന്ഥകർത്താക്കൾ തയാറാകുന്നില്ല. ഏറെ വേദനാജനകമായ ഈ പ്രവണത തിരിച്ചറിഞ്ഞ് അതിനൊരു പരിഹാരമുണ്ടാക്കണമെന്ന സദുദ്ദേശ്യത്തോടെ ക്രൈസ്തവ ചരിത്രകാരന്മാർ രൂപംനൽകിയ സംരംഭമാണ് കേരള ഹിസ്റ്ററി കോൺഗ്രസ്. ഈ ചരിത്രകൂട്ടായ്മ ഇപ്പോൾ സുവർണജൂബിലിനിറവിൽ എത്തിയിരിക്കുകയാണ്.
1974 ഡിസംബർ 21ന് പ്രമുഖ ക്രൈസ്തവ ചരിത്രകാരൻ എം.ഒ. ജോസഫ് നെടുങ്കണ്ടത്തിന്റെ നേതൃത്വത്തിൽ മംഗലപ്പുഴ സെമിനാരിയിൽ ചരിത്രതത്പരരായ ഏതാനും വ്യക്തികൾ ആലോചനായോഗം ചേരുകയുണ്ടായി. അവിടെ ഉരുത്തിരിഞ്ഞ ആശയമാണ് കേരള ഹിസ്റ്ററി കോൺഗ്രസ്.
എം.ഒ. ജോസഫുതന്നെയായിരുന്നു സംഘടനയുടെ ആദ്യ അധ്യക്ഷൻ. 1975 ഫെബ്രുവരി എട്ടിന് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ സംഘടനയുടെ പ്രഥമ സമ്മേളനം നടന്നു. പ്രമുഖ ചരിത്രകാരൻ ഡോ. സി.വി. ചെറിയാൻ അവതരിപ്പിച്ച “എഡി 265ൽ ചോളമണ്ഡലത്തിൽനിന്നുള്ള ക്രൈസ്തവ കുടിയേറ്റം ‘’ എന്ന പ്രബന്ധമായിരുന്നു സമ്മേളനത്തിലെ ചർച്ചകൾക്കു വിഷയം. ആ വർഷംതന്നെ ഫെബ്രുവരി 21നു കോട്ടയം സെന്റ് ആൻസ് ഹൈസ്കൂളിൽ മറ്റൊരു സെമിനാർകൂടി നടന്നു. നസ്രാണിനാമം ക്രൈസ്തവർക്കെങ്ങനെ ലഭിച്ചു എന്നതായിരുന്നു ചർച്ചാവിഷയം.
തുടർന്ന് ഓരോ വർഷവും ചുരുങ്ങിയത് ഒരു സെമിനാറെങ്കിലും ക്രൈസ്തവ ചരിത്രസംബന്ധമായ വിഷയങ്ങളെടുത്തു നടത്തിപ്പോന്നു. കേരള ക്രൈസ്തവർ ആദിമശതാബ്ദങ്ങളിൽ പിന്നാക്കസമുദായങ്ങളുടെ നവോത്ഥാനത്തിനു ക്രൈസ്തവ സമൂഹത്തിന്റെ സംഭാവന, പേർഷ്യൻ സഭകളുടെ സ്വാധീനത, കേരള ക്രൈസ്തവരുടെ സംസ്കാരം, ഉദയംപേരൂർ സൂനഹദോസിനു മുന്പും പിന്പും, നസ്രാണി സംസ്കാര പൈതൃകം, പത്തൊന്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലുണ്ടായ വിദ്യാഭ്യാസ വികസനത്തിനു ക്രൈസ്തവവരുടെ പങ്ക്, നസ്രാണി ഗവേഷണരംഗത്തെ അതികായന്മാർ, കേരളത്തിലെ മതവിശ്വാസം സംഘകാല കൃതികളിലൂടെ, അഞ്ചാം നൂറ്റാണ്ടു വരെയുള്ള ക്രൈസ്തവ പാരന്പര്യം എന്നിങ്ങനെയുള്ള ഗവേഷണോന്മുഖമായ പ്രബന്ധങ്ങൾ ഓരോ സമ്മേളനത്തിലും അവതരിപ്പിക്കുകയും വിശദമായ ചർച്ചകൾക്കു വിധേയമാകുകയും ചെയ്തു. ഇവയെല്ലാം സമാഹരിച്ചു ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിച്ചു ചരിത്രപഠിതാക്കൾക്കു സമ്മാനിക്കാൻ, സാന്പത്തിക പരിമിതിമൂലം ഹിസ്റ്ററി കോൺഗ്രസിനു കഴിയാതെപോയി. എങ്കിലും കഴിഞ്ഞ അന്പതു വർഷമായി ഈ പ്രസ്ഥാനം നമ്മുടെ സാംസ്കാരിക, സാമൂഹിക മേഖലകളിൽ അതിന്റെ സാന്നിധ്യം അറിയിച്ചുപോരുന്നുണ്ട്.
1976ൽ എം.ഒ. ജോസഫ് നെടുങ്കണ്ടം അന്തരിച്ചതിനു പിന്നാലെ ഷെവ. വി.സി. ജോർജ് സംഘടനയുടെ സാരഥ്യം ഏറ്റെടുത്തു. വി.സി. ജോർജിന്റെ മരണശേഷം എൻ.കെ. ജോസ് സംഘടനയെ നയിച്ചു.
ക്രൈസ്തവസമൂഹത്തിന്റെ ബഹുമുഖമായ സംഭാവനകൾ അടയാളപ്പെടുത്തുന്നതോടൊപ്പം വളരുന്ന തലമുറയിൽ ചരിത്രാവബോധം വികസിപ്പിക്കുക എന്നതും ഹിസ്റ്ററി കോൺഗ്രസിന്റെ ലക്ഷ്യമാണ്. ചരിത്രം അറിഞ്ഞു വളരുന്നില്ലെങ്കിൽ നമുക്കു നമ്മെ തിരിച്ചറിയാൻ കഴിയാതെപോകുമെന്നതാണു ദുഃഖകരമായ വസ്തുത. ഇതു മനസിലാക്കി പുതിയ തലമുറയിലെ ജ്ഞാനാന്വേഷകർ സംഘടനയുടെ വേദിയിലേക്കെത്തുമെന്നു ഹിസ്റ്ററി കോൺഗ്രസ് പ്രതീക്ഷിക്കുന്നു. അതിനു സഹായകമായ കർമപരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ സംഘടനാ നേതൃത്വം ശ്രമിക്കുന്നുണ്ട്.
സുവർണജൂബിലി പരിപാടികൾ ഇന്ന് തൃശൂർ സെന്റ് തോമസ് കോളജിലെ മെഡ്ലിക്കോട്ട് ഹാളിൽ നടക്കും. ചരിത്ര സെമിനാറുകളോടൊപ്പം ചരിത്രമേഖലയിൽ പ്രവർത്തിക്കുന്ന പ്രതിഭാശാലികൾക്ക് അവാർഡുകൾ നൽകി അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. മികച്ച ചരിത്രഗ്രന്ഥം, മികച്ച ജീവചരിത്രം, മികച്ച പരിഭാഷ തുടങ്ങി ഏഴു വിഭാഗങ്ങളിലാണ് അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഇങ്ങനെ ബഹുമുഖമായ കർമപരിപാടികളിലൂടെ കേരള ക്രൈസ്തവസമൂഹം നേരിടുന്ന ചരിത്രപരമായ തിരസ്കാരങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്താൻ ഹിസ്റ്ററി കോൺഗ്രസിനു കഴിയുമെന്നാണു പ്രതീക്ഷ.