ടെക്നോളജിയിലൂടെ യുദ്ധം ജയിച്ച ഇന്ത്യ
പി.സി. സിറിയക്
Saturday, May 17, 2025 12:53 AM IST
1967ൽ ഇസ്രയേലും അറബി രാജ്യങ്ങളും തമ്മിൽ ഒരു യുദ്ധം നടന്നു. വെറും ആറു ദിവസംകൊണ്ട് അറബികൾ തോറ്റു തുന്നംപാടി. സിറിയയുടെ ഗോലൻ കുന്നുകളും ജോർദാന്റെ വെസ്റ്റ് ബാങ്കും ഈസ്റ്റ് ജറൂസലെമും ഈജിപ്റ്റിന്റെ ഗാസയും സീനായ് ഉപദ്വീപും ഇസ്രയേൽ പിടിച്ചെടുത്തു. അതുകഴിഞ്ഞ് അര നൂറ്റാണ്ട് കഴിഞ്ഞപ്പോഴാണ് അതിനേക്കാൾ മിന്നിത്തിളങ്ങുന്ന ഒരു പ്രകടനം കാഴ്ചവച്ച് വെറും നാലു ദിവസംകൊണ്ട് പാക്കിസ്ഥാനെ അടിയറവ് പറയിച്ച ഓപ്പറേഷൻ സിന്ദൂർ കാഴ്ചവച്ച് ഇന്ത്യ ലോകത്തെ അദ്ഭുതപ്പെടുത്തിയത്.
നമുക്ക് പരിചിതമായ പഴയ ചിത്രങ്ങളാണ്, കുതിരപ്പുറത്ത് ഊരിപ്പിടിച്ച വാളുമായി പടനയിക്കുന്ന ശിവജിയുടെയും ടിപ്പു സുൽത്താന്റെയുമെല്ലാം ചിത്രങ്ങൾ. 20-ാം നൂറ്റാണ്ടായപ്പോഴേക്കും അതെല്ലാം കാലഹരണപ്പെട്ടു. 1914ൽ ആരംഭിച്ച ഒന്നാം ലോകയുദ്ധകാലത്ത് ടാങ്ക് മുതലായ കവചിത വാഹനങ്ങളും ബോംബർ വിമാനങ്ങളും ഇരുവിഭാഗങ്ങളും ഉപയോഗിച്ചു.
യുദ്ധത്തിന്റെ ആധുനികീകരണം
രണ്ടാം ലോകയുദ്ധത്തിന്റെ അവസാന ഘട്ടങ്ങളിലാണ് ജെറ്റ് ഫൈറ്റർ വിമാനങ്ങൾ പോർമുഖത്തെത്തുന്നത്. ആ യുദ്ധം അവസാനിച്ചത് സർവവും നശിപ്പിക്കുന്ന ആറ്റംബോംബിന്റെ വരവോടെ ആയിരുന്നല്ലോ. ഇനിയൊരു ഹിരോഷിമയോ നാഗസാക്കിയോ ഉണ്ടാകാതിരിക്കട്ടെ!
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കംപ്യൂട്ടറുകളും സോഫ്റ്റ്വെയറുമെല്ലാം യുദ്ധരംഗത്ത് എത്തുന്നത് നമുക്ക് കാണാൻ കഴിഞ്ഞു. സദ്ദാം ഹുസൈന്റെ കുവൈറ്റ് അധിനിവേശത്തിനെതിരായി അമേരിക്കയുടെ നേതൃത്വത്തിൽ 1991 ജനുവരിയിൽ തുടങ്ങിയ യുദ്ധം ഫെബ്രുവരിയിൽ കുവൈറ്റിനെ മോചിപ്പിച്ചതോടെ അവസാനിച്ചു. ഈ യുദ്ധത്തിലാണ് ഇറാക്ക് വിന്യസിച്ച റഷ്യൻ സ്കഡ് മിസൈലുകളെ അവ ലക്ഷ്യത്തിലെത്തുന്നതിനു മുന്പേതന്നെ അമേരിക്കയുടെ പേട്രിയറ്റ് മിസൈലുകൾ തടുത്തുനിർത്തി നശിപ്പിച്ചത്. ഈ യുദ്ധം മുഴുവൻ ബെഡ്റൂമിലിരുന്നു ടെലിവിഷനിലൂടെ തത്സമയം ലോകമെങ്ങുമുള്ളവർക്ക് കാണാൻ സാധിച്ചത് മറ്റൊരു പുതുമയായിരുന്നു.
കുവൈറ്റിന്റെ വിമോചനം കഴിഞ്ഞ് 35 വർഷം കഴിഞ്ഞപ്പോഴാണ് ലോകത്തെ മുഴുവൻ സ്തബ്ധമാക്കിയ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ പ്രകടനം! നാലു ദിവസത്തെ പ്രഹരംകൊണ്ട് അവശരായ പാക്കിസ്ഥാൻ വെടിനിർത്തലിന് അപേക്ഷിക്കുന്ന ദയനീയ കാഴ്ചയാണ് നാം കണ്ടത്. വേണ്ടിവന്നാൽ അവരുടെ ആണവായുധങ്ങൾ സൂക്ഷിച്ചിരിക്കുന്ന അറകളിലേക്കുള്ള വഴി അടച്ചുമൂടാനും അത്യാവശ്യമെങ്കിൽ ആണവായുധങ്ങളെത്തന്നെ തകർക്കാനും നമുക്കു കഴിയുമെന്ന് അവർക്കു ബോധ്യമായി. ആകാശയുദ്ധത്തിന് വിലപിടിച്ച വിമാനങ്ങൾക്ക് പകരം ചെറിയ ഡ്രോണുകളെ ഇറക്കിയതായിരുന്നു ഇപ്രാവശ്യത്തെ പുതുമ. നാം നടത്തിയ ഹൈടെക്ക് യുദ്ധത്തിൽ ആയുധമേന്തിയ ഡ്രോണുകളെ ഒട്ടും ലക്ഷ്യംതെറ്റാതെ, അവരുടെ മർമസ്ഥാനങ്ങളിൽതന്നെ എത്തിച്ച് അടിക്കാൻ നമുക്ക് കഴിഞ്ഞു.
കൂടാതെ പാക്കിസ്ഥാൻ ഇങ്ങോട്ടയച്ച ഡ്രോണുകളെയെല്ലാം നമ്മുടെ എസ്-400 സുദർശൻ ചക്രം ഉപയോഗിച്ച് വഴിയിൽവച്ചുതന്നെ തടഞ്ഞ് തകർക്കുകയും ചെയ്തു! എന്താണ് സംഭവിക്കുന്നതെന്ന് അവർക്കു മനസിലാക്കാൻപോലും കഴിഞ്ഞില്ല. നമ്മുടെ മിസൈലുകൾ പാക്കിസ്ഥാന്റെ എല്ലാ പ്രതിരോധ സംവിധാനങ്ങളെയും മറികടന്ന്, അവരുടെ റഡാറുകളുടെ കണ്ണുവെട്ടിച്ച് അവർ താലോലിച്ചു വളർത്തിയ ഭീകരന്മാരുടെ കേന്ദ്രങ്ങളെയും തന്ത്രപ്രധാനമായ വിമാനത്താവളങ്ങളെയും കൃത്യമായി ആക്രമിച്ച് അവയെ എല്ലാം തകർക്കാൻ നമുക്കു കഴിഞ്ഞു.
നമ്മുടെ നേട്ടങ്ങള്
അമേരിക്കയെയും ചൈനയെയും മറ്റു രാജ്യങ്ങളെയും ഒരുപോലെ ഞെട്ടിച്ച ഈ അത്യാധുനിക യുദ്ധസംവിധാനങ്ങൾ യാതൊരു വിദേശസാങ്കേതിക വിദ്യയും ഉപയോഗിക്കാതെ എങ്ങനെയാണ് വികസിപ്പിച്ചെടുക്കാൻ നമുക്കു കഴിഞ്ഞത്?
നമ്മുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO), ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) പൊതുമേഖലാ കന്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നിവ ഡിആർഡിഒയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു. ഡിആർഡിഒയുടെ ഡയറക്ടർ ജനറലായി പ്രവർത്തിച്ച, ഇന്ത്യയുടെ മിസൈൽ വനിത എന്ന പേരെടുത്ത ഡോ. ടെസി തോമസിന്റെ സേവനം ഇവിടെ നാം മറക്കാൻ പാടില്ല. അഗ്നി മിസൈലുകൾ വികസിപ്പിച്ചെടുക്കാൻ അവരെ ചുമതലപ്പെടുത്തിയത് പിൽക്കാലത്ത് രാഷ്ട്രപതിയായി വിളങ്ങിയ സാക്ഷാൽ എ.പി.ജെ. അബ്ദുൾ കലാമായിരുന്നു. നമ്മുടെ യുദ്ധരംഗത്തെ ആധുനികീകരണത്തിന്റെ ആരംഭം കുറിച്ചത്, അവർ ഐഎസ്ആർഒയുടെ ഉപഗ്രഹ ഗ്രിഡിനെക്കൂടി കൂട്ടത്തിൽചേർത്ത് ഡിആർഡിഒ, ഭാരത് ഇലക്ട്രോണിക്സ് എന്നീ രണ്ടു സ്ഥാപനങ്ങളെക്കൂടി ഒന്നിച്ചു പ്രവർത്തിക്കാൻ നേതൃത്വം നല്കിയപ്പോഴാണ്.
നമ്മുടെ ഓപ്പറേഷൻ സിന്ദൂറിന്റെ സ്റ്റാർ പെർഫോമർ ആയിരുന്നു, ‘ആകാശ് തീർ’ എന്ന പേരിലുള്ള പ്രതിരോധ സംവിധാനം. ആകാശ് തീർ ഒരു ഡ്രോൺ മാത്രമല്ല, അത് ഉപഗ്രഹങ്ങളെയും ഡ്രോണുകളെയും ഭൂമിയിൽ ഉറപ്പിച്ചിരിക്കുന്ന റഡാറുകളെയും നിയന്ത്രിക്കുന്ന സിരാകേന്ദ്രങ്ങളായ വാർ റൂമുകളെയും നിർമിതബുദ്ധി പ്രോസസറുകളെയും ഏകോപിപ്പിച്ചു പ്രവർത്തിക്കാൻ സന്നദ്ധമാക്കുകയും അതേസമയം സ്വന്തം ദിശ, ആവശ്യാനുസരണം ശരി ചെയ്ത് ലക്ഷ്യത്തിൽ കൃത്യമായി ചെന്നിടിച്ച് തകർക്കുകയും ചെയ്യുന്ന മാരകമായ അനേകം സിസ്റ്റങ്ങൾ അടങ്ങിയ ഒരു വന്പൻ സംവിധാനമാണ്.
ഓരോ ആകാശ് തീർ ഡ്രോണും അഞ്ചു മുതൽ പത്തു കിലോഗ്രാം സ്ഫോടകവസ്തുക്കളുമായി റഡാറുകളുടെ കണ്ണിൽപ്പെടാതെ താഴ്ന്നുപറന്ന് ലക്ഷ്യത്തിലേക്ക് അടുക്കുന്നു. നമ്മുടെതന്നെ സ്വന്തം ഉപഗ്രഹങ്ങളുപയോഗിച്ച് നിർമിതബുദ്ധിയുടെ സഹായത്തോടെ ആവശ്യമായ ചെറു ദിശാതിരുത്തലുകളും നടത്തി ലക്ഷ്യത്തിൽ കൃത്യമായി സ്ഫോടനം ഉണ്ടാക്കുന്നു. ആകാശ് തീറിന്റെ ഈ അത്ഭുതകരമായ കാര്യക്ഷമത അമേരിക്കയിലെയും ചൈനയിലെയും വിദഗ്ധരെ സംഭ്രമിപ്പിക്കുന്നു.
പാക്കിസ്ഥാൻ പട്ടാളമാണെങ്കിൽ എന്താണ് സംഭവിച്ചത് എന്നുപോലും അറിയാൻ കഴിയാതെ വിഷണ്ണരും ഭയവിഹ്വലരുമായി നിൽക്കുന്നു. 100 ശതമാനവും നമ്മുടെ നാട്ടിൽത്തന്നെ രൂപകല്പനചെയ്യുകയും ഒരു ചിപ്പുപോലും ഇറക്കുമതി ചെയ്ത് ഉപയോഗിക്കാതെ അതിന്റെ ഉത്പാദനം പൂർണമായും ഇന്ത്യയിൽതന്നെ നടത്തുകയും ചെയ്തിരിക്കുകയാണ്. ഇതെങ്ങനെ സാധിച്ചു?
പുത്തന് പദ്ധതികള്
പ്രതിരോധ ഉത്പന്നങ്ങളും ആയുധങ്ങളും നമ്മുടെ നാട്ടിൽത്തന്നെ ഉത്പാദിപ്പിക്കണമെന്നും ഈ മേഖലയിൽ മികവ് നേടാനും നമ്മുടെ വിദഗ്ധന്മാരുടെ കഴിവുകൾ മെച്ചപ്പെടുത്താനും വെല്ലുവിളികളും പ്രശ്നങ്ങളും പരിഹരിക്കാൻ നമ്മുടെ ബുദ്ധിയിൽനിന്നുതന്നെ പരിഹാരമാർഗങ്ങൾ ഉദിച്ചുവരണമെന്നും സ്വയം ചിന്തിച്ച് പുതിയ സമീപനങ്ങൾ കണ്ടെത്താൻ ഇന്നവേഷൻ എന്ന സംജ്ഞയ്ക്ക് പ്രാധാന്യം നല്കണമെന്നും നാം തീരുമാനിച്ചു. ഇന്നവേറ്റ് ചെയ്ത് പുതിയ ആശയങ്ങൾ കൊണ്ടുവന്ന് പ്രതിരോധ ഉത്പന്ന നിർമാണ മേഖലയിൽ നേരിട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ തയാറാകുന്നവർക്ക് നല്ല പ്രോത്സാഹനം നല്കാനുള്ള സജ്ജീകരണങ്ങൾ സർക്കാർ ഒരുക്കി. സ്വകാര്യ സ്ഥാപനങ്ങളെയും പുതിയ സ്റ്റാർട്ടപ്പ് സംരംഭങ്ങളെയും ക്ഷണിച്ചു. പ്രതിരോധ വകുപ്പിന്റെ കീഴിൽ ‘Innovation for Defence Excellence (IDEX)’ എന്ന സംവിധാനത്തെ ഒരുക്കി നൂതന പദ്ധതികൾക്ക് 10 കോടി രൂപവരെ ധനസഹായം നല്കാൻ തയാറായി. ഓപ്പറേഷൻ സിന്ദൂരിൽ ഉപയോഗപ്പെടുത്തിയ സ്കൈ സ്ട്രക്കർ എന്ന ഡ്രോൺ നിർമിച്ചത് ഈ പദ്ധതിയിൻകീഴിൽ സഹായധനം കിട്ടിയ ബംഗളൂരുവിലെ ആൽഫാ ഡിസൈൻ ടെക്നോളജീസ് എന്ന കന്പനിയായിരുന്നു.
കൂടുതൽ മൂലധന നിക്ഷേപം ആവശ്യമുള്ള പദ്ധതികൾ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുമെങ്കിൽ 25 കോടിവരെ സഹായധനം നല്കാനും പ്രതിരോധവകുപ്പ് തീരുമാനമെടുത്ത് നടപ്പാക്കിയിട്ടുണ്ട്. പ്രതിരോധ മേഖലയിലെ പ്രധാന കന്പനികൾക്ക് മുന്പിൽ വെല്ലുവിളി ഉയർത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രവർത്തിക്കാൻ IDEX, സ്വകാര്യ സ്ഥാപനങ്ങളെയും പുതിയ സ്റ്റാർട്ടപ്പുകളെയും ക്ഷണിക്കുന്നു. പുതിയ ആശയങ്ങൾ വികസിപ്പിച്ചെടുക്കുന്ന ആദ്യഘട്ടമായ ഇൻകുബേഷൻ മുതൽ അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും പണം സൗജന്യമായി നല്കി, അവരെ പ്രോത്സാഹിപ്പിക്കുന്നു. ഇങ്ങനെ നമ്മുടെ പ്രതിരോധ മേഖലയ്ക്ക് ഉപകാരപ്രദമായ സപ്ലയർമാരായി വളർത്തിയെടുത്ത ഏതാനും ഉദാഹരണങ്ങൾ നമ്മുടെ മുന്പിലുണ്ട്.
ഒരു പുതിയ യൂണിറ്റ് സപ്ലൈ ചെയിനിൽ വന്നുകഴിയുന്പോൾ ഈ യൂണിറ്റിനെ കൂടുതൽ വളർച്ചയിലേക്കു നയിക്കാൻ വിദേശ സ്ഥാപനങ്ങളുമായി സാങ്കേതിക സഹകരണ ഉടന്പടിയും IDEX തന്നെ ഏർപ്പാട് ചെയ്തുകൊടുക്കുന്നു. അമേരിക്കൻ പ്രതിരോധവകുപ്പ് വികസിപ്പിച്ചെടുത്ത ചില സ്റ്റാർട്ടപ്പുകളുമായി നമ്മുടെ സ്റ്റാർട്ടപ്പ് കന്പനികളെ ബന്ധപ്പെടുത്താൻ IDEXനു കഴിഞ്ഞിട്ടുണ്ട്. അതുപോലെ ഒരു ഇന്ത്യൻ കന്പനിയും ഇസ്രയേൽ കന്പനിയുമായി ഒരു കൂട്ടുകന്പനി തുടങ്ങാനും സഹായിച്ചിട്ടുണ്ട്.
ഇത്തരം ഡ്രോണുകൾ സപ്ലൈ ചെയ്യാൻ അദാനി ഗ്രൂപ്പ് കന്പനിയും മുന്നോട്ടു വരികയും ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുക്കുകയും ചെയ്തു. ചുരുക്കത്തിൽ തന്ത്രപരമായ അനേകം നീക്കങ്ങളിലൂടെ പ്രതിരോധമേഖല നേരിടുന്ന പല വെല്ലുവിളികൾക്കും പരിഹാരം കാണാൻ പ്രതിരോധ മന്ത്രാലയവും IDEXഉം ശതകോടികൾ മുടക്കി സ്വകാര്യ മേഖലയിലെയും സ്റ്റാർട്ടപ്പ് കന്പനികളിലെയും ബുദ്ധിരാക്ഷസന്മാരെക്കൊണ്ട് ഇന്നവേറ്റീവ് ഉത്പന്നങ്ങൾ നിർമിച്ചെടുത്തതിന്റെ ഫലംകൂടിയാണ് ഇന്നു പ്രതിരോധ മേഖലയിൽ ഇന്ത്യ നേടിയിരിക്കുന്ന അഭിമാനകരവും അപ്രതീക്ഷിതവും അതേസമയം അജയ്യവുമായ നേട്ടം.
പ്രതിരോധമന്ത്രാലയത്തിന്റെയും IDEX ന്റെയും ഈ മാതൃക പിൻപറ്റി മറ്റു മേഖലകളിലും ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞാൽ ഇന്ത്യക്ക് ഒരു വികസിത രാഷ്ട്രമാകാൻ 2047 വരെ കാത്തിരിക്കേണ്ടിവരില്ല.