വേണ്ടാ, യുദ്ധക്കൊതി!
ഡൽഹിഡയറി / ജോര്ജ് കള്ളിവയലില്
Saturday, May 17, 2025 1:00 AM IST
‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിച്ചിട്ടില്ല. സംഭവിച്ചതെല്ലാം വെറുമൊരു ട്രെയിലർ മാത്രമായിരുന്നു. ശരിയായ സമയം വരുന്പോൾ, മുഴുവൻ ചിത്രവും ലോകത്തിനു മുന്നിൽ ഇന്ത്യ കാണിക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ പറഞ്ഞതാണിത്. ഭീഷണിയുടെ സ്വരമുള്ള മുന്നറിയിപ്പ്. ഭീകരതയെക്കുറിച്ചും പാക് അധിനിവേശ കാഷ്മീരിനെക്കുറിച്ചും മാത്രമായിരിക്കും പാക്കിസ്ഥാനുമായി ഇനിയുള്ള ചർച്ചകളെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്.
സമഗ്രചർച്ചയ്ക്കു തയാറാണെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നിർദേശം തള്ളിക്കൊണ്ടാണ് ഇന്ത്യ നിലപാടു കടുപ്പിച്ചത്. സിന്ധുനദീജല കരാർ സസ്പെൻഡു ചെയ്തതു തുടരുമെന്നും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.
നാലു ദിവസത്തെ ആക്രമണ, പ്രത്യാക്രമണങ്ങൾക്കുശേഷം ഇന്ത്യയും പാക്കിസ്ഥാനും പ്രഖ്യാപിച്ച സന്പൂർണ വെടിനിർത്തൽ വളരെക്കാലം നീണ്ടുനിൽക്കുമോയെന്ന ആശങ്ക ഇപ്പോഴുമുണ്ട്.
നാളെ വൈകുന്നേരം വരെയാണു വെടിനിർത്തൽ തത്കാലം നിലവിലുള്ളത്. സൈനിക ഓപ്പറേഷനുകളുടെ ഡയറക്ടർ ജനറൽമാർ (ഡിജിഎംഒ) ചർച്ച നടത്തി വെടിനിർത്തൽ തുടരുമെന്നു കരുതാം. ഭീകരർക്കുള്ള പിന്തുണ പാക്കിസ്ഥാൻ അവസാനിപ്പിക്കാതെ സന്ധിയില്ലെന്നും വെടിനിർത്തൽ കരാറിന്റെ ഭാവി പാക്കിസ്ഥാന്റെ തുടർനടപടികളെ ആശ്രയിച്ചാകുമെന്നും രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തിൽ പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു.
യുദ്ധങ്ങളുടെ പുതുമാതൃക
സായുധ ഡ്രോണുകൾ, മിസൈലുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ നവകാല സൈനിക സംഘർഷങ്ങൾക്കു പുതിയ മാതൃക സൃഷ്ടിക്കുന്നതാണു ഇന്ത്യ- പാക് സംഘർഷത്തിൽ ലോകം കണ്ടത്. ഉപഗ്രഹങ്ങളിൽ നിന്നുള്ള കൃത്യതയുള്ള ദൃശ്യങ്ങളുടെയും മറ്റ് അത്യാധുനിക സാങ്കേതിക വിദ്യകളുടെയും സഹായത്തോടെയുള്ള യുദ്ധത്തിൽ ബഹിരാകാശത്തിനും സൈബർ ഇടങ്ങൾക്കുമുള്ള പ്രധാന്യം വളരെയേറെയാണെന്നും തെളിഞ്ഞു. ഇന്ത്യൻ വ്യോമസേനയുടെ ശക്തി തെളിയിച്ചതിനു പുറമേ, ഇന്ത്യയുടെ യുദ്ധനയവും സാങ്കേതികവിദ്യയും മാറിയിട്ടുണ്ടെന്നു ലോകത്തെ ബോധ്യപ്പെടുത്തുന്നതാണു ഓപ്പറേഷൻ സിന്ദൂർ.
ആധുനിക യുദ്ധത്തിൽ ഡ്രോണുകളുടെ പ്രാധാന്യം ഇന്ത്യ- പാക് സംഘർഷം തെളിയിച്ചു. ഭാവിയിലെ സൈനിക സംഘർഷങ്ങളുടെ പുതിയ മാതൃകയാണു ഓപ്പറേഷൻ സിന്ദൂർ. ഒരു വർഷത്തിലധികമായി നീണ്ട റഷ്യ- യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ- ഹമാസ് യുദ്ധം എന്നിവയിൽനിന്നു വ്യത്യസ്തമായ പാതയാണ് ഇന്ത്യ സ്വീകരിച്ചത്.
തുർക്കിയുടെ ഡ്രോണുകളും ചൈനീസ് മിസൈലുകളും വ്യോമപ്രതിരോധ സംവിധാനവുമാണു പാക്കിസ്ഥാൻ തിരിച്ചടിക്കു ഉപയോഗിച്ചതെങ്കിൽ, തദ്ദേശീയ പ്രതിരോധ, ആക്രമണ ശേഷി തെളിയിക്കാൻ ഇന്ത്യക്കായി.
ഇന്ത്യൻ കരുത്തു തെളിയിച്ചു
തദ്ദേശീയമായി നിർമിച്ച 15 ബ്രഹ്മോസ് മിസൈലുകളാണു കഴിഞ്ഞ ഒന്പതിനു രാത്രിയിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ തൊടുത്തത്. ബ്രഹ്മോസ് മിസൈലിന്റെ ശക്തി പാക്കിസ്ഥാൻപോലും അംഗീകരിച്ചെന്നു പ്രതിരോധമന്ത്രി രാജ്നാഥ് ഇന്നലെ പറഞ്ഞു. പാക്കിസ്ഥാനിലെ ഒന്പതു തീവ്രവാദ ക്യാന്പുകൾ എങ്ങിനെ നശിപ്പിച്ചുവെന്നു ലോകം മുഴുവൻ കണ്ടിട്ടുണ്ട്. അവരുടെ നിരവധി വ്യോമതാവളങ്ങളും നശിപ്പിക്കപ്പെട്ടു. ഓപ്പറേഷൻ സിന്ദൂരിൽ, ഇന്ത്യൻ വ്യോമസേന അവരുടെ ശക്തി പ്രകടിപ്പിക്കുക മാത്രമല്ല, ഇപ്പോൾ ഇന്ത്യയുടെ യുദ്ധനയവും സാങ്കേതികവിദ്യയും മാറിയിട്ടുണ്ടെന്ന് ലോകത്തിന് തെളിയിച്ചു കൊടുത്തു. പീരങ്കിവെടികളുടെ പിൻബലത്തോടെ തോക്കും മോർട്ടാറും ഗ്രനേഡും ഉപയോഗിച്ച് അതിർത്തി കടന്നു കരമാർഗമുള്ള പഴയകാല യുദ്ധത്തിന്റെ രീതി കാര്യമായി മാറി.
പാക് വ്യോമാതിർത്തി കടക്കാതെ റഫാൽ യുദ്ധവിമാനങ്ങളിൽനിന്നു പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കു നേരേ കൃത്യമായി നടത്തിയ ആക്രമണത്തിൽ സ്കാൽപ് ഡീപ്-സ്ട്രൈക്ക് ക്രൂസ് മിസൈലുകളും ഇന്ത്യ ഉപയോഗിച്ചതായാണു സൈനികകേന്ദ്രങ്ങൾ വെളിപ്പെടുത്തിയത്. ഇന്ത്യൻ അതിർത്തിക്കുള്ളിൽ പറന്നുയർന്നു സ്റ്റാൻഡ്ഓഫ് റേഞ്ചുകളിൽ നിന്നാണു പോർവിമാനങ്ങൾ മിസൈലുകൾ വിജയകരമായി വിക്ഷേപിച്ചത്. പൈലറ്റില്ലാത്ത വിമാനങ്ങളും ഇന്ത്യ ഉപയോഗിച്ചുവെന്നാണു റിപ്പോർട്ടുകൾ.
പാക്കിസ്ഥാനിലെ കര ലക്ഷ്യങ്ങളെ ആക്രമിച്ച ഹാമർ സ്മാർട്ട് വെപ്പണ് സിസ്റ്റം, ഗൈഡഡ് ബോംബ് കിറ്റുകൾ, എക്സ്കാലിബർ യുദ്ധോപകരണങ്ങൾ ഉപയോഗിച്ചു വെടിവയ്ക്കുന്ന എം-777 ഹോവിറ്റ്സറുകൾ എന്നിവയും ഇന്ത്യ വിന്യസിച്ച ആയുധങ്ങളിൽ ഉൾപ്പെടുന്നു. റഡാറുകളുടെ കണ്ണുവെട്ടിച്ചു ശത്രുലക്ഷ്യങ്ങൾ ആക്രമിക്കാൻ ഒളിഞ്ഞുനോക്കുന്ന യുദ്ധോപകരണങ്ങളും ഇന്ത്യ ഉപയോഗിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. വൻ നഗരങ്ങളടക്കം പാക്കിസ്ഥാന്റെ എല്ലാ കോണുകളിലും എത്താൻ ഇന്ത്യൻ വ്യോമസേനയ്ക്കു കഴിവുണ്ടെന്നു ഓപ്പറേഷൻ സിന്ദൂരിൽ തെളിയിക്കപ്പെട്ടു. അതൊരു ചെറിയ കാര്യമല്ല.
പ്രഭാതഭക്ഷണം കഴിച്ച വേഗം
ആകാശപ്പോരിൽ, പോർവിമാനങ്ങളടക്കം പാക്കിസ്ഥാന്റെ നിരവധി വിമാനങ്ങളും വ്യോമതാവളങ്ങളും ഇന്ത്യ തകർത്തു. പാക്കിസ്ഥാനിലെ 13 പ്രധാന വ്യോമതാവളങ്ങളിൽ 11 എണ്ണത്തിനാണ് ഇന്ത്യൻ മിസൈലുകൾ ഭാഗികമായി നാശമുണ്ടാക്കിയത്. ഇന്ത്യയുടെ ഒരു റഫാൽ വിമാനം തകർത്തുവെന്ന പാക്കിസ്ഥാന്റെ അവകാശവാദം ഇന്ത്യൻ വ്യോമസേനാ വക്താവ് അപ്പാടെ നിരസിച്ചതുമില്ല. ഔദ്യോഗികമായി യുദ്ധം ആയിരുന്നില്ലെങ്കിലും നാലു ദിനരാത്രങ്ങൾ നീണ്ട പോരിനെ മിനിയുദ്ധമെന്നു തന്നെ വിളിക്കാം.
‘ആളുകൾ പ്രഭാതഭക്ഷണം കഴിക്കാൻ എടുക്കുന്ന സമയം മാത്രമേ ശത്രുക്കളെ നേരിടാൻ ഇന്ത്യക്കു വേണ്ടിവന്നുള്ളൂ’ എന്നാണു ഗുജറാത്തിലെ ഭുജ് വ്യോമസേനാ താവളം സന്ദർശിച്ച് ഇന്ത്യക്കു വേണ്ടി പോരാടിയ വ്യോമസേനാംഗങ്ങളെ അഭിന്ദിക്കാനെത്തിയ പ്രതിരോധമന്ത്രി വിശേഷിപ്പിച്ചത്. പാക്കിസ്ഥാനിൽ വളർത്തുന്ന ഭീകരതയെ തകർക്കാൻ ഇന്ത്യൻ വ്യോമസേനയ്ക്കു വെറും 23 മിനിറ്റ് മതിയായിരുന്നു. വെറും 23 മിനിറ്റിൽ 25 മിസൈലുകളാണ് ഒന്പതു ഭീകരകേന്ദ്രങ്ങളെ കൃത്യമായി തകർത്തത്. ശത്രുക്കളുടെ നാട്ടിലേക്കുചെന്നു മിസൈലുകൾ വർഷിച്ചതിന്റെ പ്രതിധ്വനി ഇന്ത്യയിൽമാത്രം ഒതുങ്ങി നിന്നില്ല, ലോകം മുഴുവൻ അതു കേട്ടു. ഇന്ത്യൻ സേനകളുടെ വീര്യത്തിന്റെയും ജവാന്മാരുടെ ധീരതയുടെയും നേർക്കാഴ്ചയാണു ജനം കണ്ടത്.
ഭീകരരെ താങ്ങി പാക്കിസ്ഥാൻ
മിസൈൽ, ഡ്രോണ്, പീരങ്കി ആക്രമണങ്ങൾക്ക് ശമനം കുറിച്ച് വെടിനിർത്തൽ നടപ്പാക്കിയെങ്കിലും പാക്കിസ്ഥാൻ സർക്കാർ ഇപ്പോഴും ഭീകരസംഘടനകളുടെയും മതതീവ്രവാദികളുടെയും പിടിയിലാണെന്നതാണു ദുഃഖകരം. ഇന്ത്യ തകർത്ത പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ പുനർനിർമിക്കാൻ തുടങ്ങിയെന്നും ആഗോള ഭീകരനായ മസൂദ് അസ്ഹറിന് 14 കോടി രൂപ പാക്കിസ്ഥാൻ സർക്കാർ നൽകുകയാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ പരസ്യമായി പറഞ്ഞു.
2019ലെ പുൽവാമ, 2016ലെ ഉറി ഭീകരാക്രണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച നിരോധിത സംഘടനയായ ജയ്ഷ്-ഇ- മുഹമ്മദിന്റെ നായകനാണ് മസൂദ് അസ്ഹർ. അന്താരാഷ്ട്ര ഭീകരനെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച കൊടുംഭീകരന് പാക് സർക്കാരിന്റെയും സൈന്യത്തിന്റെയും വ്യക്തമായ പിന്തുണയുണ്ടെന്നതു രഹസ്യമല്ല. പാക് പൗരന്മാരുടെ നികുതിപ്പണമാണ് ഭീകരസംഘടനകൾക്കായി ചെലവഴിക്കുന്നതെന്നു രാജ്നാഥ് പറഞ്ഞു. അന്താരാഷ്ട്ര നാണ്യനിധിയിൽ (ഐഎംഎഫ്) നിന്നു സഹായമായി ലഭിച്ച 2.1 ബില്യണ് ഡോളർ ഫണ്ട് പാക് സർക്കാർ വകമാറ്റുന്നുവെന്ന ഇന്ത്യൻ പ്രതിരോധമന്ത്രിയുടെ ആരോപണം വളരെ ഗൗരവമുള്ളതാണ്.
പാക് സൈന്യത്തിന്റെ വെറും കരു
ഭീകരതയെ പാലൂട്ടി വളർത്താതെയും സൈന്യത്തിനു വഴങ്ങാതെയും പാക്കിസ്ഥാനിലെ സിവിലിയൻ സർക്കാരിന് നിലനിൽപ്പില്ല. സൈന്യവും ഭീകര നേതാക്കളും പാക് സർക്കാരിൽ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് 2007 ജനുവരിയിൽ പാക്കിസ്ഥാൻ സന്ദർശിച്ചപ്പോൾ ലേഖകനു ബോധ്യമായതാണ്. ഇപ്പോഴത്തെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായും മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായും അന്ന് ലാഹോറിൽ നടത്തിയ വിശദമായ ചർച്ചയിൽ ഇതുസംബന്ധിച്ച പരോക്ഷ സൂചനകളുണ്ടായിരുന്നു. ദക്ഷിണേഷ്യൻ എഡിറ്റർമാരുടെ ഉച്ചകോടി സമ്മേളനത്തിലെ ചർച്ചകളിലും പാക്കിസ്ഥാൻ സൈന്യത്തിന്റെയും ഭീകരഗ്രൂപ്പുകളുടെയും സ്വാധീനത്തെക്കുറിച്ചു വ്യക്തമായ സൂചനകളുണ്ടായിരുന്നു.
സൗത്ത് ഏഷ്യൻ ഫ്രീ മീഡിയ അസോസിയേഷന്റെ (സാഫ്മ) ആഭിമുഖ്യത്തിൽ പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിൽ വിവിധ വർഷങ്ങളിലായി നടന്ന പത്രപ്രവർത്തക സമ്മേളനങ്ങളിൽ പങ്കെടുത്തപ്പോഴും ഇക്കാര്യം മനസിലാക്കാനായി. സൗത്ത് ഏഷ്യൻ മീഡിയ കമ്മീഷന്റെ ജനറൽ സെക്രട്ടറിയെന്ന നിലയിലും സാഫ്മ എക്സിക്യൂട്ടീവ് അംഗമെന്ന നിലയിലും പാക്കിസ്ഥാനിലെ രാഷ്ട്രീയനേതാക്കളും പത്രപ്രവർത്തകരുമായി അടുത്തിടപഴകാൻ അവസരങ്ങളുണ്ടായി. ഇന്ത്യ- പാക് സമാധാനം ലക്ഷ്യമിട്ട് അമേരിക്കയിലെ ഈസ്റ്റ് വെസ്റ്റ് സെന്റർ നേപ്പാളിലെ കാഠ്മണ്ഡുവിൽ 2023ൽ നടത്തിയ ഇരുരാജ്യങ്ങളിലെയും പത്രപ്രവർത്തകരുടെ ഒരാഴ്ച നീണ്ട വർക്ഷോപ്പിലെ ചർച്ചകളിലും പാക്കിസ്ഥാൻ ജനതയുടെ ഗതികേടാണു കാണാനായത്.
യുദ്ധം ഒരിക്കലും പരിഹാരമല്ല
ഇന്ത്യ- പാക് പോര് നാലു ദിവസം കൊണ്ട് അവസാനിപ്പിച്ച് വെടിനിർത്തലിനു സമ്മതിച്ചതു യുദ്ധക്കൊതിയന്മാരായ ചിലർക്കെങ്കിലും രസിച്ചിട്ടില്ല. പാക് അധിനിവേശ കാഷ്മീർ തിരിച്ചുപിടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്നു സാമൂഹ്യമാധ്യമങ്ങളിലൂടെ മുറവിളി കൂട്ടിയവരുണ്ട്. എന്നാൽ യുദ്ധം അവസാനിച്ചതിൽ ആശ്വസിക്കുന്നവരാണു വിവേകികളായ ഭൂരിപക്ഷം ജനങ്ങൾ. ഭീകരാക്രമണങ്ങളുടെയും സൈനിക സംഘർഷങ്ങളുടെയും ദുരിതമനുഭവിച്ച അതിർത്തി സംസ്ഥാനങ്ങളിലെ ജനങ്ങളെ ഓർക്കുക. തീരാദുരിതങ്ങളിലും വിലക്കയറ്റത്തിലുംനിന്നു രാജ്യവും ലോകവും താത്കാലികമായെങ്കിലും രക്ഷപ്പെട്ടു.
ഉന്നംവച്ച തന്ത്രപരമായ ലക്ഷ്യങ്ങൾ ഇന്ത്യ നേടിക്കഴിഞ്ഞു. അതിനാൽ നീണ്ട യുദ്ധം ഒഴിവാകട്ടെ. യുദ്ധം അവസാന ഓപ്ഷനായിരിക്കണമെന്നു റിട്ടയേർഡ് ലെഫ്റ്റനന്റ് ജനറൽ അനിൽ കുമാർ ഭട്ട് ഓർമിപ്പിക്കുന്നു. മനുഷ്യരെ പരസ്പരം കൊന്നൊടുക്കുന്നതിൽ ആരും ഒരിക്കലും ആനന്ദിക്കരുത്. യുദ്ധം പ്രശ്നപരിഹാരമാകില്ല. പല പ്രശ്നങ്ങളും വഷളാക്കുകയാണു യുദ്ധങ്ങളുടെ പരിണതഫലം.
സമാധാന വെള്ളരിപ്രാവുകൾ
പഹൽഗാം ഭീകരാക്രമണത്തിനിടയാക്കിയ വീഴ്ചകൾ തിരുത്തിയേ മതിയാകൂ. പക്ഷേ രാജ്യരക്ഷയുടെ കാര്യത്തിൽ പോലും രാഷ്ട്രീയ മുതലെടുപ്പുകൾക്കുള്ള ശ്രമം തെറ്റും അപലപനീയവുമാണ്. ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനം ഉതകും.
പാക്കിസ്ഥാൻ അടക്കം അയൽരാജ്യങ്ങളെയും ലോകത്തെയാകെയും സമാധാനത്തിന്റെയും സഹകരണത്തിന്റെയും പാതയിലേക്കു കൊണ്ടുവരാനുള്ള സമ്മർദ്ദങ്ങളും നയതന്ത്ര വിജയങ്ങളുമാകണം ഇന്ത്യയുടെ കരുത്ത്. വെടിനിർത്തൽ തുടരാനും പാലിക്കാനുമാകട്ടെ. ചർച്ചകൾക്കുള്ള പാക് ക്ഷണത്തെ ഭീകരതയ്ക്കെതിരായ നിലപാടു കടുപ്പിക്കാനുള്ള അവസരമാക്കാം. ഭീകരവിരുദ്ധ പോരാട്ടത്തിൽ ലോകരാഷ്ട്രങ്ങളുടെ പിന്തുണ ആർജിക്കുകയും പ്രധാനമാണ്.
അഹിംസയുടെ പ്രവാചകനായ മഹാത്മാഗാന്ധിയുടെ നാട്ടിൽ ചോരപ്പുഴയല്ല, സമാധാനത്തിന്റെ വെള്ളരിപ്രാവുകളാണ് ആവശ്യം.