പത്രത്തിൽ നെടിയരി, പാത്രത്തിൽ പൊടിയരി
ഡോ. കുര്യൻ ചെറുശേരി
Saturday, July 5, 2025 12:13 AM IST
അരി മുഖ്യ ആഹാരമായി ആളുകൾ ഉപയോഗിക്കുന്ന കേരളത്തിൽ പണ്ടൊക്കെ, എന്നു പറഞ്ഞാൽ ഏതാണ്ടൊരു പത്തറുപതു വർഷം മുന്പ്, ഇടയ്ക്കിടെ അരിക്ക് വലിയ ക്ഷാമവും വിലക്കയറ്റവും ഉണ്ടാവുക പതിവായിരുന്നു. അങ്ങനെ വിലക്കയറ്റം ഉണ്ടായാലും ഇപ്പോൾ ഉള്ളതുപോലെ കിലോയ്ക്ക് 50-60 രൂപ വരെ ഒന്നും വില ഉയരുകയില്ല. ഏറിയാൽ കിലോയ്ക്ക് നാലോ അഞ്ചോ രൂപ വരെ എത്തും. അത്രയേ ഉള്ളൂ എങ്കിലും അന്നത്തെ നിലയിൽ അതു വളരെ ഉയർന്ന വിലതന്നെ ആയിരുന്നു. അരിക്ക് അങ്ങനെ ഉണ്ടാകുന്ന വിലവർധന, വിദ്യാർഥികൾക്കു പഠിപ്പുമുടക്കു സമരവുമായി നിരത്തിലിറങ്ങുന്നതിനും സർക്കാർ ബസുകൾ തടയുന്നതിനും അക്കാലത്ത് ഒരു കാരണമാകാറുണ്ട്. സമരം ചെയ്യുന്ന വിദ്യാർഥികൾ ‘അരിയെവിടെ, തുണിയെവിടെ? പറയൂ പറയൂ സർക്കാരേ’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് നടക്കുകയും ചെയ്തിരുന്നു.
അരിക്ക് അന്നുണ്ടാകാറുള്ള വിലവർധനയും ക്ഷാമവും ഒക്കെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നത് റേഷൻകടകൾ വഴിയുള്ള അരിവിതരണത്തിലൂടെ ആയിരുന്നു. വളരെ കുറഞ്ഞ വിലയേ അന്ന് റേഷനരിക്ക് ഉണ്ടായിരുന്നുള്ളൂ. വീട്ടിലുള്ളവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് അരി നൽകിയിരുന്നത്. മുതിർന്ന ഒരാൾക്കു രണ്ട് യൂണിറ്റ് അരി കിട്ടും. കുട്ടികൾക്ക് ഒരു യൂണിറ്റും.
അങ്ങനെ ലഭിച്ചിരുന്ന റേഷനരിയുടെ ഗുണമേന്മയിൽ പലപ്പോഴും വലിയ വ്യത്യാസം കാണാറുണ്ടായിരുന്നു. ചിലപ്പോൾ നല്ല അരി ലഭിക്കും. എന്നാൽ, പലപ്പോഴും ലഭിക്കാറുള്ളത് മോശം അരിയാണ്. വിതരണത്തിനുള്ള അരി റേഷൻകടകളിൽ എത്തുന്പോൾ മുതൽ അതിന്റെ ഗുണമേന്മയെക്കുറിച്ച് ജനങ്ങൾ തിരക്കിക്കൊണ്ടിരിക്കും.
സർക്കാർ നൽകുന്ന റേഷനരിയുടെ ഗുണമേന്മയെക്കുറിച്ച് പലപ്പോഴും പത്രങ്ങളിൽ ചെറുതും വലുതുമായ വാർത്തകൾ വരാറുമുണ്ടായിരുന്നു. അത്തരം വാർത്തകളിൽ ഏറെയും അരിയുടെ മേന്മയെക്കുറിച്ചായിരുന്നു വിവരിക്കുന്നത്. അങ്ങനെയുള്ള വാർത്തകൾ പത്രത്തിൽ കണ്ട് അതു വിശ്വസിച്ച് ഉടനെതന്നെ അരി വാങ്ങണം എന്നു കരുതി പെട്ടെന്ന് കടയിൽ ചെന്ന് അരി വാങ്ങിയ പലർക്കും മോശം അരി കിട്ടാറുണ്ടായിരുന്നു. എന്നാൽ, കിട്ടിയ അരി മോശമായിരുന്നു എന്ന വസ്തുത അരി വാങ്ങിയ പലരും തിരിച്ചറിയുന്നതാവട്ടെ അത് പാകംചെയ്തു കഴിക്കാനായി പാത്രത്തിൽ മുന്പിലെത്തുന്പോൾ മാത്രമാണ് എന്നും അന്ന് ചിലർ പറഞ്ഞിരുന്നു. കിട്ടിയ അരിയുടെ ഗുണത്തെക്കുറിച്ചുള്ള പത്രവാർത്തയും അതിന്റെ യഥാർഥ ഗുണവും തമ്മിലുള്ള പൊരുത്തക്കേടിനെ സൂചിപ്പിച്ചുകൊണ്ട്.
“പത്രത്തിൽ കാണുന്പോൾ നെടിയരി, പാത്രത്തിൽ വരുന്പോൾ പൊടിയരി” എന്നുള്ള ഹാസ്യവരികൾ ജനങ്ങൾ അന്ന് ആലങ്കാരികമായി പാടുകയും ചെയ്തിരുന്നു.
ഭരണകർത്താക്കൾ ജനങ്ങൾക്കുവേണ്ടി ചെയ്യേണ്ട അത്യാവശ്യ കാര്യങ്ങൾ പോലും ഫലപ്രദമായി ചെയ്യാതെ, വാർത്തകളിലൂടെയും പരസ്യങ്ങളിലൂടെയും എല്ലാ കാര്യങ്ങളും വളരെ നന്നായി നടക്കുന്നതായി വരുത്തിത്തീർത്ത് സാധാരണ ജനങ്ങളെ വഞ്ചിക്കുന്നു - ഇതായിരുന്നു അന്ന് അവർ ലളിതമായി പാടിയ ആ ഹാസ്യ ഈരടിയുടെ ധ്വനി.
പണ്ടത്തെ ആ ഹാസ്യവരികൾക്ക് ഇക്കാലത്തും ഏറെ പ്രസക്തിയുണ്ട്. അക്കാലത്ത് സർക്കാർ വിതരണം ചെയ്തിരുന്ന റേഷനരിയുടെ ഇല്ലാത്ത മേന്മകളെക്കുറിച്ചു പത്രങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും ഒക്കെ വാർത്തകൾ നൽകി ജനങ്ങളെ കബളിപ്പിച്ചിരുന്നു എങ്കിൽ ഇക്കാലത്ത് സർക്കാർ നടപ്പിലാക്കി, നടപ്പിലാക്കുന്നു, നടപ്പിലാക്കും എന്നൊക്കെ പ്രചരിപ്പിക്കപ്പെടുന്ന പല വാർത്തകളുടെ പിന്നിലും ഇത്തരം കബളിപ്പിക്കൽ സ്വഭാവം കാണാം.
സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ഇപ്പോൾ സംസ്ഥാനത്തുണ്ട്. അവ പരിഹരിക്കുന്നതിനുള്ള ബാധ്യത ഭരണകൂടങ്ങൾക്കുള്ളതാണുതാനും. എന്നാൽ, അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ നടപടികൾ എടുക്കാതെ അവയെല്ലാം വളരെ നന്നായി പരിഹരിച്ചിരിക്കുന്നു, പരിഹരിക്കപ്പെടുന്നു, ഉടൻ പരിഹരിക്കപ്പെടും എന്നൊക്കെ വാർത്തകളിലൂടെയും പരസ്യങ്ങളിലൂടെയും പ്രചരിപ്പിക്കുകമാത്രം ചെയ്യുന്നതിലാണു ഭരണകൂടങ്ങൾ ഇന്ന് ഏറെ ശ്രദ്ധിക്കുന്നത്. ഇത്തരം പരസ്യങ്ങളുടെ കാര്യത്തിൽ ഖേദകരമായ മറ്റൊരു വസ്തുതകൂടി എടുത്തുപറയേണ്ടിയിരിക്കുന്നു. ചെയ്യാത്ത നല്ല കാര്യങ്ങൾ ചെയ്തു എന്നു വരുത്തിത്തീർക്കാൻവേണ്ടി ഉപയോഗിക്കുന്ന പരസ്യങ്ങളുടെ ചെലവുകൂടി ജനക്ഷേമത്തിന് എന്ന പേരിൽ ജനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണത്തിൽനിന്ന് എടുക്കുന്നുണ്ട് എന്നുള്ളതാണ് ആ വസ്തുത.
ചില ഉദാഹരണങ്ങൾ
ഫലപ്രദമായി പരിഹരിക്കാതെ പരിഹരിച്ചവയായി പറഞ്ഞു പരത്തുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും ഇവിടെ വിശദീകരിക്കാൻ കഴിയില്ലല്ലോ! അതിനാൽ ഉദാഹരണങ്ങളായി തെരുവുനായ്, വന്യമൃഗ പ്രശ്നങ്ങൾ എന്നിവ പരിഹരിച്ചിട്ടുള്ള രീതികളെക്കുറിച്ചുമാത്രം ഇവിടെ പറയുകയാണ്.
തെരുവുനായ പ്രശ്നം പരിഹരിക്കൽ
തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കാൻവേണ്ടി ഭരണകൂടങ്ങൾ നടപ്പിലാക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളെക്കുറിച്ച് വിവിധ മാധ്യമങ്ങളിലൂടെ ധാരാളം വാർത്തകളും പരസ്യങ്ങളും വരുന്നുണ്ട്. തെരുവുനായ്ക്കളെ എല്ലാം വന്ധ്യംകരണം ചെയ്യും. അവയ്ക്ക് പാർക്കാൻ ആവശ്യമായ ആനിമൽ ഷെൽട്ടറുകൾ തുടങ്ങും. മാലിന്യ നിവാരണം നടത്തും. അനിമൽ ബർത്ത് കണ്ട്രോൾ (എബിസി) പ്രോഗ്രാം ഫലപ്രദമായി നടപ്പിലാക്കും. പഞ്ചായത്ത് മോണിറ്ററിംഗ് സമിതികൾ രൂപീകരിക്കും. എല്ലാ പഞ്ചായത്തുകളിലും ആവശ്യമായ ഫണ്ട് നീക്കിവയ്ക്കും. ആക്രമണത്തിനിരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകും. വാക്സിനേഷൻ സൗകര്യമുറപ്പാകും... ഇങ്ങനെ പോകുന്നു വാഗ്ദാന പെരുമഴ. എന്നാൽ, അക്കൂട്ടത്തിൽനിന്നു ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടുള്ളവ തീർത്തും വിരളമാണ്. അതിനാൽ ഫലത്തിൽ ഇപ്പോൾ തെരുവുനായ്ക്കളെ പേടിച്ച് ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. കുട്ടികൾക്ക് നായ്പ്പേടി മൂലം വഴിയിൽകൂടി നടന്നുപോകാനോ സ്കൂൾമുറ്റത്തോ വീട്ടുമുറ്റത്തോ കളിക്കാനോ വെറുതെ നടക്കാൻതന്നെയോ പറ്റാത്ത സ്ഥിതിയായി.
ഒരു അങ്കണവാടിക്കുട്ടിയുടെ ആഗ്രഹം പരിഗണിച്ച് സംസ്ഥാനത്തെ എല്ലാ നഴ്സറി കുട്ടികൾക്കും അവർക്ക് നൽകുന്ന ഭക്ഷണത്തിൽ ബിരിയാണി കൂടി ഉൾപ്പെടുത്തുമെന്ന് കുട്ടികൾക്ക് ഒരു മന്ത്രി വാക്ക് കൊടുത്ത സംസ്ഥാനമാണിത്. ഇവിടത്തെ നഴ്സറി കുട്ടികൾക്ക് തെരുവുനായ്ക്കളെ പേടിക്കാതെ സ്കൂളിൽ പോകാനും ക്ലാസ് മുറികളിലും സ്കൂൾ മുറ്റത്തും നായ് ഭയം ഇല്ലാതെ കളികളിലും പഠനപ്രവർത്തനങ്ങളിലും ഏർപ്പെട്ട് അവരുടെ ശാരീരിക, മാനസിക ആരോഗ്യം വികസിപ്പിച്ചെടുക്കാനും പറ്റിയ സാഹചര്യം ഉണ്ടാക്കി കൊടുക്കണമെന്ന് ഒരു കുട്ടിയല്ല ആയിരക്കണക്കിന് കുട്ടികൾ ആഗ്രഹം പ്രകടിപ്പിച്ചാൽ അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുമോ എന്ന് നിരവധി ആളുകൾ ഇപ്പോൾ ചോദിക്കുന്നുണ്ട്.
വന്യമൃഗശല്യം തടയാൻ
വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി സർക്കാർ നടപ്പിലാക്കുമെന്നു പരസ്യപ്പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങളിൽ ചിലത് നോക്കുക:
വന്യമൃഗങ്ങളിൽനിന്ന് മനുഷ്യരെയും കൃഷിയെയും സംരക്ഷിക്കുന്നതിനും വനാതിർത്തികൾ സുരക്ഷിതമാക്കുന്നതിനും മുഖ്യമന്ത്രി പ്രത്യേക താത്പര്യമെടുത്ത് സമഗ്രപദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കും. കാട്ടാന, കുരങ്ങ്, പന്നി എന്നിവയുടെ ആക്രമണങ്ങൾ ഫലപ്രദമായി തടയുന്നതിന് ആനമതിൽ, ആനക്കിടങ്ങ്, സോളാർ വേലി, സോളാർ തൂക്കുവേലി, ഇരുന്പുവേലി തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ നടപ്പിലാക്കും. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കൂടുതൽ ഫോറസ്റ്റ് സ്റ്റേഷനുകൾ തുടങ്ങും. ദ്രുതകർമസേനയെ നിയമിക്കും. വനംവകുപ്പ് ജീവനക്കാർക്ക് ആവശ്യമായ സുരക്ഷാസംവിധാനങ്ങളും വാഹനങ്ങളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വർധിപ്പിക്കും. തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്ക് ഓണററി വൈൽഡ് ലൈഫ് വാർഡന്മാരുടെ അധികാരം നൽകും.
വന്യമൃഗശല്യം സാധ്യതയുള്ള പ്രദേശങ്ങളിൽ ഏർളി വാണിംഗ് സിസ്റ്റം, എസ്എംഎസ് അലർട്ട് സിസ്റ്റം എന്നിവ നടപ്പിലാക്കും. വന്യമൃഗ ആക്രമണം മൂലം ജീവൻ നഷ്ടപ്പെടുന്നവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കൃഷിനാശം ഉണ്ടാകുന്നവർക്കും അർഹമായ നഷ്ടപരിഹാരം കാലതാമസമില്ലാതെ കൊടുക്കും. നായാട്ടു നടത്താൻ അനുമതിക്കായി കേന്ദ്രസർക്കാരിനെ സമീപിക്കും. ഇവ കൂടാതെ പാന്പുകടിയേറ്റുള്ള മരണം സംസ്ഥാനത്ത് അടുത്ത അഞ്ചുവർഷംകൊണ്ട് പൂർണമായും ഇല്ലാതാക്കും. അതിനുവേണ്ടി ‘പാന്പ് വിഷബാധ ജീവഹാനിരഹിത കേരളം’ എന്ന പദ്ധതി നടപ്പിലാക്കും. ഇവയിൽ ഏറെയും നടപ്പിലാക്കി, ബാക്കിയുള്ളത് വൈകാതെ നടപ്പിലാക്കും എന്നൊക്കെയാണ് പറയപ്പെടുന്നത്.
പരിപാടികളുടെ ഫലപ്രാപ്തി
ഇവിടെ പറഞ്ഞതുപോലെയുള്ള പരിപാടികൾ ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞാൽ തെരുവുനായ, വന്യമൃഗശല്യം എന്നിവ വലിയൊരളവുവരെ പരിഹരിക്കപ്പെടും. എന്നാൽ, ഇക്കാര്യങ്ങളൊക്കെ ആർജവത്തോടെ നടപ്പിലാക്കാതെ, പത്രങ്ങളിലും വാർത്താചാനലുകളിലും നിരത്തിയതുകൊണ്ടുമാത്രം പ്രശ്നം ഒട്ടും പരിഹരിക്കപ്പെടാൻ പോകുന്നില്ല. വർധിച്ചുകൊണ്ടിരിക്കുന്ന തെരുവുനായ, വന്യമൃഗ ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുകയും കാണുകയും ചെയ്യുന്പോൾ നടപ്പിലാക്കി, നടപ്പിലാക്കും എന്നൊക്കെ പറയുന്ന പരിപാടികൾ വെറും പരസ്യവാക്യങ്ങൾ മാത്രമായി നിലനിൽക്കുന്നല്ലേ ഉള്ളൂ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.