പാക്കേജുകൾ കുട്ടനാടിനു ഗുണകരമാകണം
Friday, January 22, 2021 12:14 AM IST
ദശാബ്ദങ്ങൾക്ക് മുമ്പ് കുട്ടനാട്ടിൽ പുഞ്ചകൃഷി മാത്രമാണു നടത്തിയിരുന്നത്. പ്രകൃതിയുടെ കനിവ് കാത്ത് രാസവളങ്ങളും കീടനാശിനിയും ഇല്ലാതെ കക്കയും നാടൻ വളവും മാത്രം ഉപയോഗിച്ച് ചെയ്തിരുന്ന കൃഷിയിൽനിന്ന് ആണ്ടുവട്ടത്തിൽ കർഷകനും കർഷക തൊഴിലാളിയും കൊയ്തെടുത്തിരുന്നത് ലാഭം മാത്രമായിരുന്നു. കാലവർഷത്തിൽ എക്കലുമായി എത്തുന്ന കിഴക്കൻ വെള്ളം കയറി പാടശേഖരങ്ങൾ വളക്കൂറുള്ളതായി മാറിയിരുന്നു. വെള്ളം ഇറങ്ങിക്കഴിഞ്ഞുള്ള പുഞ്ചകൃഷി വളരെ സന്തോഷത്തോടെ ചെയ്തിരുന്ന കർഷകരും കർഷക തൊഴിലാളികളുമായിരുന്നു പഴയ തലമുറയിൽ ഉണ്ടായിരുന്നത്.
ഒരു കൃഷിക്കു പകരം രണ്ട് കൃഷി ചെയ്യാൻ സൗകര്യം ഒരുക്കാൻ നിർമിച്ച തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും ദീർഘവീക്ഷണത്തോടെ നിർമിക്കപ്പെട്ടവയാണ്. എന്നാൽ യഥാസമയം ഇവയുടെ പ്രവർത്തനം ക്രമീകരിക്കാൻ ആവാതെ പോകുന്നത് ഇവയുടെ ലക്ഷ്യത്തെ സാധുകരിക്കാതെ പോകുന്നു. പലപ്പോഴും അനാവശ്യ വെള്ളപ്പൊക്കത്തിനും അപ്രതീക്ഷിത വേലിയേറ്റത്തിനും കാരണമാവുകയും ചെയ്യുന്നു. തണ്ണീർമുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി സ്പിൽവേയുടെയും പ്രതീക്ഷയിൽ കുട്ടനാട്ടിൽ രണ്ട് കൃഷി ഇറക്കുന്ന കർഷകർ പലപ്പോഴും കണ്ണീർ കൊയ്ത്ത് നടത്തേണ്ടി വരുന്നു. കുട്ടനാടിന്റെ പ്രകൃതിയെപ്പറ്റി ബോധ്യമുള്ള കുട്ടനാടിനെ സ്നേഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ തണ്ണീർമുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി സ്പിൽവേയുടെയും മേൽനോട്ടക്കാരായി ഉണ്ടാവുകയും സമയാസമയം വളരെ അടിയന്തരമായി നടപടികൾ സ്വീകരിക്കുകയും ചെയ്താൽ ഇവയുടെ നിർമാണ ലക്ഷ്യം നടപ്പിലാകും. കുട്ടനാടിന് വലിയ നന്മയും ആകും.
വളരെ വിസ്തൃതിയേറിയ വേമ്പനാട്ടു കായലിൽ പതിക്കുന്ന പമ്പ, മണിമല, അച്ചൻകോവിലാർ നദികളും വലുതും ചെറുതുമായ മറ്റു നിരവധി കായലുകളും ചേർന്ന ഒരു നാടാണ് കുട്ടനാട്. പണ്ട് ഈ കായലുകളിലൂടെയും നദികളിലൂടെയും യാത്ര ചെയ്യുമ്പോൾ മണ്ണുവാരുകയും ചെളികുത്തുകയും ചെയ്യുന്ന നിരവധി ആളുകളെ കാണാമായിരുന്നു. ആഴമുള്ള നദിയിൽ സാഹസികമായി മുങ്ങി മണ്ണും ചെളിയും വാരി വള്ളം നിറച്ച് വിറ്റ് ഉപജീവനം നടത്തിയിരുന്ന ആയിരങ്ങൾ കുട്ടനാട്ടിൽ ഉണ്ടായിരുന്നു. കർഷക തൊഴിലാളികൾ കഴിഞ്ഞാൽ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഈ തൊഴിലാളികൾ ആയിരുന്നു. ഇവർ കോരുന്ന മണ്ണും ചെളിയും പുരയിടങ്ങൾ പുഷ്ടിപ്പെടുത്താനും കൃഷിഭൂമിയുടെ ബണ്ടുകൾ ബലപ്പെടുത്താനുമാണ് ഉപയോഗിച്ചു കൊണ്ടിരുന്നത്.
ഈ പ്രവൃത്തിക്ക് പല ഗുണങ്ങൾ ഉണ്ടായിരുന്നു. നദികളിലും തടാകങ്ങളിലും അടിഞ്ഞ് കൂടുന്ന എക്കൽ മണ്ണ് പുരയിടങ്ങളിലും കൃഷിയിടങ്ങളിലും എത്തുകയും അതിനെ ഫലഭൂയിഷ്ടമാക്കുകയും ചെയ്തിരുന്നു.
നീരൊഴുക്ക് സുഗമമാക്കുകയും ആഴം കൂടുന്നതു കൊണ്ടു കൂടുതൽ ജലം ഉൾക്കൊള്ളാൻ സൗകര്യം ഒരുക്കപ്പെടുകയും ചെയ്തിരുന്നു. അതോടൊപ്പം തന്നെ നദികളിൽ മാലിന്യം തങ്ങി നില്ക്കാൻ അവസരം ഇല്ലാതാവുകയും ചെയ്തു.
എന്നാൽ ചെളിയെടുപ്പും മണലെടുപ്പും നിരോധിച്ചതിലൂടെ നദികളുടെ ആഴം കുറഞ്ഞു. വെള്ളം നദികളിൽ ഉൾക്കൊള്ളാനാവാതെ കര കവിയാനും തുടങ്ങി. പാവപ്പെട്ട തൊഴിലാളികൾ തൊഴിൽ രഹിതരുമായി. കായലുകളുടെയും നദികളുടെയും തോടുകളുടെയും ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കണം. ആഴം കൂട്ടുമ്പോൾ ലഭിക്കുന്ന മണ്ണും ചെളിയും കുട്ടനാട്ടിലെ തന്നെ പാടശേഖരത്തിലും പുരയിടത്തിലും നിക്ഷേപിക്കണം. കുട്ടനാടിനു പ്രഖ്യാപിക്കപ്പെടുന്ന പാക്കേജുകൾ കുട്ടനാടിനു ഗുണകരമാകുന്ന തരത്തിൽ പുനഃക്രമീകരിക്കണം.
എന്നും വെള്ളക്കെട്ടായി നില്ക്കുന്നതും വളരെ താഴ്ന്നതുമായ പാടശേഖരങ്ങൾ സർക്കാർ ഏറ്റെടുക്കുകയും പുറംബണ്ടുകളിലും പാടശേഖരത്തിലെ തുരുത്തുകളിലും താമസിക്കുന്നവരെ പുനരധിവസിപ്പിക്കുകയും ചെയ്യണം.
പ്രതികരണം / എ.എം.എ. ചമ്പക്കുളം