അന്തസിന്റെയും ഉറച്ച കുടുംബബന്ധങ്ങളുടെയും ഉടമകൾ എന്നു കരുതപ്പെട്ടിരുന്ന സിദ്ദിഖും ജയസൂര്യയും മണിയൻപിള്ള രാജുവും എല്ലാം വേട്ടക്കാരുടെ പട്ടികയിൽ പെട്ടിരിക്കുകയാണ്. ഇതോടെ ഈ മേഖലയിൽ നല്ലവരായി ഇനി ആരുണ്ട് എന്ന ചോദ്യമാണ് ഉയരുന്നത്. സിദ്ദിഖിന്റെ ആദ്യഭാര്യയുടെ ആത്മഹത്യ മുതലുള്ള കാര്യങ്ങളിൽ അദ്ദേഹം പറഞ്ഞതെല്ലാം സംശത്തിന്റെ നിഴലിലായി.
സിനിമാക്കാരുടെ സംഘടനാ പ്രസിഡന്റ് കിരീടം ഊരിവച്ച് പടിയിറങ്ങുന്നതിനു മുന്പ് പറഞ്ഞതായി പുറത്തുവന്ന ഒരു അപകടസൂചന വല്ലാത്തതാണ്. ഇനിയും ആക്രമണങ്ങൾ വരാം എന്നാണ് അദ്ദേഹം പറഞ്ഞതായി പ്രചരിക്കുന്നത്. അതായത്, അദ്ദേഹം പലതും ഭയപ്പെടുന്നുണ്ടെന്ന്. സ്ത്രീപീഡന കേസുകൾ അറിഞ്ഞാൽ പോലീസിൽ റിപ്പോർട്ട് ചെയ്യണം എന്ന നിയമം അദ്ദേഹം ലംഘിച്ചിരിക്കുന്നതായി കരുതാൻ ഉദാഹരണങ്ങളുണ്ട്. ആക്രമിക്കാൻ ഒരുന്പെട്ട നടനെ കരണത്തടിച്ച നടിയെ അദ്ദേഹം സമാധാനിപ്പിച്ചതായി അവർതന്നെ പറഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്പോൾ കൂടുതൽ പ്രതികളും കൂട്ടുപ്രതികളും ഉണ്ടാകാനാണിട.
ഇതൊന്നും ഹേമ കമ്മിറ്റി വകയല്ല!വാസ്തവത്തിൽ മുകേഷിനെയോ രഞ്ജിത്തിനെയോ കുറിച്ച് അടക്കം ഇതുവരെ പുറത്തു വന്നതൊന്നും ഹേമ കമ്മിറ്റി കണ്ടെത്തിയ കഥകളാണോ എന്ന് ഉറപ്പില്ല. അല്ലാത്തവ എന്നു കരുതാനാണ് ന്യായം. എങ്കിൽ ഒളിച്ചുവച്ചിരിക്കുന്ന ആ 65 പേജും അതിലെ വില്ലന്മാരുടെ വിവരങ്ങളുംകൂടി പുറത്തു വരുന്പോഴോ? ആ പേജുകളെക്കുറിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങളിൽ സർക്കാരിലെ പ്രമുഖനും ഉണ്ട്.
ഓരോ വേട്ടക്കാരനെയുംകുറിച്ച് ചില ഇരകൾ പറയുന്നതു മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. അവർ ഇവരോടു മാത്രം മോശമായി പെരുമാറി എന്നും മറ്റുള്ള ആരോടും അങ്ങനെ പെരുമാറിയിട്ടില്ല എന്നും എങ്ങനെ കരുതും? അതായത്, മറിച്ചുള്ള സമ്മർദങ്ങളൊന്നും ഉണ്ടാകുന്നില്ലെങ്കിൽ ഇവരെക്കുറിച്ചുപോലും കൂടുതൽ ആരോപണങ്ങൾ വരാം എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ചിലരെക്കുറിച്ച് വരുന്നുമുണ്ട്. പലരും മുൻകൂർ ജാമ്യത്തിനായി ഓട്ടം തുടങ്ങി. മുകേഷിന് ഏതാനും ദിവസത്തെ സാവകാശം കോടതിയിൽനിന്നു കിട്ടി. മുകേഷ് മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
പക തീർക്കുന്നവർ കഴന്പുള്ള ആരോപണങ്ങളിൽ ശക്തമായ നടപടികൾ എടുക്കുന്നതുപോലെ പക തീർക്കാനും മറ്റും ആരോപണങ്ങൾ ഉന്നയിക്കുന്നവർ ഉണ്ടെങ്കിൽ അവർക്കെതിരേയും കർശനമായ നടപടികൾ ഉണ്ടാകണം. നിർമാതാവും നടനും സംവിധായകനുമായ വിജയ് ബാബുവിനെതിരേ ഉയർന്ന പരാതി അത്തരത്തിലുള്ളതായി കോടതി നിരീക്ഷിച്ചിട്ടുണ്ട്. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികവേഴ്ചയെ ബലാത്സംഗമായി കണക്കാക്കാനാവില്ല എന്ന് വ്യക്തമാക്കി. വിജയ് ബാബുവിനെതിരേ മറ്റൊരു വനിതാ നിർമാതാവും കായികമായ അതിക്രമത്തിന് ആരോപണം ഉന്നയിച്ചിരുന്നു.
ഒമർലുലു എന്ന സംവിധായകനെതിരേ വന്ന പരാതിയിൽ, ഒമർലുലു വിവാഹിതനാണെന്ന വിവരം ഒളിച്ചുവച്ച് തന്നെ വിവാഹം കഴിക്കാമെന്നു സമ്മതിച്ച് ലൈംഗികബന്ധത്തിനു പ്രേരിപ്പിച്ചതായും മയക്കുമരുന്ന് കലർത്തിയ പാനീയം തന്നതായും നടി ആരോപിച്ചു. 2022 മുതൽ തന്നോടൊപ്പം ഒരു അപ്പാർട്ട്മെന്റിൽ താമിസിച്ചിരുന്ന സ്ത്രീയാണ് പരാതിക്കാരി എന്ന് ഹൈക്കോടതിയിൽ ബോധ്യപ്പെടുത്തിയ ഒമർലുലുവിനും മുൻ കൂർ ജാമ്യം ലഭിച്ചു.
വിവാഹം കഴിക്കാം എന്ന് പുരുഷൻ നല്കുന്ന വാഗ്ദാനം വിശ്വസിച്ച് ലൈംഗികബന്ധത്തിന് സമ്മതിക്കുന്നു എന്നു പറയുന്നവർ കൂടിവരുന്നു. ഇത്തരം നിരവധി പരാതികൾ ഉയരുന്നുണ്ട്. നാലു അഞ്ചും വർഷം ഒന്നിച്ചു ജീവിച്ചശേഷം പിരിയുന്പോൾപോലും പറയുന്ന ന്യായമാണിത്.കോടതികൾ ഇക്കാര്യത്തിൽ പുരുഷന് അനുകൂലമായ നിലപാടാണ് പൊതുവെ സ്വീകരിക്കുന്നത്.
മയക്കുമരുന്ന്ഹേമ കമ്മിറ്റി അഴിച്ചുവിട്ട കൊടുങ്കാറ്റ് മലയാളസിനിമയിലെ ലൈംഗിക പാപങ്ങളിൽ മാത്രം ഒതുക്കിനിർത്തരുത്. കമ്മിറ്റി ചൂണ്ടിക്കാണിച്ചതും മിക്കവാറും എല്ലാവരും കണ്ണടയ്ക്കുന്നതുമായ മാരകമായ മറ്റൊരു വിപത്തുണ്ട്. മയക്കുമരുന്ന് ഉപയോഗം. സമൂഹത്തെ, തലമുറയെ നശിപ്പിക്കുന്ന ഈ തിന്മയ്ക്കെതിരേ എന്തേ ഒരു നപടിയും ഇല്ല? ആരും ഒന്നും പറയുന്നില്ല? ഒരു അന്വേഷണവും നടക്കുന്നില്ല?
ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൽ, മയക്കുമരുന്നിന് അടിമകളായ നടന്മാരുടെ പേരില്ലെങ്കിൽ പൊതുസമൂഹത്തിൽ ഇക്കാര്യം തുറന്നുപറഞ്ഞ നടന്മാരുടെ പ്രസ്താവനകൾ തെളിവാക്കി അന്വേഷണം ആരംഭിച്ചാൽ ഇതിലെ കണ്ണികൾ ഒന്നൊന്നായി പുറത്തുവരില്ലേ? മയക്കുമരുന്ന് ഉപയോഗം വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ലല്ലോ. ഉത്പാദകനിൽനിന്ന് ഉപഭോക്താവിലേക്ക് എത്തിച്ചു കൊടുക്കുന്നവരുടെ കണ്ണികൾ വളരെ വലുതല്ലേ? ഈ കണ്ണികളെ പിടികൂടാനായാൽ സമൂഹത്തിലെതന്നെ മയക്കുമരുന്നു വ്യാപനത്തെ കാര്യമായി നിയന്ത്രിക്കാനാവും.
ലൈംഗിക ദുരുപയോഗങ്ങളുടെ കഥകൾ അന്വേഷിക്കുന്നതിന് നിയോഗിക്കപ്പെട്ടിരിക്കുന്നതുപോലെ, മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കാനും ഒരു പോലീസ് ടീം ഉണ്ടാകണം. അവർക്ക് എല്ലാ സ്വാതന്ത്ര്യവും കൊടുക്കണം. സമൂഹത്തെ ഇല്ലാതാക്കുന്ന ഈ തിന്മകളടെ കണ്ണികൾ പുറത്തു വരട്ടെ.