വിദ്യാഭ്യാസം വിരൽത്തുന്പിൽ ലഭ്യമാകുന്പോൾആധുനികലോകത്തിൽ വിദ്യാഭ്യാസം ഓണ്ലൈനിലൂടെയും ലഭിക്കുന്പോൾ അധ്യാപകരും ക്ലാസ് മുറിയും എന്തിനെന്ന ചോദ്യം ഉയരുന്നു. എന്നാൽ, കേവലം യാന്ത്രികമായ അധ്യയനവും ഒരു വ്യക്തിയുടെ സാമീപ്യത്തിൽനിന്ന് ലഭ്യമാകുന്ന വിദ്യാഭ്യാസവും വ്യത്യസ്തമാണ്. ആദ്യത്തേത് കേവലം ബുദ്ധിപരവും അറിവ് പ്രദാനം ചെയ്യലുമാകുന്പോൾ രണ്ടാമത്തേതിൽ ഹൃദയബന്ധവും സ്വഭാവ രൂപവത്കരണവുംകൂടി ഉടലെടുക്കുന്നു.
വിദ്യാർഥിയുടെ വളർച്ചയുടെ ഓരോ ഘട്ടം കഴിയുന്പോഴും അധ്യാപകന്റെ പങ്ക് കുറഞ്ഞുകൊണ്ടേയിരിക്കണം. സ്വതന്ത്രവും തനതുമായ തീരുമാനങ്ങൾ എടുക്കാൻ പറ്റിയ വിധത്തിൽ വിദ്യാർഥി വളർന്നിരിക്കണം. എപ്പോഴും അധ്യാപകനെ ആശ്രയിക്കാൻ ഇടവരുത്തരുത്. അതിന് വിദ്യാർഥിയെ എന്നും ഒരു ഗുണഭോക്താവിന്റെ അവസ്ഥയിൽ നിർത്താതെ തീരുമാനമെടുക്കാനും വളരാനുമുള്ള കഴിവ് സൃഷ്ടിക്കണം. തങ്ങൾ പഠിപ്പിച്ച വിദ്യാർഥികൾ തങ്ങളേക്കാൾ മെച്ചപ്പെട്ട ജീവിതം നയിച്ചുകാണുന്നതിൽ അസൂയ ഇല്ലാത്തവരും അഭിമാനത്തോടെ അത് ഏറ്റുപറയുന്നവരുമാണ് അധ്യാപകർ.
ഗുരു ആചാര്യനാണ്ചരിക്കേണ്ട വഴി കാണിച്ചുതരുന്നവനും അതിലൂടെ ചരിക്കുന്നവനുമാണ് ഗുരു അഥവാ ആചാര്യൻ. അതിന് നമ്മൾ വിദ്യാലയത്തിലൂടെയല്ല, വിദ്യ നമ്മിലൂടെയാണ് കടന്നുപോകേണ്ടത്. ക്ലാസ്മുറി വിട്ടുകഴിഞ്ഞും സിലബസ് മറന്നുകഴിഞ്ഞും ഒരുവനിൽ എന്ത് അവശേഷിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്. അതിനാലാണ് വിദ്യാഭ്യാസം ഉണ്ടായാൽ പോരാ, വിവരം ഉണ്ടാകണമെന്നും വിവരമുണ്ടായാൽ പോരാ, വിവേകവും വിനയവും ഉണ്ടാകണമെന്നും നിഷ്കർഷിക്കുന്നത്. ഇതു നാലും ചേർന്നുള്ള സമന്വയ വ്യക്തിത്വം സൃഷ്ടിക്കുക എന്നതിലാണ് അധ്യാപനത്തിന്റെ ഉൾപൊരുൾ വിടരുന്നത്.
നിങ്ങൾക്കിത് വായിക്കാൻ സാധിക്കുന്നുവെങ്കിൽ നിങ്ങളുടെ അധ്യാപകരെ ഓർക്കുക എന്നു പറയാറുണ്ട്. അധ്യാപകരാണ് മറ്റു തൊഴിലുകളെ സൃഷ്ടിക്കുന്നത്. എന്നാൽ അധ്യാപനവൃത്തിയുടെ അന്തസ് കെട്ടുപോകുന്ന തരത്തിലുള്ള ഇടപെടലുകൾ, സ്വന്തം ജീവിതപ്രശ്നങ്ങൾ ക്ലാസ് മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നത്, വ്യക്തിപരമായ പ്രശ്നങ്ങളോട് പൊരുത്തപ്പെടാൻ പറ്റാത്തത്, സ്വന്തം മുറിവുകളിന്മേലുള്ള സൗഖ്യം നേടാത്തത്, സഹപ്രവർത്തകരെ ഉൾക്കൊള്ളാൻ ആവാത്തത്, എല്ലാവരെയും വിധിക്കുന്ന മനോഭാവം, ആരോഗ്യകരവും സുദൃഢവുമായ വ്യക്തിബന്ധങ്ങളുടെ അഭാവം, അധ്യാപനത്തോട് തീവ്ര ആഭിമുഖ്യമില്ലായ്മ, ഭാവാത്മകമല്ലാത്ത ട്രേഡ് യൂണിയൻ ആഭിമുഖ്യങ്ങൾ തുടങ്ങി നിരവധിയായ നിഷേധാവസ്ഥകൾ ഈ നിയോഗത്തെ മലിനപ്പെടുത്തുന്നു.
യുജിസി പോലുള്ള ഉന്നത വിദ്യാഭ്യാസ ഏജൻസികൾ അധ്യാപകരുടെ ജോലിയെ മൂന്നായി തരംതിരിച്ചിരിക്കുന്നു. അത് പഠിപ്പിക്കൽ, ഗവേഷണം, സാമൂഹ്യ പ്രതിബദ്ധത എന്നിവയാണ്. അതിനാൽ അധ്യാപനം കേവലം ക്ലാസ് മുറിയിൽ ഒതുങ്ങുന്നതല്ല, തന്റെ അറിവും അനുഭവവും രാഷ്ട്രനിർമിതിക്കായി സമർപ്പിക്കുന്നതാവണം. ഓർക്കുക, ജീവിച്ച വർഷങ്ങളല്ല, വർഷിച്ച ജീവിതങ്ങളാണ് പ്രാധാന്യമർഹിക്കുന്നത്.