കയ്റോ: പശ്ചിമേഷ്യൻ യുദ്ധം വരുംനാളുകളിൽ ലോകത്ത് പട്ടിണി രൂക്ഷമാക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ ഏജൻസികളുടെ മുന്നറിയിപ്പ്. യുദ്ധവും സംഘർഷവും കാരണം ഇന്ധനവിലയിലുണ്ടാകുന്ന വർധനയും മാനുഷികസഹായങ്ങളിലെ കുറവുമാണ് സ്ഥിതിഗതികൾ രൂക്ഷമാകാൻ കാരണമെന്നു റിപ്പോർട്ടിൽ പരാമാർശിക്കുന്നു.
വരുന്ന ആറുമാസത്തിനുള്ളിൽ ലോകത്തെ 16 ഹോട്ട്സ്പോട്ടുകളിൽ പട്ടിണി രൂക്ഷമാകുമെന്ന് റിപ്പോട്ടിൽ പറയുന്നു. സുഡാൻ, യെമൻ, ദക്ഷിണ സുഡാൻ, സൊമാലിയ, വടക്കൻ നൈജീരിയ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും ഗുരുതര സ്ഥിതി നിലനിൽക്കുന്നത്. ഇതിൽ 12 രാജ്യങ്ങളിൽ ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമാണ്.
സഹായഫണ്ടിൽ വൻ ഇടിവ്
പട്ടിണി രൂക്ഷമാകാൻ സാധ്യതയുള്ള അഞ്ചു രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ-പോഷകാഹാര സഹായം 2022നും 2025നും ഇടയിൽ ഏകദേശം 62 ശതമാനം കുറഞ്ഞു. യെമനിൽ 79 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. യെമനിൽ സംഘർഷം വ്യാപിക്കുന്നതും ചെങ്കടൽ, ഹോർമുസ് കടലിടുക്ക് എന്നിവിടങ്ങളിലെ നിയന്ത്രണവും ഭക്ഷ്യ-ഇന്ധന ഇറക്കുമതിക്ക് ഭീഷണിയാണ്.
ഭീഷണിയായി എൽ നിനോയും
ശക്തമായ എൽ നിനോ പ്രതിഭാസം മൂലം വരൾച്ചയും വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് 2027 അവസാനത്തോടെ 4.9 കോടിയിലധികം ആളുകളെ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.