മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ അപ്രത്യക്ഷമാകാൻ തുടങ്ങുകയാണോ? യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമിതബുദ്ധി ഗവേഷണസ്ഥാപനമായ ഓപ്പൺ എഐ വെളിപ്പെടുത്തിയ സംഭവങ്ങൾ ഞെട്ടിക്കുന്നതാണ്. പുതിയ മോഡലായ 'ജിപിടി-6.2 ആസ്ട്ര' (GPT-6.2 Astra) വികസിപ്പിക്കുന്നതിനുള്ള ആശയങ്ങൾ രൂപീകരിക്കാൻ കമ്പനിയുടെ കോഡിംഗ് അസിസ്റ്റന്റ് ആയ 'കോഡെക്സ്' ഗവേഷകരെ സഹായിച്ചതായാണു വെളിപ്പെടുത്തൽ. മനുഷ്യരുടെ ആശയങ്ങൾ, യന്ത്രങ്ങളുടെ കഠിനാധ്വാനം എന്നാണു കാലങ്ങളായി എഐ കമ്പനികൾ പറഞ്ഞിരുന്നത്. എന്നാൽ ആ അതിരുകൾ മാഞ്ഞുതുടങ്ങുകയാണ്!
ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ, കോഡെക്സ് പുതിയ ഉൾക്കാഴ്ചകൾ നൽകിയതായി ഗവേഷകർ വെളിപ്പെടുത്തുന്നു. ആശയങ്ങൾ വിജയകരമായി പ്രവർത്തിച്ചുതുടങ്ങിയത് കോഡെക്സ് നിർദേശിച്ച മാറ്റങ്ങൾക്കു ശേഷമാണത്രെ! സെപ്റ്റംബറിൽ പുറത്തിറങ്ങിയ 'ജി.പി.ടി-6 ആസ്ട്ര'യുടെ പൂർണ ക്രെഡിറ്റ് മനുഷ്യർക്കായിരുന്നു. അതേസമയം, പുതിയ മോഡലിൽ ആ രീതിക്കു മാറ്റം വന്നിരിക്കുകയാണ്.
സ്വയം മെച്ചപ്പെടൽ
നിർമിതബുദ്ധിക്കു സ്വയം നവീകരിക്കാൻ കഴിയുമോ - എന്ന സംഭവത്തിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്. 'റികർസീവ് സെൽഫ് ഇംപ്രൂവ്മെന്റ്' എന്നാണ് ഇതിനെ വിളിക്കുന്നത്. അതായത്, മികച്ച എഐ നിർമിക്കുന്ന എഐ, അതിലും മികച്ച എഐയെ നിർമിക്കുന്ന പ്രക്രിയ. ഇതുവരെ യന്ത്രങ്ങൾക്ക് അസാധ്യമെന്നു കരുതിയിരുന്ന മേഖലയിലേക്കാണ് എഐയുടെ കടന്നുകയറ്റം.
ഓപ്പൺ എഐയുടെ സുരക്ഷാചട്ടങ്ങൾ പ്രകാരം, സ്വയം മെച്ചപ്പെടാനുള്ള ശേഷിയിൽ ഉയർന്നതലത്തിലെത്തുന്ന ആദ്യ മോഡലാണ് 'ജി.പി.ടി-6.2 ആസ്ട്ര'. സെപ്റ്റംബറിൽ 'ഓട്ടോമേറ്റഡ് റിസെർച്ച് ഇന്റേണി'നെ നിർമിച്ചിരുന്നു. 2028-ൽ പൂർണമായും സ്വയം പ്രവർത്തിക്കുന്ന എഐ ഗവേഷണം സാധ്യമാക്കുകയാണു ലക്ഷ്യം. എഐയുടെ ഇത്തരം സ്വയം നവീകരണസൂചനകൾ പരസ്യമായി റിപ്പോർട്ട് ചെയ്യണമെന്ന് ഓപ്പൺ എഐ ആവശ്യപ്പെടുന്നു.