International
റോം: ലാറ്റിനമേരിക്കൻ സന്ദർശനത്തിന് തുടക്കംകുറിച്ച് ലെയോ പതിനാലാമൻ മാർപാപ്പ ഉറുഗ്വെയിലെത്തി.
റോമിൽനിന്നു 14 മണിക്കൂർ നീണ്ട വിമാനയാത്രയ്ക്കുശേഷം പ്രാദേശികസമയം വൈകുന്നേരം 4.30 ഓടെ (ഇന്ത്യൻ സമയം ഇന്നു പുലർച്ചെ രണ്ട്) യാണു മാർപാപ്പ തലസ്ഥാനമായ മോണ്ടെവീദിയോ കാരാസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. പ്രൗഢഗംഭീരമായ വരവേല്പാണു വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്.
തുടർന്ന് നഗരത്തിലെ പ്ലാസ ഇൻഡിപെൻഡൻസിയയിൽ ഔദ്യോഗിക സ്വീകരണത്തിനുശേഷം എസ്റ്റെവെസ് കൊട്ടാരത്തിൽ ഉറുഗ്വെ പ്രസിഡന്റ് യമണ്ടു ഓർസിയുമായി കൂടിക്കാഴ്ച നടത്തി. ആദ്യദിന പരിപാടികളുടെ ഭാഗമായി മോണ്ടെവിദിയോ മെട്രോപൊളിറ്റൻ കത്തീഡ്രലിൽ നടന്ന സായാഹ്ന പ്രാർഥനയിലും മാർപാപ്പ പങ്കെടുത്തു.
12 ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ അർജന്റീന, പെറു എന്നീ രാജ്യങ്ങളും മാർപാപ്പ സന്ദർശിക്കും. രണ്ടു പതിറ്റാണ്ടോളം മിഷനറിയായും മെത്രാനായും താൻ സേവനമനുഷ്ഠിച്ച പെറുവിലേക്ക് 11നാണ് മാർപാപ്പ എത്തുക. സന്ദർശനം പൂർത്തിയാക്കി 17ന് മാർപാപ്പ റോമിൽ തിരിച്ചെത്തും.
International
വത്തിക്കാൻ സിറ്റി: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ തപാൽ ബാലറ്റിലൂടെ തന്റെ വോട്ടവകാശം വിനിയോഗിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. അമേരിക്കൻ പൗരത്വമുള്ള മാർപാപ്പ വോട്ടവകാശം വിനിയോഗിച്ച കാര്യം വത്തിക്കാൻ പ്രസ് ഓഫീസാണ് അറിയിച്ചത്.
ഒരു മാർപാപ്പ അമേരിക്കൻ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നത് ആദ്യമാണ്. ജനാധിപത്യപ്രക്രിയകളിൽ പങ്കാളികളാകുന്നത് പൗരന്മാരുടെ അവകാശവും കടമയുമാണെന്ന് മാർപാപ്പ അഭിപ്രായപ്പെട്ടു.
അടുത്ത ചൊവ്വാഴ്ചയാണ് അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിനിധിസഭയിലെ രണ്ടു വർഷ കാലാവധിയുള്ള 435 സീറ്റുകളിലേക്കും കോൺഗ്രസിന്റെ ഉപരിസഭയായ സെനറ്റിലെ 100 സീറ്റുകളിൽ 35 എണ്ണത്തിലേക്കുമാണ് മത്സരം.
കൂടാതെ, 36 സംസ്ഥാനങ്ങളിൽ ഗവർണർമാരെയും വിവിധ പ്രാദേശിക ഉദ്യോഗസ്ഥരെയും ഇതോടൊപ്പം തെരഞ്ഞെടുക്കും.വിദേശത്തു താമസിക്കുന്ന യോഗ്യരായ യുഎസ് പൗരന്മാർക്കും സൈനിക വിഭാഗത്തിലുള്ളവർക്കും ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ തപാൽമാർഗം വോട്ട് രേഖപ്പെടുത്താൻ നിയമപരമായി സൗകര്യമുണ്ട്.
International
വത്തിക്കാൻ സിറ്റി: ശ്വാസകോശത്തിലെ അർബുദബാധയെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ലെയോ പതിനാലാമൻ മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു .
ആരോഗ്യനിലയിൽ ആശങ്കപ്പെടാൻ സാഹചര്യമില്ലാത്തതിനാൽ, ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ഉറുഗ്വെ, അർജന്റീന, പെറു എന്നിവിടങ്ങളിലേക്കുള്ള അപ്പസ്തോലിക യാത്ര മുൻകൂട്ടി നിശ്ചയിച്ചതുപോലെ നടക്കുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
റോമിലെ ജെമെല്ലി പോളിക്ലിനിക്കിൽ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും യാതൊരുവിധ സങ്കീർണതകളും ഉണ്ടായിട്ടില്ലെന്നും വത്തിക്കാൻ നേരത്തേതന്നെ സ്ഥിരീകരിച്ചിരുന്നു. മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തലുകൾക്ക് അനുസൃതമായി തന്നെയാണ് പാപ്പായുടെ ശസ്ത്രക്രിയനാന്തരമുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്. തുടർപരിശോധനകളിൽ രോഗബാധ ഒരു പ്രത്യേക ഭാഗത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതാണെന്ന് വ്യക്തമായിട്ടുണ്ട്. അതിനാൽ തുടർ കാൻസർ ചികിത്സകളുടെ ആവശ്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
വത്തിക്കാനിൽ തിരിച്ചെത്തിയതു മുതൽ, ഡോക്ടർമാരുടെ നിർദേശപ്രകാരം ദിനചര്യയിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തി പാപ്പാ തന്റെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പുനരാരംഭിച്ചിട്ടുണ്ട്. രോഗമുക്തിക്കും ആരോഗ്യത്തിനും മുൻഗണന നൽകുമ്പോൾ തന്നെ, തന്റെ പ്രധാന ഉത്തരവാദിത്വങ്ങൾ മാർപാപ്പ നിർവഹിച്ചു വരുന്നു. പ്രധാന കൂടിക്കാഴ്ചകളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്ന പാപ്പാ, ദൈനംദിന ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും കൃത്യമായ വിശ്രമം ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.
പാപ്പായുടെ മെഡിക്കൽ സംഘത്തലവൻ ഡോക്ടർ ലൂയിജി കാർബോണെയുടെ വിലയിരുത്തൽ അനുസരിച്ച്, പാപ്പായുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ഏറ്റവും പുതിയ ക്ലിനിക്കൽ റിപ്പോർട്ടുകളും ലബോറട്ടറി പരിശോധനാഫലങ്ങളും പാപ്പായുടെ മികച്ച ആരോഗ്യസ്ഥിതിയാണ് സൂചിപ്പിക്കുന്നത്. അതിനാൽ, വരാനിരിക്കുന്ന ലാറ്റിനമേരിക്കൻ യാത്രയ്ക്ക് യാതൊരു തടസവുമില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. പാപ്പാ ഡോക്ടർമാരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന്റെ അടിസ്ഥാനത്തിൽ, നവംബർ ആറു മുതൽ 17 വരെയുള്ള ഉറുഗ്വെ, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്കുള്ള അപ്പസ്തോലിക യാത്ര നിശ്ചയിച്ച ക്രമം അനുസരിച്ച്തന്നെ നടക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് സ്ഥിരീകരിച്ചു. മൂന്ന് രാജ്യങ്ങളിലെ 14 സ്ഥലങ്ങളാണ് പാപ്പാ ഈ യാത്രയിൽ സന്ദർശിക്കുക. ഇതിൽ പെറുവിൽ അഗസ്റ്റീനിയൻ മിഷനറിയായും ചിക്ലായോ ബിഷപ്പായും ഇരുപത് വർഷങ്ങൾ ലെയോ പാപ്പാ ചെലവഴിച്ചിട്ടുണ്ട്. മുൻഗാമി ഫ്രാൻസിസ് പാപ്പായുടെ ജന്മദേശമായ അർജന്റീനയിലേക്കും മതേതര രാജ്യങ്ങളിലൊന്നായ ഉറുഗ്വെയിലേക്കും നടത്തുന്ന യാത്രകളും ഏറെ പ്രാധാന്യമർഹിക്കുന്നു.
തദ്ദേശീയ സഭകളുമായുള്ള ഐക്യം ശക്തിപ്പെടുത്താനും, വിശ്വാസികളെ അവരുടെ ദൗത്യത്തിൽ പ്രോത്സാഹിപ്പിക്കാനും, വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം ജനങ്ങളിലേക്കെത്തിക്കാനും ഈ യാത്ര അവസരമൊരുക്കുമെന്ന് വാർത്താകുറിപ്പിൽ എടുത്തുപറയുന്നു.
യാത്രയെക്കുറിച്ച് പാപ്പാ നേരത്തെ പറഞ്ഞ വാക്കുകൾകൂടി പ്രസ് ഓഫീസ് വാർത്താക്കുറിപ്പിൽ പങ്കുവച്ചു: “എന്റെ ജീവിതത്തിലെ നിരവധി നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച വൻകരയിലേക്ക് മടങ്ങിയെത്താൻ കഴിയുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഈ യാത്ര പരസ്പരം ഹൃദയങ്ങൾ തുറക്കാനും സഹോദരീസഹോദരന്മാർ എന്ന നിലയിൽ നമ്മുടെ ഐക്യം ശക്തിപ്പെടുത്താനും സന്തോഷത്തോടെ സുവിശേഷം പ്രഘോഷിക്കാനുള്ള നമ്മുടെ പ്രതിബദ്ധത പുതുക്കാനും ഒരു അവസരമാകട്ടെ!’’
International
വത്തിക്കാൻ സിറ്റി: യെമനിൽ തുടരുന്ന രൂക്ഷമായ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനം. ഇന്നലെ ത്രികാല പ്രാർഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തീർഥാടകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യെമനിലെ തായിസ് നഗരത്തിൽ ഭക്ഷണവും കുടിവെള്ളവും മരുന്നുകളും ലഭിക്കാതെ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. നഗരത്തിലേക്കുള്ള പ്രധാന വഴികൾ അടഞ്ഞതോടെ ആശുപത്രികളുടെ പ്രവർത്തനവും ദുരിതാശ്വാസ അടുക്കളകളും പ്രതിസന്ധിയിലായിരിക്കുകയാണ്. യുദ്ധവും സംഘർഷങ്ങളും അവസാനിപ്പിച്ച് യെമനിലെ ജനങ്ങൾക്കും മേഖലയിലെ മുഴുവൻ ജനവിഭാഗങ്ങൾക്കും സമാധാനപരമായ ജീവിതം ഉറപ്പാക്കണമെന്ന് മാർപാപ്പ അഭ്യർഥിച്ചു.
ജോർദാനിലുണ്ടായ ഭീകരാക്രമണത്തിലെ ഇരകൾക്കായി പ്രാർഥിച്ച മാർപാപ്പ, വരാനിരിക്കുന്ന അസീസി സമാധാന സംഗമത്തെക്കുറിച്ചും സംസാരിച്ചു. ജോർദാനിലെ കരാക്ക് മേഖലയിലുള്ള ഹമൗദിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരച്ചടങ്ങിനിടെയുണ്ടായ ഭീകരാക്രമണത്തിൽ ഒന്പതുപേർ കൊല്ലപ്പെടുകയും 40ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വിവിധ മതവിഭാഗങ്ങൾ പരസ്പരം ബഹുമാനത്തോടും സൗഹാർദത്തോടും കഴിയുന്ന മാതൃകാരാജ്യമാണു ജോർദാൻ. അവിടത്തെ ജനങ്ങൾക്കും ക്രൈസ്തവ സമൂഹത്തിനും ഒപ്പം തന്റെ പ്രാർഥനകൾ ഉണ്ടാകുമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1986ൽ തുടക്കംകുറിച്ച പ്രശസ്തമായ ‘അസീസി ലോക സമാധാന പ്രാർഥനാ സംഗമത്തിന്റെ’ 40-ാം വാർഷികത്തോടനുബന്ധിച്ച് നാളെ നടക്കുന്ന വിവിധ മതമേലധ്യക്ഷന്മാർ പങ്കെടുക്കുന്ന ചരിത്രപരമായ കൂട്ടായ്മയിൽ എല്ലാവരും ആത്മീയമായി പങ്കുചേരണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു.
ലോകനേതാക്കൾക്കിടയിൽ സമാധാനത്തിന്റെയും സംഭാഷണത്തിന്റെയും പാത തെളിയട്ടേയെന്നു പ്രാർഥിച്ചുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്.