ജക്കാർത്ത: ചൈനയിൽനിന്നു ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തേക്ക് 405 ടൺ മിസൈൽ ഇന്ധന നിർമാണ സാമഗ്രികളുമായി പോയ ചരക്കുകപ്പൽ ഇന്തോനേഷ്യൻ നാവികസേന പിടിച്ചെടുത്തു.
റോക്കറ്റുകളിലും മിസൈലുകളിലും ഉപയോഗിക്കുന്ന ശക്തമായ ഓക്സിഡൈസിംഗ് രാസവസ്തുവായ ‘സോഡിയം പെർക്ലോറേറ്റും’ ദശലക്ഷക്കണക്കിനു രജിസ്റ്റർ ചെയ്യാത്ത സിം കാർഡുകളുമാണ് കപ്പലിലുണ്ടായിരുന്നത്. പിടിച്ചെടുത്ത രാസവസ്തു ഉപയോഗിച്ച് നൂറോളം മിസൈലുകൾ നിർമിക്കാൻ സാധിക്കുമെന്ന് ഇന്തോനേഷ്യൻ നേവി കമാൻഡർ വെളിപ്പെടുത്തി.
കൊമോറോസ് പതാകയുള്ള ‘എം.വി. സ്റ്റാർ ലൈൻസ്’ എന്ന കപ്പൽ ചൈനയിലെ ലിയാൻയുൻഗാംഗ് തുറമുഖത്തുനിന്ന് ബംഗ്ലാദേശിലെ മോംഗ്ലയിലേക്ക് പോകുന്നതിനിടെ കഴിഞ്ഞ ഏഴിന് വടക്കൻ സുമാത്രയിലെ ബെലവാൻ തീരക്കടലിൽ വച്ചാണു പിടിയിലായത്. എട്ടിന് മോംഗ്ല തുറമുഖത്ത് എത്തേണ്ടിയിരുന്ന കപ്പൽ, ഇന്ധനം നിറയ്ക്കാനെന്ന വ്യാജേന ബെലവാൻ തീരത്ത് അപ്രതീക്ഷിതമായി നങ്കൂരമിട്ടതോടെയാണു സംശയമുയർന്നത്.
നിശ്ചിത പാതയിൽനിന്നു വ്യതിചലിച്ച് സഞ്ചരിക്കുന്നത് റഡാറിൽ പതിഞ്ഞതോടെ ഇന്തോനേഷ്യൻ പട്രോളിംഗ് കപ്പൽ തടയുകയായിരുന്നു. റേഡിയോ സന്ദേശങ്ങളോടു കപ്പൽ ജീവനക്കാർ പ്രതികരിക്കാതിരുന്നതോടെ അധികൃതർ പരിശോധനയ്ക്ക് ഉത്തരവിട്ടു. യാത്രയ്ക്കിടെ കപ്പലിന്റെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ഓഫ് ചെയ്തിരുന്നതായും സംശയമുണ്ട്.
കപ്പലിലുണ്ടായിരുന്ന 36 കണ്ടെയ്നറുകൾ പരിശോധിച്ചതിൽ 15 എണ്ണത്തിലാണു 405 ടൺ സോഡിയം പെർക്ലോറേറ്റ് കണ്ടെത്തിയത്. ഇതിനുപുറമെ 54 പാലറ്റുകളിലായി ദശലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്യാത്ത 4ജി എൽടിഇ ബ്ലാങ്ക് സിം കാർഡുകളും പിടിച്ചെടുത്തു. സോഡിയം പെർക്ലോറേറ്റ് നേരിട്ട് സ്ഫോടകവസ്തുവല്ലെങ്കിലും റോക്കറ്റ്-മിസൈൽ ഇന്ധനങ്ങൾ കത്താൻ സഹായിക്കുന്ന തന്ത്രപ്രധാനമായ രാസവസ്തുവാണ്.
ചെറുകിട ആയുധങ്ങളും വെടിക്കോപ്പുകളും നിർമിക്കുന്ന പ്രതിരോധവ്യവസായം ബംഗ്ലാദേശിനുണ്ടെങ്കിലും സോഡിയം പെർക്ലോറേറ്റ് ഉപയോഗിച്ചുള്ള റോക്കറ്റുകളോ മിസൈലുകളോ നിർമിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ അവിടെയില്ല. ഈ സാഹചര്യത്തിൽ ഇത്രയും വലിയ അളവിൽ മിസൈൽ സാമഗ്രികൾ ബംഗ്ലാദേശിലേക്കു കടത്തിയത് എന്തിനാണെന്നും ആരാണ് ഇതു സ്വീകരിക്കാനിരുന്നതെന്നും ദുരൂഹമായി തുടരുകയാണ്.
കപ്പലിന്റെ രജിസ്ട്രേഷൻ രേഖകളിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. രേഖകളിൽ കാലാവധി ഉണ്ടായിരുന്നെങ്കിലും കപ്പലിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്ത നിലയിലായിരുന്നു.
ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ തുറമുഖമായ മോംഗ്ല, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന് നിർണായകമാണ്. 2015ലും 2018ലും ഒപ്പിട്ട കരാറുകൾ പ്രകാരം ഇന്ത്യക്ക് ഇവിടെ പ്രവേശനാനുമതിയുണ്ട്.
എന്നാൽ, സമീപകാലത്തായി ചൈന ഈ മേഖലയിൽ സ്വാധീനം ശക്തമാക്കുകയാണ്. 2015ൽ ഇന്ത്യൻ പിന്തുണയോടെയുള്ള സാമ്പത്തികമേഖലയ്ക്കായി നീക്കിവച്ചിരുന്ന ഭൂമി 2025ൽ ബംഗ്ലാദേശ് റദ്ദാക്കുകയും ഈവർഷം ജൂണിൽ മോംഗ്ലയ്ക്കു സമീപം 110 ഏക്കറിൽ സാമ്പത്തികമേഖല വികസിപ്പിക്കാൻ ചൈനീസ് സർക്കാർ കമ്പനിയുമായി കരാറൊപ്പിടുകയും ചെയ്തിരുന്നു. തുറമുഖ നവീകരണത്തിനായി ചൈന 336 ദശലക്ഷം ഡോളർ വായ്പയും നൽകിയിട്ടുണ്ട്.