സാൻ ജുവാൻ: 116 രാജ്യങ്ങളിൽ നിന്നുള്ള സൗന്ദര്യപ്രതിഭകൾ മാറ്റുരച്ച 75-ാമത് മിസ് യൂണിവേഴ്സ് വേദി. പല ഘട്ടങ്ങളിലായുള്ള മത്സരങ്ങൾക്കൊടുവിൽ കിരീടത്തിന് തൊട്ടരികിൽ എത്തിയത് അഞ്ച് പേർ മാത്രം. പ്യൂര്‍ട്ടോ റിക്കോയിലെ കൊളീസിയോ ഡി പ്യൂര്‍ട്ടോ റിക്കോ വേദിയിൽ ലോകം മുഴുവൻ ഉറ്റുനോക്കിയ ആ നിർണായക നിമിഷമെത്തി. അവസാന റൗണ്ടിലെ ചോദ്യോത്തര വേള.
സൗന്ദര്യത്തിനപ്പുറം ഒരു മത്സരാർഥിയുടെ ബുദ്ധികൂർമ്മതയും സാമൂഹിക വീക്ഷണവും അളക്കുന്ന ഈ റൗണ്ടിൽ അഞ്ച് പേരോടും അവതാരകൻ ചോദിച്ചത് ഒരേയൊരു ചോദ്യമായിരുന്നു: "ഇപ്പോൾ ലോകത്തിന് തങ്ങളുടെ നേതാക്കളിൽ നിന്ന് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് എന്താണ്?"
വിശ്വസുന്ദരി പട്ടം പ്യൂര്‍ട്ടോ റിക്കോയുടെ ജെന്നിഫർ ബരെറ്റോയ്ക്ക് നേടിക്കൊടുത്ത ആ ചോദ്യത്തിന് അഞ്ച് സുന്ദരിമാരും നൽകിയ സമർഥമായ മറുപടികൾ ഇതാ:
1. പ്യൂര്‍ട്ടോ റിക്കോ - ജെന്നിഫർ ബരെറ്റോ (വിജയി)
സഹാനുഭൂതിയുള്ള നേതാക്കളെയാണ് വേണ്ടത്. "നമ്മൾ ജീവിക്കുന്നത് മറ്റുള്ളവരെ നിരന്തരം വിധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒരു ലോകത്താണ്. അവിടെ സ്വന്തം മൂല്യങ്ങൾക്കായി നിലകൊള്ളാനും മറ്റുള്ളവർക്ക് മാതൃകയാകാനും കഴിയുന്ന പ്രഗത്ഭരായ നേതാക്കളെയാണ് ലോകത്തിന് ആവശ്യം. സമൂഹത്തിന്റെ ആവശ്യങ്ങൾ കൃത്യമായി കേൾക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നതിലൂടെ തലമുറകളോളം നീണ്ടുനിൽക്കുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒരു നേതാവാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്."
2. ഡൊമിനിക്കൻ റിപ്പബ്ലിക് - മെലിസ നുനെസ് അലവന്റെ (ഫസ്റ്റ് റണ്ണറപ്പ്)
"നമ്മുടെ നേതാക്കളിൽ നിന്ന് ലോകത്തിന് ഇന്ന് ഏറ്റവും കൂടുതൽ വേണ്ടത് ഉത്തരവാദിത്തബോധമാണ്. ഉന്നത പദവികളിൽ ഇരിക്കുന്നവർ സ്വന്തം പ്രവൃത്തികൾക്ക് ഉത്തരം പറയാൻ ബാധ്യസ്ഥരാണ്. ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്ന നേതാക്കൾ അവിടുത്തെ വിദ്യാഭ്യാസത്തിനും ജനങ്ങളുടെ ക്ഷേമത്തിനും രാജ്യത്തിന്റെ പുരോഗതിക്കും ഉത്തരവാദികളായിരിക്കണം. അതാണ് ലോകത്തെ മികച്ചതാക്കുന്നത്."
3. വെനേസ്വേല - ക്ലാര വേഗാസ് ഗോട്ട്സ് (സെക്കൻഡ് റണ്ണറപ്പ്)
"സഹാനുഭൂതിയാണ് ഇപ്പോൾ ലോകനേതാക്കൾക്ക് ഏറ്റവും കൂടുതൽ വേണ്ടത്. കൃത്യം അഞ്ച് മാസം മുൻപ് എന്റെ രാജ്യമായ വെനേസ്വേലയിൽ വലിയൊരു ഭൂകമ്പമുണ്ടായി. നമ്മുടെ മണ്ണിനെയും ഹൃദയത്തെയും പിടിച്ചുകുലുക്കിയ ആ നിമിഷത്തിലാണ് ഞങ്ങൾ പരസ്പരം താങ്ങായി നിന്നത്. ഏറ്റവും ആവശ്യമുള്ള സമയത്ത് ജനങ്ങൾക്കൊപ്പം നിൽക്കാൻ കഴിയണം. തലച്ചോറുകൊണ്ട് മാത്രമല്ല, ഹൃദയം കൊണ്ടും നയിക്കുന്ന ഒരു നേതാവാകാൻ ഞാൻ ആഗ്രഹിക്കുന്നു."
4. ന്യൂസിലൻഡ് - ജോർജിയ വാഡിംഗ്ടൺ (നാലാം സ്ഥാനം)
"ഞാൻ വിശ്വസിക്കുന്ന ഒരു ചൊല്ലുണ്ട്—നിങ്ങൾ എന്ത് പറഞ്ഞു എന്നതോ എന്ത് ചെയ്തു എന്നതോ ആളുകൾ മറന്നുപോയേക്കാം, പക്ഷേ നിങ്ങൾ അവരിൽ എന്ത് വികാരമാണ് ഉണ്ടാക്കിയത് എന്ന് അവർ എന്നും ഓർക്കും. ന്യൂസിലൻഡിലെ 'മന' (Mana) എന്ന സങ്കൽപ്പം പോലെ, നമ്മൾ ആരാണെന്ന് തിരിച്ചറിയുകയും നമ്മുടെ ഉള്ളിലെ കരുത്ത് മറ്റുള്ളവരെ ഉയർത്താനായി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് ഒരു നേതാവിന്റെ കടമ."
5. ഫിലിപ്പീൻസ് - ബിയ മിലൻ-വിൻഡോർസ്കി (അഞ്ചാം സ്ഥാനം)
"ഒരു പരിസ്ഥിതി പ്രവർത്തക എന്ന നിലയിൽ, ലോകനേതാക്കൾ പ്രകൃതിയെ ശ്രദ്ധിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കഴിഞ്ഞ 10 വർഷമായി കടലാമകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. മറ്റുള്ളവരെ താഴേക്ക് വലിക്കുന്ന 'ഞണ്ട് മനസ്ഥിതി'ക്ക് പകരം നേതാക്കൾ 'ആമ മനസ്ഥിതി' സ്വീകരിക്കണം. കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുമ്പോൾ കൂട്ടത്തിലെ ഏറ്റവും കരുത്തുള്ളവ പിന്നിൽ നിന്ന് ദുർബലരായ സഹോദരങ്ങളെ കടലിലേക്ക് എത്താൻ സഹായിക്കും. ലോകനേതാക്കളും അതുപോലെ പരസ്പരം കൈപിടിച്ചുയർത്തണം."
ഒരേ ചോദ്യത്തിന് അഞ്ച് വ്യത്യസ്ത കോണുകളിൽ നിന്ന്, സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ഇവർ നൽകിയ ഉത്തരങ്ങൾ സദസ്സിന്റെ നിറഞ്ഞ കൈയടിയാണ് നേടിയത്. ഇതിൽ പക്വതയാർന്ന നിലപാടിലൂടെ ജെന്നിഫർ ബരെറ്റോ 2026-ലെ വിശ്വസുന്ദരി കിരീടം സ്വന്തമാക്കുകയും ചെയ്തു.