ലക്ഷക്കണക്കിനു വർഷം മുമ്പുള്ള ഒരു 'പല്ല്' ഗവേഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്! മനുഷ്യന്റെ പൂർവികരായ ഹോമോ ഇറക്ടസിന്റെ ഫോസിൽ അവശിഷ്ടങ്ങൾക്കൊപ്പമാണ് 'പല്ല്' കണ്ടെത്തിയത്. ആദ്യം ഹോമോ ഇറക്ടസിന്റെ ശേഷിപ്പുകളായിരിക്കുമെന്നു വിശ്വസിച്ച ശാസ്ത്രജ്ഞർ വിശദമായ പരിശോധനയിൽ പൂർണമായും ഞെട്ടി! അതിന്റെ രഹസ്യങ്ങൾ ചുരുളഴിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു ഗവേഷകർ.
ശാസ്ത്രലോകം വിശ്വസിച്ചിരുന്നതിനേക്കാൾ ഏകദേശം രണ്ടു ലക്ഷം വർഷം കൂടി ഹോമോ ഇറക്ടസ് ഭൂമിയിൽ അധിവസിച്ചിരുന്നുവെന്നാണു പുതിയ പഠനം. ചൈന, ഫ്രാൻസ്, ഓസ്ട്രേലിയ, ഡെൻമാർക്ക്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര ഗവേഷകസംഘം നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ടു രണ്ടു പഠനങ്ങളാണു നടത്തിയത്. ഏകദേശം നാലു ലക്ഷം വർഷം മുമ്പ്, ഏഷ്യൻ ഭൂഖണ്ഡത്തിൽനിന്ന് ഹോമോ ഇറക്ടസ് അപ്രത്യക്ഷമായി എന്നാണു വിശ്വസിച്ചിരുന്നത്. എന്നാൽ, അതിനേക്കാൾ കൂടുതൽ സംവത്സരങ്ങൾ അവർ ഭൂമുഖത്തു നിലനിന്നിരുന്നു. അതിനുള്ള തെളിവുകളാണു ലഭിച്ചത്.
ഇരുപതു ലക്ഷം വർഷം മുമ്പാണ് ഹോമോ ഇറക്ടസ് ഉടലെടുത്തതെന്നാണു കരുതപ്പെടുന്നത്. ആഫ്രിക്കയിൽനിന്ന് ഏഷ്യയിലേക്കും യൂറോപ്പിലേക്കും ആദ്യമായി സഞ്ചരിച്ച വിഭാഗവുമാണെന്നാണു വിശ്വസിക്കപ്പെടുന്നത്. നിയാണ്ടർത്താൽ, ഡെനിസോവൻ, ആധുനിക മനുഷ്യരായ ഹോമോ സാപ്പിയൻസ് എന്നിവയെല്ലാം പരിണമിച്ചുണ്ടായത് ഹോമോ ഇറക്ടസിൽ നിന്നാണ്.