മനുഷ്യൻ ഭൂമിയിൽ പിറവികൊള്ളുന്നതിനു മുമ്പ്, നിരവധി ജീവികൾ ഇവിടെ അധിവസിച്ചിരുന്നു. ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന പല പ്രാചീന ജീവികളുടെയും വിവരങ്ങൾ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. കാഴ്ചയിൽ വികൃതമായി തോന്നുന്ന, ഭയപ്പെടുത്തുന്ന, ക്രൂരരായ നിരവധി ജീവികളുണ്ട് അക്കൂട്ടത്തിൽ. വൃത്താകൃതിയിലുള്ള അറക്കവാൾ പോലെ പല്ലുള്ള ജലജീവി മുതൽ ആയിരം കിലോഗ്രാമിലേറെ ഭാരമുള്ള പാമ്പുകൾ വരെ ഉൾപ്പെടുന്നു. ആയിരക്കണക്കിനു ജീവികളാണ് ഇത്തരത്തിലുണ്ടാകാം. അവയിൽ ചിലതിനെ മനസിലാക്കൂ.
ഗോർഗോണോപ്സ്
സസ്തനികളുടെ പരിണാമപാതയിലെ തെറാപ്സിഡ്സ് വിഭാഗത്തിലാണ് ഗോർഗോണോപ്സ് എന്ന ഭീകരൻ ജീവി ഉൾപ്പെടുന്നത്. വാൾപ്പല്ലൻ പൂച്ചകൾ ഉദ്ഭവിക്കുന്നതിനു മുൻപ്, പാൻജിയ വൻകരയിൽ അധിവസിച്ചിരുന്ന സസ്തനി പൂർവിനു പത്തടിയിലധികം നീളമുണ്ടായിരുന്നു. കട്ടിയേറിയ തൊലി തുളയ്ക്കാൻ ശേഷിയുള്ള വലിയ കഠാര പോലുള്ള പല്ലുകളുണ്ടായിരുന്നു ഈ വേട്ടക്കാരന്. പെർമിയൻ കാലഘട്ടത്തിന്റെ അവസാനത്തിലുണ്ടായ കൂട്ടവംശനാശത്തിൽ ഗോർഗോണോപ്സും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി. ദക്ഷിണാഫ്രിക്ക, ടാൻസാനിയ, സാംബിയ എന്നിവിടങ്ങളിൽ നിന്നാണ് ഗോർഗോണോപ്സിന്റെ ഫോസിലുകൾ കണ്ടെത്തിയത്. ഏകദേശം 26 കോടി മുതൽ 25.4 കോടി വർഷങ്ങൾക്കു മുമ്പു ഭൂമിയിൽ ജീവിച്ചിരുന്നതായി ഗവേഷകർ കരുതുന്നു.